Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂഡ്മാറ്റത്തെ അവഗണിക്കരുത്; അതു ചിലപ്പോൾ കൊടിയ ദുരന്തങ്ങളുടെ സൂചനയാവാം

x-default പ്രതീകാത്മക ചിത്രം.

ജീവിതത്തിലെ ഏതെങ്കിലുമൊക്കെ നിഷേധാത്മക അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചിലപ്പോഴെങ്കിലും നമ്മില്‍ പലരും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകാം. മരണത്തെ സ്വപ്‌നം കണ്ടിട്ടുമുണ്ടാകാം. എന്നാല്‍ ആ സാഹചര്യത്തെ അതിജീവിക്കുകയോ അത് കടന്നുപോകുകയോ ചെയ്തുകഴിയുമ്പോള്‍ നാം അതില്‍ നിന്ന് മോചിതരായിട്ടുണ്ടാവും. വീണ്ടും പൂര്‍വ്വാധികം ശക്തിയോടും സ്‌നേഹത്തോടും കൂടി നാം ജീവിതത്തെ വാരിപ്പുണരുകയും ചെയ്യും.

പക്ഷേ ചിലരുണ്ട് ഇത്തരം അവസ്ഥകളില്‍ നിന്ന് മോചിതരാവുകയില്ല. അവരുടെ ചിന്തകള്‍ക്ക് മീതെ മരണത്തിന്റെയും ആത്മഹത്യയുടെയും കഴുകന്മാര്‍ വട്ടമിട്ടുപറന്നുകൊണ്ടേയിരിക്കും.

അമേരിക്കയിലെ മനശ്ശാസ്ത്രവിദഗ്ദരുടെ അഭിപ്രായപ്രകാരം കഴിഞ്ഞ 15 വര്‍ഷങ്ങളേക്കാൾ ആത്മഹത്യാനിരക്ക് വര്‍ധിച്ചിട്ടുണ്ട് . 10.5 മുതല്‍ 13.0 എന്ന അനുപാതത്തില്‍ നിന്ന്  അത് 24 ശതമാനമായി വർധിച്ചിരിക്കുന്നു. അമേരിക്കയില്‍ ഒരു ദിവസം 121 പേര്‍ ആത്മഹത്യ ചെയ്യുന്നു എന്നതാണ് ഏകദേശ കണക്ക്. അതും 15 നും 34 നും ഇടയില്‍  പ്രായമുള്ളവര്‍. 

എല്ലാ ജീവിതസൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇത്തരക്കാര്‍ ആത്മഹത്യ ചെയ്യുന്നത്? ഇവരുടെ മാനസികനിലവാരത്തെക്കുറിച്ച് അടുപ്പമുള്ളവര്‍ മനസ്സിലാക്കാതെ പോയത് എന്തുകൊണ്ടാണ്? ഏതെങ്കിലും തരത്തില്‍ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇവരെ കഴിയുമായിരുന്നില്ലേ? ആത്മഹത്യാപ്രേരണയുളള വ്യക്തികളെ നമുക്ക് അവരുടെ പെരുമാറ്റത്തിൽ നിന്നും വാക്കുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുമെന്നാണ് വിദഗ്ദരുടെ കണ്ടെത്തല്‍. പ്രധാനമായും ആറു ലക്ഷണങ്ങളാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഇത് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് അത്തരക്കാരെ അതില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ കഴിയും.

പെരുമാറ്റത്തിലും അനുദിനജീവിതത്തിലും വരുന്ന പ്രകടമായ മാറ്റങ്ങള്‍

ജീവിതം നിരര്‍ത്ഥകമാണെന്ന തോന്നല്‍, നിരാശ, മാറ്റങ്ങളോടുള്ള വൈമുഖ്യം, ഊര്‍ജ്ജ്വസ്വലതയില്ലായ്മ, നിരുന്മേഷത്തോടെ കട്ടിലില്‍ ഏറെ സമയം ചെലവഴിക്കുക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരിക, ഒന്നിലും സന്തോഷിക്കാന്‍ കഴിയാതെ വരിക, മുമ്പ് സന്തോഷം കണ്ടെത്തിയിരുന്ന കാരണങ്ങളില്‍ പോലും മടുപ്പ് അനുഭവപ്പെടുക.. ഇവയെല്ലാം തുടര്‍ച്ചയായി അനുഭവപ്പെടുകയോ നിലനിൽക്കുകയോ ചെയ്യുന്ന സ്വഭാവപ്രത്യേകതകളായി  മാറുന്നുണ്ടെങ്കില്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത് ക്രമേണ ഡിപ്രഷനിലേക്ക് വ്യക്തികളെ നയിക്കും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലൊന്നും ആത്മഹത്യയുടെ പ്രവണതകളൊന്നും ഇവര്‍ കാണിക്കണമെന്നുമില്ല.

x-default പ്രതീകാത്മക ചിത്രം.

മൂഡ് മാറ്റം

സങ്കടവും ദേഷ്യവും സന്തോഷവും മനുഷ്യാവസ്ഥയുടെ ഭാഗവും ഭാവങ്ങളുമാണ്. അത് അതില്‍ തന്നെ അസ്വഭാവികവുമല്ല. എന്നാല്‍ ആത്മഹത്യപ്രവണതയുള്ളവരില്‍ ഇത്തരത്തിലുള്ള മൂഡ് വ്യത്യാസങ്ങള്‍ അതിന്റെ ഏറ്റവും രൂക്ഷതയിലായിരിക്കും. പെട്ടെന്ന് അവര്‍ കോപാകുലരാകും... വിഷാദഭരിതരാകും. ദേഷ്യത്തോടെ മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചിട്ടിരിക്കും.

വേദനാകരമായ അനുഭവങ്ങള്‍

അപ്രതീക്ഷിതമായ ജീവിതദുരന്തങ്ങള്‍, വേദനപ്പിക്കുന്ന അനുഭവങ്ങള്‍ ഇവയെല്ലാം ജീവിതത്തില്‍ നിഷേധാത്കമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കും. സ്‌നേഹിച്ചവരുടെ അപ്രതീക്ഷിതമായ വേര്‍പാടോ, പ്രണയപരാജയമോ സാമ്പത്തിക നഷ്ടമോ പരീക്ഷാതോൽവിയോ ജോലി നഷ്ടപ്പെടലോ ഇങ്ങനെ എന്തുമാകാം.. ഇവയെല്ലാം അതുവരെയുള്ള അനുദിനജീവിതത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുമ്പോള്‍ അതിനോട് പൊരുത്തപ്പെടാനാവാതെ ആത്മഹത്യയിലേക്ക് തിരിഞ്ഞെന്നുവരാം.

വാക്കാലുള്ള സൂചന

എനിക്ക് മരിക്കണം, നിന്നെ ഞാന്‍ കാണിച്ചുതരാം. നിന്നെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും എന്നെല്ലാം ദേഷ്യത്തോടെയോ സങ്കടത്തോടോയോ നിരാശയോടെയോ ഉളള പ്രതികരണങ്ങള്‍ കേട്ടിട്ടുണ്ടോ. അതൊരു സൂചനയാണ്. അവഗണിക്കരുതാത്ത സൂചന. ഇത്തരത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള സൂചനകള്‍ ആത്മഹത്യ ചെയ്തവര്‍ മുമ്പ് നൽകിയിരുന്നതായി പലരും പിന്നീട് കണ്ണീരോടെ ഏറ്റുപറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത്തരം വാക്കുകളെ അവഗണിക്കാതിരിക്കുക

മാനസികരോഗങ്ങള്‍

മാനസികമായ അസ്വസ്ഥതകള്‍, വിവിധതരത്തിലുള്ള മാനസികരോഗങ്ങള്‍ ഇവയെല്ലാം ആത്മഹത്യയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളവയാണ്. അമ്പത് ശതമാനത്തിലേറെ ആത്മഹത്യകളും നടക്കുന്നത് ഇത്തരത്തിലുള്ള മാനസികപ്രശ്‌നങ്ങള്‍ മൂലമാണ്.

സങ്കടത്തില്‍ നിന്ന് സന്തോഷത്തിലേക്കുള്ള പെട്ടെന്നുള്ള മാറ്റം

ഇന്നലെ വരെ സങ്കടപ്പെട്ടും നിരാശപ്പെട്ടും കഴിഞ്ഞിരുന്ന വ്യക്തി പെട്ടെന്നൊരു നിമിഷം സന്തോഷിച്ചു കാണപ്പെടുന്നുണ്ടെങ്കില്‍ അതൊരു സൂചനയാണ്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന്റെ സൂചന. തന്റെ ദുരിതങ്ങളില്‍ നിന്ന് മോചനം നേടാന്‍ മാനസികമായി തീരുമാനിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണത്. അതിനെ അവഗണിക്കരുത്.

മേൽപ്പറഞ്ഞ സൂചനകള്‍ ഏതെങ്കിലും നാമുമായി അടുപ്പമുള്ളവര്‍ക്ക് കാണുകയാണെങ്കില്‍  നാം എന്തു ചെയ്യണമെന്ന് അറിഞ്ഞിരിക്കുന്നതും നല്ലതാണ്.

x-default പ്രതീകാത്മക ചിത്രം.

  

ആ വ്യക്തിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുക.

 

അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ശ്രമിക്കുക.

 

ക്ഷമയുണ്ടായിരിക്കുക, സഹതാപവും.. ഇത് രണ്ടും പ്രകടിപ്പിക്കുകയും വേണം.

 

സാന്നിധ്യം കൊണ്ട് അവര്‍ക്ക് കൂടെയുണ്ടായിരിക്കുക.

 

ചികിത്സ നൽകുക.