ADVERTISEMENT

ക്യാമറയ്ക്കു മുന്നില്‍ ഞങ്ങള്‍ നടിയും നടനുമാണ്. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ അല്ല. വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് ആലോചിക്കാറുമില്ല. എങ്ങനെ അഭിനയം മെച്ചപ്പെടുത്താമെന്നാണ് ചിന്ത. അഭിനയിക്കുന്ന വേഷത്തെക്കുറിച്ചും കഥയെക്കുറിച്ചുമാണ് ആലോചന. കാരണം വിവാഹത്തിനു മുമ്പും ശേഷവും ഞങ്ങള്‍ പ്രഫഷണല്‍ നടീനടന്‍മാരാണ്. ഏറ്റെടുത്തിരിക്കുന്ന വേഷങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പുതിയ സംരംഭങ്ങളുടെ ഭാഗമാകണം.. വിവാഹാനന്തര ജീവിതത്തെക്കുറിച്ച് വാചാലയാകുകയാണ് ദീപിക പദുക്കോണ്‍. ഒപ്പം രണ്‍വീര്‍ സിങ്ങുമായുള്ള വൈവാഹിക ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും തമാശയെക്കുറിച്ചും

വിവാഹത്തിനു മുമ്പെന്നപോലെ ശേഷവും ഒരുമിച്ചും ഒറ്റയ്ക്കൊറ്റയ്ക്കും  അഭിനയിക്കുന്നുണ്ട് ദീപീകയും രണ്‍വീറും. കബീര്‍ഖാന്റെ 83 സിനിമയില്‍ നായികയും നായകനുമായാണ് ഇരുവരും അഭിനയിക്കുന്നത്. ലോക കപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവിന്റെ വേഷമാണ് രണ്‍വീര്‍ സിങ്ങിന്. ഭാര്യ റോമി ദേവിന്റെ വേഷത്തില്‍ ദീപികയും. 

വിവാഹത്തിനുശേഷവും ഇരുവര്‍ക്കും കൈനിറയെ ചിത്രങ്ങളുണ്ടെങ്കിലും ഇടവേളകളില്‍ ലഭിക്കുന്ന സമയം ഒരുമിച്ചു ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നു ദീപിക പറയുന്നു. എത്ര കൂടുതല്‍ സമയം ഒരുമിച്ചു ചെലവഴിക്കുന്നു എന്നല്ല, ലഭിക്കുന്ന സമയം എത്രഗുണപരമായി ചെലവഴിക്കുന്നു എന്നതാണ് കാര്യം. അതിനാല്‍ സമയം ലഭിക്കാത്തതിനെക്കുറിച്ച് പരാതി പറയാനില്ലെന്നും ദീപിക കുട്ടിച്ചേര്‍ക്കുന്നു. 

ഒരു നാടോടിക്കഥ പോലെ രസാവഹമായിരുന്നു ദീപിക-രണ്‍വീര്‍ ജോഡികളുടെ പ്രണയവും വിവാഹവും. വിവാഹിതരാകുന്നതിനുമ്പുതന്നെ ഇരുവരും പ്രണയം ലോകത്തെ അറിയിച്ചിരുന്നു. പരസ്പരം അറിയാനാണ് അക്കാലത്ത് ശ്രമിച്ചതെന്നു പറയുന്നു 33 വയസ്സുകാരിയായ ദീപിക. വിവാഹം നടത്തിയതും പാരമ്പര്യ ആചാരപ്രകാരം തന്നെയായിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 14 ന് കൊങ്ങണി ബ്രാമണ ആചാര പ്രകാരമായിരുന്നു വിവാഹവും അതിനെത്തുടര്‍ന്നുള്ള ആഘോഷങ്ങളും സ്വീകരണങ്ങളും. വിവാഹ വാര്‍ഷികത്തില്‍ ആഡംബരം നിറഞ്ഞ ചടങ്ങുകളൊന്നും രണ്ടുപേരും പ്ലാന്‍ ചെയ്തിട്ടില്ല. നവംബര്‍ 14 ന് തിരുപ്പതി, പത്മാവതി ക്ഷേത്രദര്‍ശനങ്ങള്‍ക്കുശേഷം അമൃത്‍സറില്‍ സുവര്‍ണക്ഷേത്രം 15 ന് സന്ദര്‍ശിച്ച് വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് ഇരുവരുടെയും ഇപ്പോഴത്തെ തീരുമാനം. 

അതേ, വിവാഹത്തിനു ശേഷവും ജീവിതം സന്തോഷഭരിതം തന്നെ. തമാശ നിറഞ്ഞതും. ജീവിതവും അഭിനയവും ഞങ്ങള്‍ ആസ്വദിക്കുന്നു- വേറിട്ട അഭിനയ ശൈലിയിലൂടെയും ജീവിതത്തിലൂടെയും ഇന്ത്യന്‍ ചലച്ചിത്രലോകത്തിനു ഹരമായ ദീപികയുടെ വാക്കുകളില്‍ വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അലതല്ലുന്നതു സന്തോഷം, സംതൃപ്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com