Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിന്റെ ശരിയായ കരുതലിന് അമ്മമാർക്ക് വേണം 'മീ ടൈം'

me-time-01 പ്രതീകാത്മക ചിത്രം

ഒരു കുഞ്ഞിന് ജന്മം നൽകി കഴിഞ്ഞാൽ പ്രസവത്തിന്റെ ആലസ്യം തീരുന്നത് വരെ, അല്ലെങ്കിൽ സിസേറിയൻ ചെയ്തതിന്റെ വേദന തീരും വരെയാണ് ഭൂരിഭാഗം അമ്മമാരുടെയും വിശ്രമകാലം. അണുകുടുംബങ്ങളായതോടെ വീട്ടിലുള്ളവരുടെ തിരക്കുകൾ കണക്കിലെടുത്ത് ദിവസത്തിന്റെ മുഴുവൻ സമയവും കുഞ്ഞുങ്ങൾക്കായി നീക്കിവയ്ക്കുന്നവരാണ് മിക്ക അമ്മമാരും. എന്നാൽ കുഞ്ഞിന്റെ കര്യങ്ങൾ നോക്കുന്നതിനോട് ഒപ്പംതന്നെ സ്വന്തം സന്തോഷങ്ങൾക്കായി ദിവസവും അൽപസമയമെങ്കിലും അമ്മമാർ വിനിയോഗിക്കണം എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മീ ടൈം എന്നാണ് ഈ സമയത്തെ വിശേഷിപ്പിക്കുന്നത്.

എന്താണ് മീ ടൈം

കുഞ്ഞിന് ഒരു പ്രായമാകുന്നതു വരെ ദൈനംദിന കാര്യങ്ങൾക്കായി കുഞ്ഞിന്റെ ഉറക്ക സമയമാണ് മിക്ക അമ്മമാരും ചിലവഴിക്കുന്നത്. വസ്ത്രങ്ങൾ കഴുകുന്നതും വീട് വൃത്തിയാക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും കുളിക്കുന്നതും എല്ലാം മിക്കവാറും ഈ സമയങ്ങളിൽ തന്നെയാവും. എന്നാൽ ഇത്തരം ജോലികൾക്കു പുറമേ സ്വന്തം മാനസികോല്ലാസത്തിന്‌ മാത്രമായി നീക്കിവയ്ക്കുന്ന സമയമാണ് മീ ടൈം. കുഞ്ഞിന്റെ പരിചരണം അടക്കം മറ്റെല്ലാ പ്രവർത്തികളിൽനിന്നും മാറി അൽപ്പസമയം സന്തോഷത്തിനായി ചിലവഴിക്കുക എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.

മീ ടൈം അത്യാവശ്യമാകുന്നത് എന്തുകൊണ്ട്

കുഞ്ഞിനൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ഏറ്റവും സന്തോഷം നിറഞ്ഞതാണെങ്കിലും സ്വന്തം ഇഷ്ടങ്ങൾക്കായി അൽപസമയം നീക്കി വയ്ക്കേണ്ടത് അമ്മമാരുടെ  മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. കുഞ്ഞ് ജനിച്ച് ആദ്യ അഞ്ചാറു മാസങ്ങളിൽ ശരിയായ വിശ്രമവും ഉറക്കവും മിക്കവർക്കും ലഭിക്കാറില്ല. ഇതോടൊപ്പം കുഞ്ഞിന്റെ പരിചരണം മാത്രം ദിനചര്യ ആകുന്നതോടെതോടെ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.  ചിലരിൽ ഇത് വിഷാദരോഗം,ഉത്കണ്ഠ എന്നിവയിലേക്ക് വരെ നയിക്കാം എന്ന് പഠനങ്ങൾ പറയുന്നു. ഇത്തരം അവസ്ഥകൾ ചിലരെ കുഞ്ഞിനോട് സ്നേഹക്കുറവ് തോന്നുന്ന സ്ഥിതിയിൽ വരെ കെണ്ടെത്തിച്ചേക്കാം.

ഇതിന് പുറമെ നിരവധി ആരോഗ്യ പ്രശ്നങ്ങളും ഇവരെ തേടിയെത്തുന്നു. വിട്ടുമാറാത്ത തലവേദന, പുറംവേദന, പെട്ടെന്ന് രോഗം പിടിപെടാനുള്ള സാധ്യത, ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത, അമിത ഭാരം എന്നിവയെല്ലാം ഇതിൽപ്പെടും. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നതിനു വേണ്ടി കൂടി വിനിയോഗിക്കേണ്ടതാണ് മീ ടൈം.

സ്വന്തം കാര്യങ്ങളിൽ തീരെ ശ്രദ്ധ കൊടുക്കാതെ ശിശുപരിപാലനം മാത്രമായി ഒതുങ്ങുന്നത് തെറ്റായ പ്രവണതയാണ്. ഉന്മേഷക്കുറവും കുഞ്ഞിന്റെ കാര്യങ്ങൾ എത്ര ശ്രദ്ധിച്ചാലും അതിൽ തൃപ്തി കണ്ടെത്താനാവാതെ വരുന്നതും പെട്ടെന്ന് ദേഷ്യം വരുന്നതുമെല്ലാം ഈ തെറ്റായ പരിപാലന രീതിയുടെ ഭാഗങ്ങളാണ്. ഇത്തരം മാനസികാവസ്ഥകൾ ഉള്ള അമ്മമാർ ചിലപ്പോൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതിൽ വരെ കാര്യങ്ങൾ കൊണ്ടുചെന്ന് എത്തിച്ചേക്കാം. അതിനാൽത്തന്നെ ഇടതടവില്ലാതെയുള്ള പരിപാലനത്തിൽ നിന്നും ഒന്നകന്ന് അൽപസമയം സ്വന്തം സന്തോഷത്തിനായി ചിലവഴിക്കുന്നത് പുത്തൻ ഉണർവോടെ കുഞ്ഞിനരികിലെത്താൻ അമ്മമാരെ സഹായിക്കും.

സ്വന്തം കാര്യങ്ങളിൽ കൂടി ശ്രദ്ധ നൽകുന്നതിലൂടെ നിങ്ങൾ കുഞ്ഞിന് നല്ലൊരു മാതൃക ആവുകയാണ്. സ്വന്തം ആരോഗ്യം  കാത്തുസൂക്ഷിച്ച് സന്തോഷത്തോടെ പ്രവർത്തികളിൽ ഏർപ്പെടണമെന്ന പാഠമാണ് നിങ്ങളിൽ നിന്നും കുഞ്ഞിന് ലഭിക്കുന്നത്. ഇതിനുപുറമേ മറ്റുള്ളവരുമായി ഇടപഴകാനും അതുവഴി മാനസിക വളർച്ച കൈവരിക്കുവാനും കുഞ്ഞിനും സാധിക്കുന്നു.

സ്വന്തം സമയം എങ്ങനെ ചിലവഴിക്കാം

വീട്ടുജോലികളോ  ദിനചര്യകളോ ചെയ്യാനുള്ള സമയമാണ് മീ ടൈം എന്ന് ചിന്തിക്കരുത്. കുഞ്ഞിന്റെ ജനനത്തിനു മുൻപ്  വിശ്രമവേളകളിൽ എന്ത് ചെയ്തിരുന്നോ അവയെല്ലാം തുടരാനുള്ള സമയമായി ഈ നേരത്തെ കാണാം. ദിവസത്തിന്റെ അര മണിക്കൂർ നേരമെങ്കിലും ഇത്തരത്തിൽ ചില വഴിക്കേണ്ടതുണ്ട്. രാവിലെയോ വൈകുന്നേരമോ അൽപസമയം നടക്കാൻ ഇറങ്ങുന്നത്, ഇഷ്ടപ്പെട്ട ടെലിവിഷൻ പരിപാടികൾ കാണുന്നത്‌, പുസ്തക വായന, ചെറിയ രീതിയിലുള്ള ഷോപ്പിങ്, സൗന്ദര്യ സംരക്ഷണതിനായി സമയം  വിനിയോഗിക്കുന്നത്‌ തുടങ്ങി നിങ്ങൾക്ക് സന്തോഷം നൽകുന്ന എന്തും ഇതിൽപ്പെടും.

ഭർത്താവിനോടൊപ്പം കുടുംബത്തിലെ മറ്റംഗങ്ങളും ഇങ്ങനെ അൽപം വിശ്രമസമയം അമ്മമാർക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വേരുത്തേണ്ടത്തുണ്ട്. സഹായത്തിന് മറ്റാരും ഇല്ലാത്തവരാണെങ്കിൽ  പുലർച്ചെ കുഞ്ഞ് ഉണരുന്നതിന് മുൻപായി അൽപസമയം ഇങ്ങനെ നീക്കിവെയ്ക്കാൻ ശ്രമിക്കാവുന്നതാണ്.

മീ ടൈം സ്വാർഥതയല്ല

സ്വന്തമായി അല്പം സമയം നീക്കി വയ്ക്കുന്നതോടെ കൂടുതൽ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ഉണർവോടെയും കുഞ്ഞിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ  അമ്മമാരുടെ മനസ്സ് സജ്ജമാകും. കുഞ്ഞിനെ ശ്രദ്ധിക്കേണ്ടത് പൂർണമായും തൻറെ ഉത്തരവാദിത്വം മാത്രമാണെന്നും കുഞ്ഞിന്റെ അരികിൽ നിന്നും മാറി സ്വയമായി സമയം ചിലവഴിക്കുന്നത് സ്വാർത്ഥതയാണ് എന്നുമുള്ള ചിന്ത ആവശ്യമില്ല. ശാരീരിക അസ്വാസ്ഥ്യങ്ങളും മാനസിക പിരിമുറുക്കങ്ങളും അകലുന്നതോടെ കുഞ്ഞിന്റെയും കുടുംബത്തിന്റെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുവാൻ സാധിക്കും. ഒന്നോർക്കുക, ശ്രദ്ധയും പരിചരണവും ലഭിക്കുന്നതിനൊപ്പം ആരോഗ്യവതിയും സന്തോഷവതിയുമായ ഒരു അമ്മ അരികിൽ ഉണ്ടാവേണ്ടത് കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അത്യാവശ്യമാണ്. ഇതിന് മീ ടൈം നിങ്ങളെ സഹായിക്കും.