ADVERTISEMENT

2018 ജനുവരി 14. യുഎസിലെ കലിഫോർണിയയിലെ പെരീസ് നഗരത്തിലെ പൊലീസ് വകുപ്പിലേക്ക് സഹായം തേടിയുള്ള ഒരു വിളിയെത്തി. മറുവശത്ത് ഒരു പെൺകുട്ടിയായിരുന്നു. തന്നെയും സഹോദരങ്ങളെയും രക്ഷിക്കൂ എന്ന ഏറ്റവും നിസ്സഹായമായ അപേക്ഷയാണ് അവൾ അവർക്കു മുന്നിൽ വച്ചത്. അവൾ പറഞ്ഞ സ്ഥലത്തേക്ക് പൊലീസുകാർ പാഞ്ഞെത്തി. ടീനേജിലെത്തിയ, നന്നേ ആരോഗ്യം കുറഞ്ഞ ഒരു പെൺകുട്ടി അവരെ കാത്ത് പരിഭ്രാന്തയായി നിന്നിരുന്നു. കയ്യിൽ റീചാർജ് ചെയ്തിട്ടില്ലാത്ത ഒരു സെൽഫോൺ. അതിൽ അവൾ കുറച്ചു ചിത്രങ്ങൾ കാണിച്ചു, തന്റെയും സഹോദരങ്ങളുടെയും അവസ്ഥയ്ക്കുള്ള സാക്ഷ്യപത്രം. 

പൊലീസ് ഒട്ടും മടിച്ചില്ല. അവളെയും കൂട്ടി ആ വീട്ടിലേക്ക് ഇരച്ചു കയറി. കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ. മുഷിഞ്ഞ വസ്ത്രങ്ങളുമായി, എല്ലും തോലുമായ ശരീരത്തോടെ 12 കുഞ്ഞുങ്ങൾ. ഒരാളെ കട്ടിലിനോടു ചേർത്ത് കെട്ടിയിട്ടിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ എല്ലാവരും പ്രായപൂർത്തി എത്താത്തവരായി തോന്നിച്ചു. പക്ഷേ, പിന്നീടു തെളിഞ്ഞു, അവരിൽ ഏഴു പേർ പ്രായപൂർത്തി എത്തിയവരാണ്. 2 മുതൽ 29 വരെ വയസ്സ് പ്രായമുള്ള 13 കുഞ്ഞുങ്ങൾ. വീടിനുള്ളിലെ മലമൂത്രമടക്കമുള്ള മാലിന്യക്കൂമ്പാരത്തിനിടയിൽ പുഴുക്കളെപ്പോലെ ആ കുഞ്ഞുങ്ങളും.

തങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് അവർ തന്നെ എഴുതിക്കൂട്ടിയ കുറിപ്പുകൾ അവിടെനിന്നു ലഭിച്ചു. അച്ഛൻ ഡേവിസ് ടർപിനും അമ്മ ലൂയിസും ചേർന്ന് കുട്ടികളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. പുറംലോകം കാണാൻ അനുവാദമില്ല. ദിവസത്തിൽ ഒരുനേരം മാത്രം ചെറിയ അളവിൽ ഭക്ഷണം. കുളി വർഷത്തിലൊരിക്കൽ മാത്രം. കൊടിയ മർദനമാണ് കുട്ടികളിൽ ഏൽപ്പിക്കുന്നത്. പല കുട്ടികൾക്കും പുറംലോകം എങ്ങനെയെന്നു പോലും അറിയില്ല. പൊലീസ്, മരുന്ന് എന്നൊക്കെ ആദ്യമായി കേൾക്കുകയാണ്. കൂട്ടത്തിൽ അൽപം വിവരമുള്ള സഹോദരങ്ങൾ ചേർന്നാണ് രക്ഷപ്പെടൽ ആസൂത്രണം ചെയ്തത്. 

bad-parenting-01
പ്രതീകാത്മക ചിത്രം

എന്തായാലും കുട്ടികളെ രക്ഷിച്ചു വൈദ്യസഹായം നൽകി. അച്ഛനും അമ്മയും അറസ്റ്റിലുമായി. ഇരുവർക്കും 25 വർഷത്തേക്ക് പരോൾ പോലും ഇല്ലാത്ത ജീവപര്യന്തമാണ് ശിക്ഷ. കുട്ടികളുടെ പരിസരത്തേക്കു പോലും അടുക്കരുതെന്നും ഉത്തരവുണ്ട്. കോടതിയിൽ വിചാരണയ്ക്കിടെ ഡേവിസും ലൂയിസും പലവട്ടം പൊട്ടിക്കരഞ്ഞു. ലൂയിസിനെ കുറിച്ച് സഹോദരി മാധ്യമങ്ങളോടു ചിലത് വെളിപ്പെടുത്തി. കുട്ടിക്കാലത്ത് തന്നെയും ലൂയിസിനെയും ഒരു കസിനെയും തങ്ങളുടെ അമ്മയുടെ സമ്മതത്തോടെ മുത്തച്ഛൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്രേ. ലൂയിസിന് മാനസിക രോഗമുണ്ടെന്നും വാദമുയർന്നു. കടുത്ത മതവിശ്വാസികളായ അവർ ക്വിവർഫുൾ (quiverfull) എന്ന വിശ്വാസിക്കൂട്ടായ്മയുടെയും ഭാഗമായിരുന്നത്രേ. ദൈവം സമ്മാനിക്കുന്നത്ര കുഞ്ഞുങ്ങളെ പെറ്റുകൂട്ടുക എന്നതാണ് ഇതിന്റെ അടിസ്ഥാന വിശ്വാസതത്വം.

വിശ്വാസം എന്തുമാവട്ടെ, പെറ്റുകൂട്ടുന്ന കുഞ്ഞുങ്ങളെ നന്നായി വളർത്താൻ ആ വിശ്വാസം അനുശാസിക്കുന്നില്ലേ...?

പേരന്റിങ് - ഇത് സ്വാഭാവികമായ സംഗതിയല്ലേ, ഇത്രയ്ക്കൊക്കെ പറയാനുണ്ടോ...’ - ഇതായിരുന്നു 20 അല്ലെങ്കിൽ 25 വർഷം മുൻപത്തെ ധാരണ. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, തെറ്റിനു ശിക്ഷ, ഭാവിയിലേക്കു കുറച്ചു സമ്പാദ്യം. ഇത്രയുമൊക്കെ മതി മക്കളെ വളർത്താൻ എന്നു കരുതിയിരുന്ന കാലത്തിൽനിന്ന് നമ്മുടെ നാടും ഒരുപാടു മുന്നാക്കം നടന്നു കഴിഞ്ഞു. കുട്ടികൾക്കു ഭൗതിക സൗകര്യങ്ങൾക്കപ്പുറം വൈകാരിക സുരക്ഷയും കരുതലും വേണമെന്ന് പലരും തിരിച്ചറിഞ്ഞു. വൈകാരിക, ബൗദ്ധിക നിലവാരത്തെ സൂചിപ്പിക്കുന്ന Emotional intelligence അല്ലെങ്കിൽ emotional quotient എന്നത് സാധാരണക്കാരനും പരിചിത പദമായി. എന്നിട്ടും നമ്മുടെ കുഞ്ഞുങ്ങൾ വീട്ടകങ്ങളിൽ ക്രൂരതയുടെ ഇരകളായി മാറുകയാണ്.

സ്വന്തം കുഞ്ഞിനെ തന്റെ കാമുകൻ നിലത്തേക്കു വലിച്ചെറിഞ്ഞതും അവൻ പിടഞ്ഞൊടുങ്ങുന്നതും കണ്ടു നിന്ന അമ്മ, അനുസരണക്കേടിനുള്ള ശിക്ഷയായി മൂന്നു വയസ്സുകാരനെ ചപ്പാത്തിക്കോൽ കൊണ്ട് തലയ്ക്കടിച്ചു കൊന്ന മറ്റൊരമ്മ, വീട്ടിലെ ദാരിദ്ര്യം മാറാൻ മകളെ പലർക്കായി കാഴ്ചവച്ച അച്ഛൻ... ഇവരൊക്കെയും നമുക്കിടയിലെ സമീപകാല കാഴ്ചകളാണ്. ഇവിടെ വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ ഘടകങ്ങൾ എടുത്താൽ എല്ലാ തട്ടിലും ഉൾപ്പെട്ടവരുണ്ട്. ഈ കഥകൾ കേൾക്കുമ്പോൾ നാമറിയാതെ ചോദിച്ചു പോകാറുണ്ട്, ഇവർക്കൊക്കെ എന്തിനാണ് മക്കൾ എന്ന്. 

അതേ... അതൊരു ഗൗരവമുള്ള ചോദ്യം തന്നെയാണ്. ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ പോലും നിയമമുള്ള ഈ നാട്ടിൽ എന്തുകൊണ്ടാണ് കുഞ്ഞുങ്ങൾ ഇരകളും രക്ഷിതാക്കൾ വേട്ടക്കാരുമായി മാറുന്നത്. ‘ദൈവം തന്നതെല്ലാം സ്വീകരിച്ചു’ എന്ന അഴകൊഴമ്പൻ ന്യായം പറയുന്നവർ കുഞ്ഞുങ്ങളെ ദൈവത്തിന്, അല്ല മനുഷ്യർക്ക് നിരക്കുന്ന രീതിയിൽ വളർത്തുകയും ചെയ്യേണ്ടേ...

ഇവിടെയാണ് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തം ഉയർന്നു വരേണ്ടത്. യുഎസിലെ ‘പരിഷ്കൃത’ സമൂഹത്തിലെ അയൽവാസികൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ആ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഇടപെടാനായില്ല. നമ്മുടെ നാട്ടിലും ‘എന്റെ കുഞ്ഞിനു വരുവോളം എനിക്ക് നോവില്ല’ എന്ന മനോഭാവക്കാരാണ് കൂടുതൽ. എന്റെ അയൽപക്കങ്ങളിൽനിന്ന് കുഞ്ഞുങ്ങളുടെ അസാധാരണ നിലവിളി ശബ്ദം ഉയർന്നാൽ ഏതു പാതിരാത്രിയിലും ഞാൻ കാതോർക്കാറുണ്ട്. എന്തിനാണവർ കരഞ്ഞത് എന്നു തിരക്കാറുമുണ്ട്. എന്റെ കുട്ടിക്കാലത്ത് കുടുംബത്തിൽ തന്നെയുള്ള ഒരു കുഞ്ഞിനെ നിഷ്ഠൂരനായ അച്ഛനിൽനിന്നു രക്ഷിക്കാൻ ഞങ്ങളും അമ്മയും വർഷങ്ങളോളം പോരടിച്ചിട്ടുണ്ട്. 

child-abuse-representational-image-1
പ്രതീകാത്മക ചിത്രം

ആ പീഡനങ്ങൾ അവളിലുണ്ടാക്കിയ മാനസിക, ശാരീരിക പ്രശ്നങ്ങൾ കൂടെനിന്നു കണ്ടതുകൊണ്ടാകാം കുഞ്ഞുങ്ങളുടെ നിസ്സഹായമായ നിലവിളികളെ അവഗണിക്കാൻ എനിക്കു കഴിയാറില്ല. കാരുണ്യം മാത്രം പോരാ, കുറച്ചു തന്മയീഭാവം കൂടിയാവാം. അപ്പോൾ അവരുടെ നോവ് നമ്മുടേതു കൂടിയായി മാറും. നമ്മുടെ ജീവിതപരിസരങ്ങളിൽ ഇത്തരം ദുരവസ്ഥകൾ കണ്ടാൽ ചൈൽഡ് ലൈനിൽ വിവരമറിയിക്കാനെങ്കിലും നമുക്കു കഴിയേണ്ടേ... അതിന്റെ പേരിൽ ഒരു പൊല്ലാപ്പും നമുക്ക് ഉണ്ടാകില്ല. ഉണ്ടായാൽത്തന്നെ ഒരു കുരുന്നുജീവനു വേണ്ടി അൽപം ത്യാഗം എന്നു കരുതാമല്ലോ. കോട്ടയം കിടങ്ങൂരിൽ അടുത്തിടെ, മാനസിക വെല്ലുവിളി നേരിടുന്ന പതിമൂന്നുകാരിയെ അമ്മ ജോലിക്കു പോകുന്ന നേരത്ത് അഞ്ചുപേർ ലൈംഗിക ആക്രമണം നടത്തുന്നത് കണ്ടെത്തിയത് ജനമൈത്രി പൊലീസിന്റെ കരുതലാണ്. ഇതുപോലെ അധ്യാപകർ, സ്കൂൾ കൗൺസിലർമാർ, കുടുംബാംഗങ്ങൾ, അയൽക്കാർ തുടങ്ങി ഓരോരുത്തർക്കും അൽപമൊരു ശ്രദ്ധ നമ്മുടെ മുന്നിലെത്തുന്ന ഓരോ കുട്ടിക്കും നൽകാനാവണം.

ഒരു സ്ത്രീ ഗർഭവതി ആകുന്ന നാൾ മുതൽ ആ കുഞ്ഞിനായി നമുക്കു സുരക്ഷിതവലയമൊരുക്കാം. അവർക്കു വേണ്ട നിർദേശങ്ങളും കരുതലുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ജീവനക്കാരുമുണ്ട്. വീട്ടുകാർ വേണ്ടത്ര കരുതൽ നൽകുന്നില്ലെന്നു തോന്നിയാൽ നമുക്ക് അവിടെ വിവരമറിയിക്കാമല്ലോ. പ്രസവത്തിനായി നമ്മുടെ നാട്ടിൽ ഒരുപാട് സർക്കാർ ആശുപത്രികളുണ്ട്. അവിടെ ആർക്കെങ്കിലും ചികിത്സ നിഷേധിക്കപ്പെട്ടാൽ കണ്ടുനിൽക്കുന്ന ഏതൊരാൾക്കും പ്രതികരിക്കാം. 

ഫെയ്സ്ബുക്കിൽ ലൈവ് വന്നാൽ മന്ത്രിതല ഇടപെടൽ പോലുമുണ്ടാകുന്നത് നാം കണ്ടു കഴിഞ്ഞു. പിന്നീട് കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഈ കരുതൽ നമുക്കു കാണിക്കാം. അപ്പോൾ നമ്മുടെ നാടും ശിശുസൗഹൃദമാകും. അതിനായി, മധുസൂദനൻ നായർ കവിതയിലെപ്പോലെ ‘ഓരോ ശിശുരോദനത്തിലും കേൾപ്പൂ ഞാൻ ഒരു കോടി ഈശ്വരവിലാപം...’ എന്ന് ഓരോരുത്തരും ചിന്തിച്ചുതുടങ്ങട്ടെ...

English Summary : How Bad Pareting Affects Kids Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com