ADVERTISEMENT

‘‘നഴ്സറി പ്രായത്തിലുള്ള ഒരു കുഞ്ഞ് വേദിയിൽ നൃത്തം ചെയ്യുമ്പോൾ കസേരയിൽ ഇരിക്കുന്ന അമ്മ മനസ്സിലെങ്കിലും നൃത്തം ചെയ്യുന്നുണ്ടാകും. ചിലപ്പോൾ അമ്മ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി എഴുന്നേറ്റു നിന്നു കളിച്ചു കാണിക്കും. അതുപോലെയാണ് ഞാൻ എന്റെ മക്കൾക്കു വേണ്ടി കളിച്ചത്. അതല്ലാതെ ഞാൻ ചെയ്തത് ഒരിക്കലും വലിയ സംഭവമായി തോന്നുന്നില്ല.’’ എറണാകുളം പറവൂർ വടക്കേക്കര പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കു വേണ്ടി നടത്തിയ ‘അഴക് 2022’ കലോത്സവത്തില്‍ തന്റെ കുട്ടികൾക്കൊപ്പം സദസ്സിനു പിന്നിൽ ചുവടുവച്ച് വൈറലായ ഹീതു ലക്ഷ്മി പറയുന്നു.

‘‘വലിയ ആവേശത്തിലാണു കുട്ടികൾ അരങ്ങിലേക്കു കയറിയത്. സഭാകമ്പമുണ്ട് അവർക്ക്. ചുവടുകൾ മറന്നു പോകും. ചുവട് തെറ്റിയാൽ അവരുടെ മനസ്സ് വാടും. അതറിയാവുന്നതു കൊണ്ടാണ് ഞാൻ ചുവടുകൾ വച്ചു കാണിച്ചത്’’. ഹീതു ലക്ഷ്മി ടീച്ചറുടെ വാക്കുകളിൽ മക്കളോടുള്ള കരുതൽ... ‘ഇങ്ങനെയാകണം ടീച്ചർ’ എന്ന വിശേഷണത്തോടെയാണു ഭിന്നശേഷി കലോത്സവത്തിൽ വിദ്യാർഥികൾക്കു ചുവടു തെറ്റാതിരിക്കാൻ സദസ്സിനു പിന്നിൽ നിന്നു നൃത്തം ചെയ്ത അധ്യാപികയുടെ വിഡിയോ മലയാളികൾ കണ്ടത്. മലയാളികൾ നിറഞ്ഞ മനസ്സോടെ കണ്ട ആ വിഡിയോയിലെ അധ്യാപിക ഹീതു ലക്ഷ്മി കെ. ബി. വനിത ഓൺലൈനിനോട് ഹൃദയം തുറക്കുന്നു.

മുൻകൂട്ടി തീരുമാനിച്ചിരുന്നതല്ല ആ നൃത്തം

എറണാകുളം പറവൂർ വടക്കേക്കര പഞ്ചായത്തിലെ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ അധ്യാപികയാണ് ഹീതു ലക്ഷ്മി. പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കു വേണ്ടി നടത്തിയ ‘അഴക് 2022’ കലോത്സവത്തിലാണു ഹീതു ലക്ഷ്മിയുടെ വിദ്യാർഥികൾ ചുവടുകൾ വച്ചത്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും വടക്കേക്കര പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിന്റെ ഭാഗമായാണു ഭിന്നശേഷി കലോത്സവം നടത്തിയത്.

‘‘പതിനാറു വയസ്സിനു മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാരുടെ പുനരധിവാസമാണു കുടുംബശ്രീ മിഷന്റെ കീഴിലുള്ള ബഡ്സ് റിഹാബിലിറ്റേഷൻ െസന്ററിലൂടെ ലക്ഷ്യമിടുന്നത്.’’ ഹീതു ലക്ഷ്മി പറയുന്നു. ‘‘ശാരീരികവും മാനസികവുമായ വെല്ലുവിളികൾ മറികടക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനും വേണ്ടി തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും തെറപ്പിയും നൽകുകയാണു ചെയ്യുന്നത്. മുപ്പതു വിദ്യാർഥികളുണ്ട് ഇവിടെ. ഇതിൽ പതിനഞ്ചു പേരാണ് സ്ഥിരമായി എത്തുന്നത്. പതിനഞ്ചു പേർ തെറപ്പിക്ക് വേണ്ടിയാണ് എത്താറ്. ഇവർക്ക് ഹോം ബേസ്ഡ് എജ്യുക്കേഷൻ നൽകുന്നുണ്ട്. പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം തെറപ്പിയുടെ ഭാഗമാണ്. പാട്ടു പാടാനും നൃത്തം ചെയ്യാനും ഇവിടുത്തെ കുട്ടികൾക്ക് വലിയ ഇഷ്ടമാണ്.

അഴക് കലോത്സവത്തിൽ കുട്ടികളുടെ നൃത്തം മുൻകൂട്ടി തീരുമാനിച്ചിരുന്നതല്ല. കലോത്സവത്തിൽ പങ്കെടുക്കുന്നതിനായി അഞ്ചോ ആറോ പാട്ട് പഠിച്ചാണ് ഓേരാ കുട്ടികളുമെത്തിയത്. ഒരു പാട്ട് കഴിയുമ്പോ ഒരു പാട്ട് കൂടി പാടാമെന്നെല്ലാം പറയും. കുറച്ചു കഴിഞ്ഞപ്പോൾ അവർക്ക് ഡാൻസ് കളിക്കണമെന്നായി. ഓേരാരുത്തരായി കളിക്കുന്നതിനു പകരം ഗ്രൂപ്പ് ഡാൻസ് നടത്താമെന്നു സംഘാടകർ പറഞ്ഞു. അങ്ങനെ അപ്പോൾത്തന്നെ സ്‌റ്റേജിനു പിന്നിൽ നിന്നു ഞങ്ങൾ കുട്ടികളെ ചുവടു വയ്ക്കാൻ പഠിപ്പിച്ചു.

ഈ പാട്ട് കുട്ടികൾക്കു പരിചിതമാണ്. എപ്പോഴും ഡാൻസ് ചെയ്യാറുള്ള പാട്ടാണ്. സ്ഥിരം വയ്ക്കാറുള്ള ചുവടുകളും. രണ്ടു മൂന്നു തവണ പ്രാക്ടീസ് ചെയ്തു കഴിഞ്ഞപ്പോൾ ‘ഇനി ഞങ്ങൾ െചയ്തോളാം ടീച്ചറേ’യെന്ന് ഉറപ്പു നൽകിയാണ് കുട്ടികൾ വേദിയിലോട്ടു കയറിയത്. സ്‌റ്റേജിലെത്തിയപ്പോൾ അവർക്കു ചെറിയ ആശയക്കുഴപ്പമായി. ഒരാൾ അങ്ങോട്ട് തിരിയുമ്പോ വേറൊരാൾ ഇങ്ങോട്ട് തിരിയുന്ന അവസ്ഥ. അപ്പോഴാണ് ഞാൻ സദസ്സിനു പിന്നിൽ നിന്നു കളിച്ചു കാണിച്ചത്. ഞാൻ മാത്രമല്ല, അവിടെ ഒരുപാടു പേർ നിന്നു കളിച്ചു കാണിക്കുന്നുണ്ടായിരുന്നു. അവരുടെ ടീച്ചർ ഞാനാണല്ലോ. അവർ എന്നെയല്ലേ നോക്കൂ. അതാണു സംഭവിച്ചത്. നമ്മുടെ കുടുംബമാണല്ലോ. നമ്മുടെ കുട്ടികളും.. അങ്ങനെയോർത്താണ് ഞാൻ മതിമറന്നാടിയത്. അതിനിടയിൽ വിഡിയോ പകർത്തുന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. വിഡിയോയിൽ എനിക്കൊപ്പം നിന്നു ഡാൻസ് ചെയ്യുന്നത് കുടുംബശ്രീ സിഡിഎസ് അംഗം ലിൻസി ടോമിയാണ്. എന്റെ വലതു വശത്തു നിന്നു കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാറും. ഇവിടെ എന്ത് പരിപാടി നടന്നാലും എല്ലാവരും നിറഞ്ഞ പ്രോത്സാഹനവുമായി ഒപ്പമുണ്ടാകാറുണ്ട്.

അടുത്തിടെ ബഡ്സ് സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഒപ്പന മത്സരത്തിൽ എന്റെ കുട്ടികൾ പങ്കെടുത്തിരുന്നു. സഭാകമ്പമുള്ളതുകൊണ്ട് ഒരാൾക്ക് വേദിയിൽ കയറാൻ മടി. ആകെ പ്രശ്നമായി. പിന്നെ ഞാൻ സ്‌റ്റേജിന്റെ മുന്നിൽ നിന്നു കൈ കൊട്ടി ചെയ്തു കാണിച്ചിട്ടാണു കുട്ടികൾ കളിച്ചത്. സഭാകമ്പം കാരണം അവർ പിന്നോട്ടു വലിയുന്നതിൽ നിന്നു കരകയറ്റണമെങ്കിൽ നമ്മൾ ഒത്തൊരുമിച്ചു നിൽക്കേണ്ടതുണ്ട്. ഈ കുട്ടികളെ എന്റെ മക്കളായാണു ഞാൻ കരുതുന്നത്. ഞാൻ നൃത്തം ചെയ്യുന്ന വിഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ എന്റെ കുട്ടികളുടെ കലാപ്രകടനം മുങ്ങിപ്പോയോ എന്ന സങ്കടം തോന്നി. പക്ഷേ, എന്റെ കുട്ടികളെ കേരളം മുഴുവൻ കണ്ടല്ലോ എന്നു പറഞ്ഞ് കൂടെയുള്ളവർ സമാധാനിപ്പിച്ചു. തങ്ങളുടെ മക്കളെ ഇതുപോലെുള്ള വേദികളിൽ െകാണ്ടു വരാനുള്ള പ്രചോദനമായെന്നു ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾ പറയുന്നതു കേട്ടപ്പോഴാണ് ഏറെ സന്തോഷം തോന്നിയത്.’’ ഹീതു ലക്ഷ്മി പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

English Summary: Special Interview With Heethu Lakshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com