ADVERTISEMENT

കുട്ടിക്കാലത്ത് തന്നെ അഭിനയരംഗത്തേക്ക് എത്തി, പതിനഞ്ചാം വയസിൽ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ നായികയായ രശ്മി സോമനെ മിക്കവരും അറിയുന്നത് ടെലിവിഷൻ രംഗത്തെ ലേഡി സൂപ്പർസ്റ്റാർ എന്ന നിലയ്ക്കാണ്. അറുപതിലധികം സീരിയലുകളിലൂടെ മലയാളി വീട്ടമ്മമാരുടെ ഹൃദയത്തിലിടം പിടിച്ച രശ്മി സോമൻ സിനിമയിൽ നിന്നും സീരിയലിൽ നിന്നുമെല്ലാം ബൈ ബൈ പറഞ്ഞിട്ട് കുറച്ചധികം നാളായിരുന്നു. എന്നാൽ ടെലിവിഷൻ രംഗത്തിലൂടെ തന്നെ വീണ്ടും ശക്തമായി തിരിച്ചു വന്ന താരം ഇപ്പോൾ ലൈവ് എന്ന ചിത്രത്തിലും ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. തന്റെ അഭിനയജീവിതത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചുമെല്ലാം നിലപാടുകൾ വ്യക്തമാക്കുകയാണ് രശ്മി സോമൻ മനോരമ ഓൺലൈൻ ഷീടോക്സിലൂടെ...

അഭിനയിക്കാൻ ഞാൻ കംഫർട്ടബിൾ ആയിരുന്നു

interview-with-serial-actress-reshmi-soman4

അഭിനയിക്കാൻ ഞാൻ കംഫർട്ടബിൾ ആയിരുന്നു. എനിക്കിഷ്ടമായിരുന്നു സിനിമ. പക്ഷേ എന്റെ അമ്മ, അമ്മയുടെ കുറച്ച് വീട്ടുകാർ ശരിക്കു പറഞ്ഞാൽ അമ്മയുടെ ചേച്ചി അവരൊന്നും ഞാൻ അഭിനയിക്കുന്നതിനോട് അത്ര ഇഷ്ടമുണ്ടായിരുന്നില്ല. എന്റെ അച്ഛനൊക്കെ ഭയങ്കര ഇഷ്ടമാണ്. അഭിനയിക്കണമെന്നുള്ളതുകൊണ്ടാണ് സീരിയലിൽ അഭിനയിക്കുന്നത്. സിനിമയിൽ ഇഷ്ടമാണ് നൂറുവട്ടം അത്ര വലിയൊരു ഫിനാൻഷ്യൽ ഹിറ്റായിരുന്നില്ല. പക്ഷേ എല്ലാവരും ശ്രദ്ധിച്ചു. എനിക്ക് ഹീറോയിനായിട്ട് ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ടായിരുന്നു. അതിലൊന്നും അഭിനയിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല. അന്ന് എന്റെ അച്ഛൻ സൗദിയിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. അച്ഛനും കൂടി നാട്ടിൽ ഇല്ലാത്തതുകൊണ്ട് അമ്മയ്ക്ക് ഒരിക്കലും ഒറ്റയ്ക്ക് ഒരു ഡിസിഷൻ എടുക്കാൻ പറ്റില്ലായിരുന്നു.

എന്തായാലും ലാലേട്ടന്റെ കൂടെ അഭിനയിക്കണം

സിനിമ വേണ്ടെന്ന് വച്ചിരിക്കുമ്പോഴാണ് വർണപകിട്ട് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ഐവി ശശിസാറിന്റെ പടമാണ്. ലാലേട്ടന്റെ കൂടെയാണ്. എനിക്കെന്തായാലും ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പോണം എന്നായിരുന്നു എന്റെ വാശി. ഇനി ഒരുവസരം കിട്ടില്ലെങ്കിലോ അങ്ങനെയാണ് അതിൽ അഭിനയിക്കുന്നത്. അവിടെ വച്ച് മധു സാറിനെ കണ്ടതാണ് ശരിക്കും ഒരു വഴിത്തിരിവ്. അദ്ദേഹമാണ് എന്നെ സീരിയലിലേക്ക് ആദ്യമായി അഭിനയിക്കാൻ േവണ്ടി കാസ്റ്റ് ചെയ്യുന്നത്.

അന്നത്തെ സീരിയലുകളിലൊക്കെ സ്ട്രോങ്ങ് കഥകൾ ആയിരുന്നു

interview-with-serial-actress-reshmi-soman

പപ്പ നാട്ടിൽ വന്ന് സെറ്റിൽ ആയതോടെ സീരിയലിലേക്ക് സജീവമായി. വേറൊരു അട്രാക്റ്റീവ് കാരണം ഭയങ്കര സ്ട്രോങ്ങ് കഥകൾ ആയിരുന്നു അന്നത്തെ സീരിയലുകളിലൊക്കെ. നല്ല കഥാപാത്രങ്ങൾ. എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. നമ്മളൊന്നും വിചാരിക്കാത്ത കഥകളും കഥാപാത്രങ്ങളുമാണ് വന്നു കൊണ്ടിരിക്കുന്നത്. അതിനിടയ്ക്ക് കുറച്ചു സിനിമകൾ വന്നെങ്കിലും സീരിയലുകളിൽ തിരക്കായതിനാൽ ഡേറ്റിന്റെ കുറച്ച് പ്രശ്നങ്ങൾ വന്ന് അഭിനയിക്കാൻ പറ്റാതെപോയി. പിന്നെ ഞാൻ സീരിയലിൽ മാത്രമായി ഫോക്കസ് ചെയ്തു. 

പഠനം ഒപ്പം കൊണ്ടു പോയി

ഡിഗ്രിക്ക് അവസാന വർഷം അറ്റൻഡെൻസിന്റെ പ്രശ്നം വന്ന് എനിക്ക് എക്സാം എഴുതാൻ പറ്റിയില്ല. ആ സമയത്ത് നാല് സീരിയൽ ചെയ്തിരുന്നു. പിന്നീട് ഡിഗ്രി എഴുതിയെടുത്തു. ഇഷ്ടമാണ് നൂറുവട്ടം കഴിഞ്ഞതിനുശേഷമാണ് ഞാൻ കോളേജിൽ പോകുന്നത്. സിനിമാ നടി ആയതിനു ശേഷം. അപ്പോൾ കുറേപ്പേർക്ക് അടുക്കാൻ പേടിയുണ്ട്. അതുകൊണ്ട് കുറച്ചുപേരുമായേ അടുപ്പമുണ്ടായിരുന്നുള്ളൂ. ഞാനൊരു മാവേലിയായിരുന്നു. പക്ഷേ എന്റെ നോട്സൊക്കെ കംപ്ലീറ്റ് ആയിരുന്നു. അതായിരുന്നു എന്റെ ടീച്ചേഴ്സിന് എന്നോടുള്ള സ്നേഹം. ഞാൻ അത്യാവശം നന്നായി പഠിക്കും നോട്ടെഴുതും.

ഇപ്പോഴത്തെ കുട്ടികളുടെ വിഷൻ അന്നില്ല

interview-with-serial-actress-reshmi-soman1

ഞാൻ പോലും അറിയാതെ സീരിയൽ പ്രൊഫഷൻ ആയ ഒരവസ്ഥ ആയിരുന്നു. വളരെ ചെറുപ്പത്തിൽ വന്നതുകൊണ്ട് പഠനത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. പിന്നെ ഇപ്പോഴത്തെ കുട്ടികൾക്കുള്ള വിഷനൊന്നും എനിക്കന്ന് ഉണ്ടായിരുന്നില്ല. വൈകിയാണ് ഞാൻ മനസ്സിലാക്കിയത് ഇതാണ് എന്റെ പ്രൊഫഷൻ എന്നത്. വളരെ സീരിയസായി ഇതിനു വേണ്ടി വർക്ക് ചെയ്യാനും അല്ലെങ്കിൽ ഒരു പിആർ വർക്കൊക്കെ ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു മൂന്നു കൊല്ലമേ ആയിട്ടുള്ളൂ. അതിനു മുൻപൊക്കെ ദൈവാനുഗ്രഹം കൊണ്ടും തലയിലുള്ള വരകൊണ്ടും ആണ് ജീവിച്ചു പൊയ്ക്കൊണ്ടിരുന്നത്.

കഷ്ടപ്പെടാതെ തന്നെ ഒരുപാട് നല്ല റോളുകൾ കിട്ടി

ഒരുപാട് കഷ്ടപ്പെടാതെയും ഒരുപാട് വർക്ക് ചെയ്യാതെയും അവസരങ്ങൾ വന്നു. എനിക്ക് ഇതുവരെ കിട്ടിയിട്ടുള്ള എല്ലാ ഓഫറുകളും എന്നെ തേടി വന്നിട്ടുള്ളതാണ്. ഞാൻ ഇടയ്ക്കിടയ്ക്ക് ബ്രേക്ക് എടുക്കുന്ന ഒരു പരിപാടിയുണ്ട്. ഇടയ്ക്ക് പഠിക്കാൻ വേണ്ടി ബ്രേക്ക് എടുക്കാറുണ്ട്. അങ്ങനെ എം.ബി.എ ചെയ്തു. ആ സമയത്തും എനിക്ക് കോൾസ് വരാറുണ്ട്.

പരാജയപ്പെട്ട ആദ്യ വിവാഹം

interview-with-serial-actress-reshmi-soman2

ആദ്യ വിവാഹം സക്സസായിരുന്നില്ല. പല പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും പുറമേ കാണിക്കാറില്ലായിരുന്നു. ഞാൻ വളരെ പോപ്പുലറായി നിൽക്കുന്ന സമയമായിരുന്നത്. എന്നിട്ടും ഒറ്റയ്ക്ക് ജീവിക്കാൻ പേടിയായി. ഇൻസെക്യൂരിറ്റി കാരണം ഒരു തീരുമാനമെടുക്കാൻ പോലും കഴിയാതെയായി. 4 സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരുന്ന ഞാൻ ഒറ്റ സീരിയലിലേക്ക് ഒതുങ്ങി. വർക്കുകൾ വളരെ കുറച്ചു. നാളെയെക്കുറിച്ച് ചിന്തിച്ചില്ല. ഒരുറപ്പുമില്ലാത്ത ഇൻഡസ്ട്രിയാണ്. അങ്ങനെയാണ് എംബിഎ ചെയ്യണമെന്ന് തോന്നിയത്. രശ്മി സോമനാണ് എന്നു പറഞ്ഞാൽ എനിക്കെവിടെയും ജോലി കിട്ടില്ല. അതിന് ഡി​ഗ്രി തന്നെ വേണം. അതുകൊണ്ട് തന്നെയാണ് എംബിഎ ചെയ്തത്. അതിനുശേഷം 6 മാസം ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ മാർക്കറ്റിങ് മാനേജറായി വർക്ക് ചെയ്തിരുന്നു. പക്ഷെ വേറൊരു സ്ഥലത്തു പോയി വേറൊരു ജോലി ചെയ്ത് ഇനിയൊരു കരിയർ ബിൽഡ് ചെയ്തു തുടങ്ങുന്നതിനെക്കാളും, എന്നെ അറിയുന്ന,എന്നെ ഇഷ്ടപ്പെടുന്ന ഈ ജോലി തന്നെ തുടരണം എന്ന് സുഹൃത്തുക്കൾ പറഞ്ഞു.ശരിയാണെന്ന് എനിക്കും തോന്നി. 

താങ്ങായത് ഫാമിലി

എൻറെ ഫാമിലി, എന്റെ പേരന്റ്സ്, എന്റെ കുറച്ച് നല്ല ഫ്രണ്ട്സ് അവരുടെ പിന്തുണയാണ് കരുത്തായത്. ‌ആ സമയത്ത് വായിക്കുമായിരുന്നു. ജീവിതത്തിൽ നിന്ന് മാറി നടന്നിട്ടില്ല. നമ്മുടെ വിഷമം നമ്മൾ മാത്രം അറിഞ്ഞാൽ മതിയല്ലോ. നമ്മൾ കരയുന്നത് നമ്മൾ മാത്രം കണ്ടാൽ മതി. വേറാരും കാണേണ്ട കാര്യമില്ല. 

∙രണ്ടാം വിവാഹം, പിന്നാലെ ദുബായിലേക്ക്

എംബിഎ കഴിഞ്ഞപ്പോൾ രണ്ടാമതൊരു വിവാഹം കഴിക്കാൻ വീട്ടിൽ നിന്ന് പ്രഷറുണ്ടായിരുന്നു. ആ സമയത്ത് രണ്ടോ മൂന്നോ സീരിയലുകൾ മാത്രമേ ചെയ്യുന്നുള്ളൂ. അതിനു ശേഷം കല്യാണം കഴിച്ചു. നാലു വർഷത്തോളം ദുബായിലായിരുന്നു.

∙ദുബായിലെ ജീവിതവും ഡ്രൈവിംഗ് ലൈസൻസും

interview-with-serial-actress-reshmi-soman5

ആദ്യത്തെ കുറച്ചു മാസങ്ങൾ എനിക്ക് ബുദ്ധിമുട്ടായിരുന്നു. കാരണം എനിക്കൊന്ന് ബ്യൂട്ടി പാർലറിൽ പോകണമെങ്കിലും തുണി തയ്പിക്കണമെങ്കിലുമൊക്കെ നാട്ടിൽ പോയാലേ കഴിയൂ എന്ന അവസ്ഥയായിരുന്നു. അവിടെ എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും എനിക്ക് നാട്ടിൽ വന്ന് ചെയ്താലേ ശരിയാവൂ എന്ന രീതിയായിരുന്നു. പിന്നീടത് മാറി. അതേ പോലെ ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അതെടുക്കാൻ സാധിച്ചു. 

∙രണ്ടും കൽപ്പിച്ച് തുടങ്ങിയ യൂട്യൂബ് ചാനൽ 

അന്ന് കൂടുതലും കണ്ടുകൊണ്ടിരുന്നത് യൂട്യൂബ് ചാനലുകളായിരുന്നു. നെറ്റ്ഫ്ലിക്സൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനതൊന്നും കാണില്ല.  കുക്കിങ്ങ് വീഡിയോസും മെയ്ക്ക് അപ് വീഡിയോസും കാണുമ്പോൾ എനിക്കുതോന്നും  എനിക്കുമിത് ചെയ്യാൻ പറ്റുമല്ലോ എന്ന്. ഞാൻ കണ്ണാടിയുടെ മുൻപിലൊക്കെ ചെന്ന് ചെയ്തു നോക്കും. അങ്ങനെ രണ്ടു കൊല്ലം ഞാൻ ആലോചനയിലായിരുന്നു. കാരണം എനിക്ക് കമന്റ്സ് വളരെ പേടിയാണ്.  കല്യാണം കഴിഞ്ഞപ്പോൾ തന്നെ ഭയങ്കര മോശം കമന്റ്സൊക്കെ വന്നിരുന്നു. ഞാൻ അതിനെ ഫേസ് ചെയ്യാൻ പഠിച്ചെങ്കിലും നമ്മുടെ കൂടെയുള്ള ആളുകൾക്ക് അത് ഫേസ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ഇനി മറ്റുള്ളവരെ വിഷമിപ്പിക്കേണ്ടല്ലോ എന്നു കരുതി ഞാൻ മാറിയിരിക്കുകയായിരുന്നു. സൊസൈറ്റിയെ എനിക്കു പേടിയൊന്നുമില്ല. കാരണം ആളുകൾ പറയും അവരുടെ വഴിക്ക് പോകും. എന്ത് കമന്റ്സും വന്നോട്ടെ എന്നുള്ള രീതിയിലാണ് ചാനൽ തുടങ്ങിയത്. പക്ഷെ 2019 ൽ ചാനൽ തുടങ്ങി ഇന്നേവരെ 90% വും എനിക്ക് പോസിറ്റീവ് കമന്റ്സ് ആണ് വരുന്നത്. 

സീരിയൽ ആസ്വദിച്ചാണ് ചെയ്യുന്നത്

ഞാൻ ചെയ്തിരുന്ന സമയത്ത് 13 എപ്പിസോഡുകളിൽ സീരിയൽ തീരും. മെഗാപരമ്പരകളും ചെയ്തിട്ടുണ്ട്. ഏറ്റവും വലിയ വ്യത്യാസം ഞാൻ സീരിയൽ സ്റ്റാർട്ട് ചെയ്ത സമയത്ത് സോഷ്യൽ മീഡിയകളൊന്നും ഇല്ല. ഇപ്പോൾ എല്ലാം നമ്മൾ പ്രമോട്ട് ചെയ്യുന്നത് സോഷ്യൽ മീഡിയയിലൂടെയാണല്ലോ. ഞാൻ ഇതെല്ലാം ആസ്വദിക്കുന്ന ഒരു വ്യക്തിയാണ്. 18 വയസ്സിൽ 45 വയസ്സുള്ള കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. ഞാൻ എംബിഎ ചെയ്യുന്ന സമയത്ത് ബ്രേക്ക് എടുത്തിരുന്നു ആ സമയം വരെ ഫുൾ കരച്ചിൽ, അങ്ങനെയുള്ള കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത്. വില്ലത്തിയായും ചെയ്തിട്ടുണ്ട്. 

പ്രിയം നെ​ഗറ്റീവ് ക്യാരക്ടറിനോട്

interview-with-serial-actress-reshmi-soman3

ഞാൻ വിചാരിച്ചത് ഞാൻ ഇത്തരം കഥാപാത്രങ്ങൾ ചെയ്താൽ പ്രേക്ഷകർ സ്വീകരിക്കില്ലെന്നാണ്. വില്ലത്തിയായെത്തിയ എപ്പിസോഡ് കഴിഞ്ഞ് അന്നു തന്നെ ഒരു ഫേസ് ബുക്ക് ലൈവിലെത്തി. പിന്നാലെ... കഷ്ടമാണ് കേട്ടോ. നിങ്ങൾക്ക് എങ്ങിനെ തോന്നി ഇങ്ങനെ ചെയ്യാൻ... എന്നൊക്കെ പറഞ്ഞുള്ള കമന്റുകൾ. അപ്പോൾ ഞാൻ വിചാരിച്ചു ഒറ്റ ദിവസം കൊണ്ടിവരിങ്ങനെ മാറിയോയെന്ന്. നെഗറ്റീവ് ക്യാരക്ടേഴ്സ് ചെയ്യാൻ ഭയങ്കര രസമാണ്. നെഗറ്റീവ് ക്യാരക്ടർ ചെയ്തപ്പോഴാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ‌നെഗറ്റീവ് കഥാപാത്രങ്ങൾ  ഇനിയും ചെയ്യാൻ ഇഷ്ടമാണ്. 

∙സിനിമയിലേക്കുള്ള രണ്ടാം വരവ് 

ലൈവ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയിലേക്കെത്തുന്നത്. 20 വർഷം മുൻപ് വികെപിയുടെ ഒരു ആഡ് ചെയ്തിട്ടുണ്ട്. അദ്ദേഹം ഇടയ്ക്കിടെ എന്നോട് സിനിമ ചെയ്യണോ എന്നു ചോദിക്കുമായിരുന്നു. അങ്ങനെ എനിക്ക് സിനിമ ചെയ്യണമെന്ന് തോന്നിയപ്പോൾ വിളിച്ചു. ലൈവിലെ ഒരു ഡോക്ടറുടെ വേഷം എനിക്ക് തന്നു. സെറ്റിലെ ആദ്യത്തെ ദിവസം കുറച്ച് ടെൻഷനുണ്ടായിരുന്നു. പക്ഷേ എല്ലാവരും എന്നെ കംഫർട്ടബിളാക്കി. സിനിമയിൽ  ഞാൻ ഹാപ്പിയാണ്. ഇനിയും അവസരങ്ങൾ വന്നാൽ ചെയ്യണമെന്നുണ്ട്. പക്ഷെ സീരിയലാണ് എന്റെ ജീവിതം. എനിക്കിപ്പോൾ എന്തെങ്കിലുമൊക്കെയുണ്ടെങ്കിൽ അതൊക്കെ സീരിയൽ തന്നതാണ്. 

സ്കൂൾ കലോത്സവത്തിലെ താരം

യൂത്ത് ഫെസ്റ്റിവലിൽ ഓട്ടൻതുള്ളലിൽ സ്റ്റേറ്റിൽ മൂന്നു കൊല്ലം ഫസ്റ്റായിരുന്നു. ചാക്യാർ കൂത്തിന് ഗ്രേഡ് ഉണ്ടായിരുന്നു. അഭിനയിക്കുമ്പോൾ ക്യാമറ ഫിയർ വലിയ തോതിൽ മാറ്റിയെടുത്തത് ഈ അനുഭവങ്ങളാണ്

ബോഡി ഷെയിമിങ്ങിന് മറുപടിയുണ്ട്

നമ്മളെന്നും കണ്ണാടി നോക്കുന്നവരാണ്. നമുക്കറിയാം നമുക്കെന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന്. തടി കൂടിയതും മുടി പോയതുമൊക്കെ എനിക്കറിയാം. അടുത്ത് ഒരു ചടങ്ങിനു പോയപ്പോൾ 60 വയസ്സുള്ള ഒരു സ്ത്രീ വന്ന് 'മുടിയൊക്കെ പോയി' എന്ന് എന്റെ മുഖത്തു നോക്കി വല്ലാത്ത ഒരു ടോണിൽ സംസാരിച്ചു. 'ഇപ്പോൾ സന്തോഷമായോ' എന്ന് ഞാൻ തിരിച്ച് ചോദിച്ചു.കാരണം എങ്ങനെയൊരാളുടെയടുത്ത് പെരുമാറണമെന്ന് ഇനിയെങ്കിലും വിവേകം വരണ്ടേ. മുടി പോയെങ്കിൽ എന്താണ് പ്രശ്നം മുടിയൊക്കെ പോകും. മനുഷ്യനല്ലേ എന്തു ചെയ്യാൻ പറ്റും ?മാറ്റങ്ങൾ വരും. സഹപ്രവർത്തകരിൽ ചിലരൊക്കെ നമ്മുടെ അടുത്ത് വന്നിട്ട് ഭയങ്കര തടിയാണ് ചക്ക പോലെയിരിക്കുന്നുവെന്ന്‌ പറയുമ്പോൾ അവരുടെ വിചാരം ഇതൊടുകൂടി ഞാൻ പോയിട്ട് 10 കിലോ കുറച്ചിട്ട് വരുമെന്നാണ്. ഇതു കേൾക്കുമ്പോൾ നമുക്കവരെ കൊല്ലാനുള്ള ദേഷ്യമാണുണ്ടാകുന്നത്. കാരണം നമ്മൾ പ്രതികരിക്കുന്നില്ല. പ്രതികരിക്കാതിരിക്കുന്നത് നമ്മുടെ മാന്യത.അവരത് മനസ്സിലാക്കുന്നില്ല. 

അടുത്ത സുഹൃത്തിൽ നിന്നുണ്ടായ അനുഭവം

reshmi-soman-main

ഒരിക്കലൊരാൾ വളരെ മ്ലേച്ഛമായ ഒരു വാക്ക് എന്നോട് ഉപയോ​ഗിച്ചു. അത് പറയാൻ പറ്റില്ല. അതും എന്റെ വളരെ അടുത്ത സുഹൃത്തായ ഒരാൾ. ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്. അന്ന് ഒരു ഷൂട്ടിലായിരുന്നു. എനിക്ക് ഭയങ്കര ബാക്ക് പെയിനുള്ള സമയം. നടക്കാൻ പോലും പറ്റാത്ത അവസ്ഥ. ഷൂട്ട് കാരണം ട്രീറ്റ്മെന്റിനും പോകാൻ പറ്റിയിരുന്നില്ല. അപ്പോൾ ഈ സുഹൃത്ത് വന്ന് ജിമ്മിൽ പൊയ്ക്കൂടെ എന്നൊക്കെ ചോദിക്കുന്നു. നടക്കാൻ പറ്റാത്ത അവസ്ഥയാണ്, ഇതൊക്കെ കാണുന്നുമുണ്ട്. പുള്ളിക്ക് നല്ല മസിലൊക്കെയുണ്ട്. പുള്ളി എന്നെ മോട്ടിവേറ്റ് ചെയ്യുന്ന രീതിയിൽ ഇപ്പോൾ കണ്ടാൽ ഇതുപോലെയുണ്ട് എന്ന് ലൊക്കേഷനിലെ എല്ലാവരുടെയും മുന്നിൽ വച്ചു പറഞ്ഞു. അവിടെ അപ്പോൾ അസിസ്റ്റന്റ് ഡയറക്ടറുണ്ട്. സാധാരണഗതിയിൽ എനിക്ക് ഇഷ്ടപ്പെടാത്തത് കണ്ടാൽ ഞാൻ പ്രതികരിക്കും. ഞാനെന്താ ഒന്നും പറയാത്തതെന്ന് ഓർത്ത് ഈ പയ്യൻ എന്നെ ഒന്നു നോക്കി. ഞാൻ ആകെ സ്റ്റക്കായി പോയി. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. അന്ന് ഞാൻ വീട്ടിലേക്കു വരുമ്പോൾ എന്റെ മനസ്സിൽ ഇതു തന്നെയാണ് .ഞാൻ പ്രതികരിച്ചില്ലല്ലോ എന്ന സങ്കടം. പ്രതികരിക്കാനുള്ള മനോഭാവം മനസ്സിൽ കിടന്ന് കഞ്ഞിയായി പിന്നെ പഴങ്കഞ്ഞിയായി. പക്ഷെ ഞാൻ വിട്ടില്ല. രാത്രി 12 മണിക്ക് ഒരു മേക്കപ്പ് പോലുമില്ലാതെ വീഡിയോ ചെയ്ത് അപ്പോൾ തന്നെ അപ്‌ലോ‍ഡ് ചെയ്തു. പിറ്റേദിവസം ഷൂട്ടിന് പോകുന്നു. ഈ പറയുന്ന വ്യക്തി വന്ന് എന്റെ കാലിൽ പിടിക്കുന്നു. ചേച്ചീ ആ വിഡിയോ ഒന്ന് ഡിലീറ്റ് ചെയ്യുമോ എന്നു ചോദിക്കുന്നു. എന്നെ കുറേ പേര് വിളിക്കുന്നു. കുറേ പത്രങ്ങളിൽ നിന്നു വിളിക്കുന്നു. ഇതൊക്കെ പുള്ളി കേട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവർക്കും ആരു പറഞ്ഞു എന്നാണറിയേണ്ടത്. അതെന്റെ മാന്യതയല്ല. എനിക്ക് പറയാനുള്ളത് ഞാൻ വീഡിയോയിൽ പറഞ്ഞു കഴിഞ്ഞു. ഇത് ഒരുപാട് പേർക്കുള്ള മറുപടിയാണ്. 

ബോഡി കെയർ മറക്കാറില്ല

ഞാൻ എന്റെ ബോഡിയെക്കുറിച്ച് നല്ല കോൺഷ്യസ് ആണ്. ഇടയ്ക്കിടയ്ക്ക് ചെക്കപ്പുകൾ നടത്താറുണ്ട്. എന്റെ ഫു‍ഡ് കൺട്രോൾ ചെയ്യാറുണ്ട്. ഹെൽത്തി ഫുഡ് കഴിക്കുന്നയാളാണ്. ഹെൽത്ത് സമ്മതിക്കുന്ന സമയത്ത് ജിമ്മിൽ പോകാറുണ്ട് വർക്കൗട്ടുകൾ ചെയ്യാറുണ്ട്. ഡാൻസ് ചെയ്യാറുണ്ട്. അപ്പോൾ തടി കുറയാതിരിക്കുന്നത് ഇതുകൊണ്ടൊന്നുമല്ല. എല്ലാ ദിവസവും റുട്ടീൻ ആയിട്ടുള്ള ലൈഫൊന്നും ലീഡ് ‌ചെയ്യാൻ എനിക്ക് പറ്റാറില്ല.  പക്ഷേ ഹാപ്പിയായിരിക്കാൻ ഞാൻ നോക്കാറുണ്ട്. 

മെന്റൽ ഹെൽത്ത് മസ്റ്റാണ്

മെന്റൽ ഹെൽത്ത് വളരെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. എപ്പോഴും സന്തോഷമായിരിക്കാൻ എല്ലാ പ്രായത്തിലുള്ളവരുമാഗ്രഹിക്കുന്നു. പക്ഷെ എപ്പോഴും സന്തോഷമായിട്ടിരിക്കുക എന്നതിനു പകരം നമ്മളൊന്ന് ബാലൻസ്ഡ് ആയിട്ടിരിക്കുക എന്നുള്ളതാണ് കൂടുതൽ പ്രധാനം എന്നെനിക്കു തോന്നുന്നു. ഞാൻ ‌ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ്. മുൻപ് അങ്ങനെയായിരുന്നില്ല. കടന്നു പോയിട്ടുള്ള ജീവിതത്തിൽ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളിലൂടെ നോക്കുമ്പോൾ കുഞ്ഞൊരു ഡ്രൈവിനു പോയാൽ പോലും ഞാൻ സന്തോഷവതിയാണ്. ചിലപ്പോൾ നല്ലൊരു വീഡിയോ കണ്ടാൽ ഞാൻ ഹാപ്പിയാകും. അങ്ങനെ കുഞ്ഞു കുഞ്ഞ് കാര്യങ്ങളിൽ ഹാപ്പിനെസ് കണ്ടെത്തുക. മാക്സിമം എൻഗേജിഡായിരിക്കാൻ നോക്കുക. ഈ പറഞ്ഞ ഞാൻ എപ്പോഴും ഇങ്ങനെയല്ല കേട്ടോ. വളരെ ഡൗണായി പ്രേക്ഷകരൊന്നും കാണാത്ത ഒരു മുഖം എനിക്കുണ്ട്. അത് ഞാൻ ആരെയും കാണിക്കാനും ആഗ്രഹിക്കുന്നില്ല. പക്ഷേ എന്റെ ജീവിതത്തിന്റെ എക്സ്പീരിയൻസ് എന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് ഹാപ്പിയാകാനല്ല മറ്റൊരാളെ ഹാപ്പിയാക്കാൻ. ആരെയും ബ്ലെയിം ചെയ്യാതെ എല്ലാവരോടും ക്ഷമിച്ച് ഹാപ്പിയായിരിക്കാൻ നോക്കുക. ക്ഷമിക്കാൻ പഠിക്കുക. 

ഉയർത്തെഴുന്നേൽക്കണം, സന്തോഷം കണ്ടെത്തണം

actress-reshmi-soman-about-first-drama-experience3

നമുക്ക് തളർന്നിരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ അതിന്റെ സമയപരിധി നമ്മൾ തന്നെ തീരുമാനിക്കണം. ഒരു ദിവസവമോ ഒരു മാസമോ ഒരു കൊല്ലമോ നിങ്ങൾ കരഞ്ഞോളൂ. പക്ഷേ പിന്നീട് നമ്മൾ തീരുമാനിക്കണം എങ്ങനെ മുന്നോട്ട് പോകണമെന്ന്. ഇങ്ങനെ കരഞ്ഞ് ആരുടെയെങ്കിലും കനിവിൽ കഴിയേണ്ടവരല്ല ഒരു മനുഷ്യരും. നമുക്കെല്ലാവർക്കും നല്ല കഴിവുണ്ട്. ആ കഴിവ് യൂസ് ചെയ്യുക. ആരും നമ്മുടെ വീട്ടിൽ വന്ന് ഹെൽപ് ചെയ്യില്ല. ഹെൽപ് വേണമെങ്കിൽ നമുക്ക് ചോദിക്കാം. അതൊരു തെറ്റല്ല. നമ്മൾ ചെയ്യുന്ന ഒരു കാര്യം വിജയിക്കണമെന്നില്ല. പക്ഷേ അത് ചെയ്തു എന്നോർക്കുമ്പോൾ നമുക്ക് ഭയങ്കര സന്തോഷം തോന്നും. അതുകൊണ്ട് വിഷമിച്ചോളൂ, തളർന്നോളൂ, കരഞ്ഞോളൂ, ആളുകളുടെ ഹെൽപ് എടുത്തോളൂ. വേണമെങ്കിൽ ഡോക്ടേഴ്സിന്റെ തന്നെ ഹെല്‌പ് എടുത്തൊളൂ. പക്ഷേ ഇതെല്ലാം കഴിഞ്ഞ് നമ്മൾ ഉയർത്തെഴുന്നേൽക്കണം. മറ്റുള്ളവർ‍ക്കു വേണ്ടയല്ല നമ്മുക്ക് വേണ്ടി. നമ്മൾ ഡൗണായിരുന്നാൽ നമുക്കു തന്നെയാണ് നഷ്ടം. ഒരു കാര്യം നേടാനായി  ശ്രമിക്കുമ്പോൾ അതിന്റെ റിസൾട്ട് നമുക്ക് തന്നെയാണ് ലഭിക്കുന്നത്. ഞാൻ  യൂട്യൂബ് വീഡിയോസ്  ചെയ്യുമ്പോൾ ഞാൻ തന്നെയാണ് ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും. ഇടയ്ക്ക് സംശയമുള്ളപ്പോൾ ഫ്രണ്ട്സിനോട് ചോദിക്കാറുണ്ട്. ഓരോ കാര്യങ്ങൾ ഞാൻ ചെയ്യുമ്പോഴും അതെന്റെ സന്തോഷമാണ്.

ടോക്സിക്കാകുന്നത് അപകടം

interview-with-serial-actress-reshmi-soman6

ആളുകൾക്ക് അകറ്റി നിർത്താം അടുത്തു നിർത്താം പക്ഷേ അത് നമുക്ക് ടോക്സിക്കാകാതിരുന്നാൽ മതി. ടോക്സിക് ആകാത്ത ഫ്രണ്ട്ഷിപ്പൊന്നും വലിയ കുഴപ്പമില്ലെന്നാണെനിക്ക് തോന്നുന്നത്. നമ്മൾ അതിനുള്ള അവസരം കൊടുക്കാതിരുന്നാൽ മതി. കാരണം നമ്മൾ കുറെ പ്രശ്നങ്ങളിലൂടെ കടന്നു വന്നിട്ടുള്ളവരാണ്. ആവശ്യത്തിലധികം പ്രശ്നങ്ങൾ നമുക്ക് മുന്നേതന്നെ ഉണ്ടാകും. പിന്നെ പുറത്തു നിന്ന് നമ്മൾ വിലകൊടുത്ത് മേടിക്കേണ്ട ആവശ്യമില്ലല്ലോ. 

അപമാനിക്കപ്പെടുന്ന സീരിയൽ താരങ്ങൾ

സീരിയൽ വലിയൊരു ഇൻഡസ്ട്രിയാണ്. ഒരുപാട് മനുഷ്യർ ജോലി ചെയ്യുന്ന ചാനലുകളെ താങ്ങി നിർത്തുന്ന ഒരു ഇൻഡസ്ട്രി. കൊവിഡ്  സമയത്ത് ചില സീരിയലുകൾ ടെലികാസ്റ്റിങ്ങ് നിർത്തിയപ്പോൾ ചാനലുകളുടെ റേറ്റിങ് തന്നെ താഴെപ്പോയി. കാലത്തിനനുസരിച്ച് സീരിയലിലെ കഥകൾ മാറും. ഇപ്പോൾ മറ്റു ഭാഷകളിൽ നിന്നുള്ള റീമേക്ക് സീരിയലുകളുമുണ്ട്. കഴിഞ്ഞ ദിവസം മഞ്ജു പത്രോസെന്ന ആർട്ടിസ്റ്റിനെ വേദിയിൽ വിളിച്ചു വരുത്തി അപമാനിച്ചു. അവരതിന് തക്കതായ മറുപടിയും കൊടുത്തു. ഇത് പലർക്കും ഉണ്ടാകുന്ന അനുഭവമാണ്.. ആളുകൾ കൂടാൻ വേണ്ടി സീരിയൽ ആർട്ടിസ്റ്റ് തന്നെവേണം. പക്ഷേ അവിടെയെത്തി കഴിയുമ്പോൾ അവർക്കാണ് കൂടുതൽ പബ്ലിസിറ്റി എന്നു കണ്ടാൽ കൂടെ ഇരിക്കുന്നവർക്ക് ഈഗോ ഇളകും. അപ്പോഴവരെയൊന്ന്  ഇടിച്ചു താഴ്ത്തി സംസാരിച്ചു കളയാം എന്നു കരുതും. സീരിയൽ താരമായതുകൊണ്ടൊന്നും പറയില്ലെന്ന രീതിയിൽ സംസാരിക്കും. എത്ര മോശമാണത്. 

പ്രതിസന്ധികളിൽ നിന്നും പറന്നുയർന്ന് ചുറ്റുമുള്ളവരിലേക്ക് പോസിറ്റീവ് എനർജി പടർത്തി നിറഞ്ഞു ചിരിക്കുകയാണ് ഇന്ന് രശ്മി സോമൻ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഇനിയുമൊരുപാട് സ്വപ്നങ്ങൾ ലക്ഷ്യമാക്കി രശ്മി യാത്ര തുടരുന്നു.

English Summary:  Interview with television serial actress Reshmi Soman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com