സ്ത്രീകൾ പ്രൊഫൈൽ ലോക്ക് ചെയ്തില്ലെങ്കിൽ ചിത്രങ്ങൾ അഡൽറ്റ് സൈറ്റിൽ; പരാതിപ്പെട്ടപ്പോൾ പരിഹാസം!

Mail This Article
കവിതയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരിയാണ് ചിത്തിര കുസുമന്‍. പക്ഷേ അത്തരത്തിലുള്ള ആദരവു മാത്രമല്ല, അർഹിക്കുന്ന നീതി പോലും നിഷേധിച്ച അവസ്ഥയിലാണ് ചിത്തിര തന്റെ ശബ്ദം ഉയർത്തിത്തുടങ്ങുന്നത്. സോഷ്യൽ മീഡിയയിൽ സ്ത്രീകൾ ചിത്രങ്ങൾ ഇടരുത് എന്ന് നാളുകൾക്കു മുൻപ് പോസ്റ്റർ അടിച്ചിറക്കിയ കേരള പൊലീസിനെ, സൈബറിടങ്ങളിൽ അപ്‌ഡേറ്റഡ് ആയ മനുഷ്യർ പരിഹസിച്ചിരുന്നു. എന്നാൽ ആ ചിന്താഗതിയിൽനിന്ന് തരിമ്പും അവർക്കു മാറ്റമില്ലെന്ന് തന്നെയാണ് ചിത്തിരയുടെ അനുഭവം സൂചിപ്പിക്കുന്നത്.
ചിത്തിര പറയുന്നു:

‘‘ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള എന്റെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്ത് ഒരു അഡൽറ്റ് കണ്ടന്റ് സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്ന് ഗൂഗിളിൽ എന്റെ പേരോ ഇമേജോ മറ്റോ സെർച്ച് ചെയ്തപ്പോൾ കണ്ടിട്ട് ഫെയ്സ്ബുക് വഴി പരിചയമുള്ള ഒരു സുഹൃത്ത് പറഞ്ഞാണ് ഞാൻ അറിഞ്ഞത്. ആ സൈറ്റ് എടുത്തു നോക്കിയപ്പോൾ ഒരുപാട് സ്ത്രീകളുടെ ഫോട്ടോകൾ അത്തരത്തിൽ ഉപയോഗിച്ചിട്ടുള്ളതായി കണ്ടു. പരാതി കൊടുക്കാൻ ഇൻഫോ പാർക്കിലുള്ള കൊച്ചി സൈബർ സെൽ ഓഫിസിൽ പോയി. അവിടെ റിസപ്ഷനിൽ ഇരുന്ന ഓഫിസറോടു കാര്യം പറഞ്ഞപ്പോൾ ആദ്യം ചോദിച്ചത് പ്രൊഫൈൽ ലോക്ക് അല്ലേ എന്നാണ്. അല്ല എന്ന് പറഞ്ഞപ്പോൾ, ‘അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും, കണ്ടവർ ഫോട്ടോയും കൊണ്ടു പോയി തോന്നിയത് ചെയ്യും, അതിന് പരാതി പറഞ്ഞിട്ട് എന്താണ് കാര്യം’ എന്നു പരിഹസിച്ചു കൊണ്ട് മറുപടി പറഞ്ഞു. ‘ഇവിടെ ഫെയ്സ്ബുക് വഴി പണം തട്ടിയെടുത്തത് കണ്ടുപിടിക്കാൻ പറ്റുന്നില്ല, അപ്പോഴല്ലേ ലോക്ക് ചെയ്യാത്ത പ്രൊഫൈലിലെ ഫോട്ടോ പോയത്’ എന്നും അദ്ദേഹം പറഞ്ഞു.’’
സോഷ്യൽ മീഡിയയിൽ സ്ത്രീകൾ പ്രൊഫൈൽ ലോക്ക് ചെയ്യണോ വേണ്ടയോ എന്നത് നിരവധി ചർച്ചകൾക്ക് വഴി തുറന്നിരുന്നു. പൊതു ഇടങ്ങളിലുള്ള സ്ത്രീകളുടെ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ അനാവശ്യമായ കാര്യങ്ങൾക്ക് ഉപയോഗിക്കരുത് എന്നൊക്കെ പറയുമെങ്കിലും എല്ലായ്പ്പോഴും അത്തരത്തിൽ സ്ത്രീകൾക്കൊപ്പം നിൽക്കുന്നില്ല എന്ന് ചിത്തിരയുടെ അനുഭവം തെളിയിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സ്വകാര്യത എന്നൊന്ന് ഇല്ല എന്നാണു ചിലരുടെ നിലപാട്, അതിൽ എന്തുതരം ചിത്രങ്ങൾ ഇട്ടാലും അതിനെ തങ്ങൾക്കിഷ്ടമുള്ളതു പോലെ ഉപയോഗിക്കാൻ കൂടിയുള്ള അവകാശമാണ് നൽകുന്നത് എന്നതാണ് ഇത്തരക്കാർ ചിന്തിക്കുന്നത്.
‘‘കേസ് കൊടുക്കാൻ എന്റെ കൂടെ വന്ന പെൺകുട്ടി ആദ്യമായാണ് പൊലീസ് സ്റ്റേഷനിൽ. ‘നമ്മൾക്ക് എന്തേലും കുഴപ്പമുണ്ടായാൽ ഇത്രയും ഒക്കെ നടപടി പ്രതീക്ഷിച്ചാൽ മതി, അല്ലേ ചേച്ചീ’ എന്ന് അവൾ ചോദിച്ചപ്പോൾ സങ്കടം തോന്നി. അവിടെനിന്ന് ഇറങ്ങും മുൻപ് അവൾ സ്വന്തം പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്തു. പെൺകുട്ടികൾക്ക് നമ്മൾ അടങ്ങാനും ഒതുങ്ങാനും ഉള്ള പരിശീലനം ആണല്ലോ കൊടുക്കേണ്ടത് എന്നാണ് ഇത്തരം അനുഭവങ്ങൾ പഠിപ്പിക്കുന്നതും’’– ചിത്തിര വിഷമത്തോടെ പറയുന്നു.

സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്യണം എന്ന് നിയമവും അധികാരവും കയ്യാളുന്നവരും പുരുഷ കേന്ദ്രീകൃതമായ സമൂഹവും സ്ത്രീകളോടു പറഞ്ഞു കൊടുക്കുക എന്നത്, വ്യക്തി എന്ന നിലയിൽ സ്ത്രീകൾക്കു സമൂഹത്തിലുള്ള അവകാശങ്ങളെ ചോദ്യം ചെയ്യുന്നതിന് സമാനമാണ്. ചിത്തിര സംസാരിക്കുന്നു.
നിയമത്തിൽ ഇപ്പോഴും വിശ്വസിക്കുന്നു
‘‘നിയമത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു കാര്യം വന്നപ്പോൾ പരാതി കൊടുക്കാൻ തീരുമാനിച്ചത്. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുക എന്നത് ആത്മാവിഷ്കാരത്തിന്റെ ഭാഗമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിൽ ചിത്രങ്ങളുണ്ടാകാം, റീലുകൾ ഉണ്ടാകാം, അഭിപ്രായ പ്രകടനങ്ങൾ ഒക്കെയുണ്ടാകാം. നിയമത്തെ നിഷേധിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇടുമ്പോൾ മാത്രമാണ് അത് സാമൂഹിക വിരുദ്ധമാകുന്നത്. എന്നാൽ വ്യക്തിപരമായ വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുന്നത് സമൂഹത്തിനു എങ്ങനെയാണ് വിരുദ്ധമാകുന്നത്? അതിനെന്തിനാണ് മറ്റൊരു ഇടപെടൽ ഉണ്ടാകുന്നത്? മറ്റൊരാളെ ഉപദ്രവിക്കാത്ത കാലത്തോളം അത് ശ്രദ്ധയിൽ പെടേണ്ട കാര്യമില്ല. അത് അവനവന്റെ സന്തോഷങ്ങളാണ്.
പരിഹാരമുണ്ട്, പക്ഷേ.
‘‘സൈബർ ഇടങ്ങൾ കൂടുതൽ ഉപയോഗിക്കുമ്പോൾ സൈബർ കുറ്റകൃത്യങ്ങൾ നിരവധിയുണ്ടാകും. ഇപ്പോൾത്തന്നെ ഡേറ്റാ കൈമാറ്റങ്ങൾ നടക്കുന്നുണ്ട്, ചിത്രങ്ങളും കണ്ടന്റും ഫോൺ നമ്പറുകളുമെല്ലാം കൈമാറ്റം ചെയ്യപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇന്ത്യ പോലെയൊരു രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള അന്വേഷണങ്ങളും ശിക്ഷ നൽകലും എല്ലാം സമയമെടുത്ത് മാത്രം നടക്കുന്ന ഒന്നാണ്. കാരണം കൂടുതൽ സാങ്കേതികമായ കാര്യങ്ങൾ ഈ വകുപ്പിൽ വന്നെത്തുന്നതേയുള്ളൂ, അതിനു സമയമെടുക്കും. അത് മനസ്സിലാകും, പക്ഷേ, സൈബർ വിഭാഗത്തിലുള്ള ഒരു കേസുമായി നീതിന്യായ വ്യവസ്ഥ കൈകാര്യം ചെയ്യുന്ന ഒരിടത്ത് ഒരു പൗരൻ ചെല്ലുമ്പോൾ അവരെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതിരിക്കുകയെങ്കിലും വേണം. പറ്റുന്ന നടപടി സ്വീകരിക്കുക എന്നതാണ് അവർ ചെയ്തു തരേണ്ടത്.
ഭയം തോന്നിയില്ല
‘‘ഒരു അഡൽറ്റ് വെബ്‌സൈറ്റിൽ ചിത്രം ഉണ്ടെന്നു അറിഞ്ഞപ്പോൾ എനിക്ക് ഭയമൊന്നും തോന്നിയില്ല. ഞാൻ വളർന്ന ചുറ്റുപാടുകൾ, എന്റെ ജീവിത സാഹചര്യം ഇതൊക്കെക്കൊണ്ട്, ഇതൊക്കെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും എനിക്ക് കഴിയും. ഇപ്പോൾ ലോക്ക് ചെയ്തതോ അല്ലാത്തതോ എന്നതല്ല പ്രശ്നം, ലോക്ക് ചെയ്ത പ്രൊഫൈലുകൾക്ക് പ്രശ്നം ഉണ്ടാകുന്നില്ലേ? നമ്മുടെയൊക്കെ കുടുംബങ്ങളിൽനിന്നു വരെ സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളുണ്ടാകുന്നില്ലേ? അതുകൊണ്ടുതന്നെ എനിക്ക് ഭയമല്ല തോന്നിയത്. പക്ഷേ പ്രതികരിക്കണം എന്ന് തോന്നി. അതാണ് പരാതി കൊടുക്കാൻ പോയതും. ഒട്ടും മോർഫ് ചെയ്യാതെ സോഷ്യൽ മീഡിയയിൽനിന്ന് എടുത്ത് അഡൽറ്റ് സൈറ്റുകളിൽ ചിത്രങ്ങൾ ഇടുമ്പോൾ അതുകണ്ടു ഭയക്കുന്ന ഒരുപാട് പെൺകുട്ടികളുള്ള നാടാണ് ഇത്. പലർക്കും കുടുംബം പോലും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. പരാതി നൽകിയാൽ സൈറ്റിൽനിന്ന് ഞാനുൾപ്പെടെയുള്ള സ്ത്രീകളുടെയും ചിത്രങ്ങൾ നീക്കം ചെയ്യപ്പെടും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. കാരണം എന്റെ പടം അന്വേഷിച്ചു പോയപ്പോൾ ഒരുപാട് സ്ത്രീകളുടെ ചിത്രങ്ങൾ ഞാനതിൽ കണ്ടിരുന്നു. അത് കണ്ടു ഭയന്ന് ആത്മഹത്യ വരെ ചെയ്യാൻ തോന്നുന്ന എത്രയോ സ്ത്രീകൾ ഉണ്ടായേക്കും, വിവാഹം മുടങ്ങിപ്പോകും, കൂടെയുള്ളവർ മനസ്സിലാക്കാതെ പോകും. അതുകൊണ്ട് എല്ലാവർക്കും വേണ്ടിത്തന്നെയാണ് പരാതിയുമായി മുന്നോട്ടു പോയത്.
ഒരിക്കലും ഭയക്കരുത്
നമ്മുടെ സൈബർ ഇടമാണ്, നമ്മുടെ ചിത്രങ്ങൾ നമ്മൾ നമ്മുടേതായ സൈബർ ഇടത്തിൽ ഇടുന്നത് ഒരിക്കലും തെറ്റല്ല, അത് നമ്മുടെ സ്വകാര്യത മാനദണ്ഡങ്ങൾ മറികടന്നു മറ്റൊരാൾ കൊണ്ടു പോകുന്നതാണ് തെറ്റ്. അതുകൊണ്ട് ഇത്തരമൊരു വിഷയമുണ്ടായാൽ ഭയക്കരുത് എന്നാണ് എനിക്ക് സ്ത്രീകളോട് പറയാനുള്ളത്. അതു നിയമപരമായിത്തന്നെ നേരിടണം. എവിടെ വരെ ഇതിന്റെ പിന്നാലെ നടക്കേണ്ടി വന്നാലും പോകണം എന്നാണു എന്റെ അഭിപ്രായം. ചിലപ്പോൾ കുടുംബത്തിലെ മുതിർന്നവർക്ക് ഇതൊന്നും മനസ്സിലായില്ലെന്ന് വരും. പക്ഷേ നമ്മുടേതായ ഇടത്തു ഭയക്കാതെ ജീവിക്കേണ്ടതുണ്ട്. അതിന് ഇത്തരത്തിൽ അനുഭവമുള്ളവർ അവനവന്റെ നീതിയ്ക്കു വേണ്ടി ഏതറ്റം വരെയും പോകണം. അതും പേടി കൂടാതെ. അല്ലാതെ പ്രൊഫൈൽ ലോക്ക് ചെയ്യുകയല്ല അതിനുള്ള പരിഹാരം.
English Summary: Misuse Of Woman Facebook photos