ADVERTISEMENT

മനസ്സുണ്ടെങ്കിൽ മാർഗവും തെളിയും എന്ന ചൊല്ല് ജീവിതത്തിൽ അന്വർഥമാക്കി വിജയം കൊയ്യുകയാണ് കോട്ടയം മീനടം സ്വദേശിയായ ഒരു വനിതാ സംരംഭക. പറമ്പിൽ വെറുതെ കിടന്ന് നശിച്ചുപോകുന്ന ഉപയോഗശൂന്യമായ പാളയിൽ നിന്നു ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഷൈബി മാത്യു എന്ന വനിത ഇന്ന് സമീപവാസികളായ സ്ത്രീകൾക്ക് തൊഴിൽ ദാതാവ് കൂടിയാണ്. കൃത്യമായ തയാറെടുപ്പുകളോടെ ഷൈബിയും കുടുംബവും ആരംഭിച്ച ഹന്ന ഗ്രീൻ പ്രോഡക്ട്സ് എന്ന സ്ഥാപനം ഇന്ന് വിദേശരാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കുന്ന നിലയിൽ വളർന്നു കഴിഞ്ഞു.

തുടക്കം

നഴ്സ് ആയിരുന്ന ഷൈബി ഭർത്താവുമൊത്ത് സൗദിയിൽ കഴിയുന്നതിനിടെ 2015 ലാണ് അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് എത്തിയത്. പിന്നീട് നാട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചതോടെ സ്വന്തമായി ചെയ്യാനാവുന്ന എന്തെങ്കിലും ബിസിനസ് ആരംഭിക്കാനായി ആലോചന. പ്രകൃതിക്ക് ദോഷമുണ്ടാക്കാത്ത ചെറുകിട സംരംഭം ഏതെന്ന അന്വേഷണത്തിനൊടുവിൽ കവുങ്ങിൻപാള കൊണ്ടുള്ള ഉൽപന്നങ്ങൾ നിർമിക്കാം എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. വടക്കൻ ജില്ലകളിൽ നിന്നു കവുങ്ങിൻപാളകൾ ലഭിക്കാനുള്ള സാധ്യതയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. ഭർത്താവ് കുര്യാക്കോസിന് മെഷീനറിയിലുള്ള പ്രാവീണ്യം ഉൽപന്നങ്ങൾ നിർമിക്കാനുള്ള യന്ത്രങ്ങൾ ഒരുക്കുന്നതിനു സഹായകമായി. അങ്ങനെ 2015ൽ തന്നെ ഹന്ന ഗ്രീൻ പ്രോഡക്ട്സ് എന്ന പേരിൽ സംരംഭം ആരംഭിക്കുകയായിരുന്നു.

രണ്ട് യൂണിറ്റുകൾ 

കവുങ്ങിൻ പാളയുടെ ലഭ്യത പരിഗണിച്ച് പാലക്കാടാണ് പ്രധാന യൂണിറ്റ് ആരംഭിച്ചത്. അവിടെ നിർമിക്കുന്ന ഉൽപന്നങ്ങൾ കോട്ടയത്തെ യൂണിറ്റിൽ എത്തിച്ച ശേഷം പാക്കിങ് നടത്തുന്നു. രണ്ട് യൂണിറ്റുകളിലും സ്ത്രീകളാണ് ജോലിക്കാരായി ഉള്ളത്. പത്തോളം സ്ത്രീകൾക്ക് വരുമാന മാർഗം കണ്ടെത്തി കൊടുക്കാനായതിന്റെ സന്തോഷവും ഷൈബിക്കുണ്ട്. കൊറോണ വ്യാപനം മൂലം രണ്ടുവർഷമായി നിർമാണം നിർത്തിവച്ചിരുന്നെങ്കിലും ഇപ്പോൾ പൂർവാധികം ഭംഗിയായി പുനരാരംഭിക്കാനുള്ള തയാറെടുപ്പുകൾ നടത്തുകയാണ് ഷൈബി.

ഉൽപന്നങ്ങൾ

വ്യത്യസ്ത ആകൃതികളിലും വലുപ്പത്തിലുമുള്ള പ്ലേറ്റുകൾ, സ്പൂണുകൾ, ബൗളുകൾ, ട്രേകൾ, കണ്ടെയ്നറുകൾ തുടങ്ങി നിരവധി  പാള ഉൽപന്നങ്ങളാണ് ഹന്ന ഗ്രീൻ പ്രോഡക്സിലൂടെ വിപണിയിൽ എത്തുന്നത്. പ്ലേറ്റ് നിർമാണത്തിന് എടുക്കുന്ന പാളകളിൽ നിന്നു ശേഷിക്കുന്ന ഭാഗം ഉപയോഗിച്ചാണ് സ്പൂണുകളും ചെറിയ ബൗളുകളുമെല്ലാം നിർമിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അവബോധം ലഭിച്ചതോടെ ഇത്തരം പ്രകൃതി സൗഹൃദ ബദൽ മാർഗങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് ഷൈബി പറയുന്നു. വിദേശത്തു നിന്ന് പോലും വലിയ ഓർഡറുകൾ ലഭിക്കുന്നു. ന്യൂയോർക്കിലേക്ക് 14 ഇനം പാള ഉൽപന്നങ്ങൾ കയറ്റി അയച്ചിരുന്നു. ഇതിനു പുറമേ കേരളത്തിലുള്ള നിരവധി ഹോട്ടലുകളും റിസോർട്ടുകളും ആവശ്യക്കാരായി എത്താറുണ്ട്.

പാള ഉൽപന്നങ്ങൾക്ക് പുറമേ അവ നിർമിക്കാനുള്ള യന്ത്രങ്ങളും ഇവർ നിർമിച്ചു നൽകുന്നുണ്ട്. മാലിന്യ പ്രശ്നമോ പ്രകൃതിക്ക് ദോഷകരമാകുന്ന രാസപദാർത്ഥങ്ങളുടെ ഉപയോഗമോ ഇല്ലാത്തതുമൂലം സംരംഭത്തെക്കുറിച്ച് കേട്ടറിഞ്ഞ നിരവധി ആളുകൾ ഇതേ രീതിയിൽ ബിസിനസ് ആരംഭിക്കാനായി അന്വേഷണവുമായി എത്താറുണ്ട്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.

വെല്ലുവിളികൾ

പാളയുടെ ലഭ്യത തന്നെയാണ് പ്രധാന പ്രശ്നം. കാസർഗോഡ്, മലപ്പുറം, പാലക്കാട് മേഖലകളിൽ നിന്നുമാണ് ഉൽപന്നങ്ങൾക്കായുള്ള പാള കണ്ടെത്തുന്നത്. അവിടങ്ങളിൽ ലഭ്യത കുറയുന്ന സമയത്ത് കർണാടക, സേലം, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പാള എത്തിക്കുകയാണ് ചെയ്യുന്നത്.

കുടുംബം തന്നെ പിന്തുണ

ഭർത്താവ് കുര്യാക്കോസും രണ്ട് മക്കളും അടങ്ങുന്നതാണ് ഷൈബിയുടെ കുടുംബം. പാള കണ്ടെത്തുന്നതിനും ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനുമായി കേരളത്തിനകത്തും പുറത്തും നടത്തേണ്ടി വരുന്ന യാത്രകളിലും യന്ത്രങ്ങൾ നിർമിക്കുന്നതിലുമെല്ലാം കുര്യാക്കോസാണ് ഷൈബിക്ക് പിന്തുണയേകുന്നത്.

English Summary: Woman Entrepreneur In Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com