രക്തം വാർന്നു മരിച്ച അനിയൻ സ്വപ്നത്തിൽ; തളർന്നില്ല ഷീജ, കള്ളുചെത്തി കരകയറ്റി ജീവിതം
Mail This Article
വളയിട്ട കൈകൾകൊണ്ടല്ല, തളയിട്ട കാലുകൾകൊണ്ടാണ് കണ്ണൂർ കണ്ണവം പന്നിയൂരിലെ ഷീജ ജീവിതത്തെ തിരിച്ചുപിടിച്ചത്. മുടി മെടഞ്ഞുകെട്ടി, ചുരിദാറിന്റെ ടോപ്പിനു മുകളിൽ ഭർത്താവിന്റെ നിറം മങ്ങിയ ഷർട്ടിട്ട്, അരയിൽ തോർത്തുമുണ്ട് കെട്ടിയുറപ്പിച്ച്, അതിനുമുകളിൽ കുടവും കത്തിയും തിരുകിവച്ച് ഉയരങ്ങളിലേക്ക് ചവിട്ടിക്കയറി ജീവിതത്തിനു നിറം പകരുന്ന ഷീജ ഇന്ന് കണ്ണവത്തിന്റെ അഭിമാനമാണ്. വെള്ളാരംകല്ലിന്റെ പൊടിയിൽ ഉരച്ച് മൂർച്ച കൂട്ടിയ കത്തി അരയിൽ ഉറപ്പിച്ചുകെട്ടി ഷീജ ചെത്തിയെടുക്കുന്ന കള്ളിനു മാത്രമല്ല ആ ജീവിതത്തിനും നല്ല മധുരവും ലഹരിയുമുണ്ട്. അതെ, കേരളത്തിലെ ആദ്യ വനിതാ കള്ള് ചെത്തു തൊഴിലാളിയാണ് ഷീജ. ഒരിക്കൽ വിധി അവളെ വല്ലാതെ തോൽപിക്കാൻ ശ്രമിച്ചു. ജീവനെപ്പോലെ സ്നേഹിച്ചവരുടെ മരണവും അപകടവുമെല്ലാം അവളുടെ വഴിയിൽ തടസ്സമായി വന്നു. എന്നാൽ അതിനെയെല്ലാം മറികടന്ന് ഉയരങ്ങളിലേക്കാണ് ഷീജ കണ്ണെറിഞ്ഞത്. ആ ഉയരങ്ങളിലിരുന്ന് അവളിന്ന് ജീവിതം കരുപ്പിടിപ്പിക്കുകയാണ്. ‘തെങ്ങു കയറുന്ന പെൺകുട്ടി’ എന്നു കേൾക്കുമ്പോൾത്തന്നെ മുഖം ചുളിക്കുന്നവരുണ്ട് ഇന്നും കേരളത്തിൽ. അപ്പോൾപ്പിന്നെ തെങ്ങുചെത്തി കള്ളെടുക്കുന്ന പെൺകുട്ടി കൂടിയാവുകയാണെങ്കിലോ! ജീവിതത്തിനു നേരെ വന്ന ഇത്തരം ചോദ്യങ്ങളെ എന്തുത്തരം കൊണ്ടാണ് ഷീജ നേരിട്ടത്? അവളുടെ ജീവിതം തന്നെയാണ് അതിന്റെ ഉത്തരം. തോൽപിക്കാൻ ശ്രമിച്ച വിധിയോടു പൊരുതി ജയിച്ച ആ കഥ പറയുകയാണ് ഷീജ ഈ വനിതാദിനത്തിൽ...