ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ഉയിർക്കുന്ന വിവാദവിഷയങ്ങൾ. വിദ്യാർഥികൾ  തൊട്ടടുത്ത ദിവസം ക്ലാസിൽ പൊക്കിക്കൊണ്ടുവരും. പതിവുള്ളതാണ്. 'ടീച്ചർ - സാർ' വിളികളിലെ സാധുതയും എനിക്കങ്ങനെ വിശദീകരിക്കേണ്ടതായി വന്നിരുന്നു. അതിനുവേണ്ടി ഞാൻ രണ്ടു വിദേശികളെ ഉദാഹരണമായി എടുത്തു. പ്രേക്ഷകരെ യൂട്യൂബിലൂടെ  ഇംഗ്ലീഷു പഠിപ്പിക്കുന്ന അമേരിക്കക്കാരനായ വെസ്,  ബ്രിട്ടീഷുകാരനായ ലൂക്ക്. രണ്ടുപേരും  'വെസ് ടീച്ചർ, ലൂക്ക് ടീച്ചർ' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.  അവരോടൊപ്പം അതേ പ്രാധാന്യത്തോടെ അന്നു ഞാൻ വേറൊരു പേരും കൂട്ടിച്ചേർത്തിരുന്നു, 'വാഗീശ്വരി സാർ'. നാട്ടിലെ മൂന്നു തലമുറകൾക്കായി അക്ഷരദീപം കൊളുത്തിക്കൊടുത്ത കൊല്ലംപറമ്പിലെ  ആശാട്ടി.  നിത്യപാരായണം ചെയ്യുവാൻ ഹൃദയത്തിലെ വ്യാസപീഠത്തിൽ ഞാൻ സൂക്ഷിച്ചുവച്ചിട്ടുള്ള മഹനീയജീവിതം. അവരെ നാട്ടിൽ സകലരും ബഹുമാനത്തോടെ വിളിച്ചു, 'സാർ, വാഗീശ്വരി സാർ'. ഈ ഉദാഹരണങ്ങളിലൂടെ 'ടീച്ചർ - സാർ' ചർച്ചകളുടെ ദുർബലത തുറന്നുകാട്ടാൻ എനിക്കു സാധിച്ചു. അന്നേ  ഞാൻ കരുതി,  ആശാട്ടിയെപ്പറ്റി എഴുതണം. ഓർമയിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കഥകൾ കുരുക്കഴിച്ചെടുക്കണം.  രാജ്യാന്തര  വനിതാദിനം അതിനു യോജിച്ച സാഹചര്യമാണ്. അത്രമാത്രം, ഒരു ചെറിയ പ്രദേശത്തെ മനുഷ്യരെ ഒന്നാകെ  സ്വാധീനിക്കാനും വഴികാട്ടാനും അവിടുത്തെ സ്ത്രീകളിൽ ആത്മവിശ്വാസം നിറച്ചുകൊടുക്കാനും വിധവയായ വാഗീശ്വരി സാറിനു  സാധിച്ചു. ഞാൻ വിശ്വസിക്കുന്നു,  ഏതു ദേശപ്പെരുമയിലും ഇങ്ങനെയുള്ള സ്ത്രീ വ്യക്‌തിത്വങ്ങൾ കാണാനുണ്ടാവും.

ഏകദേശം ഇരുപതു  വർഷക്കാലം ഞാൻ വാഗീശ്വരി  സാറിനെ അടുത്തുനിന്നു  കണ്ടു. ഏതു തലങ്ങളിൽ അവർ എന്നെ പാകപ്പെടുത്തിയെന്നു  പറയുന്നതിനെക്കാൾ ഏതിടത്തെ  ഒഴിവാക്കി എന്നു  തിരയുന്നതാവും എളുപ്പം.  എഴുത്തും വായനയും പഠിപ്പിച്ചതുകൂടാതെ  ഗുരുദേവകൃതികളും ആശാൻ കൃതികളുമൊക്കെ ഒരു  പൈതലിനു  ദഹിക്കുന്നതാണോ എന്നുപോലും ചിന്തിക്കാതെ അവർ എന്നെ ചൊല്ലിപ്പഠിപ്പിച്ചു. അതൊന്നും പിടിച്ചിരുത്തിക്കൊണ്ടുള്ള പഠനപരിശീലനമായിരുന്നില്ല. സന്ധ്യാദീപം കത്തിച്ചു വച്ചുകഴിഞ്ഞാൽ രണ്ടു - രണ്ടര മണിക്കൂറോളം അവരങ്ങനെ ക്ലാസിക്  കാവ്യങ്ങൾ നല്ല ഈണത്തിൽ പാടിക്കൊണ്ടിരിക്കും. ഞാനും ആവതുപോലെ പുറകേ ചെല്ലും. ഉപദേശരൂപത്തിലുള്ള വരികളിലെത്തുമ്പോൾ ചോദിക്കും. 'കുട്ടിക്ക് വല്ലതും മനസിലായോ'? പിന്നെ മുഖഭാവത്തിൽ നോക്കി വിശദീകരണം തരും. പുരാണങ്ങൾ, ഉപനിഷത്തുകൾ, ബൈബിൾ, പഞ്ചതന്ത്രം തുടങ്ങിയവയിൽനിന്നുള്ള ഉചിതമായ ഉദാഹരണങ്ങൾ കൂട്ടിച്ചേർക്കും.

മുകളിൽ പരാമർശിച്ചവയിൽ ഒന്നുമേ പരിചയപ്പെടാത്തതരം സാരോപദേശകഥകളും ആശാട്ടി പറഞ്ഞിട്ടുണ്ട്. കാലാന്തരത്തിൽ അവയിൽ ചിലതെല്ലാം ഓഷോ, തിച് നത് ഹൻ    മുകുന്ദാനന്ദ  എന്നിവരുടെ സംഭാഷണങ്ങളിൽ  ഞാൻ ആശ്ചര്യത്തോടെ കേട്ടു. ഇപ്പോൾ തെളിഞ്ഞുവരുന്നു, ആശാട്ടിയുടെ അറിവ് കാവ്യപുരാണാദികളിൽ ഒതുങ്ങിയതല്ല. സെൻ ബുദ്ധിസത്തിൽ വരെ അവർ എത്തിച്ചേർന്നിരുന്നു. ഇതെങ്ങനെയെന്നു   വിചാരപ്പെടുമ്പോൾ ഞാൻ ആശാട്ടിയുടെ ചെറിയ തടിയലമാരയിൽ അടുക്കിവച്ചിരുന്ന ഗ്രന്ഥനിര കാണുന്നു. അവയിൽ വിദേശഭാഷകളിൽനിന്നു  പരിഭാഷപ്പെടുത്തിയ ഏതാനും രചനകളും ഇടം പിടിച്ചിരുന്നു. വ്യക്തമായി ഓർക്കുന്ന രണ്ടു  പുസ്തകങ്ങളാണ് മാക്സിം ഗോർക്കിയുടെ 'അമ്മ'യും വിക്ടര്‍  ഹ്യൂഗോയുടെ 'നേത്രദാമിലെ കൂനനും'. ചുറ്റുവട്ടത്തിനപ്പുറം യാത്ര പോയിട്ടില്ലാത്ത ഒരു  നാട്ടിൻപുറത്തുകാരി അവരുടെ അഭിരുചികളെ ഇവ്വിധം വിപുലപ്പെടുത്തിയ മാർഗങ്ങളെപ്പറ്റിയുള്ള ജിജ്ഞാസ ഇപ്പോഴും ഉള്ളിൽ അവശേഷിക്കുന്നു. അതൊന്നു പറഞ്ഞുതരാൻപോന്ന  ഒരാൾ അമ്മയായിരുന്നു. രണ്ടുപേരും കടന്നുപോയല്ലോ!

ആശാട്ടി  എല്ലാത്തരത്തിലും സ്വതന്ത്രയായിരുന്നു. സ്വാതന്ത്ര്യത്തെ അവർ നന്നായി പ്രയോജനപ്പെടുത്തി. ആശാട്ടിയുടെ അമ്മ അടുക്കളജോലികൾ പൂർണമായും ഏറ്റെടുത്തിരുന്നതിനാൽ അധ്യാപനത്തിലും വായനയിലും സാമൂഹിക ഇടപെടലുകളിലും വേണ്ടത്ര സമയം കിട്ടി.  കളരിയിൽ ചെറിയ കുട്ടികളെയാണ് പ്രധാനമായും പഠിപ്പിച്ചതെങ്കിലും എത്ര ഉയർന്ന ക്ലാസും കൈകാര്യം ചെയ്യാനുള്ള സാമർഥ്യം  അവർ പ്രദർശിപ്പിച്ചു. ഞാൻ പത്താംതരത്തിൽ പഠിക്കവേ, ഭൂമിശാസ്ത്രത്തിലെ ചില സംശയങ്ങൾ അവർ ലഘൂകരിച്ചുതന്നിട്ടുണ്ട്. സർവജാതി വിഷയങ്ങളിലെ സാമാന്യ അറിവുകൾ അവർ തരാതരംപോലെ ഉപയോഗിച്ചു.

സ്വന്തം വീട്ടിലെ പരിമിത ജീവിതസാഹചര്യം കാരണം പതിനാറാം വയസുമുതൽ ഞാൻ താമസം ആശാട്ടിയുടെ  വീട്ടിലേക്കു മാറ്റിയിരുന്നു.  മകൻ തുളസിയണ്ണൻ ജോലി കഴിഞ്ഞുവരാൻ ഒരുനേരമാകും. അതുവരെ തിണ്ണയിലിട്ട തഴപ്പായിലിരുന്ന് ഞങ്ങൾ നാട്ടുവർത്തമാനങ്ങൾ പറയും. ആലപ്പുഴയുടെ പഴയ ചരിത്രവും ദിവാൻ ഭരണകാലവും പുന്നപ്ര വയലാർ സമരവീരകഥകളും ഏറ്റവും ആധികാരികതയോടെ മനസിലാക്കാൻ ആശാട്ടി നിമിത്തമായി. രാഷ്ട്രീയ വിശകലനങ്ങളിൽ അവർ അന്നേ പുലർത്തിയ സൂക്ഷ്മത ഇന്നേ ഞാൻ അറിയുന്നുള്ളൂ! 

'മാർക്സ് ഏഗൽസ്‌  ലെനിൻ' എന്ന ശീർഷകത്തിൽ ഒരു  കുഞ്ഞു  പുസ്തകം ആശാട്ടിയുടെ പക്കലുണ്ടായിരുന്നു. അവർ കൂടെക്കൂടെ വായിച്ചിരുന്ന പുസ്തകം. പ്രഭാത് ബുക്ക് ഹൗസിൽനിന്നു വാങ്ങിയതാണ്. ഒരിക്കൽ ആലപ്പുഴ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ചിറപ്പുത്സവം കാണിച്ചുതരാൻ കൊണ്ടുപോയവഴി ആശാട്ടി എന്നെയും അവിടൊന്നു കയറ്റി.  തിളങ്ങുന്ന കട്ടിക്കടലാസിൽ അച്ചടിച്ച മനോഹരങ്ങളായ റഷ്യൻ പുസ്തകങ്ങളിലൂടെ ആശാട്ടിയുടെ കണ്ണുകൾ സഞ്ചരിച്ചു. രണ്ട് റഷ്യൻ കഥാപുസ്തകങ്ങൾ അവർ തെരഞ്ഞെടുത്തു. ബുക്ക് ഹൗസ് ഉടമയും അയൽക്കാരനുമായ  കുമാർജി പൈസ വാങ്ങിയില്ല. കാൾ മാർക്സിന്റെ  പൂർണകായ ചിത്രം എനിക്കും സൗജന്യമായി തന്നു.

ആശാട്ടിയുടെ സാമൂഹികവീക്ഷണം വളരെ ഉയർന്നിരുന്നു. അയൽവീട്ടിലെ തത്തമ്മച്ചേച്ചിയെ ജാതീയമായി അധിക്ഷേപിച്ച സ്ഥലം  ഭൂപ്രഭുവിനെ അവർ തടഞ്ഞുനിർത്തി സമാധാനം ചോദിച്ചു. വാക്കുതർക്കത്തിനിടയിൽ ആശാട്ടി കുറെ സംസ്കൃത പദ്യശകലങ്ങൾ  ചൊല്ലി. 'ഇതിൽ എവിടെയാണ് മനുഷ്യാ  ഈ ജാതിചിന്ത' എന്നു  ചോദിക്കെ,  അയാൾ വായപൂട്ടി സൈക്കിൾ ഉന്തിക്കൊണ്ടുപോയി. ആശാട്ടിയുടെ ഭാഷ അത്രയേറെ മൂർച്ചയേറ്റി നിന്നു. നാട്ടിലെ ഛോട്ടാ ഗുണ്ടകളും കുഴപ്പക്കാരും അവരെ കാണുന്നമാത്രയിൽ പിന്നിലേക്കു  വലിഞ്ഞുനിന്നു. പുകച്ചുകൊണ്ടിരുന്ന ബീഡി പുറകിൽ ഒളിച്ചുപിടിച്ചു. നാട്ടിലെ  കൂന്ത സഹോദരങ്ങൾ  ഇത്തരത്തിൽ ആശാട്ടിയുടെ  ദൃഷ്ടിപഥത്തിൽനിന്നു തെന്നിമാറിപ്പോകുന്ന ദൃശ്യം  ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. 

ഒന്നിനെയും കൂസാത്ത ആശാട്ടി രോഗങ്ങളെ വളരെ ഭയന്നു. അതിനാൽ രോഗികളോടെല്ലാം അവർ സവിശേഷമായ കരുണ  കാണിച്ചു. വയ്യാഞ്ഞിട്ടും ആശുപത്രിയിൽ പോകാൻ മടിച്ച വീട്ടമ്മമാരെ ആശാട്ടി കണക്കിനു ചീത്ത പറഞ്ഞു. 'പെണ്ണുങ്ങൾ ഒറ്റയ്ക്ക് നിക്കാൻ പഠിക്കണം. നിങ്ങൾ കിടപ്പിലായാൽ വീട്ടിലെ ആണുങ്ങൾ നിങ്ങടെ മേത്തുകൂടി ചവിട്ടിപ്പോകും. പിന്നെ ഒരിക്കലും എഴുന്നേൽക്കത്തില്ല. കാശില്ലാഞ്ഞിട്ടാണെങ്കി, ഇന്നാ കാശ്, പോ, ആശുപത്രിയിൽ പോ'.  വീട്ടിൽ പനിച്ചു വിറച്ചു കിടന്ന രമച്ചേച്ചിയോടു പറഞ്ഞ വാക്കുകൾക്കു ഞാൻ സാക്ഷി.

നല്ല പഠിപ്പു നൽകുന്നതിനൊപ്പം പെൺകുട്ടികളെ മനക്കരുത്തുള്ളവരാക്കി വളർത്തണമെന്ന ഉപദേശവും ആശാട്ടി അമ്മമാർക്ക് നിരന്തരം കൊടുത്തിരുന്നു. ആൺ - പെൺ വ്യത്യാസത്തോടെ വളർത്തിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ ഓർമിപ്പിച്ചു. അവരുടെ കുടിപ്പള്ളിക്കൂടത്തിൽ പഠിക്കുന്ന കുഞ്ഞുപെൺകുട്ടികളിലും അവർ ധൈര്യം നിറച്ചുകൊടുക്കാൻ പ്രത്യേക ശ്രദ്ധ കാണിച്ചു. ഒരിക്കൽ, പിരിപിരിപ്പനായ ഒരു ചെറിയ ആൺകുട്ടി  മഷിത്തണ്ട് എടുത്തതിനുള്ള ദേഷ്യത്തിൽ കളരിയിലെ ഒരു പെൺകുട്ടിയുടെ കവിളിൽ അടിച്ചു. അതു കാണാനിടയായ ആശാട്ടി - 'പെമ്പിള്ളാരെ തല്ലുന്നോടാ, കൊരങ്ങാ' എന്നു ചോദിച്ചുകൊണ്ട് അവന്റെ തുടയിൽ  കനത്തിൽ പ്രഹരം കൊടുത്തതു കൂടാതെ കിഴുക്കും നൽകി. കരഞ്ഞുകൊണ്ടുനിന്ന പെൺകുട്ടിയെയും അവർ കഠിനമായി ശാസിച്ചു - 'ചുമ്മാ മോങ്ങാതെ ഒരെണ്ണം അവനിട്ടും തിരിച്ച് കൊടുക്കെടീ പെണ്ണേ'! അവർ ആവശ്യപ്പെട്ടു.

നാട്ടിൽ ആരു  മരിച്ചാലും മരിപ്പെടുക്കുംവരെ ആശാട്ടി അവിടെയുണ്ടാകും. തുടർന്നുള്ള പതിനാറു  സന്ധ്യകളിലും ആശാട്ടിയുടെ നേതൃത്വത്തിൽ പരേതാത്മാവിനുവേണ്ടി പ്രാർഥനകൾ നടക്കും. അതിൽ ദേശവാസികൾ മുഴുവനും പങ്കെടുക്കും. അവിടെ ജാതിമതഭേദങ്ങൾ ഉണ്ടായിരുന്നില്ല. അതിനു  കാരണം ആശാട്ടി ജനമനസുകളിൽ സ്ഥാപിച്ച വിശ്വാസമാണ്. ഏതു സാഹചര്യത്തിലും ആളുകൾ ഒരുമിച്ചു  നിൽക്കാൻ അവർ ആഗ്രഹിച്ചു. ആശാട്ടി നടത്തിക്കൊണ്ടുപോയ ഒറ്റമുറി മാത്രമുള്ള കുടിപ്പള്ളിക്കൂടം അത്രയും മാതൃകാപരമായി പ്രവർത്തിച്ചിരുന്നു. ഉയർന്ന ക്ലാസുകളിലേക്കു  പോകുന്ന മുതിർന്ന കുട്ടികൾ ചെറിയ കുട്ടികളെ  നിർബന്ധമായും പഠിപ്പിക്കണം എന്നുള്ള വ്യവസ്ഥ അവിടെ നിലനിന്നിരുന്നു. അതിന്റെ ഭാഗമായി അഞ്ചാംക്ലാസിൽ പഠിക്കേ,  കയ്യിൽ ഒരു  ചോക്കുകഷണം എടുത്തുതന്നുകൊണ്ട് ആശാട്ടി എന്നെ അധ്യാപകനാക്കി.

മുഴുവൻ വായിച്ചതാണെങ്കിലും ആശാട്ടിയുടെ നൂറോളം വരുന്ന പുസ്തകശേഖരത്തിൽ എനിക്കൊരു കണ്ണുണ്ടായിരുന്നു. നാട്ടിലെ ത്രിവേണി വായനശാല, ഗ്രന്ഥശാലയായി ഉയർത്തുന്ന സാഹചര്യം വന്നപ്പോൾ കയ്യിലിരുന്ന ബുക്കുകൾ ആശാട്ടിയും  സംഭാവന കൊടുത്തു. അതിൽപ്പിന്നെ അവരുടെ പുസ്തകസ്രോതസ് ഞാനായിരുന്നല്ലോ! എസ്. ഡി. കോളേജിലെ   അധ്യാപകർ പരിചയപ്പെടുത്തിയ വായനാമാർഗത്തിലൂടെ ഞാൻ മുന്നേറവേ, ആശാട്ടി വായന കുറച്ചു. കണ്ണിനും മങ്ങൽ തുടങ്ങി. എന്നിട്ടും  അവർ പഴയ പുസ്‌തകങ്ങൾ ഇടക്കിടെ മറിച്ചുനോക്കി. എഴുത്തച്ഛനും വള്ളത്തോളും ഉള്ളൂരും ഹൃദിസ്ഥമായിരുന്നെങ്കിലും ആശാട്ടിയുടെ എക്കാലത്തെയും ഹീറോ കുമാരനാശാനായിരുന്നു. ആശാനെ അവർ മുഴുവനായും വായിച്ചു. ഞാൻ ചിത്രകല പഠിക്കാൻ ചേർന്നദിവസം ആശാട്ടി ആവശ്യപ്പെട്ടത് ഒന്നുമാത്രം - 'നീ  വര പഠിച്ചുകഴിഞ്ഞിട്ട് ആശാന്റെ  പടം എനിക്ക് വരച്ചു തരണം. വീരാളിപ്പട്ടും തങ്കവളയുമിട്ടു നിൽക്കുന്ന ആശാൻ. നമുക്കത് ഫ്രയിം  ചെയ്യണം'. ആശാട്ടിയുടെ മോഹം ഞാൻ സാധിച്ചുകൊടുത്തു. അവർ പോയിമറഞ്ഞെങ്കിലും ആശാനോടുള്ള അവരുടെ ആരാധനയുടെ സ്മാരകമായി അന്നത്തെ  ചിത്രം  മരുമകൾ സൂക്ഷിക്കുന്നുണ്ട്.

വാഗീശ്വരി സാർ ഒരു ദേശം മുഴുവൻ പടർന്നുനിന്ന അറിവിന്റെ അരയാൽ വൃക്ഷമായിരുന്നു. എത്രയോ തലമുറകൾ അതിന്റെ ശിഖരങ്ങളിൽ കൂടുകൂട്ടി. എത്രയോപേർ ആ മഹാവൃക്ഷം നൽകിയ ശീതളത അനുഭവിച്ചു. ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്ക് അവർ സാന്ത്വനമായി. നിർബന്ധപൂർവം വിളിച്ചിരുത്തി പഠിപ്പിച്ചു. അക്ഷരങ്ങളുടെ മഹത്വം അവർക്കു മനസിലാക്കിക്കൊടുത്തു,  അവരുടെ ആത്മാഭിമാനങ്ങളെ ജ്വലിപ്പിച്ചു.

അടുത്തു വരുന്നവരിൽ ജീവിതത്തോടുള്ള ആഗ്രഹവും ഉൽസാഹവും വളർത്താൻ അവർ മികച്ച ഉദാഹരണങ്ങൾ ഉണ്ടാക്കിയെടുത്തു. ഒരിക്കൽ ഞങ്ങൾ ആശാട്ടിയുടെ വീട്ടു വരാന്തയിൽ ഇരിക്കേ, ഒരു ചെറുപ്പക്കാരി സഹായം ചോദിച്ചുകൊണ്ട് കയറിവന്നു. എളിയിൽ  ചെറിയ കുഞ്ഞുമുണ്ട്. മുറ്റത്തെ മരച്ചുവട്ടിൽ വെള്ളപ്പട്ടു വിരിച്ചതുപോലെ വീണ്ടുകിടക്കുന്ന പൂക്കൾ  അവരെ അതിശയിപ്പിച്ചു. ഉടനെ അതിന്റെ ഒരു കമ്പും വേണമെന്നായി. ആശാട്ടി പറഞ്ഞു -  'കൊച്ചേ, നീ ആ മരത്തേന്ന് ഒരു പൂവ് പൊട്ടിക്ക്.  ഇതള് കൊഴിഞ്ഞു പോകാൻ പാടില്ല'. അതു കേട്ടതേ എനിക്കും ആവേശമായി. ഒരിക്കലും നടക്കാത്ത കാര്യം! നാട്ടിൽ ആരുംതന്നെ വിജയിച്ചിട്ടില്ലാത്ത കളി. എല്ലാ രാത്രികളിലും സമൃദ്ധമായ പൂക്കുകയും മൂന്നു നാലു കിലോമീറ്റർ അപ്പുറംവരെ സുഗന്ധം പരത്തുകയും ചെയ്യുന്ന ആ വിശേഷപ്പെട്ട പൂമരം ഞങ്ങൾ മറ്റൊരിടത്തും കണ്ടിട്ടില്ല. ഞെടുപ്പുകളുടെ അസാധാരമായ കട്ടി കാരണം പൊട്ടിക്കുന്ന മാത്രയിൽതന്നെ പൂവിതളുകളെല്ലാം കൊഴിഞ്ഞുപോകുന്ന അപൂർവ മരത്തിന്റെ പേരും പിടുത്തമില്ല. ഇക്കാര്യം വല്ലതും ഈ സ്ത്രീക്ക് അറിയാമോ ? അവർ നാലഞ്ചുവട്ടം പരിശ്രമിച്ചു നോക്കി. പിന്നെ തോറ്റു നിർത്തി.

നിരാശയോടെ തിരിച്ചുപോകാൻ തിരിഞ്ഞ യുവതിയുടെ മുന്നിൽ ആശാട്ടി ഒരു ഓഫർ വച്ചു - 'ഒരെണ്ണം ഇതള് കൊഴിയാതെ പൊട്ടിച്ചാൽ കമ്പും  തരാം, മൂന്ന് രൂപയും തരാം'. അവർ കുഞ്ഞിനെ താഴെ ഇരുത്തി, വെല്ലുവിളി ഏറ്റെടുത്തു. കുറേ നേരമെടുത്തിട്ടാണെങ്കിലും ഒടുവിൽ അവർ വിജയിച്ചു. ഒന്നല്ല, മൂന്നു  പൂക്കൾ ഇറുത്തെടുത്ത് ആശാട്ടിയുടെ കയ്യിൽ  കൊണ്ടുക്കൊടുത്തു. ഇതുവരെ ഞങ്ങൾക്കാർക്കും സാധിച്ചിട്ടില്ലാത്ത കാര്യം നിശ്ചയദാർഢ്യത്തിലൂടെ ആ യുവതി സാധിച്ചെടുത്തു കളഞ്ഞു ! ആശാട്ടിയും  വാക്കു പാലിച്ചു. ചെടിക്കമ്പും  രൂപയും കൊടുത്തു. അവർ പോയതേ  ഞാൻ പ്രതീക്ഷിച്ചു, ആശാട്ടി  ഇതിനെപ്പറ്റി എന്തെങ്കിലും പറയും. പക്ഷേ ഒന്നും പറഞ്ഞില്ല. എന്തിനു പറയണം? ആറു പതിറ്റാണ്ടുകളിലൂടെ അവർ സമൂഹത്തോടു പറയാൻ ആഗ്രഹിച്ചതെന്താണോ അവയെല്ലാം ഈ ചെറിയ അനുഭവകഥ ഉൾക്കൊണ്ടിരുന്നല്ലോ!

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറുമാണ്. )

English Summary: Women's Day Special Story About Kudippallikkoodam Ashatty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT