ADVERTISEMENT

പെണ്ണിന് പറ്റിയ സ്‌പോര്‍ട്ടല്ല ബോഡി ബില്‍ഡിങ്ങെന്ന് ആരാണ് പറഞ്ഞത്? ശരീരസൗന്ദര്യമത്സരത്തിലെ ഏഷ്യ ലെവല്‍ ചാംപ്യനായ ഗൗരി സുധാകരന്‍ ഇത് ചോദിക്കുമ്പോള്‍ ആ കണ്ണുകളില്‍ കാണാം ആത്മവിശ്വാസത്തിന്റെ തിളക്കം. അത്ര എളുപ്പമായിരന്നില്ല ഗൗരിയുടെ യാത്ര. ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് ഗൗരിയെ ഇന്നത്തെ ചാംപ്യനാക്കി മാറ്റിയത്. സ്വപ്ന നേട്ടത്തിലേക്കുള്ള യാത്രയെ കുറിച്ച് ഗൗരി മനോരമ ഓൺലൈനോട്.

ബോഡി ഷെയിമിങ്ങിൽ നിന്ന് ബോഡി ബില്‍ഡിങ്ങിലേക്ക്

ചെറുപ്പം മുതലേ നല്ല വണ്ണമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരില്‍ നിന്നും മറ്റ് ആളുകളില്‍ നിന്നുമെല്ലാം കളിയാക്കലുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയാണ് എന്നെങ്കിലും നല്ലൊരു ശരീരം ഉണ്ടാക്കിയെടുക്കണമെന്ന ആഗ്രഹത്തിന്റെ തുടക്കം. അഞ്ചു വര്‍ഷം മുമ്പാണ് ഈ ആഗ്രഹവുമായി പെരുമ്പാവൂരിലെ എയ്‌സ്തറ്റിക്‌സ് ജിമ്മിലെത്തുന്നത്. 

ജിമ്മില്‍ ചേര്‍ന്ന് വര്‍ക്ക് ഔട്ട് തുടങ്ങിയ സമയത്തൊക്കെ ബോഡി ബില്‍ഡിങ്ങിനെക്കുറിച്ചോ കോംപറ്റീഷന്‍സിനെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ജിമ്മില്‍ പോയി. ഈ ഇഷ്ടം കണ്ടിട്ട് ജിമ്മിലെ ട്രെയിനര്‍ ശന്തനുവാണ് ഇതെ കുറിച്ച് കൂടുതല്‍ പറഞ്ഞു തരുന്നത്. മത്സരങ്ങള്‍ക്കു പങ്കെടുക്കാനും അദ്ദേഹമാണ് പ്രോത്സാഹിപ്പിക്കുന്നത്. 

കള്ളം പറഞ്ഞ് ജിമ്മിലേക്ക്

പെണ്ണിനു പറ്റിയ സ്‌പോര്‍ട്ടല്ല ബോഡി ബില്‍ഡിങ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ആദ്യം ജിമ്മില്‍ പോയിരുന്നത് ക്ലാസിലേക്കാണെന്ന് കള്ളം പറഞ്ഞായിരുന്നു. തുടക്കത്തില്‍ ട്രെയ്‌നര്‍ മാത്രമായിരുന്നു സപ്പോര്‍ട്ടായി ഉണ്ടായിരുന്നത്. അച്ഛനും അമ്മക്കും പലഭാഗത്തു നിന്നും എന്റെ ജിമ്മില്‍ പോക്കിനെതിരെ ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടൊക്കെയാവാം വീട്ടില്‍ നിന്നും വലിയ പിന്തുണയൊന്നും ഇല്ലായിരുന്നു. എന്റെ താത്പര്യവും നിര്‍ബന്ധവും കൊണ്ടാണ് മത്സരങ്ങള്‍ക്ക് പോകാന്‍ തന്നെ സമ്മതിച്ചത്.  

ബോഡി ബില്‍ഡിംങ് ചിലവേറിയ സ്‌പോര്‍ട്ടാണ്. ഡയറ്റിംങിനൊക്കെ വീട്ടുകാര്‍ കഷ്ടപ്പെട്ടു തന്നെയാണ് പിന്തുണ നല്‍കുന്നത്. മാതാപിതാക്കളുടെ സമ്മതത്തോടെ കോംപറ്റീഷനില്‍ പങ്കെടുക്കാനാവുക എന്നത്  വലിയ കാര്യമായാണ് കരുതുന്നത്.

നേട്ടങ്ങള്‍. ലക്ഷ്യങ്ങള്‍

2020ല്‍ എറണാകുളത്തുവെച്ചു നടന്ന മിസ്റ്റര്‍ ആന്റ് മിസ് എറണാകുളം ആയിരുന്നു ഗൗരിയുടെ ആദ്യ മത്സരം. അതില്‍ മിസ് എറണാകുളം ടൈറ്റില്‍ വിജയിക്കാന്‍ സാധിച്ചു. ആദ്യത്തെ കോംപറ്റീഷനില്‍ വിജയിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചു. കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനായുള്ള തയാറെടുപ്പുകളും തുടര്‍ന്നു. 

gowry1

പിന്നീട് പങ്കെടുത്ത എല്ലാ ബോഡി ബില്‍ഡിങ് മത്സരങ്ങളിലും സമ്മാനം നേടാന്‍ സാധിച്ചിട്ടുണ്ട്. 2020, 2021, 2022 എന്നിങ്ങനെ മൂന്നുവര്‍ഷം തുടര്‍ച്ചയായി മിസ് എറണാകുളം കിരീടം നേടാനായി. മിസ് സൗത്ത് ഇന്ത്യ (2021), മിസ് കേരള റണ്ണര്‍ അപ്പ് (2020, 2022), ഏഷ്യന്‍ തലത്തിലുള്ള ഐ.എഫ്.ബി.ബി എലൈറ്റ് പ്രോ അക്രം ക്ലാസിക്ക് 2022ല്‍ വുമണ്‍സ് ബിക്കിനി വിഭാഗത്തിലും സ്‌പോര്‍ട്‌സ് മോഡല്‍ വിഭാഗത്തിലും ഒന്നാം സ്ഥാനം എന്നിങ്ങനെ പോകുന്നു ഗൗരിയുടെ ബോഡി ബില്‍ഡിങിലെ നേട്ടങ്ങള്‍. നേട്ടങ്ങള്‍ മുന്നോട്ടുളള മത്സരങ്ങള്‍ക്കുളള ഊര്‍ജമായാണ് ഗൗരി കരുതുന്നത്. അന്താരാഷ്ട്രതലത്തിലുള്ള കോംപറ്റീഷനുകളില്‍ പങ്കെടുക്കുകയാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ഗൗരി സുധാകരന്‍ പറയുന്നു. 

പരിശീലനം കഠിനം

ഹൈദരാബാദില്‍ നടന്ന ഐ.എഫ്.ബി.ബി എലൈറ്റ് പ്രോ കോംപറ്റീഷനു വേണ്ടി എട്ട് മാസത്തോളമാണ് പരിശീലനം നടത്തിയത്. ആദ്യ മാസങ്ങളില്‍ രണ്ട് നേരമായിരുന്നു വര്‍ക്ക് ഔട്ട്. കോംപറ്റീഷനോട് അടുപ്പിച്ച് മൂന്ന് നേരവും വര്‍ക്കൗട്ട് നടത്തിയെന്നും 22കാരിയായ ഗൗരി പറയുന്നു. രാവിലെ അഞ്ചരക്കും രാത്രി ഒമ്പതിനും ഇടയില്‍ ആറ് നേരമായിട്ടായിരുന്നു ഭക്ഷണം ക്രമീകരിച്ചിരുന്നത്. കോംപറ്റീഷനില്‍ പങ്കെടുക്കുന്നത് ഉറപ്പിക്കാനായി കോവിഡ് വരാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. ആളുകളുമായുള്ള സമ്പര്‍ക്കം കുറക്കുന്നതിന്റെ ഭാഗമായി പല പരിപാടികളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. 

പെണ്‍കുട്ടികളോട്

നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കായികരംഗത്ത് പിന്തുണ വളരെ കുറവാണ്. അവരെ ഡാന്‍സ് പഠിക്കാനും പാട്ടുപഠിക്കാനുമാണ് മാതാപിതാക്കള്‍ സാധാരണ അയക്കുക. ആണ്‍കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ സ്‌പോര്‍ട്‌സിനാണ് പ്രാധാന്യമുണ്ടായിരിക്കുക. ഈ രീതി മാറണം. പെണ്‍കുട്ടികളെയും സ്‌പോര്‍ട്‌സിന് അയക്കാനും അവരില്‍ സ്‌പോര്‍ട്‌സിനോടുളള താത്പര്യമുണ്ടാക്കിയെടുക്കാനും സാധിക്കണം. പെണ്‍കുട്ടികളെ ഇത്തരത്തില്‍ പ്രോത്സാഹിപ്പിച്ചാല്‍ നമ്മുടെ നാട്ടില്‍ നിന്നും കൂടുതല്‍ പെണ്‍ അത്‌ലറ്റുകളും മറ്റ് കായികതാരങ്ങളും  ഉണ്ടാവും. 

എനിക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ജിമ്മില്‍ പോയതുകൊണ്ടൊന്നും പെണ്‍കുട്ടികള്‍ക്ക് മസില്‍ വരില്ലെന്നൊക്കെ പലരും പറഞ്ഞിരുന്നു. ആണ്‍കുട്ടികള്‍ക്ക്  മാത്രമെ ബോഡി ബില്‍ഡിങ് ചെയ്യാനാവൂ എന്നൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതെല്ലാം തരണം ചെയ്താണ് ഈ നേട്ടമെന്നും ഗൗരി അഭിമാനത്തോടെ പറയുന്നു.

gowry2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT