ADVERTISEMENT

പ്രീ മെൻസ്ട്രൽ സിൻഡ്രോം എന്ന വാക്ക് കേൾക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായില്ല. ഒരുപാട് വാദങ്ങളും പ്രതിവാദങ്ങളും ഈ വിഷയത്തിലുണ്ടായിട്ടുണ്ട്. പലരും പല തട്ടിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ വിഷയത്തിന്റെ പ്രസക്തി അത്ര വർധിച്ചു എന്നുതന്നെയാണ് അതിന്റെയർഥം.

 

എന്താണ് പ്രീ മെൻസ്ട്രൽ സിൻഡ്രോം അഥവാ പിഎംഎസ്?

 

മെൻസ്ട്രൽ സൈക്കിളുമായി ബന്ധപ്പെട്ടു മിക്ക സ്ത്രീകളിലും ഏറിയും കുറഞ്ഞും അതിന്റെ പ്രശ്ങ്ങൾ കാണാറുണ്ട്. ചിലരിൽ ശാരീരിക പ്രശ്നങ്ങളാണെങ്കിൽ മറ്റു ചിലരിൽ അത് വലിയ മാനസിക പ്രശ്നങ്ങളിലേക്കു വഴി തിരിക്കും. എന്നാൽ ഇതിന്റെ യഥാർഥ കാരണം മനസ്സിലാക്കാൻ പറ്റാത്ത ആളാണ് ജീവിത പങ്കാളിയെങ്കിൽ അതൊരു കലഹത്തിലേക്കോ കുടുംബ കോടതികളിലേക്കോ ഒക്കെ എത്തിയേക്കാം. പലപ്പോഴും സ്ത്രീകൾ ഇത്തരം സമയത്തുള്ള ആവലാതികൾ അടക്കിപ്പിടിക്കുകയായിരുന്നു പതിവ്. പൊട്ടിത്തെറിക്കാൻ തങ്ങളുടേതായ ഒരിടം പോലുമില്ലാത്തതിന്റെ ബുദ്ധിമുട്ട് അവർക്ക് നന്നായി അറിയാം. പിഎംഎസിന്റെ പ്രശ്നങ്ങളെ പൊതു ശ്രദ്ധയിലേക്കെത്തിക്കാൻ, യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംഗ്ലിഷ് ലാംഗ്വേജ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ ചിനാർ ഗ്ലോബൽ അക്കാദമി ഒരു ക്യാംപെയ്നു തുടക്കമിടുകയാണ്. ലോകമെങ്ങുമുള്ള പല ജെൻഡറിലുള്ള മനുഷ്യരുടെ സഹകരണത്തോടെയാണ് ക്യാംപെയ്ൻ. അതിനു തുടക്കമിട്ട ചിനാറിന്റെ സ്ഥാപക നിഷ രത്നമ്മ സംസാരിക്കുന്നു.

 

പിഎംഎസ് എന്താണെന്നു മനസ്സിലാക്കണം

 

സ്ത്രീകൾ എത്രയോ കാലമായി അനുഭവിക്കുന്നതാണ് പിഎംഎസ്. ഒരു സാധാരണ സ്ത്രീക്ക് ആർത്തവം എന്നാൽ രക്തസ്രാവം, വയറുവേദന, കാലു കടച്ചിൽ ഒക്കെയാണ്. അതിനപ്പുറമുള്ള ഗൗരവം ഇതിന് ആരും കൊടുക്കാറില്ല. വലിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽപോലും അതൊന്നും ആർത്തവത്തിന്റേതാണെന്നു തിരിച്ചറിയുകയുമില്ല. ആർത്തവം എന്താണെന്ന് ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല, എന്നാൽ അത് എത്തുന്നതിനു മുൻപ് ശരീരത്തിൽ നടക്കുന്ന രാസ മാറ്റങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയുണ്ട്. മിക്ക സ്ത്രീകളും പലതരം പ്രശ്നങ്ങളാണ് ഈ സമയങ്ങളിൽ നേരിടുന്നത്. പക്ഷേ അവയെ പ്രീ മെൻസ്ട്രൽ സിൻഡ്രോമിന്റെ ലക്ഷണങ്ങളായി മിക്കവരും മനസ്സിലാക്കാത്തതുകൊണ്ട് അതുസംബന്ധിച്ച ചർച്ചകളുമുണ്ടാവുന്നില്ല. അതുകൊണ്ടാണ് ഈ വിഷയം അത്ര ജനശ്രദ്ധയിൽ വരാത്തതും. നമ്മുടെ ക്യാംപെയ്നിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പിഎംഎസിനെക്കുറിച്ചും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പൊതു സമൂഹത്തിൽ അവബോധമുണ്ടാക്കുക എന്നതാണ്.

 

പെട്ടെന്നുണ്ടാകുന്ന ദേഷ്യം, സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുക, അകാരണമായി കുട്ടികളോടും ഭർത്താവിനോടും ഒച്ചയിടുക, കാരണമില്ലാതെ കരയുക, ഒരുപാടു ഭക്ഷണം കഴിക്കുക തുടങ്ങി ആത്മഹത്യാചിന്ത വരെ ഇതിന്റെ ലക്ഷണങ്ങളാണ്. വൈകാരികമായി കൈവിട്ടു പോകുന്ന അവസ്ഥയിൽ‍ ആത്മഹത്യ പോലും സംഭവിക്കാം. ഇതിനെക്കുറിച്ച് അറിയാത്ത കുടുംബമാണെങ്കിൽ കുട്ടികളും ഭർത്താവും മോശമായി പ്രതികരിക്കുകയും ചെയ്യാം. ഇത് സ്ത്രീകളെ വല്ലാത്തൊരു മാനസികാവസ്ഥയിലേക്കും കുറ്റബോധത്തിലേക്കും തള്ളിയിടാം. വിഷാദവും അതിന്റെ അങ്ങേയറ്റത്തെ ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നേക്കാം. മാത്രമല്ല മിക്കപ്പോഴും കുടുംബം പോലും നഷ്ടപ്പെട്ടു പോകാനുള്ള കാരണമായി. ഇത് മാറുന്നു എന്നും തോന്നിയിട്ടുണ്ട്. സാധാരണ സമയത്ത് നമ്മുടെ വൈകാരികാവസ്ഥകളെ നമുക്ക് നിയന്ത്രിക്കാനാകും, പക്ഷേ അമിതമായ ഹോർമോൺ വ്യതിയാനമുണ്ടാകുന്ന സമയത്ത് നിയന്ത്രണം നഷ്ടമാകും. പല സ്ത്രീകൾക്കും പല ലക്ഷണങ്ങളാണ്, ഒരാൾക്കു വന്നതല്ല മറ്റൊരാൾക്ക് വരിക. എന്നാൽ അതെല്ലാം പിഎംഎസ് ലക്ഷണങ്ങൾ തന്നെയാണെന്നു മനസ്സിലാക്കണം. പിഎംഎസ്, അതനുഭവിക്കുന്ന സ്ത്രീയുടെ താളം തെറ്റിക്കുന്നുണ്ടെന്നു കുടുംബാംഗങ്ങളടക്കം മനസ്സിലാക്കുകയും അതനുസരിച്ച് അവളോട് ഇടപെടുകയും വേണം.

 

കുട്ടികളാണ് ഇരകൾ

 

പിഎംഎസ് കാരണമുണ്ടാകുന്ന കുടുംബ പ്രശ്നങ്ങളിൽനിന്നു പുരുഷന്മാർക്ക് എളുപ്പം രക്ഷപ്പെടാം. സ്ത്രീയെ ഉപദ്രവിക്കുകയോ നിശബ്ദത പാലിക്കുകയോ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയോ ചെയ്യാം. പക്ഷേ കുട്ടികൾക്ക് അതു പറ്റില്ല. പിഎംഎസിന്റെ ബുദ്ധിമുട്ടുള്ള സ്ത്രീ ചിലപ്പോൾ ഒരു കാരണവുമില്ലാതെ കുഞ്ഞുങ്ങളെ വഴക്കു പറയുമ്പോഴോ ഉപദ്രവിക്കുമ്പോഴോ അവർ ഭയക്കും. അമ്മയ്ക്കെന്തു പറ്റി എന്ന് മനസ്സിലാകാതെ വിഷമിക്കും. അൽപം കഴിഞ്ഞ്, കുഞ്ഞുങ്ങളെ ഉപദ്രവിച്ചതിനെക്കുറിച്ചോർത്ത് വിഷമിക്കുകയും കരയുകയും ചെയ്യുന്ന സ്ത്രീക്കു പോലും എന്താണു സംഭവിച്ചതെന്നു മനസ്സിലായിട്ടുണ്ടാവില്ല. ഇതിനെപ്പറ്റിയൊക്കെ സ്ത്രീകളെയും കുടുംബാംഗങ്ങളെയും കുട്ടികളെയും ബോധവൽക്കരിക്കുകയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം ഉണ്ടാക്കുകയും വേണം. ഇതും ക്യാംപെയ്നിന്റെ ഭാഗമാണ്.

 

"അമ്മ ഈസ് അൺസഹിക്കബിൾ"

 

കൗമാരക്കാരും നാൽപതുകൾ കഴിഞ്ഞ സ്ത്രീകളുമുള്ള വീട്ടിൽ അമ്മയും മക്കളും തമ്മിൽ മിക്കപ്പോഴും വഴക്കായിരിക്കും. രണ്ടു പേർക്കും അവരവരുടെ ഹോർമോൺ വ്യത്യാസങ്ങളുണ്ട്. അതു മനസ്സിലാക്കാതെയുള്ള കലഹിക്കൽ പരസ്പരമുള്ള വെറുപ്പു കൂടാൻ മാത്രമേ ഉപകരിക്കൂ. പിഎംഎസിനെക്കുറിച്ച് അറിയാത്ത ഒരു കൗമാരക്കാരൻ അല്ലെങ്കിൽ പെൺകുട്ടി അവരുടെ അമ്മയുടെ മാനസിക വ്യതിയാനത്തോട് രോഷാകുലരായി പ്രതികരിച്ചേക്കാം. അമ്മയ്ക്ക് ഒന്നുമറിയില്ലെന്നും മനസ്സിലാവില്ലെന്നും പറഞ്ഞേക്കാം, ഇതൊക്കെ ആർത്തവത്തിന്റെ ആധി കൂടി പേറി നിൽക്കുന്ന സ്ത്രീകളെ കഠിനമായ മെന്റൽ ട്രോമയിലേക്കാണ് തള്ളിയിടുക. ഞാനെന്റെ മകനോടു പറയും, ‘എനിക്ക് പിഎംഎസിന്റെ സമയമാണ്, ഞാൻ കാര്യമില്ലാതെ ദേഷ്യപ്പെട്ടാൽ ദയവായി നീ തിരികെ ബഹളം വച്ച് വഷളാക്കരുത്.’ അതുകൊണ്ടുതന്നെ ഞാൻ അസ്വാഭാവികമായി പെരുമാറിയാൽ അവൻ എന്നോട് ‘Amma are you PMSing’ എന്ന് ചോദിക്കും. എനിക്ക് ഇതേക്കുറിച്ച് അറിയുന്നതുകൊണ്ട് മകനോടു പറയാൻ കഴിഞ്ഞു. പലപ്പോഴും കൗമാരപ്രായക്കാരായ കുട്ടികളും അമ്മമാരും തമ്മിൽ വഴക്കാണ്, അവർ മിക്കപ്പോഴും പറയാറുള്ള വാചകം 'അമ്മ ഈസ് അൺസഹിക്കബിൾ, എന്നാണ്. ഇത്തരം പ്രശ്നങ്ങളൊക്കെ ഒരു പരിധിവരെ കുറയ്ക്കാൻ ഇതിനെക്കുറിച്ചുള്ള അറിവ് അവർക്ക് ലഭിക്കേണ്ടതുണ്ട്.

 

ലിവിങ് വിത്ത് പിഎംഎസ്

 

പിഎംഎസ് സ്ത്രീയെ മാത്രമല്ല കുടുംബത്തിലെ എല്ലാവരേയും ബാധിക്കുന്നതിനാലാണ് ക്യാംപെയ്നിന്റെ ലോഗോയിൽ സ്ത്രീയും പുരുഷനും ഉള്ളത്. ക്യാംപെയ്ൻ ആദ്യ ഘട്ടമാണ് ഇപ്പോൾ. ഇതിന്റെ ആദ്യ ശ്രമങ്ങൾ തന്നെ വൈറലായതോടെ  ഒരുപാട് സ്ത്രീകൾ അവരുടെ വേദന സ്വകാര്യമായി മെസേജ് അയക്കുന്നുണ്ട്. പിഎംഎസിനെക്കുറിച്ച് അവർ സംസാരിക്കാൻ തയാറാവുന്നുണ്ട്. സ്ത്രീകൾ അവരുടെ കഥകൾ പറയാൻ തയാറാവണം. അത് സമൂഹം അറിഞ്ഞാൽ മാത്രമേ ഇതേക്കുറിച്ച് പഠനങ്ങൾ നടക്കൂ. എന്നാൽ മാത്രമേ ഇതിന് ചികിത്സയും മരുന്നും ഉണ്ടാവൂ.

 

കോളജ് വിദ്യാർഥികളിലൂടെയാണ് അടുത്ത ഘട്ടം പരിപാടികൾ. വിഡിയോകൾ, ടെസ്റ്റിമോണിയൽസ്, ഡോക്യുമെന്ററി ഇതൊക്കെയാണ്  അടുത്ത ഘട്ടത്തിലെ പദ്ധതികൾ.

പിഎംഎസ് ചിലരിൽ വളരെ പോസിറ്റീവായും കാണപ്പെടാറുണ്ട്. എനിക്ക് നന്നായി എഴുതാൻ കഴിയുന്നതും ക്രിയേറ്റിവ് ആയി ചിന്തിക്കാൻ കഴിയുന്നതും ആ ദിവസങ്ങളിലാണ്. പക്ഷേ കൂടുതലും നെഗറ്റീവായ കാര്യങ്ങളാണ് കേൾക്കുന്നത്. അതിനെ എങ്ങനെ പോസിറ്റീവ് ആക്കാമെന്നാണ് നമുക്ക് അറിയേണ്ടതും ശ്രമിക്കേണ്ടതും. എത്ര ഒച്ചയുയർത്തി എനിക്ക് ഇതേക്കുറിച്ച് സംസാരിക്കാൻ കഴിയുമോ അത്രയും ഉച്ചത്തിൽ ഞാൻ ഇതേക്കുറിച്ച് സംസാരിക്കും, കാരണം അതു കേട്ട് മനസ്സിലാക്കാൻ കഴിയുന്ന ചിലരെങ്കിലുണ്ടെങ്കിലോ?

 

സ്ത്രീകൾ മാത്രമല്ല പുരുഷനും.

 

എല്ലാ ജൻഡറിൽ ഉള്ളവരും ക്യാംപെയ്നിന്റെ ഭാഗമാണ്. ലിവിങ് വിത്ത് പിഎംഎസ് എന്ന ലോഗോ വാക്കുകൾ പോലും ജൻഡർ ന്യൂട്രൽ ആയി ഉപയോഗിക്കാൻ കഴിയുന്നതാവണം എന്നു നിർബന്ധമുണ്ടായിരുന്നു. എന്നിട്ടും, ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്നു വിചാരിച്ചു മാറി നിൽക്കുന്ന ഒരുപാടു പുരുഷന്മാരുണ്ട്. ഇവരൊന്നും പലപ്പോഴും വീട്ടിലെ തങ്ങളുടെ പ്രിയപ്പെട്ട സ്ത്രീകൾ അനുഭവിക്കുന്നതൊന്നും മനസ്സിലാക്കാതെ പോകുന്നു എന്നതാണ് സത്യം, അതിന്റെ കാരണം, ആ സ്ത്രീകൾ അതു തുറന്നു പറയാൻ തയ്യാറാവുന്നില്ല എന്നതും കൂടിയാണ്.

 

വർഷങ്ങളായി സ്ത്രീകൾ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിന് കൃത്യമായ ഒരു മരുന്നു പോലും ഇല്ലെന്നുള്ളത് എന്തൊരു വേർതിരിവാണ്. ഇതെല്ലാം ആർത്തവം എന്ന വാക്കിനോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവം വ്യക്തമാക്കുന്നുണ്ട്. നമുക്ക് ആർത്തവം എന്നത് ഇപ്പോഴും ഉറക്കെപ്പറയാൻ മടിയുള്ള ഒരു വാക്കാണ്.

 

എന്തെങ്കിലും ബുദ്ധിമുട്ടുകൾ സ്ത്രീകൾ പറയുമ്പോൾ അത് പണിയെടുക്കാതെയിരിക്കാനുള്ള അടവാണ്, ചുമ്മാ തോന്നലാണ് എന്നിങ്ങനെയുള്ള വാചകങ്ങൾ കൊണ്ട് മറ്റുള്ളവർ അവളെ നേരിടാറുണ്ട്. എന്നാൽ ഇതൊക്കെ സത്യമാണെന്നും എല്ലാവരും പലതരത്തിൽ ഇതൊക്കെ അനുഭവിക്കുന്നുണ്ടെന്നുമുള്ള ബോധ്യപ്പെടുത്തൽ കൂടിയാണ് പിഎംഎസ് ക്യാംപെയ്ൻ. സ്ത്രീയെ മനസ്സിലാക്കുന്ന എല്ലാ മനുഷ്യരിലൂടെയും ഇത് ലോകത്തെ അറിയിക്കുക എന്നൊരു ടാഗ് കൂടി ചേർക്കുമ്പോൾ നമുക്കൊപ്പം ചേരാൻ മടിക്കുന്ന പുരുഷന്മാരും ഒപ്പം വരാൻ സാധ്യതയുണ്ട്.  മാത്രമല്ല ക്യാംപെയ്നിന്റെ തുടക്കം മുതൽ നിരവധി പുരുഷന്മാർ ഇതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് നമുക്കൊപ്പമുണ്ട്. ഒരുപാടു പേർ ഒപ്പം നിൽക്കുന്നു എന്നത് തന്നെ ഞങ്ങളെ മുന്നോട്ടു കൊണ്ട് പോകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT