sections
MORE

ചതിച്ചുനേടുന്ന ‘തെളിവുകളുമായി’ ശരീരം പങ്കിടാൻ വിലപേശുന്നവർ; ഭയക്കരുത് ഭീഷണികളെ

Cyber Bullying
പ്രതീകാത്മക ചിത്രം
SHARE

അവർ ചെയ്യുന്നതെന്തെന്ന് അവരറിയുന്നുണ്ടോ... അതോ അറിഞ്ഞുകൊണ്ടുതന്നെ അത് ആസ്വദിക്കുകയാണോ... ആണെങ്കിൽ അവരാണ് ഏറ്റവും വലിയ കുറ്റവാളികൾ. തനിക്ക് ഒരു ദ്രോഹവും ചെയ്യാത്ത ഒരാളെ അയാളുടെ മതത്തിന്റെ, നിറത്തിന്റെ, രാഷ്ട്രീയത്തിന്റെ, അഭിപ്രായത്തിന്റെ, ഇതൊന്നുമല്ലെങ്കിൽ അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ പേരിൽ ഒറ്റയ്ക്കും കൂട്ടം ചേർന്നും ആക്രമിക്കുന്നവർ – സൈബർ ക്രിമിനലുകൾ.

അടുത്തിടെ, ഒരു മുൻ ചലച്ചിത്ര നടി ഗർഭവതിയായ വാർത്ത വന്നു. അതിന്റെ ഓൺലൈൻ ലിങ്കിന് അടിയിൽ ചൊരിഞ്ഞിരിക്കുന്ന വൈരാഗ്യവും വിരോധവും അശ്ലീലവും കണ്ടാൽ ആരുമൊന്ന് അറയ്ക്കും. അവരുടെ വ്യക്തിജീവിതം തന്റെ കൈവെള്ളയിൽ എഴുതി വച്ചതു പോലെ പരിചിതമെന്ന മട്ടിലാണ് പലരുടെയും പ്രതികരണം. അവർ രണ്ടാമതു വിവാഹിതയായപ്പോഴും ഇതേ സൈബർ ആക്രമണം ഉണ്ടായി. ‘അടുത്ത തവണ ഒഎൽഎക്സിൽ ഇടാം’ എന്നായിരുന്നു പരിഹാസം. തനിക്ക് യാതൊരു നേട്ടവുമില്ലാത്ത കാര്യത്തിൽ എന്തിനാണ് ഇങ്ങനെ പ്രതികരിക്കുന്നത്... 

ഒരാൾ പ്രശസ്തിയിലേക്ക് എത്തിയാൽ പിന്നെ ആ വ്യക്തി പൊതുമുതലായെന്ന മട്ടിലാണ് ചിലരുടെ പെരുമാറ്റം. അവരുടെ അഭിപ്രായങ്ങളും പ്രവൃത്തികളുമെല്ലാം തങ്ങൾക്കു രസിക്കുന്ന മട്ടിലാകണമെന്ന വാശി. ആ വ്യക്തിക്കും ഒരു മനസ്സുണ്ടെന്നും മുറിവേറ്റാൽ നോവുമെന്നും ഇവരൊക്കെ എന്നാണ് പഠിക്കുക..?

സൈബർ ആക്രമണം ചിലപ്പോളെങ്കിലും ഇരയെ ആത്മഹത്യയിലേക്ക് എത്തിക്കുന്നുണ്ട്. അടുത്തിടെ കൊറിയയിൽ ആത്മഹത്യ ചെയ്ത പോപ് താരങ്ങളായ സുള്ളിയും ഗൂ ഹാരയും ഉദാഹരണം. ഇരുവരും സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു പോകുകയായിരുന്നു. അതായത്, അവരെ മരണത്തിലേക്ക് എത്തിക്കും വരെ ഈ വേട്ടക്കാർ പിന്നാലെ കൂടി.

സെലിബ്രിറ്റികളുടെ കാര്യം അവിടെ നിൽക്കട്ടെ. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന സ്ത്രീകളിൽ 90 ശതമാനവും ഏതെങ്കിലും തരം സൈബർ ആക്രമണത്തിനു വിധേയയായിട്ടുണ്ടാകും. ഭീഷണിയോ മോശം കമന്റോ ഏതെങ്കിലും താരത്തിന്റെ ആരാധകരുടെയോ രാഷ്ട്രീയ – മത ഭ്രാന്തുള്ളവരുടെയോ ഭർത്സനങ്ങളോ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലാത്തവർ ചുരുക്കം. 

cyber-bullying-02

എനിക്കുമുണ്ട് സൈബർ ലോകത്തുനിന്ന് മോശം അനുഭവങ്ങൾ. ആർത്തവത്തെ കുറിച്ചുള്ള ഒരു ഫെയ്സ്ബുക് പോസ്റ്റിൽ, ആ ദിവസങ്ങളിൽ വേദന മൂലം പുളയുന്ന എന്റെ മകൾക്ക് ചൂടുവയ്ക്കുന്നതിനുള്ള ഹീറ്റ് ബാഗ് പത്തു വയസ്സുകാരൻ മകൻ മൈക്രോവേവിൽ വച്ച് ചൂടാക്കി നൽകുമെന്ന് ഒരു വരിയുണ്ടായിരുന്നു. ഈ പോസ്റ്റ് ഓൺലൈൻ മാധ്യമങ്ങളിൽ വന്നതോടെ ചിലർ എന്റെ കുഞ്ഞുങ്ങളെക്കുറിച്ചു വരെ അശ്ലീല കമന്റുകൾ ഇട്ടു. 

ഇതിൽ ഞെട്ടിച്ച കാര്യം, ഒരു സ്ത്രീയും ആ വാക്പോരാളികളിൽ ഉണ്ടായിരുന്നു എന്നതാണ്. അതിനു ശേഷം ഇത്തരം കമന്റുകൾ ഞാൻ വായിക്കുകയേ ചെയ്യാതെയായി. അവർ തങ്ങളുടെ സമയവും ഡേറ്റയും പാഴാക്കിക്കൊള്ളട്ടെ. അതു വായിച്ച് ഞാനെന്റെ സന്തോഷം ഇല്ലാതാക്കുന്നതെന്തിന്. യാതൊരു സന്തോഷവും ഇല്ലാത്ത മനസ്സുകളാവണം ഇത്തരം ആക്രമണങ്ങൾക്കു പിന്നിൽ. മറ്റൊരാളുടെ സന്തോഷം കണ്ടാൽ സ്വന്തം ഉറക്കം നഷ്ടമാകുന്നവർ. അല്ലെങ്കിൽ തനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം മറ്റൊരാൾ ചെയ്യരുത് എന്ന സർവാധിപത്യ മനോഭാവക്കാർ. ഇതൊന്നുമല്ലെങ്കിൽ, തീരെ ആത്മവിശ്വാസമില്ലാത്തവർ. ഒരു തരത്തിലും കയ്യടി നേടാൻ തനിക്കു കഴിവില്ല എന്ന തോന്നലുണ്ടാകുമ്പോൾ മറ്റൊരാളെ അവഹേളിച്ച് സന്തോഷിക്കുന്നവർ. 

insult-01

വേണം സാന്ത്വനം

ടീനേജ് പെൺകുട്ടികളാണ് കൂടുതലും സൈബർ പീഡനങ്ങൾക്ക് ഇരയാകുന്നത്. കഴിഞ്ഞ വർഷം നടത്തിയ ഒരു സർവേ പ്രകാരം ലോകരാജ്യങ്ങളിൽ ഏറ്റവുമധികം സൈബർ ബുള്ളിയിങ് നടക്കുന്നത് ഇന്ത്യയിലാണ്. ഇവിടത്തെ 37 % മാതാപിതാക്കളാണ് തങ്ങളുടെ കുട്ടികൾ സൈബർ ഇടങ്ങളിൽ ഏതെങ്കിലും രീതിയിൽ പീഡനം അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. മോശം കമന്റ് മുതൽ ആൺ സുഹൃത്തുക്കളുടെയും മുൻ കാമുകന്റെയും ഇടപെടലുകൾ വരെ അവരെ ഉലയ്ക്കുകയാണ്. 

ഒന്നിച്ചു കഴിഞ്ഞ നിമിഷങ്ങളിലെ ചിത്രങ്ങളോ വിഡിയോയോ ഒക്കെ പുറത്തുവിടുമെന്ന ഭീഷണിയാണ് ചിലരെ വിഷാദത്തിലേക്കു തള്ളിവിടുന്നത്. ആരോടും പങ്കുവയ്ക്കാനാകാത്ത വിഷാദവും പേറി എത്രയോ പേർ – 99 ശതമാനവും പെൺകുട്ടികൾ – ഓരോ ദിവസവും തള്ളിനീക്കുന്നു. മാനസിക സമ്മർദം ഉറക്കക്കുറവിലേക്കും കടുത്ത വിഷാദത്തിലേക്കും ഒടുവിൽ ആത്മഹത്യാ പ്രവണതയിലേക്കും എത്തിക്കുകയാണ്. പലപ്പോഴും രക്ഷിതാക്കളോടു പറയാൻ ഭയം. സ്വയം കൈകാര്യം ചെയ്യാൻ ശ്രമിച്ചോ കൂട്ടുകാരുടെ സഹായം തേടിയോ പ്രശ്നം കൂടുതൽ വഷളാകുകയും ചെയ്യും. കൃത്യ സമയത്ത് രക്ഷിതാക്കളോട് പറഞ്ഞ്, നിയമത്തിന്റെ വഴിയേ പോകാൻ ശ്രമിച്ചാൽ കടുത്ത ആഘാതം ഒഴിവാക്കാം.

സമൂഹ മാധ്യമങ്ങളിൽ ആക്രമണത്തിനു വിധേയരായാൽ തിരിച്ചു പോരടിക്കാൻ നിൽക്കാതിരിക്കുകയാണ് നല്ലത്. കാരണം, മറുവശത്ത് പലപ്പോഴും മുഖമില്ലാത്ത ആൾക്കൂട്ടമാണ്. അവർ ചോര കാണാൻ കൊതിക്കുന്ന കഴുകന്മാരെ പോലെയാണ്. കുറച്ചു കാലത്തേക്ക് സമൂഹ മാധ്യമങ്ങളിൽനിന്ന്  അകന്നുനിന്നാൽ ഈ വിഷാദത്തിൽനിന്നു രക്ഷനേടാനാകും. സമൂഹമാധ്യമങ്ങൾക്കു പുറത്തു വലിയൊരു ലോകം സ്നേഹിക്കാൻ തയാറെടുത്ത് നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നു മറക്കാതിരിക്കുക. ആ സമയം ഇഷ്ടപ്പെട്ട വിനോദങ്ങളിൽ മുഴുകുക. കുടുംബാംഗങ്ങളോടും കൂട്ടുകാരോടുമൊത്ത് സമയം ചെലവഴിക്കുക. സമൂഹമാധ്യമങ്ങളിലെ ദുരനുഭവം ചർച്ച തന്നെ ആക്കാതിരിക്കുക. ഇനി എന്തെങ്കിലും കാരണവശാൽ സമൂഹമാധ്യമങ്ങളിൽനിന്നു വിട്ടുനിൽക്കാൻ കഴിയില്ലെങ്കിൽ ഫ്രണ്ട്സ് ലിസ്റ്റിൽ വേണ്ടപ്പെട്ടവരെ മാത്രം നിലനിർത്തി കമന്റ് ഓപ്ഷൻ സുഹൃത്തുക്കൾക്കു മാത്രമായി ചുരുക്കുക.

പൊട്ടിയാലും തല പോകില്ല

ശല്യക്കാരന്റെ റോളിൽ മുൻകാമുകനോ സുഹൃത്തോ ഒക്കെ ചിലപ്പോഴെങ്കിലും എത്താറുണ്ട്. അപ്പോൾ പ്രശ്നം അൽപം ഗുരുതരമാകാനും മതി. യുഎസിൽ ജനപ്രതിനിധിയായിരുന്ന, ഏറെ ജനപ്രിയതയുണ്ടായിരുന്ന കാത്തി ഹിൽ എന്ന യുവ ഡെമോക്രാറ്റിന് അടുത്തിടെ രാജിവയ്ക്കേണ്ടി വന്നത് അങ്ങനെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ സഹായിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ അവരുടെ ഭർത്താവും രാഷ്ട്രീയ എതിരാളികളും ചേർന്നു പുറത്തു വിട്ടതായിരുന്നു പ്രശ്നം. 

cyber-crime

തിരഞ്ഞെടുപ്പിൽ തിളങ്ങുന്ന വിജയം നേടിയ ഹിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി നിലപാട് എടുത്തിരുന്ന പ്രതിനിധിയായിരുന്നു. ചിലരുടെ നിസ്സാരമായ വ്യക്തിവൈരാഗ്യം എത്രയോ ഉയരെ എത്തേണ്ട ഒരു സ്ത്രീയെ ആണ് തകർത്തുകളഞ്ഞത്. നമ്മുടെ ഇടയിലും എത്രയോ സ്ത്രീകൾ ഇത്തരമൊരു ഭയപ്പാടിലാണ് ജീവിക്കുന്നത്. ചതിച്ചുനേടുന്ന ‘തെളിവുകളുമായി’ അവരെ വേട്ടയാടുകയാണ് ചിലർ. ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നവരുണ്ട്, ശരീരം പങ്കിടാൻ വരെ വിലപേശുന്നവരുണ്ട്. ഇത്തരം ഭീഷണികളുമായി വരുന്നവരെ ഭയക്കാതിരിക്കുകയാണ് ആദ്യം വേണ്ടത്. 

തളർന്നുപോകാതിരിക്കുക. ഈ ദുരനുഭവമുണ്ടായ ആദ്യത്തെ ആളല്ല നിങ്ങൾ. ‘മിഥുന’ത്തിലെ കോമഡി സീനിൽ ഇന്നസന്റ് സ്വീകരിക്കുന്ന ശാരീരിക നിലയാണ് ഇവരോട് വേണ്ടത്. ‘പൊട്ടിക്കും... ഇപ്പോൾ പൊട്ടിക്കും’ എന്ന ഭയപ്പെടുത്തലിൽ കുലുങ്ങേണ്ട. പലതും ബോംബല്ല, പൊട്ടാസ് തോക്കുകളാണ്. ഇനി അഥവാ പൊട്ടിയാലും നിങ്ങളുടെ തല പോകില്ലല്ലോ. അതുകണ്ട് ആർപ്പിടുന്നവരെ അവഗണിച്ചേക്കുക. അടുത്ത ഇരയെ കിട്ടുമ്പോൾ നിങ്ങളുടെ കാര്യം മറക്കുമെന്ന് ഉറപ്പ്. 

പ്രശ്നമുണ്ടാകുന്നതേ മടി കൂടാതെ പൊലീസിനെ സമീപിക്കുകയാണ് വേണ്ടത്. അവർക്കു നിങ്ങളെ സഹായിക്കാനാകും. ഇനി നിങ്ങളുടെ കുടുംബത്തിലൊരാൾക്കോ സുഹൃത്തിനോ ആണ് ഈ പ്രശ്നമുണ്ടാകുന്നതെങ്കിൽ പിന്തുണ നൽകുക. നിയമവഴി തേടാൻ സഹായിക്കുക. വിഷാദകാലത്ത് കൈപിടിച്ചു കൂടെനടക്കുക. നാളെയൊരിക്കൽ അവരതിനെ അതിജീവിക്കുക തന്നെ ചെയ്യും.

English Summery: How To Deal With Cyber Bullying

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PENLOKAM
SHOW MORE
FROM ONMANORAMA