ADVERTISEMENT

ഒരു പ്രതിസന്ധി വന്നാൽ എല്ലാം അവസാനിച്ചെന്നു കരുതി സങ്കടപ്പെടുന്നവരാണ് പലരും. എന്നാൽ എന്തുവന്നാലും മുന്നോട്ടു പോകണം, പ്രതിസന്ധികൾ പരിമിതിയോ അവസാനമോ അല്ല എന്ന ഓര്‍മപ്പെടുത്തുന്ന ഒരു വ്യക്തിയുണ്ട്– പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി ടീച്ചർ. ഒരിക്കൽ സ്കൂളിലെ ക്ലാസ്മുറികളിൽ നടന്നു പഠിപ്പിച്ചിരുന്ന വിദ്യാലക്ഷ്മി ഇന്ന് വീൽചെയറിലാണ്. രണ്ടു വർഷം മുൻപ് ഒരു തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പോയപ്പോൾ വീണുണ്ടായ അപകടത്തിൽ നട്ടെല്ലിനു ക്ഷതമേറ്റതോടെ ഈ 33കാരിയുടെ ആശ്രയം വീൽചെയറായി. പക്ഷേ ആ മാറ്റം വിദ്യാലക്ഷ്മിയെ വീട്ടിലിരുത്തിയില്ല. ജീവിതത്തിൽ തോറ്റു കൊടുക്കാൻ തയാറാവാത്ത വിദ്യാലക്ഷ്മിയുടെ അനുഭവം വായിക്കാം.

തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കിടെ അപകടം

കുട്ടിക്കാലം മുതൽ ടീച്ചറാകാനായിരുന്നു താൽപര്യം. പ്ലസ്ടുവും ടിടിസിയും കഴിഞ്ഞ ശേഷമാണ് ഡിഗ്രിയും പിജിയും ചെയ്തത്. കല്യാണം കഴിഞ്ഞ് കുട്ടി ആയതിനു ശേഷം പിഎസ്‌സി എഴുതി ജോലി കിട്ടി.  2019 ജൂണിലാണ് കടമ്പൂർ ഗവൺമെന്റ് എച്ച്എസ്എസിൽ ജോയിൻ ചെയ്തത്. അതായിരുന്നു ഫസ്റ്റ് പോസ്റ്റിങ്. 2021 ഏപ്രിൽ 6 നാണ് എനിക്ക് നിയമസഭാ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കിടെ അപകടം പറ്റുന്നത്. അഗളി ജിവിഎച്ച്എസിലായിരുന്നു ഡ്യൂട്ടി. ഇതിനു മുൻപും രണ്ടു പ്രാവശ്യം തിരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്തിട്ടുണ്ട്. അഗളിയിൽ ചെന്ന് ബൂത്തൊക്കെ സെറ്റ് ചെയ്തു. സ്ത്രീകൾക്ക് എല്ലാവർക്കും കൂടി ഒരു ബാത്റൂമേ ഉണ്ടായിരുന്നുള്ളൂ. കുളിച്ചിറങ്ങുമ്പോഴാണ് പെട്ടെന്ന് കറന്റ് പോയത്. ഇരുട്ടത്ത് പടിയിറങ്ങുന്നതിനിടെ ഞാൻ വീണു. രണ്ടു മിനിറ്റ് ബോധം ഉണ്ടായിരുന്നില്ല. ബോധം വന്നപ്പോൾ എന്റെ വിളി കേട്ട് ആളുകൾ വന്നു. എഴുന്നേൽക്കാനോ ഇരിക്കാനോ പറ്റാത്ത എന്നെ കിടത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സ്പൈനൽ കോർഡ് ഇൻജുറി ആണെന്ന് ആ സമയത്ത് എന്നോടു പറഞ്ഞില്ല. പിന്നീട് ‍‍ഡോക്ടർ സംസാരിച്ചു. വൈകിട്ടോടെ സർജറി കഴിഞ്ഞു. അപ്പോഴും അപകടത്തിന്റെ ഗൗരവം മുഴുവനായി മനസ്സിലായിരുന്നില്ല. എന്തോ പ്രശ്നം ഉണ്ടെന്ന് അറിയാമായിരുന്നു. 

vidyalakshmi
വിദ്യാലക്ഷ്മി (അപകടത്തിനു ശേഷവും മുൻപും)

ഇനിയെന്ത് പറയുമെന്നറിയാതെ ബുദ്ധിമുട്ടിയ ഡോക്ടർ

രണ്ടാഴ്ച കഴിഞ്ഞ് ഫിസിയോതെറാപ്പി തുടങ്ങിയപ്പോഴും ഒരുപാട് ബുദ്ധിമുട്ടി. 10 ദിവസം കഴിഞ്ഞപ്പോഴേക്കും ബെഡ് സോർ വന്നു. അങ്ങനെ തൽക്കാലം ഫിസിയോ തെറാപ്പി നിർത്തേണ്ടി വന്നു. ആറു മാസത്തോളം ട്രീറ്റ് ചെയ്തിട്ടാണ് ആ ബെഡ്സോർ മാറിയത്. ആഴത്തിലുള്ള മുറിവായിരുന്നു. എല്ല് കാണാൻ തുടങ്ങിയിരുന്നു. ഓരോ ബെഡ് സോറിലും ഡെഡ് ടിഷ്യൂസ് വരും. അത് മുറിച്ച് നോർമൽ സെൽ വരാൻ വേണ്ടിയുള്ള ശ്രമമായിരുന്നു പിന്നീട്. ഓരോ തവണ എന്നെ പരിശോധിക്കുമ്പോഴും, ഇനിയെന്തു പറയും എന്ന ടെൻഷനായിരുന്നു ഡോക്ടർക്ക്. മുറിവ് പുറകിലായത് കൊണ്ട് കുറേക്കാലം മലർന്നു കിടക്കാനേ പറ്റില്ലായിരുന്നു. ഒന്നുകിൽ കമിഴ്ന്നു കിടക്കണം അല്ലെങ്കിൽ ചെരിഞ്ഞു കിടക്കണം. അന്ന് അമ്മയും ഭർത്താവ് രാജീവും സഹോദരനുമാണ് ആശുപത്രിയിൽ കൂടെയുണ്ടായിരുന്നത്.

Read also: റോഹ്താങ്ങിലേക്കുള്ള അപകടം നിറഞ്ഞ ബൈക്ക് യാത്ര; 60–ാം വയസ്സിൽ മകന്റെ കൈപിടിച്ച് ലോകം ചുറ്റുന്ന അമ്മ

vidyalakshmi-1
വിദ്യാലക്ഷ്മി, മകൾ ഗായത്രി, ഭർത്താവ് രാജീവ്

നാലു മാസത്തോളം ഹോസ്പിറ്റലിലായിരുന്നു. കോവിഡ് സമയമായിരുന്നതു കൊണ്ട് മോളെ കാണാൻ പറ്റാതെ ബുദ്ധിമുട്ടി. ബെഡ്സോർ ഏകദേശം ഭേദമായതിനു ശേഷമാണ് വീട്ടിലേക്കു പോരുന്നത്. അത് ഭേദമാവാൻ വേണ്ടി വാക്വം മെഷീൻ ഏഴു തവണ വച്ചു. അടുത്തുള്ള ഒരു ചേച്ചി വന്നാണ് ഡ്രെസ് ചെയ്തു തന്നിരുന്നത്. അന്നൊക്കെ, നടക്കണം എന്നല്ല, െബഡ് സോർ മാറണമെന്നു മാത്രമായിരുന്നു ആഗ്രഹം. ഓരോ തവണയും തിരിഞ്ഞു കിടക്കണമെങ്കിൽ മറ്റുള്ളവരുടെ സഹായം വേണ്ടി വന്നിരുന്നു. സ്വന്തമായി ഒന്നും ചെയ്യാൻ പറ്റില്ല. എന്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് ആദ്യമൊക്കെ വളരെ വിഷമകരമായിരുന്നു. പിന്നെ ഫാമിലിയുടെ സപ്പോർട്ടും ഡോക്ടറുെട മോട്ടിവേഷനും ഒപ്പമുണ്ടായിരുന്നു. എന്തായാലും ഒരു കാര്യം ഞാൻ തീരുമാനിച്ചിരുന്നു, എന്തു വന്നാലും ജീവിക്കുമെന്ന്. കാരണം മോൾക്ക് ആ സമയത്ത് 5 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവൾക്ക് ഞങ്ങൾ മാത്രമേ ഉള്ളൂ.

ജീവിക്കാനുള്ള പഠന കാലം

മുറിവൊക്കെ ഏകദേശം ഉണങ്ങിക്കഴിഞ്ഞപ്പോഴാണ് ഫിസിയോതെറാപ്പിക്ക് വെല്ലൂർക്ക് പോകാൻ തീരുമാനിച്ചത്. അവിടെ ആദ്യത്തെ സെഷൻ കഴിഞ്ഞപ്പോൾത്തന്നെ നല്ല മാറ്റം കണ്ടു തുടങ്ങി. അവിടെ എല്ലാവരും നമ്മളെപ്പോലെയുള്ളവരാണ്. നമ്മളെക്കാൾ വയ്യാത്ത ആൾക്കാരും വലിയ പ്രതീക്ഷയോടെ, ജീവിക്കാനുള്ള ആഗ്രഹത്തോടെയാണ് വരുന്നത്. അങ്ങനെയുള്ളവരുടെ കൂടെയാകുമ്പോൾ നമുക്കും കുറച്ചു ധൈര്യം വരും. ബുദ്ധിമുട്ടുകൾ മാറാം, മാറാതിരിക്കാം. ഒരു ഉറപ്പും കിട്ടിയിട്ടല്ല നമ്മളവിടെ നിൽക്കുന്നത്. ഇപ്പോൾ ഉള്ള അവസ്ഥയിൽ എങ്ങനെ ജീവിക്കാം എന്നതിനുള്ള പരിശീലനമാണ് കിട്ടുന്നത്. 

vidyalakshmi3
വിദ്യാലക്ഷ്മി

അരയ്ക്കു താഴേക്കുള്ള ഇൻജുറി ആയതുകൊണ്ടു തന്നെ യൂറിനും മോഷനും ഒക്കെ ഒരു പ്രശ്നമായിരുന്നു. കാരണം അതൊന്നും അറിയാൻ പറ്റില്ല. ആദ്യം കുറച്ചു നാൾ ട്യൂബ് ഇട്ടിരിക്കുകയായിരുന്നു. ഇവിടെ വന്നപ്പോൾ എല്ലാം തനിയെ ചെയ്യാനുള്ള ട്രെയിനിങ് അവർ തന്നു. വീൽചെയറിലോ വോക്കറിലോ നടക്കാനും പഠിപ്പിച്ചു. അത് വല്ലാതെ ബുദ്ധിമുട്ടിച്ചു. കാലിനു ബലമില്ലാത്തതുകൊണ്ട് കയ്യിലാണ് കൂടുതൽ ബലം കൊടുക്കുക. അങ്ങനെ കൈയ്ക്കു പ്രശ്നമായി. രണ്ട് വിരൽ മടങ്ങിപ്പോയി. അതുകൊണ്ട് രണ്ടു മാസം റെസ്റ്റെടുത്ത ശേഷമാണ് വീണ്ടും വെല്ലൂരിലേക്ക് പോയത്. പിന്നെ വാക്കർ മാറ്റി സ്റ്റിക്കിലേക്കായി. അപ്പോഴും സ്വയം എഴുന്നേൽക്കാൻ മറ്റൊരാളുടെ സഹായം വേണമായിരുന്നു. മൊത്തം നാലു മാസം അവിടെ കഴിഞ്ഞു. 

സ്കൂളിലേക്കു മടക്കം

9 മാസത്തോളം പല ഹോസ്പിറ്റലുകളിലായിരുന്നു. എന്തായാലും വീട്ടിലിരിക്കുന്നു, അങ്ങനെയെങ്കിൽ തിരിച്ച് സ്കൂളിൽ പോകാം എന്നു തീരുമാനിച്ചു. ആശുപത്രിയിലായിക്കെ, സ്കൂളിലേക്കു തിരിച്ചു വരണമെന്നും ഞങ്ങളുടെ സപ്പോർട്ടുണ്ടാവുമെന്നും സഹപ്രവർത്തകർ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് സ്കൂളിലേക്കു പോകണം എന്നു തോന്നി. ഇതിനിടയിൽ വീട്ടിലിരുന്നു ബിഎഡ് പൂർത്തിയാക്കി. ‌‌‌വീട്ടുകാർക്കും സന്തോഷമായി. പിന്നെയും രണ്ടു മൂന്നു മാസങ്ങൾ കഴിഞ്ഞാണ് 2022 ഡിസംബർ ഒന്നിന് ഞാൻ വീണ്ടും സ്കൂളിൽ ജോയിൻ െചയ്യുന്നത്. ഈ സമയത്ത് ഒഫീഷ്യലായ ഒരു കാര്യവും നടന്നിരുന്നില്ല. പ്രോബേഷൻ ഡിക്ലയർ ചെയ്തിരുന്നില്ല. ലീവ് സാങ്ഷന്‍ ആയിട്ടില്ല. 2023 മേയ് 31 വരെയാണ് ലീവ് കൊടുത്തിരുന്നത്. വീട്ടിൽ ഇരിക്കാൻ താൽപര്യം ഇല്ലാത്തതു കൊണ്ടും ഇഷ്ടപ്പെട്ട ജോലിയായതുകൊണ്ടും എനിക്ക് ചെയ്യാൻ പറ്റും എന്ന വിശ്വാസമുള്ളതുകൊണ്ടും സ്കൂളിൽ പോകാം എന്നു ഉറപ്പിച്ചു. ടോയ്‌ലറ്റിൽ പോകാനൊക്കെ ബുദ്ധിമുട്ടുണ്ടാകും, പക്ഷേ വെല്ലൂരിൽനിന്നു കിട്ടിയ ട്രെയിനിങ് അനുസരിച്ച് കുറച്ചു കാര്യങ്ങളൊക്കെ സെറ്റ് ചെയ്ത് സഹപ്രവർത്തകർ എനിക്കു വേണ്ടി സ്കൂളിലെ ബാത്റൂമിൽ കുറച്ചു മോഡിഫിക്കേഷനൊക്കെ വരുത്തി.

വിദ്യാലക്ഷ്മി ടീച്ചർ
വിദ്യാലക്ഷ്മി ടീച്ചർ

സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ ആത്മവിശ്വാസം കൂടി. കാര്യങ്ങളൊക്കെ സ്വയം കൈകാര്യം ചെയ്യാൻ പറ്റുമെന്നായി. അതല്ലെങ്കിലും ‍ഞാനത് നേരത്തേ തീരുമാനിച്ചതാണ്. ഫാമിലിയും സ്കൂളിലെ ടീച്ചേഴ്സും ഫുൾ സപ്പോർട്ടാണ്. ഇപ്പോഴും ഞാൻ സ്കൂളിൽ പോകുന്നുണ്ട്. ഓരോ പുതിയ കാര്യവും പഠിച്ചു കൊണ്ടിരിക്കുന്നു. ഓരോ പ്രതിസന്ധിയും മുന്നിൽ വരുമ്പോൾ അതിനെ അതിജീവിക്കാനുള്ള മാർഗങ്ങൾ നമ്മൾ കണ്ടുപിടിക്കണമല്ലോ.

സങ്കടപ്പെട്ടിട്ട് എന്ത് കാര്യം

ആദ്യം അമ്മയ്ക്ക് വിഷമമായിരുന്നു. പക്ഷേ ഞാൻ ജീവിക്കുമെന്ന് ഇപ്പോള്‍ അവര്‍ക്കു വിശ്വാസമുണ്ട്. നമ്മളെക്കൊണ്ട് കഴിയുന്നതു പോലെ കാര്യങ്ങൾ ചെയ്തു ജീവിക്കുക. മറ്റുള്ളവർ ചെയ്യുന്നതുപോലെ നമുക്കു ചെയ്യാൻ പറ്റില്ല. പക്ഷേ ഇപ്പോളത്തെ ടെക്നോളജിയൊക്കെ ഉപയോഗിച്ച് എല്ലാ പ്രശ്നങ്ങളും തരണം ചെയ്തു മുന്നോട്ടു പോകാം എന്ന വിശ്വാസത്തിലാണ് ഞാനിപ്പോഴും. 

vidyalakshmi-teacher
അപകടത്തിനു മുൻപുള്ള കുടുംബചിത്രങ്ങൾ

എനിക്ക് എല്ലാ കാര്യവും ഇപ്പോൾ ഒരുവിധം തനിയെ ചെയ്യാൻ പറ്റുന്നുണ്ട്. മോളുടെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. വീട്ടിൽ എല്ലായിടത്തും മൂവ് ചെയ്യാൻ പറ്റുന്നില്ല എന്ന പ്രശ്നമേയുള്ളു. വീട് കുറച്ചു കൂടി മോഡിഫൈ ചെയ്താൽ എല്ലാവരും ചെയ്യുന്ന കാര്യങ്ങളൊക്കെ ഒരുവിധം എനിക്കും ചെയ്യാൻ സാധിക്കും. 

Read also: ' ഭിന്നശേഷിയെ അതിജീവിച്ച കുട്ടികളിൽ എന്റെ മോൻ പെടില്ല, അവൻ പറയുന്ന ഒരേയൊരു വാക്ക് അമ്മ എന്നാണ് '

നഷ്ടപ്പെട്ടു പോയ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടു കാര്യമില്ല. എന്തൊക്കെ ഇല്ല എന്നാലോചിച്ചാൽ സങ്കടപ്പെട്ട് ഇരിക്കാനേ നേരമുണ്ടാകൂ. ഉള്ളത് എങ്ങനെ ഉപയോഗപ്പെടുത്താം എന്നു ചിന്തിക്കുക. അങ്ങനെയേ നമുക്ക് മുന്നോട്ടു പോകാൻ പറ്റൂ. നമ്മൾ പോസിറ്റീവ് ആയാലേ നമ്മുടെ കൂടെയുള്ളവർക്കും പോസിറ്റീവ് ആയിരിക്കാൻ പറ്റൂ. ഞാനിവിടെ വിഷമിച്ചിരുന്നാൽ നമ്മുടെ കൂടെയുള്ളവരും വിഷമിക്കും. മാത്രമല്ല വിഷമിച്ചിരിക്കുന്ന ഒരാളുടെ കൂടെ ഇരിക്കാൻ ആർക്കും വലിയ താല്‍പര്യമൊന്നും കാണില്ല. 

vidyalakshmi-2
വിദ്യാലക്ഷ്മി

വാതിലുകൾ തുറക്കും, വഴികൾ താനേ തെളിയും

പുറത്തു പോകുമ്പോൾ അസൗകര്യങ്ങൾ ഉണ്ടാകാറുണ്ട്. സ്കൂളില്‍ റാംപ് ഉണ്ടെങ്കിലും സ്വന്തമായി കയറിപ്പോകാൻ പറ്റുന്ന റാംപുകൾ കുറവാണ്. ഡിസേബിൾ ആയിട്ടുള്ള വ്യക്തികൾക്ക് പോകാൻ പറ്റുന്ന രീതിയിലായിരിക്കണം എല്ലാ കെട്ടിടങ്ങളും എന്നു നിയമങ്ങളുണ്ട്. പക്ഷേ ഇപ്പോഴും വീൽ ചെയർ കയറാൻ പറ്റുന്ന ഹോട്ടൽ തിരഞ്ഞു കണ്ടുപിടിച്ചു വേണം പോകാൻ. ഒരു സിംഗിൾ സ്റ്റെപ് ഉള്ളിടത്തും വീൽചെയർ ഉപയോഗിച്ച് കേയറാൻ പറ്റും. അത്തരത്തിലെ ട്രെയിനിങ് വെല്ലൂരിൽനിന്നു കിട്ടിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ വീൽചെയറിലുള്ളവർക്ക് പുറത്തു പോകാനും സാധനങ്ങൾ വാങ്ങാനും വലിയ ബുദ്ധിമുട്ടില്ല. അവിടെ മോഡിഫൈ ചെയ്ത വണ്ടി ഓടിക്കാനുമാകും. നമ്മുടെ നാട്ടിൽ ഇൻഡിപെൻഡന്റായി ജീവിക്കാനുള്ള സാഹചര്യം കുറവാണ്. 

നമുക്ക് എന്തെങ്കിലും കുറവുണ്ടെന്നു വിചാരിച്ച് വിഷമിച്ചിരുന്നാൽ മുൻപോട്ടു പോകാൻ പറ്റില്ല. കാരണം എല്ലാം പെർഫെക്റ്റായി, എല്ലാം സെറ്റിൽഡായി നമുക്ക് ജീവിക്കാൻ പറ്റില്ല. അത് ആരുെട ലൈഫിലും ഉണ്ടാവില്ല. ഉള്ള കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി ജീവിക്കുക. തിരിഞ്ഞു കിടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽനിന്ന് ഇത്രയും കാര്യങ്ങളൊക്കെ ചെയ്യാനാവുന്ന രീതിയിലേക്ക് എത്താൻ പറ്റിയതിൽ വളരെ സന്തോഷം ഉണ്ട്. ഇൻഡിപെൻഡന്റായി ജീവിക്കാമെന്ന കോൺഫിഡൻസുമുണ്ട്. 

ഓരോ സ്ഥലത്തും നമുക്കുവേണ്ടി ഓരോ വാതിൽ  തുറക്കപ്പെടും. നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ െചയ്യുക. എന്നെക്കൊണ്ടാകുമോ എന്ന് സംശയിച്ചു നിൽക്കാതെ എല്ലാം തുടങ്ങിവയ്ക്കുക. ബാക്കിയുള്ള വഴികൾ താനേ തെളിഞ്ഞു വരും.

Content Summary: Teacher in wheelchair shares her accident and how it changed her life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com