Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരുഷന്മാരെ അപേക്ഷിച്ച് അമിതവണ്ണം കൂടുതൽ സ്ത്രീകളിൽ

obesity.jpg.image.784.410 (1) പ്രതീകാത്മക ചിത്രം.

അമിതവണ്ണം പുരുഷന്മാരിലേക്കാൾ കൂടുതൽ സ്ത്രീകളിലാണെന്ന് പുതിയ പഠനങ്ങൾ.  22.8 മുതല്‍ 34.8 വരെ  ശതമാനമാണ് സ്ത്രീകളിലെ പൊണ്ണത്തടി. പുരുഷന്മാരിലാകട്ടെ ഇത് 23.4 ശതമാനമാണ്. പൊണ്ണത്തടിയുടെ കാര്യത്തില്‍  കേരളമാണ് സൗത്ത് ഇന്ത്യയില്‍ മുൻപന്തിയില്‍.  34 ശതമാനമാണിത്. തമിഴ്‌നാട്ടില്‍ ഇത് 24. 4 ആണ്. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ യഥാക്രമം 22.7 ഉം 17. 3 മാണ്.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നടത്തിയ ഒരു സർവേ പറയുന്നത് സൗത്ത് ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ 52.4 ശതമാനവും അമിതവണ്ണമുള്ളവരാണെന്നാണ്. അമിതവണ്ണം പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ബ്രസ്റ്റ് കാന്‍സര്‍ തുടങ്ങിയവയ്‌ക്കെല്ലാം കാരണമാകുന്നുവെന്ന് അപ്പോളോ ഹോസ്പിറ്റലിലെ  ലാപ്രോസ്‌ക്കോപ്പിക്‌ സര്‍ജന്‍ ഡോ. വേണുഗോപാല്‍ പറയുന്നു. 

അരിയാഹാരവും കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണവും ഇതിന് കാരണമാകുന്നു. അതുപോലെ നീണ്ട ജോലി സമയം, ഇരുന്നുകൊണ്ടുള്ള ജോലിയുടെ വര്‍ദ്ധനവ്, ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ എന്നിവയും പൊണ്ണത്തടിക്ക് കാരണമാകുന്നു. ശാരീരിക ക്ഷമത ആവശ്യപ്പെടുന്ന ജോലി ചെയ്യുക, 15 മുതല്‍ 20 മിനിറ്റ് വരെ എല്ലാ ദിവസവും നടക്കുക തുടങ്ങിയവയാണ് പൊണ്ണത്തടിയുടെ തുടക്കത്തിലുള്ളവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.

പതുക്കെ പതുക്കെ 60 മിനിറ്റ് എന്ന ക്രമത്തിലേക്ക് ശാരീരികാധ്വാനം വര്‍ധിപ്പിക്കേണ്ടതുമുണ്ട്. ചുരുങ്ങിയത് ആഴ്ചയില്‍ മുന്നൂറ് മിനിറ്റെങ്കിലും ശാരീരികാധ്വാനത്തിന് വേണ്ടി നീക്കിവയ്ക്കണം. 35 നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ട് വീടുകളില്‍ തന്നെ വ്യായാമം ചെയ്യുക, അല്ലെങ്കില്‍ ജിം, കാലാവസ്ഥ അനുകൂലമെങ്കില്‍ ഔട്ട്‌ഡോര്‍ ആക്ടിവിറ്റി എന്നിവയും പൊണ്ണത്തടി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്. അമിതവണ്ണം കുറയ്ക്കാനുള്ള സര്‍ജറികള്‍ പലപ്പോഴും പരാജയങ്ങളാണ്. അതുകൊണ്ട് ബോധപൂർവമായ ശാരീരികാധ്വാനവും  ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയുമാണ് പൊണ്ണത്തടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പമാര്‍ഗ്ഗം.