Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപ്പോഴാണ് എന്റെ ‘ടൈം’ വന്നത്

നിഷ ശാരംഗ് നിഷ ശാരംഗ്. ഫോട്ടോ : സരിൻ രാംദാസ്

പണ്ടൊക്കെ ഓർക്കാറുണ്ട്. ‘ഈശ്വരാ... എന്നാണ് ഞാൻ തിരക്കുള്ള ആർട്ടിസ്റ്റ് ആകുന്നത്’ നിഷ ശാരംഗ്.

കുട്ടികൾ എത്ര പേരാണ്? നിഷാ ശാരംഗിനെ കാണുമ്പോൾ പലരും ചോദിക്കുന്ന കുശലം. സീരിയലിൽ നാലു മക്കളുടെ അമ്മ നീലുവായി തിളങ്ങുന്ന നിഷയ്ക്ക് എത്ര മക്കളുണ്ടെ ന്നറിയാനുള്ള കൗതുകമാണ് ചോദ്യത്തിനു പിന്നിൽ. ‘എനിക്ക് പിള്ളേര് ആറാണ്’. നിഷയുടെ മറുപടി കേട്ട് ആരാധികമാരായ വീട്ടമ്മമാർ അമ്പരപ്പോടെ നോക്കും. ചിരിയോടെ സസ്പെൻസ് അധികം നീട്ടാതെ നിഷ തന്നെ പറയും. ‘സ്ക്രീനിൽ നാല്, വീട്ടിൽ രണ്ടു പെൺമക്കൾ’. ‘ഉപ്പും മുളകും’ ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ മുഖമായി നിഷ ശാരംഗിന്റെ വിശേഷങ്ങൾ.

സീരിയലിലെ കുടുംബം കാണുമ്പോൾ മക്കൾക്ക് അസൂയയുണ്ടോ?

രണ്ടു പെൺകുട്ടികളാണെനിക്ക്, രേവതിയും രേവിതയും. ഒരാൾ എം.കോം രണ്ടാം വർഷം പഠിക്കുന്നു. രണ്ടാമത്തെ മകൾ ബികോം കഴിഞ്ഞ് ഇപ്പോൾ ബിഎസ്സി ഫാഷൻ ടെക്നോളജി പഠിക്കാൻ തയാറെടുക്കുന്നു. ആദ്യ കാലങ്ങളിൽ സീരിയലുകളിൽ നിന്ന് ധാരാളം അവസരങ്ങൾ കിട്ടിയെങ്കിലും പലതും മക്കൾക്കു വേണ്ടി ഉപേക്ഷിക്കുകയായിരുന്നു. പെൺ കുട്ടികളല്ലേ....ഇപ്പോൾ അവർ മുതിർന്നു. എന്റെ അമ്മ ഞങ്ങൾക്കൊപ്പം കാക്കനാട്ടുള്ള വീട്ടിലുണ്ട്. അവരുടെ കാര്യത്തിൽ ഇപ്പോൾ ടെൻഷനില്ലെങ്കിലും എന്നെ അടുത്തു കിട്ടാറില്ലെന്ന പരാതിയാണ് അവർക്ക്.

കാക്കനാട് എന്റെ വീടിനടുത്തുള്ള ഒരു വീടാണ് സെറ്റ്. കുട്ടികൾ പ്രധാന താരങ്ങളായതുകൊണ്ട് സെറ്റും കുടുംബാന്തരീക്ഷം പോലെ രസമാണ്. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ കളികളും പാട്ടുമെല്ലാമായി ഞാനും അവർക്കൊപ്പം കൂടും. സീരിയലിൽ കുട്ടികൾ എന്നെ സദാസമയം അമ്മ എന്നു വിളിച്ച് പുറകെ നടക്കുന്നതും ഞാൻ അവരെ വാൽസല്യത്തോടെ കാണുന്നതുമെല്ലാം മക്കൾക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. അവരുടെ നോട്ടത്തിൽ അമ്മ അവരുടെ മാത്രം സ്വന്തമാണല്ലോ. പിന്നെ, ആളുകൾ അഭിനന്ദിക്കുമ്പോൾ എന്നേക്കാളും സന്തോഷം അവർക്കാണ്.

പത്താം ക്ലാസ് കഴിഞ്ഞ് അധികം താമസിയാതെ വിവാഹം ചെയ്ത് അയയ്ക്കുകയായിരുന്നു എന്നെ. അതുകൊണ്ട് തന്നെ ചെറുപ്പത്തിലെ കുട്ടികളും കുടുംബവുമൊക്കെ മാനേജ് ചെയ്യാൻ പഠിച്ചു. അതിപ്പോൾ സീരിയലിന്റെ സെറ്റിൽ ഉപകാരപ്പെടുന്നുണ്ട്. ചെറുപ്പത്തിൽ എന്റെ ആഗ്രഹം ഒരുപാട് കുട്ടികളുണ്ടാകണമെന്നതായിരുന്നു. ഇപ്പോൾ ദൈവം ആ ആഗ്രഹം മറ്റൊരു തരത്തിൽ സാധിച്ചു തന്നതു പോലെയാണ് എനിക്കു തോന്നുന്നത്. പുറത്തു പോകുമ്പോൾ പലരും ചോദിക്കുന്നുണ്ട് ഞങ്ങൾ യഥാർത്ഥത്തിൽ ഒരേ കുടുംബം തന്നെയാണോ എന്ന്. ശരിക്കും അത്തരം ചോദ്യങ്ങളും ഈ തിരക്കുമെല്ലാം ഞാൻ ഇപ്പോൾ ആസ്വദിക്കുകയാണ്. മുമ്പൊക്കെ പലരും തിരക്കു നിറ‍ഞ്ഞ അഭിനയ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ ഞാനോർക്കുമായിരുന്നു ഈശ്വരാ...എനിക്കെപ്പോഴാണ് തിരക്കുള്ള ഒരു ആർട്ടിസ്റ്റാകാൻ കഴിയുക എന്ന്.

സ്വന്തമായി വീട്, ഒരു വണ്ടി, കുട്ടികളുടെ പഠനം ഇതൊക്കെ മാത്രമേ ഞാൻ സ്വപ്നം കണ്ടിരുന്നുള്ളൂ. അതൊക്കെ നേടാനായി. പണ്ടൊക്കെ എന്റെ പ്രാർത്ഥന കേട്ട് ദൈവത്തിനു ബോറടിച്ചിട്ടുണ്ടാകും. ഇപ്പോൾ ആലോചിക്കുമ്പോൾ അതൊക്കെ പ്രാർത്ഥന ആയിരുന്നോ അതോ പരാതി പറയലായിരുന്നോ എന്നു പോലും തോന്നിപ്പോകും. എന്നെ, ഇങ്ങനെ കഷ്ട പ്പെടുത്തുന്നതിൽ ദൈവത്തോട് എനിക്ക് കടുത്ത അമർഷമുണ്ടായിരുന്നു. കുറേ അങ്ങനെ വിചാരിച്ചു കഴിയുമ്പോൾ ഉളളി ലിരുന്ന് ആരോ പറയുന്നതു പോലെ തോന്നും എല്ലാവർക്കും ഓരോ സമയമുണ്ട്, അത് കലയിലായാലും ജീവിതത്തിലായാലും’. എന്റെ ടൈം വന്നത് ഇപ്പോഴാണെന്ന് മാത്രം.

എങ്ങനെയാണ് അഭിനയത്തിലേക്ക് എത്തുന്നത്?

‘അഗ്നിസാക്ഷി’ എന്ന ശ്യാമപ്രസാദ് ചിത്രത്തിൽ ഒരു തിരുവാതിര സീനുണ്ട്. അതിലഭിനയിക്കുന്ന കുട്ടികൾക്ക് തിരുവാതിര ചിട്ടപ്പെടുത്താൻ ഡാൻസ് ടീച്ചർക്കൊപ്പം ഞാനും സെറ്റിൽ പോയി. അപ്പോഴാണ് ഇല്ലത്തെ നമ്പൂതിരി കുട്ടിയായി അഭിനയിക്കാൻ അവസരം വന്നത്. പേടിച്ചിട്ടാണെങ്കിലും അന്നാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിന്നത്. ദേശീയ അവാർഡ് വരെ ലഭിച്ച മലയാളത്തിലെ ഒരു മികച്ച ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതോർത്ത് പിന്നീട് എനിക്ക് സന്തോഷം തോന്നി.

വീട്ടിൽ നിന്ന് വലിയ പ്രോൽസാഹനമില്ലായിരുന്നു. എന്നിട്ടും അഭിനയിക്കേണ്ടി വന്നു. ജീവിതത്തിലെ പല സാഹചര്യങ്ങളിലും ഉത്തരവാദിത്തങ്ങളും ചുമതലകളും ഏറ്റെടുക്കേണ്ടി വന്നതും അഭിനയത്തിലേക്ക് തിരിച്ചു വരാൻ ഒരു കാരണമായി. നർത്തകിയാകണം എന്നതിനപ്പുറം ഒരു സാധാരണ വീട്ടമ്മയായി കഴിഞ്ഞാൽ മതിയെന്നായിരുന്നു എന്റെ ആഗ്രഹം. പിന്നീട് ജീവിതത്തിലെ ഉത്തരവാദിത്തങ്ങളിൽ ഞാൻ ഒറ്റപ്പെട്ടു പോയപ്പോൾ എനിക്ക് അഭിനയം തുണയായി. ഭർത്താവ് ഞങ്ങൾക്കൊപ്പമില്ല, ഞാനാണ് എന്റെ കുടുംബത്തിലെ നെടുംതൂൺ. നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല. കുടുംബ ജീവിതം സന്തോഷകരമായിരുന്നില്ല. പക്ഷേ, എനിക്ക് എന്നെ കരയിപ്പിച്ചവരെ പോലും വെറുക്കാൻ കഴിഞ്ഞിട്ടില്ല. ഭർത്താവിനെക്കുറിച്ച് പറഞ്ഞ് അത് വാർത്തകളായി അദ്ദേഹം വേദനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അവസരങ്ങളും പണവും എല്ലാം തേടിയെത്തുമ്പോഴും നിറഞ്ഞ കണ്ണുകളോടെ മാത്രമേ എനിക്ക് സ്ക്രീനിൽ പുഞ്ചിരിക്കാൻ കഴിയാറുള്ളൂ. അതെന്റെ സ്വകാര്യ ദുഃഖമാണ്.

അവസരങ്ങളില്ലാതിരുന്നപ്പോൾ ബുദ്ധിമുട്ടിയിട്ടുണ്ടോ?

കഴിഞ്ഞ നാളുകളിൽ പ്രശ്നങ്ങൾക്ക് നടുവിൽ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അവസരങ്ങൾ ഇല്ലാതിരുന്നപ്പോൾ ജീവിക്കാനും കുട്ടികളെ പഠിപ്പിക്കാനുമെല്ലാം വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. പ്രമുഖ ബ്രാൻഡിന്റെ കുക്കറി വെയർ വിതരണം നടത്തി‌ക്കിട്ടിയ വരുമാനം കൊണ്ടാണ് കുറേക്കാലം ഞങ്ങൾ ജീവിച്ചത്.

പരിചയക്കാരായ വീട്ടമ്മമാർ വഴി വളർന്ന ബന്ധങ്ങളിൽ നിന്ന് കുറേ വീട്ടമ്മമാരെ കസ്റ്റമേഴ്സായി കിട്ടി. പാത്രങ്ങൾ വിൽക്കുന്നതിനൊപ്പം അടിമാലിയിൽ നിന്ന് സഹോദരൻ എത്തിച്ചു തരുന്ന കുടംപുളിയും തേയിലയുമെല്ലാം ഞാൻ വിൽപന നടത്തിത്തുടങ്ങി. കടകളിൽ നേരിട്ടു ലാഭം കൂട്ടിവച്ച് ഞാൻ കുടുംബം നടത്തി. വലിയ വിഷമങ്ങളൊന്നും അറിയിക്കാതെ മക്കളെ പഠിപ്പിച്ചു. കൊച്ചിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറായി ജോലി ചെയ്തു. ഇപ്പോഴും ഞാൻ എന്റെ കാറെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ അതിൽ കുടംപുളിയും തേയിലയും കാണും. നാളെ ‘ഉപ്പും മുളകും’ ഇല്ലെങ്കിലും ജീവിതത്തിൽ ഉപ്പും മുളകും മുടങ്ങരുതല്ലോ.

നിഷ ശാരംഗ് മകൾ രേവിത, രേവതി എന്നിവർക്കൊപ്പം നിഷ ശാരംഗ് മകൾ രേവിത, രേവതി എന്നിവർക്കൊപ്പം

അത്തരം തോന്നൽ എനിക്ക് മാത്രമല്ല കഠിനമായ സാഹചര്യ ങ്ങളെ അതിജീവിച്ചവർക്കെല്ലാമുണ്ടായിരിക്കാം. എത്ര നല്ലനിലയിൽ നിൽക്കുമ്പോഴും നാളെ ഒരു മോശം അവസ്ഥ വന്നാൽ എങ്ങനെ നേരിടണമെന്ന കരുതൽ എപ്പോഴും മനസ്സിൽ ഉണ്ടാകും. എനിക്കും എന്റെ കുട്ടികൾക്കും ഇന്നുള്ള ഈ ജീവിതം തന്നത് അഭിനയമാണ്. അത് ഞാൻ അങ്ങേയറ്റം നന്ദിയോടെ തന്നെ പറയും.

വീണ്ടും അഭിനയത്തിൽ സജീവമാകുന്നത്?

രണ്ടാമത്തെ വരവ് ‘അടുക്കളപ്പുറം’ എന്ന ടെലിവിഷൻ സീരിയലിലൂടെയായിരുന്നു. അത് സ്പോട്ട് ഡബ്ബിങ് ആയിരുന്നു. ഒന്നരവർഷത്തോളം നീണ്ടു നിന്നു. അതു കഴിഞ്ഞപ്പോൾ എന്റെ ആത്മവിശ്വാസം വർധിച്ചു. അതിനു കിട്ടിയ ജനപ്രീതി എന്റെ കരിയറിനും ഗുണം ചെയ്തു. അതോടെ മനസ്സ് പറഞ്ഞു തുടങ്ങി. ഇതാണ് എന്റെ നിയോഗമെന്ന്.

കാഴ്ച, ഫ്ലാഷ്, യെസ് യുവർ ഓണർ, പോത്തൻബാവ, മൈ ബോസ് തുടങ്ങി നല്ല കുറെ സിനിമകളിൽ അഭിനയിച്ചു.

ജീവിതത്തിൽ ഒറ്റപ്പെട്ട സാഹചര്യം വന്നപ്പോൾ ധൈര്യം നേടിയത് എങ്ങനെയാണ്?

ഞാൻ ഒരു കൃഷ്ണ ഭക്തയാണ്. എല്ലാ വർഷവും ഗുരുവായൂര് പോയി ഭജന ഇരിക്കാറുണ്ട്. അന്നും ഇന്നും സങ്കടം വന്നാലോ ധൈര്യം കുറയുന്ന പോലെ തോന്നിയാലോ മനസ്സുരുകി ഗുരുവായൂരപ്പനെ വിളിക്കും. ആ വിളി കണ്ണൻ കേൾക്കുമെന്ന വിശ്വാസമാണ് ജീവിക്കാനുള്ള എന്റെ ധൈര്യം.

കഷ്ടപ്പാടാണെങ്കിലും എല്ലാ മാസവും മുടങ്ങാതെ കണ്ണനെ കാണാൻ പോകുമായിരുന്നു. ഒരിക്കൽ ഞാനും മക്കളും കൂടി ഗുരുവായൂർക്ക് വണ്ടി കയറി. വണ്ടിക്കൂലിയും കഷ്ടിച്ച് ഭക്ഷണം കഴിക്കാനും മാത്രമുള്ള പണമേ അന്ന് കൈയിൽ ഉണ്ടായിരുന്നുള്ളൂ. അമ്പലനടയിൽ കൃഷ്ണ വിഗ്രഹങ്ങൾ വിൽക്കുന്നിടത്ത് ഒരു കൃഷ്ണ വിഗ്രഹം എന്റെ കണ്ണിലുടക്കി. പണമില്ലാത്തതിനാൽ സ്വന്തമാക്കണമെന്ന സ്വപ്നമുണ്ടായിരുന്നില്ല.

എങ്കിലും മുന്നോട്ട് നടക്കുമ്പോൾ ആ കൃഷ്ണന്റെ മുഖം മനസ്സിൽ നിന്ന് മാഞ്ഞില്ല. തൽക്കാലത്തേക്ക് വിശപ്പ് മാറാനുള്ളത് മക്കൾക്ക് വാങ്ങിക്കൊടുത്ത് ഒന്നും കഴിക്കാതെ ഞാൻ ആ കൃഷ്ണ വിഗ്രഹം വാങ്ങി വീട്ടിൽ കൊണ്ടു വന്നു. അന്നാണ് എനിക്ക് ‘അടുക്കളപ്പുറം’ സീരിയലിലേക്ക് അവസരം കിട്ടുന്നത്. പിന്നീട് മൂവായിരം രൂപ മാത്രം വാടകയുള്ള ആ കൊച്ചു വീട്ടിൽ നിന്ന് കാക്കനാട്ടെ വലിയ വീട്ടിലേക്ക് മാറിയപ്പോഴും ഞാൻ ആ കണ്ണനെ ഒപ്പം കൂട്ടി. എന്റെ ദുഃഖങ്ങളെല്ലാം പറയുന്നത് ഞാനാ കണ്ണനോടാണ്. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം.  

കൂടുതൽ അഭിമുഖങ്ങൾ വായിക്കാൻ സന്ദർശിക്കുക.

related stories
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.