ADVERTISEMENT

കുട്ടികളുടെ ഉത്പന്നങ്ങളുടെ മൊത്ത വിതരണം ഏറ്റെടുക്കുന്ന ഒരു സ്ത്രീ. ഏതൊരു സംരംഭകയേയും പോലെ തുടക്കത്തില്‍ അത്ര എളുപ്പമല്ലാത്ത യാത്ര. പക്ഷേ രണ്ടു വർഷം കൊണ്ട് തനൂറ ശ്വേത മേനോന്‍ വെട്ടിപ്പിടിച്ചത് സ്വപ്നം പോലെയുള്ള ഒരു ബിസിനസ് ലോകമാണ്. കേരളത്തില്‍ തുടങ്ങിയ സോള്‍ ആന്‍ഡ്‌ സേറ എന്ന, കുട്ടികളുടെ ഉൽപന്നങ്ങളുടെ ബിസിനസ് ഇപ്പോൾ കേരളവും ഇന്ത്യയും കടന്നു ലോകത്തിന്റെ പല ഭാഗത്തും വ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ ബിസിനസ് വമ്പന്മാരായ റിലയൻസുമായി കൈകോര്‍ത്തുള്ള പുതിയ വിപണന തന്ത്രവും തനൂറ ആവിഷ്കരിച്ചിരിക്കുന്നു. ദാമ്പത്യത്തകർച്ചയിലും അവര്‍ പിടിച്ചു നിന്നത് മൂന്നു മക്കള്‍ ഉള്ളതു കൊണ്ടാവണം. എന്നാല്‍ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ചുകൊണ്ട് തനൂറ ഇന്ന് വിജയിച്ച സ്ത്രീ ആയിരിക്കുന്നു. ഇരുപത്തിയേഴ് രാജ്യങ്ങളില്‍ അവര്‍ തനിച്ച് യാത്ര ചെയ്തിരിക്കുന്നു, സ്വയം കണ്ടെത്തല്‍ നടത്തുകയും ഒപ്പമുള്ള സ്ത്രീകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. തനൂറ സംസാരിക്കുന്നു, 

 

കുട്ടികളുടെ പ്രിയപ്പെട്ട സോൾ ആൻഡ് സെറ 

 

സോൾ ആൻഡ് സെറ എന്ന ബ്രാൻഡ് മുൻപു തന്നെ എനിക്കുണ്ടായിരുന്നു. സോൾ എന്നാൽ ആത്മാവ്. കുട്ടികളാണ് ഓരോ മാതാപിതാക്കളുടെയും ആത്മാവ് എന്നു പറയാം. ആ ചിന്തയിൽ നിന്നാണ് സോൾ എന്ന പേരു കിട്ടിയത്. ഇത് എന്റെ സ്വപ്നം പോലെ വികസിച്ചത് ഈ കൊറോണക്കാലത്താണ് എന്ന് പറയാം. ആ സമയത്ത് മറ്റൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല. വരുമാനമാണല്ലോ പ്രധാനം. അങ്ങനെയാണ് കുട്ടികൾക്കുള്ള വസ്തുക്കൾ ഉൾപ്പെടുത്തി പുതിയ രീതിയിൽ തുടങ്ങിയത്. കുട്ടികൾക്കായുള്ള ഭക്ഷണം ഒഴികെയുള്ള എല്ലാ ഉൽപന്നങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതി. ആറു വയസ്സുവരെയുള്ള കുട്ടികൾക്കായുള്ളതാണ് ഞങ്ങളുടെ ഉൽപന്നങ്ങൾ. 

 

സ്വാഭിമാനമാണ് പ്രധാനം 

thanoora1

 

സമൂഹം എന്തു വില തരുന്നു, കൂടെയുള്ളവർ എന്തു വിലതരുന്നു, സുഹൃത്തുക്കൾ എത്ര പരിഗണിക്കുന്നു, ബഹുമാനിക്കുന്നു എന്നതിനപ്പുറം ഒരു സ്ത്രീ സ്വയം എങ്ങനെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു, കരുതുന്നു എന്നതാണ് പ്രധാനം എന്നാണ് എന്റെ ചിന്ത. സ്വയം സ്നേഹിക്കുക എന്നത് ചെറിയ കാര്യമല്ല. നമുക്കിഷ്ടമുള്ളത് ചെയ്യാനും സ്വന്തമാക്കാനും നടക്കാനുമൊക്കെയായി നമുക്കു തന്നെ മുന്നിട്ടിറങ്ങാൻ കഴിയണം. സ്വയം സ്നേഹിക്കുക എന്നതിനേക്കാൾ പ്രധാനം ഒരുപക്ഷേ സ്വയം അഭിമാനം ആയിരിക്കും. അത്തരത്തിലൊരു അവസ്ഥയിൽ ഒരു സ്ത്രീ എത്തിയാൽ അവളെ മുറിവേൽപിക്കുന്ന, ഇല്ലാതാക്കുന്ന ബന്ധത്തിൽ തുടരാൻ കഴിയില്ല. അവിടെനിന്ന് ഇറങ്ങിപ്പോന്നേ മതിയാകൂ. അത്തരത്തിലുള്ള ഒരുപാട് സാഹചര്യങ്ങളിൽക്കൂടി കടന്നു തന്നെയാണ് ഞാനും സ്വാഭിമാനത്തിന്റെ വില മനസ്സിലാക്കിയതും ഏറ്റവും ടോക്സിക് ആയ ഒരു ബന്ധത്തിൽനിന്ന് ഇറങ്ങി ജീവിച്ചു തുടങ്ങിയതും.

 

യാത്രകൾ മാറ്റിയെടുത്ത ഞാൻ

 

thanoora3

യാത്രകളോട് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഞാൻ. കുട്ടിക്കാലത്തുതന്നെ യാത്രകളെക്കുറിച്ച് ഞാൻ സ്വപ്നം കണ്ടിരുന്നു. എസ്.കെ.പൊറ്റെക്കാട്ടിന്റെ പുസ്തകങ്ങൾ വായിച്ച ശേഷം ഞാൻ യാത്രകളെ ഗൗരവമായി സ്വപ്നം കണ്ടു തുടങ്ങിയെന്നു പറയാം. കുട്ടിക്കാലത്ത് സ്‌കൂളിൽനിന്നു കാലാപാനി എന്ന സിനിമ കാണാൻ കൊണ്ടു പോയി. അതിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളും നരഭോജികളും ഒക്കെ കാണുമ്പോൾ ഞാൻ അതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി. അവിടെ ശരിക്കും പോയാൽ എന്തായിരിക്കും എന്നൊക്കെ ആലോചിച്ചു. എനിക്ക് മുന്നിൽ ആ പ്രദേശം നിഗൂഢതയുള്ള ഒരു സ്ഥലമായിരുന്നു. എനിക്ക് പോകേണ്ടത് ആ രഹസ്യങ്ങൾ കണ്ടെത്താനും. എന്റെ അമ്മവീട് ഞാറയ്ക്കൽ ആണ്. എറണാകുളം ബോട്ട് ജെട്ടിയിൽനിന്നു ബോട്ടിലാണ് പോവുക. പോകുന്ന വഴിക്കുള്ള കണ്ടൽക്കാടുകളൊക്കെ എനിക്ക് നിക്കോബാർ ദ്വീപുകളായിരുന്നു. അങ്ങനെ കുട്ടിക്കാലം മുതൽ തന്നെ ഇത്തരം സ്വപ്നതുല്യമായ യാത്രകളിൽ ഞാൻ കൗതുകം കണ്ടിരുന്നു. പിന്നെ ശരിക്കും യാത്രകൾ ചെയ്തു തുടങ്ങിയത്, ഞാൻ മുതിർന്ന് ജീവിതത്തിൽ ഒറ്റപ്പെട്ടു തുടങ്ങിയ ശേഷമാണ്. ഞാൻ വളരെ അന്തർമുഖയാണ്. ജീവിതത്തിൽ പലപ്പോഴും പ്രതികരിക്കേണ്ട സാഹചര്യം വരും. എനിക്ക് യാത്രകൾ അതിൽ നിന്നൊക്കെയുള്ള മാറ്റമായിരുന്നു. അന്തർമുഖയായ എനിക്ക് കൂടുതൽ നിരീക്ഷിക്കാനും മനുഷ്യരോട് സംസാരിക്കാനും ഒക്കെയുള്ള ധൈര്യം തന്നത് യാത്രകളാണ്. അതെന്നെ ഒരുപാട് മാറ്റി മറിച്ചു. 

 

ഒറ്റയ്ക്കുള്ള യാത്ര 

 

ഒറ്റയ്ക്കുള്ള യാത്ര സ്ത്രീകൾക്ക് സുരക്ഷിതമാണോ എന്ന് ചോദിച്ചാൽ മറ്റൊരു ചോദ്യം ചോദിക്കേണ്ടി വരും. സ്ത്രീകൾ എവിടെയാണ് സുരക്ഷിതർ ആയുള്ളത്? വീട്ടിൽ പോലും നമ്മുടെ കുട്ടികൾ പോലും സുരക്ഷിതരല്ല എന്നാണു വാർത്തകളൊക്കെ കാണിക്കുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ പലയിടത്തും അല്ലെങ്കിൽ മാതാപിതാക്കൾ തന്നെ തങ്ങളുടെ കുഞ്ഞുങ്ങളെ നല്ല സ്പർശവും മോശം സ്പർശവും പഠിപ്പിക്കുന്നുണ്ട്. ഏതൊരു അവസ്ഥയിൽ ഉള്ള സ്ത്രീക്കും, അതിനി എത്ര വലിയ സൗകര്യങ്ങൾ ഉള്ള വ്യക്തി ആണെങ്കിൽ കൂടിയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരാം. യാത്രകളുടെ കാര്യത്തിൽ ആത്മവിശ്വാസമാണ് എല്ലാം. നമ്മൾ പോകുന്ന ഇടങ്ങളെക്കുറിച്ച് വളരെ വ്യക്തമായി മനസ്സിലാക്കി, അവിടുത്തെ സുരക്ഷിതമായ ഇടങ്ങൾ കണ്ടെത്തി പോകാൻ എളുപ്പമാണ്. ഏതൊരു സാഹചര്യത്തെയും നമ്മൾക്ക് നേരിടാനാകും എന്നതൊരു ആത്മവിശ്വാസമാണ്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിനെ നേരിടാനുള്ള പരിഹാരവും അവിടെയുണ്ടാകും. അതുപോലെ തന്നെ സുരക്ഷയുടെ കാര്യവും. നമുക്ക് ആവശ്യമുള്ളത് നമ്മൾ ചെയ്യും അതിനുള്ള സാഹചര്യങ്ങൾ വരുമ്പോൾ. 

 

thanoora2

എന്റെ ആദ്യ യാത്രകൾ മുൻ പദ്ധതി പ്രകാരമുള്ളവയായിരുന്നു. സ്ഥലം, ഹോട്ടൽ എന്നിവയെല്ലാം നേരത്തേ ബുക്ക് ചെയ്യും. പക്ഷേ യാത്രകൾ പതിവും ശീലവുമാകുമ്പോൾ അതിൽ കിട്ടുന്ന ഏറ്റവും വലിയ പ്രത്യേകത നമ്മൾ കണ്ടു മുട്ടുന്ന ആളുകളാണ്. എനിക്ക് മനുഷ്യരെ വിശ്വാസം കൂടിയതോടെ ഇപ്പോൾ അങ്ങനെ ഒരുപാട് മുൻകൂട്ടി ഒന്നും ചെയ്യാറില്ല. പിന്നെ ഇന്ത്യയിലെ അത്ര സുരക്ഷിതത്വമില്ലായ്മ മറ്റു രാജ്യങ്ങളിൽ എനിക്ക് അനുഭവപ്പെട്ടിട്ടും ഇല്ല. 

 

യാത്രയുടെ ആനന്ദം ഇപ്പറഞ്ഞ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ്. നമ്മളെത്തന്നെ കണ്ടെത്താനുള്ള ഒരു വഴിയാണത്, പ്രത്യേകിച്ച് സോളോ യാത്രകൾ. ഏതാണ്ട് 33 വയസ്സ് വരെ എനിക്ക് എരിവ് ഒരുപാട് ഇഷ്ടമായിരുന്നു എന്നെനിക്ക് അറിയുമായിരുന്നില്ല. എന്ത് കിട്ടുന്നു, അത് കഴിക്കും. വേറെ നാട്ടിൽ പോയി അവരുടെ സംസ്കാരം അറിയുമ്പോൾ, അവരുടെ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ നമ്മളെക്കൂടി കണ്ടെത്തുകയാണ്. ഒറ്റയ്ക്ക് പോകുമ്പോൾ അതുവരെ ഉണ്ടായിരുന്നതു പോലെയല്ല, നമ്മുടെ മാത്രമായ ഇഷ്ടങ്ങളെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. പലയിടത്തും പോകുമ്പോൾ പുതിയ പരീക്ഷണങ്ങൾ നടത്തും, അപ്പോഴാണ് പല ഇഷ്ടങ്ങളും മനസ്സിലാവുക. അതുകൊണ്ടുതന്നെ യാത്രയുടെ ആനന്ദത്തെ പലതായി വിഭജിക്കാം, ഒന്നാമത് ആത്മവിശ്വാസം ഉണ്ടാവുക എന്നത്, രണ്ടാമത് നിരീക്ഷണം വർധിക്കുക എന്നത്, അടുത്തത് സ്വയം സംതൃപ്തി, മറ്റൊന്ന് നമുക്ക് നമ്മുടേതായ അഭിപ്രായം ഉണ്ടാവും, മറ്റൊന്ന് പുതിയ ആളുകളെ അവരുടെ സാഹചര്യങ്ങളെ സംസ്കാരങ്ങളെ മനസിലാക്കുക എന്നതാണ്.

 

നമ്മളെ തുറന്നു വയ്ക്കാൻ ഭയപ്പെടുന്ന ചില സ്ഥലങ്ങളുണ്ടാകും. അറിയുന്ന ആളുകൾ, പരിചിതമായ സ്ഥലങ്ങൾ ഒക്കെ. മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കും എന്നൊക്കെ ഓർക്കുമ്പോൾ നമ്മൾ അന്തർമുഖരാകും. അതിനു പല കാരണങ്ങളുണ്ടാകാം. പക്ഷേ യാത്രയുടെ ഭാഗമായി മറ്റു നാടുകളിൽ പോകുമ്പോൾ ഞാൻ എല്ലാവരോടും സംസാരിക്കുന്നുണ്ട്. ഭാഷ പോലും നന്നായി അറിയാത്ത ഞാൻ അവരോടു സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. നാളെ വീണ്ടും നമ്മളെ കാണുകയും വിധിക്കുകയും ചെയ്യുന്ന ഒരിടത്ത് അഭിപ്രായം പറയാനോ മിണ്ടാനോ ഭയക്കും, എന്നാൽ അറിയാത്ത ഇടത്ത് നമ്മളെ തുറന്നിടാൻ കഴിയും. യാത്രകളിലൂടെയാണ് ഞാനെന്നെ തിരിച്ചറിഞ്ഞത്. എന്റെ ഉള്ളിലുള്ള കുഞ്ഞ് ആഗ്രഹങ്ങൾ, തമാശകൾ, രഹസ്യങ്ങൾ ഒക്കെ ആ സമയത്ത് പുറത്തു വരും. അത് ഭയങ്കര രസമാണ്. നമ്മളെ അറിയുന്ന ആളുകളുടെ ഇടയിലാണ് സ്ത്രീ, പുരുഷൻ എന്നിങ്ങനെ ലിംഗ വ്യത്യാസം ഉണ്ടാകുന്നത്. പക്ഷേ അറിയാത്ത ആൾക്കാരുടെ ഇടയിൽ നമ്മൾ മനുഷ്യർ മാത്രമാണ്. ഒറ്റയ്ക്ക് തന്നെ യാത്ര ചെയ്യുക, അതിനിടയിൽ അപരിചിതരായ മനുഷ്യരെ പരിചയപ്പെടുക, സൗഹൃദം ഉണ്ടാവുക, അതൊരുപക്ഷേ ഒരുപാട് നീളുന്നതൊന്നും ആയിരിക്കില്ല. പക്ഷേ ഓരോരുത്തരും നമ്മളെ കണ്ടെത്താൻ സഹായിക്കും. 

 

ഒറ്റയ്ക്കുള്ള ജീവിതം 

 

പലപ്പോഴും സമൂഹത്തെ ഭയപ്പെട്ട്, കൂടെ ജീവിക്കുന്നവരുടെ ജീവിതത്തെ പേടിച്ച്– അത് മാതാപിതാക്കളുടേതാകാം, ഭർത്താവിന്റേതോ കുഞ്ഞുങ്ങളുടേതോ ആകാം – ഇറങ്ങിപ്പോക്ക് സ്ത്രീകൾക്ക് അത്ര എളുപ്പമല്ല. എന്റെ ജീവിതത്തിലും അത് എളുപ്പം ആയിരുന്നില്ല. പക്ഷേ എനിക്ക് തോന്നുന്നു ഓരോ ഇലയും കൊഴിഞ്ഞു വീഴാൻ ഒരു സമയമുണ്ട്, ആ സമയത്ത് അത് സംഭവിച്ചിരിക്കും, എന്റെ ജീവിതത്തിലും അൽപം താമസിച്ചെന്നു മറ്റുള്ളവർക്ക് തോന്നുമെങ്കിലും എനിക്ക് അങ്ങനെ തോന്നുന്നില്ല.  കൃത്യം സമയത്തുതന്നെ ഞാൻ ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയിട്ടുണ്ട്. 

 

ഒരുകാലത്ത് ഞാൻ ഏറ്റവും കൂടുതൽ കേൾക്കാറുണ്ടായിരുന്ന ഒരു ചോദ്യം, യാത്ര എന്നൊക്കെ പറഞ്ഞു പോയാൽ കുട്ടികൾക്ക് ആരു ഭക്ഷണം ഉണ്ടാക്കി കൊടുക്കും, അവരുടെ കാര്യങ്ങൾ ആരു നോക്കും? എന്നതൊക്കെയായിരുന്നു. എന്നാൽ ഇപ്പോൾ ആളുകൾ കൂടുതൽ ചോദിക്കുന്നത് സോൾ ആൻഡ് സേറയെക്കുറിച്ചാണ്. അത് എനിക്ക് ലഭിക്കുന്ന ഒരു ബഹുമാനമായി തന്നെ ഞാൻ കാണുന്നു. 

 

സംരംഭകയും അമ്മയും 

 

ബിസിനസിൽ എനിക്കൊപ്പം നിൽക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ കമ്പനിയിലെ ഒരു മെഷീനിൽ ഇരിക്കുന്ന ഒരാൾ മുതൽ, വീട്ടിൽ എന്റെ കുഞ്ഞുങ്ങളെ നോക്കുന്ന ആന്റി വരെ എന്റെ ബിസിനസിന്റെ ഭാഗമാണ്. എന്റെ സ്വകാര്യ ജീവിതം ഞാൻ ഒറ്റയ്ക്ക് തന്നെ ആഘോഷിക്കുന്നുണ്ട്. സിനിമ കാണാൻ പോകാനോ യാത്ര പോകാനോ ഒക്കെ എനിക്ക് ഒറ്റയ്ക്ക് കഴിയും, എന്നാൽ ഒരു സംരംഭം ഒരാൾക്കും ഒറ്റയ്ക്ക് നോക്കി നടത്താനാവില്ല. കൂടെ നടക്കുന്ന ഒരുപാട് പേരുണ്ടാകും. എന്നെ മുന്നോട്ടേക്ക് കൊണ്ടുപോകുന്ന ശക്തി എന്റെ മൂന്നു കുഞ്ഞുങ്ങളാണ്. അവർ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. ഞങ്ങളുടെ അമ്മയ്ക്ക് എന്തും കഴിയും എന്നൊരു തോന്നൽ അവർക്കുണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്നെ നന്നായി മനസ്സിലാക്കുന്ന സുഹൃത്തുക്കൾ അടക്കം ഏറ്റവും നന്നായി സപ്പോർട്ട് ചെയ്യുന്ന മക്കൾ ഉള്ളതാണ് എന്റെ ഭാഗ്യം. എന്റെ ഓരോ വളർച്ചയും അവരുടെ അഭിമാനം കൂടിയാണ്. അവരുടെ ഏറ്റവും വലിയ ഹീറോ ഞാനാണ്. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എല്ലാ ബിസിനസിലെ പോലെ ഉണ്ട്, ആ സമയത്തൊക്കെ ഞാൻ അവരെ ശ്രദ്ധിക്കും. പക്ഷേ അവരെന്നെ വല്ലാതെ വിശ്വസിക്കുന്നുണ്ട് എന്നെനിക്കറിയാം. അമ്മയ്ക്ക് ഇതെല്ലാം മറികടക്കാൻ കഴിയും എന്ന അവരുടെ ആത്മവിശ്വാസമാണ് എന്റെ കരുത്ത്. 

 

ഒരു അമ്മയുടെ ഉത്തരവാദിത്തം എന്ന് സമൂഹം കാണുന്ന ചിലതുണ്ട്. അവർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക, വസ്ത്രം തേച്ച് കൊടുക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം നോക്കുന്ന ഒരാളാണ് നല്ല 'അമ്മ എങ്കിൽ ഞാൻ നല്ലൊരു 'അമ്മ ആയിരിക്കില്ല. പക്ഷേ അവരുടെ കാര്യങ്ങൾ എല്ലാം ഉത്തരവാദിത്തത്തോടെ ശ്രദ്ധിക്കാൻ സമയം കണ്ടെത്തുന്നുണ്ട്. അതിനി സ്‌കൂളിന്റെ കാര്യങ്ങൾ ആണെങ്കിലും അവരുടെ സ്വകാര്യ സമയം ആണെങ്കിലും അവർക്കു വേണ്ടി സമയം കൊടുക്കുന്നുണ്ട്. 

 

കാലം കൊണ്ട് കരുത്താർജ്ജിക്കുന്നവൾ 

 

ഇന്ന് ഈ നിമിഷം എനിക്കെന്തു വേണം എന്നെനിക്ക് അറിയാം. പക്ഷേ നാളെ എന്റെ അവസ്ഥ എന്താണ്, എനിക്കു വേണ്ടത് എന്തായിരിക്കും എന്ന്  ഊഹിക്കാൻ പോലും വയ്യ. ജീവിതത്തിന്റെ ഇത്തരം അനിശ്ചിതാവസ്ഥകൾ എനിക്കിഷ്ടമാണ്. പക്ഷേ അത്തരത്തിൽ വരുന്ന എന്ത് മാറ്റങ്ങളെയും ഞാൻ സ്വീകരിക്കും. ജീവിതത്തിലെ ഏറ്റവും വലിയ മനോഹാരിത ഈ അനിശ്ചിതത്വവും ക്യൂരിയോസിറ്റിയും ആണെന്നാണ് എനിക്ക് തോന്നുന്നത്. ഇതു രണ്ടും എല്ലായ്പ്പോഴും എനിക്കുണ്ട്. അനിശ്ചിതാവസ്ഥ എന്നാൽ മാറ്റങ്ങളാണ്. പ്രകൃതിയുടെ ഒരു ഭാഗമാണ് മനുഷ്യർ, പ്രകൃതി തന്നെ മാറുന്നുണ്ട്, അതുകൊണ്ട് അതിന്റെ ഭാഗമായി നമ്മളും മാറണം. അതിനെ സ്വീകരിക്കുക എന്നത് രസമാണ്. ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് കരുത്തുറ്റ ഒരു സ്ത്രീയായി മാറിയ ഒരാൾ അല്ല ഞാൻ. സാഹചര്യങ്ങൾ നമ്മളെ മെനഞ്ഞെടുക്കുകയാണ്. നാളെ മറ്റൊരു സാഹചര്യം വന്നാൽ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഞാൻ അതിനെ നേരിടും. ഒരേ സാഹചര്യങ്ങളെ തന്നെ വർഷങ്ങൾ കഴിയുമ്പോൾ നേരിടുന്ന രീതിക്കു പോലും മാറ്റമുണ്ടാകും. സ്വന്തം ഇഷ്ടങ്ങളെക്കുറിച്ചു ധൈര്യമായി സംസാരിക്കാൻ പറ്റുന്ന, നമ്മളെത്തന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന, കുറ്റബോധം ഇല്ലാതെ കാര്യങ്ങളെ നോക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. 

 

സോൾ ആൻഡ് സേറ എന്ന സ്വപ്നം 

 

കേരളത്തിലും തമിഴ്‌നാട്ടിലും ഗുജറാത്തിലും ഇപ്പോൾ ഔട്ട്‌ലെറ്റ് ഉണ്ട്. മഹാരാഷ്ട്രയിൽ അടുത്ത മാസം തുടങ്ങും. ഡൽഹിയിലും പഞ്ചാബിലും ചെയ്യാൻ പ്ലാൻ ഉണ്ട്. ഇനിയും കോവിഡ് പോലെയുള്ള സാഹചര്യങ്ങൾ വന്നില്ലെങ്കിൽ കൂടുതൽ സംസ്ഥാനങ്ങളിൽ സോൾ ആൻഡ് സെറ വ്യാപിപ്പിക്കണം എന്നതാണ് ലക്ഷ്യം. റിലയൻസുമായി കൂട്ട് ചേർന്ന് അവരുടെ വിൽപനയിടങ്ങളിൽ ഞങ്ങളുടെ പ്രൊഡക്ടുകളും ലഭ്യമാക്കാനുള്ള കരാർ വച്ചിട്ടുണ്ട്. തുടങ്ങിയ സമയത്ത് കേരളവും ഇന്ത്യയ്ക്ക് പുറത്തേക്കുമായിരുന്നു പ്ലാൻ. പക്ഷേ ഇപ്പോൾ പാൻ ഇന്ത്യാ ലെവൽ ആണ് ഉദ്ദേശം. അഞ്ഞൂറോളം വിൽപനശാലകൾ തുറക്കാനാണ് പദ്ധതി. ഇന്ത്യയ്ക്ക് പുറത്ത് ബഹ്റൈനിലും സൗദിയിലും ഖത്തറിലും ഫ്രാഞ്ചൈസി കൊടുത്തിട്ടുണ്ട്. 

 

കുട്ടികളുടെ പ്രോഡക്റ്റ് ആണ്, അതുകൊണ്ട് അതിനെ നിസ്സാരമായി കാണരുത് എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. വളരെ ഗൗരവമായി കാണേണ്ട കാര്യമാണത്. ഞങ്ങളുടെ പ്രൊഡക്ടിന്റെ ആദ്യത്തെ ഉപഭോക്താവ് അതുകൊണ്ടു തന്നെ എന്റെ ഇളയ മകനാണ്. ചിലപ്പോൾ എല്ലാ വസ്തുക്കളും എല്ലാ കുട്ടികൾക്കും പറ്റി എന്നുവരില്ല. പക്ഷേ പരമാവധി ക്വാളിറ്റി നിലനിർത്തുക എന്നതാണ് ഞങ്ങളുടെ അജൻഡ. വീട്ടിൽ ഉള്ള എന്റെ കുഞ്ഞിന് വരെ ഉപയോഗിക്കേണ്ടതാണ്, അതുകൊണ്ടു തന്നെ അതിന്റെ ക്വാളിറ്റി മെയിന്റെയ്ൻ ചെയ്യേണ്ടത് എന്റെ സ്വകാര്യ ആവശ്യം കൂടിയാണ്. എല്ലാ മാസവും ഞങ്ങൾ ഡിസൈൻ മാറ്റാറുണ്ട്. സാധാരണ അങ്ങനെ ആരും ചെയ്യാറില്ല. ഉൽപന്നം ഉണ്ടാക്കുകയും ഡിസൈൻ ചെയ്യുകയും വിൽപന നടത്തുകയും ബ്രാൻഡ് ആവുകയും ചെയ്ത ഒരേയൊരു കമ്പനി ഒരുപക്ഷേ സോൾ ആൻഡ് സേറ ആവും. ഈ വർഷം മുതൽ കൂടുതൽ ഉൽപന്നങ്ങൾ ഇറക്കാനാണ് പദ്ധതി.

English Summary: Successful Life Story Of Thanoora Shwetha Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com