sections
MORE

പറയാതൊടുങ്ങിയ സ്കൂൾ പ്രണയങ്ങൾ ദാമ്പത്യത്തിൽ വില്ലനാകുമ്പോൾ; വിദ്യ കൊലക്കേസ് ബാക്കിയാക്കുന്നത്

Sunitha, Premkumar, Vidhya
സുനിത, പ്രേം കുമാർ, വിദ്യ
SHARE

എൺപതുകളിലും തൊണ്ണൂറുകളിലും കൗമാരം പിന്നിട്ടവരുടെ പുനഃസമാഗമ കാലമാണിത്. രണ്ടോ മൂന്നോ വ്യാഴവട്ടങ്ങൾക്കു ശേഷം കണ്ടുമുട്ടുകയാണ് പലരും. കത്തുകളിൽ കൂടി പോലും പ്രണയം പറയാൻ ധൈര്യമില്ലാതെ പോയൊരു തലമുറ ഡിജിറ്റൽ യുഗത്തിൽ കണ്ടുമുട്ടിയപ്പോൾ വീണ്ടും എല്ലാവരും കൗമാരകുതൂഹലത്തിലായി. അന്ന് പറയാതൊടുങ്ങിയ പ്രണയങ്ങൾ പലതും മേയ് ഫ്ലവറിനെ പോലെ പെട്ടെന്നു മുളയെടുത്തു പൂവ് ചൂടി. 

നാൽപ്പതുകളും അൻപതുകളും ജീവിതത്തിന്റെ വസന്തം തന്നെയാണ്. ഏറ്റവും സ്വതന്ത്രവും സ്വാഭാവികവുമായ സന്തോഷം നിറഞ്ഞ ജീവിതത്തിനുള്ള അവസരം. പക്ഷേ, ശ്രദ്ധിച്ചില്ലെങ്കിൽ ദാമ്പത്യബന്ധത്തിൽ വിരസത കുടിയേറാവുന്ന കാലം കൂടിയാണിത്. അതിപരിചയം നൽകുന്ന മുഷിച്ചിൽ. ‘നിന്റെ കയ്യിൽ തൊടുമ്പോൾ എന്റെ തന്നെ കയ്യിൽ തൊടും പോലെ എന്ന തോന്നൽ. മറ്റു ചിലയിടങ്ങളിൽ ഇതിലൊതുങ്ങാത്ത ഗുരുതര ദാമ്പത്യ പ്രശ്നങ്ങളുണ്ടാകും. ഇതിനിടയിലേക്കാണ് പഴയകാല സൗഹൃദങ്ങൾ കയറിവരുന്നത്. വാട്സാപ് ഗ്രൂപ്പുകൾ പലർക്കും പുതുജീവൻ നൽകുകയാണ്. ആ ഗ്രൂപ്പിലെത്തുമ്പോൾ വീണ്ടും പഴയ കുസൃതികളും പ്രണയവുമൊക്കെ പച്ച പിടിക്കുകയായി.

ഈയടുത്ത് പുറത്തു വന്ന വിദ്യ കൊലക്കേസ് ഇത്തരമൊരു ബന്ധത്തിന്റെ ബാക്കിപത്രമാണ്. സ്കൂൾ കാലത്ത് പറയാതെ പോയ പ്രണയം പഴയ സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിലൂടെ വീണ്ടും പുഷ്പിച്ചതിന്റെ ഇരയായിരുന്നു വിദ്യ. ഭർത്താവ് പ്രേംകുമാറും കാമുകി സുനിതയും ചേർന്നു വിദ്യയ്ക്ക് മരണശിക്ഷ വിധിച്ചു. ‘96’ എന്ന സിനിമയെ ആണ് ഇത്തരം പ്രണയത്തിൽ കുടുങ്ങുന്നവരെല്ലാം പ്രതിക്കൂട്ടിൽ നിർത്തുന്നത്. പക്ഷേ, അതിലെ അതിമനോഹരമായ പ്രണയം കാണുമ്പോൾ തന്നെ ജാനുവും റാമും കാണിക്കുന്ന പരസ്പര ബഹുമാനം ഇവർ കാണാതെ പോകുന്നതെന്ത്... 

ആ സിനിമയിൽ പഴയ സഹപാഠികൾ കണ്ടുമുട്ടി പ്രണയം പറഞ്ഞതിനു ശേഷം ഒരു രാത്രി ഒന്നിച്ചു പങ്കിടുകയാണ്. ജാനു വിവാഹിതയെങ്കിലും റാം ആകട്ടെ, അവൾ എവിടെനിന്നു വിട്ടുപോയോ അവിടെ തന്നെ നിൽക്കുകയാണ് (ഉന്നൈ എങ്കെ വിട്ടയോ, അങ്കെ താൻ നിക്കിറേൻ ജാനൂ...) അതായത് അവിവാഹിതൻ. അവളോടുള്ള പ്രണയം അതിവിശുദ്ധിയോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നവൻ. പക്ഷേ, അയാൾ അവളുടെ വിരൽത്തുമ്പിൽ പോലും മോശമായ രീതിയിൽ സ്പർശിക്കുന്നില്ല. അവളുടെ മംഗല്യസൂത്രത്തെ തൊട്ടുവണങ്ങുന്ന റാം ഒരു പ്രതീകമാണ്; പ്രണയിക്കുന്നവളുടെ കുടുംബത്തിനു കൊടുക്കുന്ന ബഹുമാനത്തിന്റെ. ഈ ബഹുമാനം നഷ്ടമാകുന്ന ഇടത്താണ് പല ബന്ധങ്ങളുടെയും സമവാക്യം മാറുന്നത്.

തീരെ പൊരുത്തപ്പെടാൻ വയ്യാതെ, കുഞ്ഞുങ്ങളെ കരുതി മാത്രം മുന്നോട്ടു കൊണ്ടുപോകുന്ന ദാമ്പത്യബന്ധങ്ങളിലാണ് പഴയ പ്രണയങ്ങൾ പുതുനാമ്പെടുത്ത് വിള്ളലുകൾ സൃഷ്ടിക്കുന്നത്. ജീവിതത്തിന്റെ നോവും വേവും മാത്രം അറിയുന്നവർക്ക് ഈ പ്രണയങ്ങൾ വലിയ ആശ്വാസമാണ്. പലപ്പോഴും ജീവിക്കാനുള്ള പ്രേരണ തന്നെ അതായി മാറുന്നു. 

അപ്പോഴൊക്കെയും മറക്കരുതാത്ത ഒന്നുണ്ട്, ജീവിതം മുന്നോട്ടാണ് ഒഴുകേണ്ടത്. ഭൂതകാലത്തിൽനിന്നു കയറി വന്ന ഒന്ന് വർത്തമാനത്തകാലത്തെ സ്വൈരം കെടുത്തരുത്. ദുഖിക്കുവാൻ വേണ്ടി മാത്രമെന്നു തോന്നുന്ന ജീവിതത്തിന് ആ ബന്ധം താങ്ങും തണലുമായേക്കാം. പക്ഷേ, അതല്ല നിങ്ങളുടെ ജീവിതം. അതു മറ്റാരുടെയൊക്കെയോ ജീവിതമാണ്. അതിൽനിന്ന് ഊഷ്മളമായ കുറച്ചു നിമിഷങ്ങൾ നിങ്ങൾ പങ്കുവയ്ക്കുന്നുവെന്നു മാത്രമേയുള്ളു, ആ ജീവിതത്തിന്റെ അവകാശികളോടുള്ള പൂർണമായ ബഹുമാനം സൂക്ഷിച്ചു കൊണ്ടു തന്നെ വേണം ആ പങ്കുവയ്ക്കൽ. 

ജീവിത പങ്കാളിയുമൊത്തുള്ള ബന്ധത്തിലെ കുട്ടികളുടെ ചുമതല, ബാങ്ക് ലോൺ തിരിച്ചടവ്, നിക്ഷേപങ്ങൾ, പാചകം, വീട് വൃത്തിയാക്കൽ, അരസികന്മാരായ ബന്ധുക്കളുടെ ഇടപെടൽ തുടങ്ങിയ കാര്യങ്ങളുടെ അഭാവമാണ് പുതിയ പ്രണയത്തിന് ഭംഗി കൂടുതലുണ്ടെന്നു തോന്നിക്കുന്നത്. പക്ഷേ, പുതിയ ആളോടൊത്തു ജീവിതം പങ്കുവച്ചാലും ഇക്കാര്യങ്ങളിൽ വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതായത്, പ്രണയത്തിലുണ്ടായിരുന്ന മാന്ത്രികത എളുപ്പം മാഞ്ഞുപോയേക്കാം. രണ്ടാം വിവാഹത്തിനു ശേഷം, വേണ്ടെന്നുവച്ച ആദ്യ പങ്കാളിയായിരുന്നു ഭേദമെന്നു പറഞ്ഞു കരയുന്നവരുമുണ്ട്.

ഇനി നിലവിലെ പങ്കാളിയോട് ഒരു തരത്തിലും പൊരുത്തപ്പെടാൻ വയ്യെന്നും പുതുതായി വന്ന പഴയ കാമുകനെ വിട്ടുപിരിയാൻ വയ്യെന്നും ഉറപ്പിച്ചാൽ ക്രൂരതകളുടെ മാർഗം തിരഞ്ഞെടുക്കാതിരിക്കുക. വിവാഹമോചനത്തിനുള്ള നിയമവഴികൾ തേടുക. അതിനു ശേഷം മാത്രം പുതുജീവിതത്തിലേക്കു പോകുക. അപ്പോഴും ആദ്യ ബന്ധത്തിലെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിരിക്കണം. അവർക്ക് അർഹിക്കുന്ന സ്നേഹവും കരുതലും സാമ്പത്തിക സുരക്ഷയും നൽകാൻ അച്ഛനും അമ്മയും തയാറാവണം. 

English Summary : When School Reunion Pave The Way For Murder

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PENLOKAM
SHOW MORE
FROM ONMANORAMA