ADVERTISEMENT

എല്ലാ സ്ത്രീകൾക്കുമുണ്ടാകും അദൃശ്യ ചിറകുകൾ. പറന്നുയരാനാകാതെ, സ്വന്തം സ്വപ്നങ്ങളുടെ ഉയരങ്ങൾ കീഴടക്കാനാവാതെ, സമ്മർദ്ദങ്ങളുടെ കെട്ടു വീണു പോയ ചിറകുകൾ. അങ്ങനെ പറക്കാനാകാതെ വീടകങ്ങളിൽ ഒതുങ്ങിപ്പോകുന്നവർക്ക് ഒരു കൈത്താങ്ങാകുകയാണ് സമൂഹത്തിൽ അറിയപ്പെടാതെ പോകുന്ന വനിതാ സംരംഭകർക്കായി ഒരു കൂട്ടായ്മ രൂപീകരിച്ച കൊച്ചി സ്വദേശി ഷഫ്രിൻ സജിത്ത്. 

15 പേരെ ചേർത്ത് തുടങ്ങിയ ആ കൂട്ടായ്മ ഇന്ന് 150 പേരിൽ എത്തിനിൽക്കുന്നത് അവരുടെ ഒത്തൊരുമ കൊണ്ട് മാത്രമാണ്. ഷഫ്രിൻ ഒരു സാധാരണ വീട്ടമ്മയാണ്. ചെറുപ്രായത്തിൽത്തന്നെ, മറ്റുള്ളവർക്കു തന്നെക്കൊണ്ടാകും വിധം എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച ഒരു പെൺകുട്ടി. അവൾക്കൊപ്പം ആ ആഗ്രഹവും വളർന്നെങ്കിലും ഒരു പ്രായം വരെ ഒന്നും ചെയ്യാനാവാതെ നിസ്സഹായയായി നോക്കി നിൽക്കേണ്ടിവന്നു. എന്നാലിന്ന് തനിക്കൊപ്പം 150 ൽ പരം വനിതകൾക്കു കൂടി സ്വപ്നങഅങളിലേക്കു പറക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ‘ഇൻവിസിബിൾ വിങ്സ്’ എന്ന കൂട്ടായ്മയിലൂടെ ഷഫ്രിൻ. 

മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുന്ന വനിത

ചെറുപ്രായത്തിൽ വിവാഹം, യാഥാസ്ഥിക കുടുംബത്തിൽനിന്നു വന്നതുകൊണ്ട് പുറംലോകവുമായി അധികം ബന്ധമില്ലാത്ത ജീവിതം. പഠനം പാതിവഴിയിൽ കൈവിട്ടുപോയി. എങ്കിലും വാപ്പയുടെയും ഭർത്താവിന്റെയും പിന്തുണ എപ്പോഴും ഉണ്ടായിരുന്നു. എല്ലാവരുടെയും ജീവിതത്തിൽ കാണും ഒരു ടേണിങ് പോയിന്റ്. അല്ലെങ്കിൽ നമ്മെ വളരെ ആഴത്തിൽ സ്പർശിക്കുന്ന ഒരു അനുഭവം. അങ്ങനെ ഒരു അനുഭവം ഷഫ്രിനും ഉണ്ടായി. വിവാഹത്തിനൊക്കെ മുമ്പ് വാപ്പയോടൊപ്പം ശീമാട്ടിയിൽ പോയ ഷഫ്രിൻ അവിടെ എല്ലാവരോടും സംസാരിച്ച് തിരക്കിട്ട് ഓടി നടക്കുന്ന ഒരു സ്ത്രീയെ കണ്ടു– ബീന കണ്ണൻ. തനിക്കും അങ്ങനെയൊരു ആളാവണമെന്ന് അന്നേ മനസ്സിൽ കുറിച്ചിട്ടു. കാലം കടന്നുപോയി. മക്കളൊക്കെ വലുതായി ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ ഒരു പരിധിവരെ ഒതുങ്ങിയപ്പോൾ, എന്നെക്കൊണ്ട് എന്തു ചെയ്യാൻ സാധിക്കുമെന്നു ചിന്തിച്ചു. ആദ്യം ഒരു ചെറിയ ഓൺലൈൻ ബുട്ടീക്കാണു തുടങ്ങിയത്. കേരളത്തിനു പുറത്തുപോയി ഡ്രസ്സ് മെറ്റീരിയലും മറ്റും എടുത്ത് ഓൺലൈൻ വഴി വിൽപനയായിരുന്നു ആദ്യം. വാപ്പയുടെ സഹായമുണ്ടായിരുന്നതുകൊണ്ട് ആ ചെറിയ സംരംഭം കുറേക്കാലം മുന്നോട്ടുപോയി. അപ്പോഴും പിന്തിരിപ്പിക്കാനും നിരുത്സാഹപ്പെടുത്താനും ആളുകൾ ഏറെയായിരുന്നു. 

തന്നെപ്പോലെ മറ്റു സ്ത്രീകളും അതേ അവസ്ഥയിലൂടെ ആയിരിക്കും കടന്നു പോകുന്നത് എന്ന‌ു ചിന്തിച്ചപ്പോഴാണ് പുതിയ ആശയം ഉടലെടുത്തത്. അങ്ങനെ കുറച്ച് സ്ത്രീകളെ ഒപ്പം കൂട്ടി കോഴിക്കോട്ട് ഒരു ഇവന്റ് സംഘടിപ്പിച്ചു. അവിടെനിന്നു തുടങ്ങി ഇൻവിസിബിൾ വിങ്സിന്റെ ചിറകടി. 

invisible-wings3
ഷഫ്രിൻ സജിത്ത്

‘പണി’ കിട്ടി, പോലീസ് സ്റ്റേഷനിലും കയറി

ആദ്യ ഇവന്റ് വിജയമായിരുന്നു, ലക്ഷങ്ങൾ കയ്യിലെത്തി. എന്നാൽ അവിടെ കഷ്ടകാലം ഷഫ്രിനെ വീണ്ടും പിടികൂടി. ആദ്യമായി ചെയ്യുന്നതായതുകൊണ്ടും കൂടെ നിൽക്കുന്നവർ എത്രത്തോളം സത്യസന്ധരാണ് എന്നു മനസ്സിലാക്കാൻ താമസിച്ചതുകൊണ്ടുമെല്ലാം നല്ല ‘പണി’ തന്നെ തനിക്കു കിട്ടിയെന്ന് ഷഫ്രിൻ പറയുന്നു. 

‘‘ആദ്യമായി ചെയ്യുന്ന പരിപാടി ആയതുകൊണ്ട് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയെയാണ് ഏൽപിച്ചത്. കാശിന്റെ കളിയല്ലേ, ചെറിയ രീതിയിൽ പ്രശ്നങ്ങളൊക്കെ ഉണ്ടായി.  പോലീസ് സ്റ്റേഷൻ വരെ കയറേണ്ടി വന്നപ്പോൾ അതുവരെ എല്ലാ സപ്പോർട്ടും തന്നു കൂടെയുണ്ടായിരുന്ന വാപ്പ വരെ പറഞ്ഞു, നിർത്തിക്കോ. വീട്ടിൽ കയറിയിരിക്കുന്നതാണ് നല്ലതെന്ന്. അവർ പറയുന്നത് അനുസരിച്ച് എനിക്ക് വീടിനുള്ളിലേക്ക് ചുരുങ്ങേണ്ടിവന്നു. പക്ഷേ അപ്പോഴും എന്റെ ഉള്ളിലെ ആ കെട്ടിയിട്ട ചിറകുകൾ പറക്കാൻ കൊതിച്ചു കൊണ്ടേയിരുന്നു. കുറച്ചു വർഷങ്ങളുടെ ഇടവേളയെടുത്ത് എല്ലാം ഒന്ന് തണുക്കട്ടെ എന്ന് കരുതി. പക്ഷേ നമ്മളെ അങ്ങനെ ഒതുക്കി വയ്ക്കാൻ ആർക്കുമാകില്ലല്ലോ. ചിന്തകൾക്കും സ്വപ്നങ്ങൾക്കും ചിറകുമുളച്ചാൽ പിന്നെ പറക്കണം. അങ്ങനെ ഞാൻ വീണ്ടും കളത്തിലിറങ്ങി. 

invisible-wings2

ഇത്തവണ കൊച്ചിയിൽത്തന്നെ ഇവന്റ് സംഘടിപ്പിക്കാം എന്നു കരുതി. കൂടെ കൂടാൻ താൽപര്യമുള്ളവരെ വിളിച്ചു കൂട്ടി. മുൻ അനുഭവം മനസ്സിലുള്ളതുകൊണ്ട് ഇത്തവണ വളരെ ശ്രദ്ധയോടെയായിരുന്നു ഓരോ കാര്യവും നീക്കിയത്. മാർക്കറ്റിങ് മുതൽ നടത്തിപ്പു വരെ കൃത്യമായി എല്ലാത്തിലും ശ്രദ്ധ കൊടുത്തു. ചെറുപ്പം മുതൽ എന്റെ വലംകൈ എന്നു പറയാവുന്ന, എപ്പോഴും കൂടെയുള്ള ആളാണ് കോളജിലെ ഫ്രഞ്ച് ടീച്ചറായ ഷാരോൺ സെബാസ്റ്റ്യൻ. ഷാരോൺ എല്ലാ സഹായവുമായി ഒപ്പം തന്നെ ഉണ്ടായിരുന്നു. ഒരു നെടുംതൂണായി ഇപ്പോഴുമുണ്ട്. ആ ഇവന്റ് വിജയിച്ചു. അതിൽനിന്നു കിട്ടിയ ആത്മവിശ്വാസം ഏറെയായിരുന്നു. 

അന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീകളുടെ മുഖത്ത് വിരിഞ്ഞ സന്തോഷമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ കരുത്ത്. എന്തുമാത്രം കഴിവുകളുള്ള സ്ത്രീകൾ ആണെന്നോ നമുക്ക് ചുറ്റുമുള്ളത്. പലരെയും നമ്മൾ അറിയാതെ പോകുന്നുണ്ട്. ഒരു അവസരം ലഭിച്ചാൽ പറന്നുയരാൻ കൊതിക്കുന്ന നിരവധി സ്ത്രീകളുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നത്. കുറച്ചുപേർക്കെങ്കിലും അവസരം കണ്ടെത്തിക്കൊടുക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. അത് കുറെയൊക്കെ നിറവേറ്റാൻ സാധിക്കുന്നുമുണ്ട്. ഇത് പറയുമ്പോൾ ഒപ്പമുള്ള സ്ത്രീകളുടെ മുഖത്തെ ആത്മവിശ്വാസവും പുഞ്ചിരിയും നമുക്ക് വായിച്ചെടുക്കാം.’’

വിദ്യാർഥി മുതൽ വീട്ടമ്മ വരെ

സമൂഹത്തിലെ പല മേഖലകളിലുള്ള സ്ത്രീകളാണ് ഇൻവിസിബിൾ വിങ്സ് എന്ന ഈ കൂട്ടായ്മയിൽ അണിനിരക്കുന്നത്. പഠിക്കുന്ന പെൺകുട്ടികൾ മുതൽ പ്രായമായ വീട്ടമ്മമാർ വരെയുണ്ട്. അവരുടെ ചെറിയ സംരംഭങ്ങൾ സമൂഹത്തിനു പരിചയപ്പെടുത്തുകയാണ് ഇൻവിസിബിൾ വിങ്സ്. ഓരോ ഉൽപന്നത്തിന്റെയും പുറകിൽ ഒരു മുഖം ഉണ്ടാകും.പക്ഷേ നമ്മൾ പലപ്പോഴും ആ ഉൽപന്നം മാത്രമാണ് തിരിച്ചറിയാറ്. ഇൻവിസിബിൾ വിങ്സ് ഉൽപന്നത്തെ മാത്രമല്ല നിർമാതാവിനെ കൂടി പരിചയപ്പെടുത്തുകയാണ്. ഈ കൂട്ടായ്മയിൽ ഉള്ളവരൊക്കെ എല്ലാ ജോലികളും നിർവഹിച്ചതിനുശേഷം ലഭിക്കുന്ന ഒഴിവുസമയങ്ങളാണ് അവരുടെ സംരംഭങ്ങൾക്കായി ചെലവഴിക്കുന്നത്. വിദ്യാർഥികൾ പഠന സമയം കഴിഞ്ഞിട്ടാണ് ഇതിനുവേണ്ടി സമയം കണ്ടെത്തുന്നത്. ഇത് ഒരു വരുമാനമാർഗം ആയിരിക്കാം, പക്ഷേ എല്ലാത്തിനും ഉപരിയായി ഇത് അവരുടെ സ്വപ്നസാക്ഷാത്കാരങ്ങളാണ്. താൻ ഉണ്ടാക്കുന്ന ഉൽപന്നത്തിന് ഒരു വിപണി കണ്ടെത്താൻ പലപ്പോഴും പലർക്കും സാധിക്കാറില്ല. അതിനുവരുന്ന ചിലവും സമയ നഷ്ടവും എല്ലാം അവരെ വീണ്ടും പിന്നോട്ടടിക്കും. അങ്ങനെയുള്ളവർക്ക് ഒരു കൈത്താങ്ങ് തന്നെയാണ് ഇൻവിസിബിൾ വിങ്സ്. 

invisible-wings1

2016 ലാണ് ഷഫ്രിൻ ഓൺലൈൻ ബുട്ടീക്ക് ആരംഭിക്കുന്നത്. 2019 ലാണ് ഇൻവിസിബിൾ വിങ്സിന്റെ ആദ്യ ഇവന്റ്. 15 പേർക്കൊപ്പം തുടങ്ങിയ കൂട്ടായ്മ ഇന്ന് 150 പേരിൽ എത്തിനിൽക്കുമ്പോൾ എത്ര ഉയരത്തിലാണ് അവർ പറന്നുയർന്നതെന്ന് കാണാം. 2022ലെ ബെസ്റ്റ് ഇവന്റ് ഓർഗനൈസർ / സംരംഭക എന്ന ബിസിനസ് കേരള അവാർഡ് ഷഫ്രിനെ തേടിയെത്തിയപ്പോൾ അത് അവർ സമർപ്പിച്ചത് ഈ കൂട്ടായ്മയ്ക്കാണ്. വരുമാനത്തെക്കാളുപരി, തന്റെ ഒപ്പം നിൽക്കുന്നവർ നേടുന്ന വിജയം കാണാനാണ് ഈ വീട്ടമ്മ ആഗ്രഹിക്കുന്നത്. അതിൽ അവർ ഏറെക്കുറെ വിജയിച്ചിരിക്കുന്നു. ഇതുപോലെയുള്ള കൂട്ടായ്മകൾ ഇപ്പോൾ നിരവധിയുണ്ട് പലയിടത്തും. 

2022ൽ മാത്രം കേരളത്തിൽ ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾ പിറവിയെടുത്തെന്ന് വ്യവസായ മന്ത്രി പി രാജീവ് പറയുന്നു. അതിൽ 40,000ത്തിൽ അധികവും സ്ത്രീ സംരംഭകരാണ്. ഈ കണക്കുകൾ തന്നെ മതി നമ്മുടെ കേരളത്തിലെ വനിതാ സംരംഭകരുടെ കഴിവും ആത്മവിശ്വാസവും മനസ്സിലാക്കാൻ. ഇതിലുമേറെയുണ്ട് നമുക്കൊന്നും അറിയാത്ത ഇടങ്ങളിൽ മറഞ്ഞിരിക്കുന്ന, പുറത്തേക്ക് വരാൻ വെമ്പുന്ന  മിടുക്കികൾ. 

ബാധ്യതകളും ഉത്തരവാദിത്തങ്ങളും ഒരു സ്ത്രീയുടെ ചിറകുകളെ കെട്ടിയിടുമ്പോൾ അതൊന്ന് അഴിച്ചുവിടാൻ ആർക്കെങ്കിലുമാകട്ടെ. അവളും പറക്കട്ടെ. സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ ആഗ്രഹിക്കുന്ന അവളോട് എങ്ങനെയാണ് പറക്കരുത് എന്ന് പറയാൻ പറ്റുക, ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിച്ചു കൊടുക്കാൻ ഷഫ്രിനെപോലെയുള്ളവർ ഉള്ളപ്പോൾ...!

Content Summary : Success Story of entrepreneurial initiative, Invisible Wings 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com