Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗര്‍ഭിണികൾ തുടര്‍ച്ചയായി മത്സ്യം കഴിച്ചാല്‍?

pregnancy-fish

ഗര്‍ഭിണിയായിരിക്കുന്ന സമയത്തെ അമ്മയുടെ ആഹാരശീലങ്ങളും ജീവിതശൈലിയും കുഞ്ഞിന്റെ ബുദ്ധിവളർച്ചയെ സ്വാധീനിക്കുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഗർഭിണിയായ സ്ത്രീകൾ ഗർഭകാലത്ത് തുടർച്ചയായി മത്സ്യം കഴിച്ചാലോ? കുഞ്ഞിന്റെ കാഴ്ചശക്തി, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും  മത്സ്യം ഏറെ പ്രയോജനം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും മുലയൂട്ടുന്ന സമയങ്ങളിലും കുഞ്ഞിന്റെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ പ്രധാനപങ്കുവഹിക്കുന്നുവെന്നാണ് കിര്‍സി ലെയ്റ്റിനെന്‍ എന്ന ഗവേഷകന്റെ വാദം.

'ഗര്‍ഭകാലത്തെ ആഹാരങ്ങളും പിന്നീടുള്ള മുലയൂട്ടലും  കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ഏറെസഹായിക്കുന്നുണ്ട്. കുഞ്ഞിന് അമ്മയിലൂടെ ലഭിക്കുന്ന ഫാറ്റി ആസിഡ് നാഡീകോശങ്ങള്‍ക്കും കാഴ്ചശക്തിക്കും പ്രത്യേകിച്ച് റെറ്റിനക്കും ഗുണപ്രദമാണ്. അമ്മ തുടര്‍ച്ചയായി മത്സ്യം കഴിക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു എന്നാണ് പഠനത്തില്‍ നിന്ന് മനസ്സിലായിരിക്കുന്നതെന്നും. മത്സ്യത്തിലുള്ള ഫാറ്റി ആസിഡ്, വിറ്റമിന്‍ ഡി, ഇ എന്നിവയെല്ലാം കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ടവയാണെന്നും. ആരോഗ്യമുള്ള അമ്മയുടെ ഭക്ഷണശീലങ്ങള്‍ ആരോഗ്യമുള്ളകുഞ്ഞിന് ജന്മം നൽകാന്‍ ഏറെ സഹായകമാണെന്നും. അതുകൊണ്ട് ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ ഭക്ഷണത്തോട് ഒരിക്കലും വിട്ടുവീഴ്ച പാടില്ലെന്നും''-  ലെയ്റ്റിനെന്‍ പറയുന്നു. ജേര്‍ണല്‍ ഓഫ് പീഡിയാട്രിക് റിസേര്‍ച്ചിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിച്ചത്.

പ്രസവമടുക്കാറാകുമ്പോൾ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നത് കുഞ്ഞിന്റെ കാഴ്ചശക്തിക്ക് ഗുണംചെയ്യുമെന്നും ഗവേഷകർ പറയുന്നു. 56 അമ്മമാരിലും അവരുടെ കുട്ടികളിലും നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്  ഗവേഷകർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. കുട്ടികളുടെ ആരോഗ്യത്തിന് മുന്‍ഗണന നൽകിയുള്ളതായിരിക്കണം ഗര്‍ഭിണികളുടെ ഭക്ഷണശീലങ്ങളും ജീവിതശൈലികളും എന്ന് ഒരിക്കല്‍കൂടി അടിവരയിടുന്നതാണ് ഈ പഠനം.