ബി 32" മുതൽ 44" വരെ; പെണ്ണുടലിന്റെ രാഷ്ട്രീയം പറഞ്ഞ് ശ്രുതി

Mail This Article
"സ്ത്രീകളെക്കുറിച്ച് എവിടെ സംസാരം ഉണ്ടാകുന്നുണ്ടോ അതെല്ലാം നല്ലതായിട്ടാണ് ഞാൻ കാണുന്നത്. അത്തരം സംസാരങ്ങളെല്ലാം സ്ത്രീ ശാക്തീകരണ പ്രക്രിയയ്ക്ക് ശക്തി പകരുന്നുണ്ട്. അതിലുള്ള എന്റെ ചെറിയൊരു പങ്കാണ് ഈ സിനിമ." പറയുന്നത് മലയാളത്തിന്റെ യുവ സംവിധായിക ശ്രുതി ശരണ്യമാണ്. സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞു പഴകിയ കഥകൾക്കുപരി പെണ്ണുടലിനെ സമൂഹം എങ്ങനെ കാണുന്നു എന്നും ആ കാഴ്ചകൾ ഓരോ സ്ത്രീയിലും ഉണ്ടാക്കുന്ന മാനസിക വ്യഥ എത്രത്തോളം ആഴത്തിലുള്ളതാണെന്നും താൻ എഴുതി സംവിധാനം ചെയ്ത ബി 32" മുതൽ 44" വരെ എന്ന ചലച്ചിത്രത്തിലൂടെ പറഞ്ഞുതരാൻ ഒരുങ്ങുകയാണ് ശ്രുതി. ചലച്ചിത്രത്തെക്കുറിച്ച് ശ്രുതി മനോരമ ഓൺലൈനിനോട്:
സമൂഹം പറഞ്ഞു തന്ന ആശയം..
സ്വന്തം ശരീരത്തിന്റെ പേരിൽ ഒരിക്കലെങ്കിലും മോശമായ കമന്റുകളോ, നോട്ടമോ, സ്പർശമോ, മാറ്റി നിർത്തലുകളോ നേരിടേണ്ടി വരാത്ത ഒരു സ്ത്രീ പോലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. അത്തരത്തിൽ ശരീരത്തിന്റെ ഏറ്റക്കുറച്ചിലുകൾ വച്ച് മാത്രം സ്ത്രീയെ അളക്കുന്ന ഒരു സമൂഹത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. അതുതന്നെയാണ് ഈ സിനിമയുടെ ആശയവും. സ്വന്തം അനുഭവങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ കണ്ടും കേട്ടും മനസ്സിലാക്കിയ സമാനമായ സംഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ.
സിനിമ സംസാരിക്കുന്നത്...

സ്ത്രീ ശരീരത്തിലെ ഒരു പ്രത്യേക അവയവത്തെക്കുറിച്ചാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. ആ ഒരു അവയവവുമായി ബന്ധപ്പെട്ട് ആറ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അവർ കടന്നുപോകുന്ന അവസ്ഥകളും അതിനെയെല്ലാം മറികടക്കാനുള്ള ശ്രമങ്ങളും എല്ലാം ഇതിൽ കാണാം. ഇതുവരെ ആരും സംസാരിച്ചിട്ടില്ലാത്ത ഒരു വിഷയം അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്നു എന്നത് തന്നെയാണ് ബി 32" മുതൽ 44" വരെ എന്ന സിനിമയുടെ പ്രത്യേകത. സമാനമായ സാഹചര്യങ്ങൾ ദിനംപ്രതി നേരിടുന്ന സ്ത്രീകൾക്ക് പ്രചോദനമാകുന്ന കഥയാണ് ചലച്ചിത്രം പറയുന്നത്.
സിനിമയുടെ പിന്നാമ്പുറം...
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ് എല്ലാവർഷവും രണ്ട് സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ട് അനുവദിക്കുന്നുണ്ട്. 2021ൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട തിരക്കഥയാണ് ബി 32" മുതൽ 44" വരെ. പദ്ധതിക്കു കീഴിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനാണ് സിനിമ നിർമിച്ചിരിക്കുന്നത്. സുദീപ് എളമൺ ക്യാമറയും സുദീപ് പാലനാട് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രുതി ശരണ്യം തന്നെയാണ്. ചാരുലത, ബാലെ എന്നീ മ്യൂസിക് വീഡിയോകൾ, മനു മാസ്റ്റർ എന്ന ഡോക്യുമെന്ററി തുടങ്ങി ചെറുതും വലുതുമായ നിരവധി ചിത്രങ്ങൾ മുൻപ് തന്നെ ശ്രുതിയുടേതായി പുറത്തുവന്നിട്ടുണ്ട്.
അരങ്ങിലും അണിയറയിലും വനിതാ പ്രാതിനിധ്യം
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയം പ്രതിപാദിക്കുന്നു എന്നതിനൊപ്പം തന്നെ ചലച്ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ ഏറിയ പങ്കും സ്ത്രീകളാണ് എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. രമ്യ നമ്പീശൻ, അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബ്, കൃഷ കുറുപ്പ്, അശ്വതി, റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് സിനിമയിലെ പ്രധാനപ്പെട്ട ആറു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമായി 30 ഓളം സ്ത്രീകളാണ് പ്രവർത്തിച്ചിരിക്കുന്നത്. ദുന്ദു രഞ്ജീവ്(കലാ സംവിധാനം), ഫെമിന ജബ്ബാർ (കോസ്റ്റ്യൂം ഡിസൈനിങ്), മിട്ടാ എം.സി (മേക്കപ്പ്), അർച്ചന വാസുദേവ് (കാസ്റ്റിംഗ്), അഞ്ജന ഗോപിനാഥ് (സ്റ്റിൽ ഫോട്ടോഗ്രഫി), രമ്യാ സർവ്വതാ ദാസ് (ചീഫ് അസോസിയേറ്റ് ഡയറക്ടർ), സൗമ്യാ വിദ്യാധർ (സബ് ടൈറ്റിൽസ്) എന്നിങ്ങനെ നിരവധി സ്ത്രീകളുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് ഈ സിനിമ.
സിനിമ നിർമ്മിക്കാനായി സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു ഫണ്ട് ലഭിക്കുമ്പോൾ സ്ത്രീപ്രാതിനിധ്യം കൂടുതൽ ഉണ്ടാവണമെന്ന ബോധപൂർവ്വമായ ചിന്ത തന്നെയാണ് ഇതിലേക്ക് നയിച്ചത്.
കാഴ്ചപ്പാടുകൾ മാറട്ടെ...
പെണ്ണുടൽ വിഷയമാക്കിയതുകൊണ്ട് അത് അംഗീകരിക്കാൻ കഴിയാത്തവരുടെ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയരുമെന്ന് ഉറപ്പാണ്. എന്നാൽ ഇതേ പൊതുസമൂഹം തന്നെയാണ് സ്ത്രീകളെ മാറ്റി നിർത്തുകയും മോശമായ കണ്ണോടെ കാണുകയും ചെയ്യുന്നത്. പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകൾ സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് സിനിമയിലൂടെ പറയുന്നത്. ഇത്തരം കാര്യങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടണം എന്ന് തന്നെയാണ് ആഗ്രഹം. അപ്പോൾ മാത്രമേ ഇതേക്കുറിച്ച് ജനങ്ങളും കൂടുതൽ ചിന്തിച്ചു തുടങ്ങു.
ജനങ്ങളോട് പറയാനുള്ളത്...
സ്ത്രീ ജീവിതങ്ങളെക്കുറിച്ചുള്ള പച്ചയായ സത്യങ്ങളാണ് ബി 32" മുതൽ 44" വരെ പ്രേക്ഷകരോട് സംവദിക്കുന്നത്. സമൂഹത്തിന്റെ കണ്ണിൽ ഇനിയും പെടാത്ത സ്ത്രീകളെക്കുറിച്ചുള്ള വിഷയങ്ങൾക്ക് നേരെ തിരിച്ചുപിടിച്ച കണ്ണാടി എന്ന് തന്നെ സിനിമയെ വിശേഷിപ്പിക്കാം. ഏപ്രിൽ ആറിനാണ് സിനിമ റിലീസ് ചെയ്യുന്നത്. കെ എസ് എഫ് ഡി സി നിർമിക്കുന്നതിനാൽ ചലച്ചിത്രത്തിന് ഒടിടി റിലീസ് ഉണ്ടാവില്ല. സ്ത്രീ ശാക്തികരണത്തിലേക്ക് ഒരു ചവിട്ടുപടി കൂടിയായ ഈ സിനിമ തിയേറ്ററിലെത്തി തന്നെ ജനങ്ങൾ കാണണമെന്നാണ് അപേക്ഷ.