Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസിറ്റീവ് മനോഭാവമാണോ; എങ്കിൽ ഹൃദ്രോഗം അടുക്കാൻ മടിക്കും

x-default പ്രതീകാത്മക ചിത്രം.

ജീവിതത്തോട് പോസിറ്റീവ് മനോഭാവമുളള വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഒരു പരിധിവരെ നിങ്ങള്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങളില്‍ നിന്ന് അകന്നുനിൽക്കാന്‍  കഴിയുമെന്നാണ് ഒരു സംഘം ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രത്യേകിച്ച് ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് മുതലായ രോഗങ്ങളിൽ നിന്ന്. ജീവിതത്തിന്റെ  പ്രകാശമാനമായ വശം കാണാന്‍ കഴിയുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദം കുറവായിരിക്കും. 

അതുപോലെ സ്‌ട്രെസ് ഹോര്‍മോണ്‍ ഉൽപാദനവും കുറവായിരിക്കും. ചിക്കാഗോയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെയും ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെയും വിദഗ്ദരാണ് മാനസികമായ സുഖവും സന്തോഷവും ഹൃദയാരോഗ്യവുമായി  ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയത്. 

സാമൂഹികമായ പരിസ്ഥിതി, മനശ്ശാസ്ത്രപരമായ  സൗഖ്യം, കാര്യക്ഷമത എന്നിവയെല്ലാം രോഗിയുടെ വീക്ഷണത്തെ ശക്തിപ്പെടുത്തും. ഇവ ഹൃദ്രോഗങ്ങള്‍ കുറയ്ക്കും. ജീവിതത്തോടുള്ള പോസിറ്റീവ് വീക്ഷണം ആരോഗ്യപരമായ ഭക്ഷണശീലം പാലിക്കാനും നന്നായി വ്യായാമം ചെയ്യാനും പ്രേരണ നൽകും.  

അനുദിനജീവിതത്തിലെ പല സംഘര്‍ഷങ്ങളെയും സമർഥമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവർക്ക് ഹൃദ്രോഗബാധ വരാനുള്ള സാധ്യത കുറവായിരിക്കും. ചുരുക്കത്തില്‍ പോസിറ്റീവായ കാഴ്ചപ്പാട് രോഗങ്ങളില്‍ നിന്ന് നമ്മെ അകറ്റിനിര്‍ത്തുന്നു. അതുകൊണ്ട് രോഗിയാകാതിരിക്കാനുള്ള ഏറ്റവും എളുപ്പവഴി പോസിറ്റീവാകുക എന്നതു തന്നെയാണ്.  ജേര്‍ണല്‍ ഓഫ് ദ് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.