Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊലിക്കട്ടി കൊണ്ട് മാത്രം ഉണ്ടാക്കിയ വിജയവുമായി പ്രസീത

praseetha-menon-01 പ്രസീത മേനോൻ

അടുത്ത കാലത്ത് പ്രസീത മേനോന് ഒരു അവാർഡ് കിട്ടി. ബെസ്റ്റ് ടെലിവിഷൻ പെർഫോമൻസിനുള്ള ആ അവാർഡും ബാഗിലാക്കി എത്രയും വേഗം സ്ഥലം കാലിയാക്കാൻ നോക്കുമ്പോൾ അതാ സദസ്സ് മുഴുവൻ സ്റ്റേജിലേക്ക് ഇടിച്ചു കയറുന്നു. അങ്ങനങ്ങു പോയാലെങ്ങനാ. ഞങ്ങളു വന്നതേ മിമിക്രി കാണാനാ. അതു കാണിച്ചിട്ടു പോയാൽ മതി.

പ്രസീത പിന്നെ വെറുതെ ഇരിക്കുമോ? ദാ.. പിടിച്ചോ എന്ന മട്ടിൽ മമ്മൂട്ടി, മോഹൻലാൽ, ഇന്നസെൻറ്, സുരേഷ് ഗോപി.. സദസ് കൈയടിച്ച് ഇളകി മറിയുന്നത് കണ്ട് കേട്ട് പ്രസീത അറിയാതെ പറഞ്ഞു പോയി. ഞാൻ അവാർഡ് വാങ്ങീപ്പോ പോലും ഇത്രയ്ക്ക് കൈയടി ഇല്ലായിരുന്നല്ലോ.

അല്ലെങ്കിലും പ്രസീത മിമിക്രി ചെയ്തു തുടങ്ങിയാൽ മുന്നിൽ നിൽക്കുന്ന മൈക്കുപോലും ചിരിച്ചു ചിരിച്ചു മറിഞ്ഞു വീഴും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മിമിക്രിയിലെ ‘മി’ എന്നു കേട്ടാൽ പെർഫോമൻസ് തുടങ്ങുന്ന പ്രസീതയുടെ ഹിസ്റ്ററി. അതിന് അങ്ങു നസീർ സാറിന്റെ കാലത്തോളം പഴക്കം വരും!

വൈശാലി എന്ന ചിത്രത്തിന്റെ 200-ാം ദിവസത്തെ ആഘോഷവേള. സദസ്സിൽ പ്രേംനസീർ ഉൾപ്പെടെ മലയാള സിനിമയിലെ പ്രശസ്തർ. വേദിയിൽ ഏഴാം ക്ലാസുകാരിയായ പ്രസീതയുടെ മിമിക്രി തകർക്കുകയാണ്. അയ്... മണ്ടിപ്പെണ്ണേ...ഒന്നു ചിരിക്കൂ..അയ്..അങ്ങനെയല്ല..ദാ ഇങ്ങനെ..ഹി..ഹി..ഹി. പ്രസീത നോക്കുമ്പോളതാ പെട്ടെന്ന് പ്രംനസീർ കസേരയിൽ നിന്നെഴുന്നേൽക്കുന്നു.

ഞാൻ ശരിക്കു ഞെട്ടി പണി പാളിയോ.. എനിക്കിട്ട് ഒന്നു പൊട്ടിക്കാനാണോ നസീർ സാറിന്റെ വരവ്? ഏതു വഴി ഓടണം എന്ന് പ്രസീത നാലുവശവും കള്ളക്കണ്ണിട്ട് നോക്കി വച്ചു. അപ്പോൾ അതാ നസീർ സാർ പുഞ്ചിരിയോടെ അടുത്തു വന്ന് അനുഗ്രഹം പോലെ പറയുന്നു. “നീ ഈ കല കൊണ്ടു പ്രശസ്തയാകും.” ആ വാക്കുകൾ സത്യമായെന്ന് കാലം തെളിയിച്ചു. എറണാകുളത്ത് എരൂരിലെ ‘മാധവം’ എന്ന വീട്ടിലിരുന്ന് പ്രസീത വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.

ഇപ്പോൾ എന്നെ കാണുമ്പോളേ ആളുകൾക്കു ചോദിക്കാനുള്ളത് വണ്ണത്തെ പറ്റിയാണ്. നേരിൽ കാണുന്നതിലും തടി ചാനലിലെ പരിപടിയിൽ തോന്നുമെന്ന് എല്ലാവരും പറയാറുണ്ട്. അതിനു പിന്നിൽ ഒരു രഹസ്യമുണ്ട്. പ്രോഗ്രാമിനായി വണ്ണം കൂടുതൽ തോന്നിപ്പിക്കുന്ന കോസ്റ്റ്യൂമാണ് ഉപയോഗിക്കുന്നത്. ഇരുന്നുള്ള ജോലിയും ജോലി സംബന്ധമായ സ്ട്രെസുമൊക്കെ എന്റം തടിയുടെ കാരണമാണ്. എന്നു കരുതി ഇഷ്ടപ്പെട്ട സ്വീറ്റ്സുപേക്ഷിക്കാനോ എടുത്താൽ പൊങ്ങാത്ത ഡയറ്റിങ് പരീക്ഷിക്കാനോ ഞാനില്ലേ. പിന്നെ മലയാളി സ്ത്രീകളെക്കുറിച്ചുള്ള സങ്കൽപ്പത്തിൽ വണ്ണം ഒരു സൗന്ദര്യലക്ഷണമല്ലേ. പ്രസിത കണ്ണിറുക്കി ചിരിക്കുന്നു.

ക്ലാസിലെ വികൃതിക്കുട്ടി

“കുട്ടിക്കാലത്തേ ഞാനൽപം വികൃതിയായിരുന്നു. ആരെങ്കിലും കണ്ണുരുട്ടി കാട്ടിയാൽ എന്തെടാ എന്നു തിരിഞ്ഞു ചോദിക്കുന്ന പ്രകൃതം. അച്ഛൻ ഗോപാലകൃഷ്ണൻ നൈജീരിയയിൽ കമ്പനി ലോയർ ആയിരുന്നു. ആറാം ക്ലാസ് വരെ അവിടെയായിരുന്നു. ജീവിതത്തെ ഇത്ര ലൈറ്റായി കാണാൻ പഠിപ്പിച്ചത് അവിടമാണ്. സ്കൂളിലെ എല്ലാ ആക്റ്റിവിറ്റീസിലും ഞാൻ പങ്കെടുക്കും. നാട്ടിലെത്തിയപ്പോഴും അതിനു മാറ്റമുണ്ടായില്ല. എല്ലാ പരിപാടികൾക്കും പേരു കൊടുക്കുക മാത്രമല്ല, കൂട്ടുകാരെക്കൂടി ഉന്തിത്തള്ളി സ്റ്റേജിൽ കയറ്റും. ക്ലാസിലാണെങ്കിലോ മഹാ അലമ്പ്. ഹോംവർക്ക് ചെയ്യാത്തതിന് ക്ലാസിനു പുറത്ത് സ്ഥിരം പാറാവു നിൽപ്പായിരുന്നു പണി.

കെമിസ്ട്രി ടീച്ചറെ അനുകരിക്കുകയായിരുന്നു എന്റെ പ്രധാന ഹോബി. ഒരു ദിവസം ടീച്ചർ വരാൻ വൈകി. ഞാൻ ജനാലയുടെ പിന്നിൽ നിന്ന് ടീച്ചറുടെ ശബ്ദത്തിൽ സംസാരം തുടങ്ങി. കുട്ടികളെല്ലാം പെട്ടെന്നു നിശ്ശബാദരായി. അതുകണ്ട് ആവേശം കൂടി ഞാൻ എന്തൊക്കെയോ പറയാൻ തുടങ്ങി. ഇടയ്ക്ക് രാജാപ്പാർട്ട് സ്റ്റൈലിൽ അട്ടഹസിക്കുന്നുമുണ്ട്. ഒന്നു തിരിഞ്ഞപ്പോഴാണ് പിന്നിൽ എല്ലാം കോട്ടു കൊണ്ട് ടീച്ചർ നിൽക്കുന്നതു കണ്ടത്. പതിനെട്ടടവും പയറ്റിയാണ് അന്നു ചൂരൽക്കഷായത്തിൽ നിന്നു രക്ഷപ്പെട്ടത്.

വീട്ടിൽ ഞങ്ങൾ നാലു പേരാണ്. ഞാനാണ് ഏറ്റവും ഇളയത്. മറ്റുള്ളവരെക്കാൾ എന്തും ആദ്യം കിട്ടാൻ കലാപം ഉണ്ടാക്കുക എന്റെ പതിവായിരുന്നു. അച്ഛൻ നന്നായി ചിക്കൻകറി വയ്ക്കും. അതിന്റെ മണം അടിക്കുമ്പോഴേ ഞാനടുക്കളയിൽ പറന്നെത്തും. ചേച്ചിയും ചേട്ടന്മാരും വരുന്നതിനു മുൻപേ അകത്താക്കുകയാണ് ലക്ഷ്യം. ഈ പരാക്രമം കാണുമ്പോൾ അച്ഛൻ പറയും എന്റെ പ്രസീതേ, നീയാ ചിക്കനെയൊന്നു വേവാൻ അനുവദിക്ക്.

മൂന്നാംമുറയോടെ തുടക്കം

കൊച്ചു കൊച്ചു വില്ലത്തരങ്ങളുമായി മറ്റുള്ളവർക്കു തലവേദനയുണ്ടാക്കി നടക്കുമ്പോഴാണ് അതു സംഭവിച്ചത്. പ്രസീതയെ സിനിമയിലെടുത്തു. മോഹൻലാൽ നായകനായ മൂന്നാം മുറായിരുന്നു ആദ്യ സിനിമ.

praseetha-menon പ്രസീത മേനോൻ

“ഞാനന്ന് ഏഴാം ക്ലാസിലാണ്. പ്രതാപ്ചന്ദ്രന്റെ ചെറുമകളുടെ വേഷമായിരുന്നു. ഞങ്ങളന്നും കൊച്ചിയിലാണ് താമസം. മൂന്നാംമുറയുടെ നിർമാതാക്കളായ സെവൻ ആർട്സുമായി അച്ഛന് സൗഹൃദമുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയിച്ചത്. കഷ്ടിച്ച് ഒരു ഡയലോഗേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്താണ് മിമിക്രിയോടു പ്രേമം തുടങ്ങിയത്. അഭിനേതാക്കളുടെ സംസാര രീതിയും ശരീരഭാഷയുമൊക്കെ മനസ്സിലാക്കി. പിന്നെ ഒരു രക്ഷയുമില്ല. മനസ്സിൽ മിമിക്രി എരിപൊരി കൊള്ളുമ്പോൾ ഞാൻ ബാത്ത്റൂമിലേക്കു മുങ്ങും. ഒരു ദിവസം ബാത്ത്റൂമിൽ നിന്നും പുരുഷശബ്ദം കേട്ട് അമ്മ ബഹളം കൂട്ടി. മിമിക്രി ബാത്ത്റൂമിനു പുറത്തും ആവാം എന്നു പ്രോത്സാഹിപ്പിച്ചത് ചേച്ചി പ്രിയയാണ്.

മിമിക്രിയും വികൃതിയുമായി നടക്കുമ്പോഴായിരുന്നു സ്കൂൾ മാറ്റം. പഠിത്തത്തിലെ ശുഷ്കാന്തി കണ്ട് പത്തിലെങ്ങാനും തോറ്റു പോയാലോ എന്നു പേടിച്ച് ഐസിഎസിയിൽ നിന്ന് കേരള സിലബസിലേക്കു മാറ്റി. അവിടെയും എന്റെ പേടി സ്വപ്നമായ ഹിന്ദി വിടാതെ പിടികൂടി. കിലുക്കത്തിൽ ജഗതിച്ചേട്ടൻ പറയും പോലെ ‘മുഛേ മാലും. ഉൗംംം..ഉൗംം.’ അതാണവസ്ഥ. പരുക്കേൽക്കാതെ പത്താംക്ലാസ് കടന്നപ്പോൾ ചേട്ടനേം ചേച്ചിയെയും പോലെ പഠിച്ചു മിടുക്കിയാവാൻ ആവേശം തോന്നി. എറണാകുളം സെന്റ് തെരേസാസിൽ നിന്ന് ബിഎ.യും ബെംഗളുരുവിൽ നിന്നു നിയമ ബിരുദവും നേടി. കലയിൽ നമ്മൾ എത്രനാൾ തിളങ്ങുമെന്ന് പറയാനാകില്ല. എന്നാൽ വിദ്യാഭ്യാസമുണ്ടെങ്കിൽ ഏതെങ്കിലും മേഖലയിൽ പിടിച്ചു നിൽക്കാം. ചെന്നൈയിലെ ആർ ആർ ഡോൺലി എന്ന അമേരിക്കൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരാണ് പ്രസീത.

അതെന്താ പെൺകുട്ടി മിമിക്രി കാട്ടിയാല്....?

“പഠനത്തിനു പ്രാധാന്യം കൊടുക്കുമ്പോഴും മിമിക്രി കൂടെത്തന്നെയുണ്ടായിരുന്നു. അമ്മ അക്കാര്യത്തിൽ ഫുൾ സപ്പോർട്ടായിരുന്നു. രാധയെന്നാണ് അമ്മയുടെ പേര്. അമ്മ മരിച്ചിട്ടിപ്പോൾ ആറ് വർഷമായി. ഒറ്റയ്ക്കായിരുന്നു എന്റെ അവതരണം. ഒരു പെൺകുട്ടി മിമിക്രി രംഗത്തു വരുന്നത് നമ്മുടെ നാട്ടുകാർക്ക് അംഗീകരിക്കാൻ ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. പരിപാടി അവതരിപ്പിക്കുമ്പോൾ കൂവാനായി ചിലർ കാത്തിരിക്കും. ആരു മൈൻഡ് ചെയ്യുന്നു. എന്റെ തൊലിക്കട്ടിക്കു മുന്നിൽ അവർ സുല്ലിട്ടു. മിമിക്രിയും ഒരു ഡിഗ്രിയായി വരണമെന്നാണ് എന്റെ അഭിപ്രായം.

മാലയോഗം, മഴയെത്തും മുൻപേ, പുതുക്കോട്ടയിലെ പുതുമണവാളൻ അങ്ങനെ 35-ൽ അധികം ചിത്രങ്ങളിൽ അക്കാലത്ത് അഭിനയിച്ചു. സീരിയലുകളിലും സജീവമായിരുന്നു. കോമഡി മാത്രമല്ല, സീരിയസ് കഥാപാത്രങ്ങളുമുണ്ട്. സ്ത്രീ സീരിയലിൽ ഗ്ലാഡിസ് ഫെർണാണ്ടസ് എന്ന വില്ലത്തിയായിരുന്നു. പത്രത്തിലെ കൊച്ചിൻ ഹനീഫിക്കയുടെ മകളുടെ വേഷവും എനിക്കേറെ ഇഷ്ടമാണ്. മോൻ ജനിച്ചതോടെ ഒരു ചെറിയ ഗ്യാപ് എടുത്തു. ആ സമയത്താണ് എൻറോൾമെന്റ് കഴിഞ്ഞ് ലീഗൽ മേഖലയിലേക്കു തിരിഞ്ഞത്. രണ്ടാംവരവ് ചേട്ടായീസ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നെ ഇടുക്കി ഗോൾഡ്, ക്രോക്കഡേൽ ലവ് സ്റ്റോറി..”

ഇപ്പോൾ നിർമാണ രംഗത്തും സംവിധാനത്തിലും പ്രസീത സജീവമാകുകയാണ്. പ്രസീതയുടെ പിആർജി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ആദ്യ സംരംഭം കുക്കു പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി പ്രസീത സംവിധാനം ചെയ്ത ‘ജനനി’ എന്ന ഹ്രസ്വചിത്രമായിരുന്നു.

“ഭർത്താവുമായി പിരിഞ്ഞെങ്കിലും മകൻ അർണവ് എനിക്കൊപ്പമാണ്. അവൻ ആറാം ക്ലാസിൽ പഠിക്കുന്നു. അമ്മ അങ്ങനെ മുടി കെട്ടിയിരുന്നെങ്കിൽ കൂടുതൽ രസമായേനെ.. എന്നൊക്കെ അഭിപ്രായം പറയും. ഞാനല്പം വയലൻറായാൽ അവൻ ഹിന്ദി ടെക്സ്റ്റുമായി വരും സംശയം ചോദിക്കാൻ. അതോടെ ഞാൻ ഫ്ളാറ്റ്.” എന്റെയല്ലേ മോൻ എന്നു പ്രസീതയുടെ ആത്മഗതം.