Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ച് രണ്ടു വർഷത്തിനു ശേഷം യുവാവിന് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു; ശാസ്ത്രത്തിന് നന്ദി പറഞ്ഞ് അമ്മ

Babies പ്രതീകാത്മക ചിത്രം.

ജീവന്റെ ജീവനായി സ്നേഹിച്ച മകൻ അകാലത്തിൽ പൊലിഞ്ഞു. അവൻറെ മരണശേഷം രണ്ടുവർഷത്തിനു ശേഷം അവന് രണ്ടു കുഞ്ഞുങ്ങളുണ്ടായി. തന്റെ പേരക്കുട്ടികളെ നെഞ്ചോടു ചേർത്ത് ആ അമ്മൂമ്മ നന്ദി പറയുന്നത് ശാസ്ത്രത്തോടാണ്. പുനെ സ്വദേശിയായ രാജശ്രീ എന്ന അമ്മയാണ് മകന്റെ മരണത്തിനു ശേഷം അവനു പിറന്ന ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മൂമ്മയായത്.

ജർമിനിയിൽ ഉപരിപഠനത്തിനു പഠിക്കുമ്പാഴായിരുന്നു രാജശ്രീയുടെ മകൻ പ്രതമേഷ് പാട്ടീലിന് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കായി സമീപിച്ച ഡോക്ടർമാരാണ് റേഡിയേഷനും കീമോതെറാപ്പിക്കും ഒക്കെ വിധേയനാകുന്നതിനു മുമ്പ് ബീജം സൂക്ഷിക്കാൻ പ്രതമേഷിനെ ഉപദേശിക്കുന്നത്. ഡോക്ടർമാരുടെ നിർദേശം പ്രതമേഷ് അനുസരിച്ചു. മികച്ചചികിത്സ ലഭ്യമായ പ്രതമേഷ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നു തന്നെ പ്രതീക്ഷിച്ചുവെങ്കിലും അർബുദത്തിന്റെ വേരുകൾ മറ്റു ശരീരഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ പ്രതമേഷ് ഈ ലോകത്തിൽ നിന്നും എന്നന്നേക്കുമായി വിടപറഞ്ഞു.

മകന്റെ മരണശേഷം ദുഖം താങ്ങാനാവാതെ തളർന്ന അമ്മ ആശുപത്രി അധികൃതരെ സമീപിച്ചു ഐവിഎഫിലൂടെ മകന്റെ ബീജത്തിൽ നിന്ന് ഉരുവാകുന്ന ഭ്രൂണത്തെ താൻ ഗർഭത്തിൽ വഹിക്കാമെന്ന് ആ അമ്മ അവരെ അറിയിച്ചു. എന്നാൽ പ്രായം തടസ്സമായതോടെ ബന്ധുവായ ഒരു സ്ത്രീയിലൂടെ വാടകഗർഭപാത്രത്തിലൂടെ മകന്റെ കുഞ്ഞുങ്ങൾക്ക് ഭൂമിയിൽ പിറക്കാൻ ആ അമ്മ അവസരമൊരുക്കി.

ഇരട്ടകുട്ടികൾ പിറന്നപ്പോൾ അതിലെ ആൺകുട്ടിക്ക് എന്തുപേരിടണമെന്ന് ആ അമ്മ ഒരുപാടൊന്നും ആലോചിച്ചില്ല അവന് പ്രതമേഷ് എന്നു പേരു നൽകി. പെൺകുട്ടിക്ക് പ്രീഷ എന്നും. പ്രീഷ എന്നാൽ ദൈവത്തിന്റെ സമ്മാനമെന്നാണ് അർഥമെന്ന് നിറഞ്ഞ മനസ്സോടെ ആ അമ്മ പറയുന്നു. ചികിത്സയ്ക്ക് മുമ്പ് തന്റെ ബീജം സൂക്ഷിക്കാൻ ആശുപത്രി അധികൃതർക്ക് അനുവാദം നൽകിയപ്പോൾ തന്റെ അമ്മയേയും സഹോദരിയെയുമാണ് അതിന് അവകാശികളായി പ്രതമേഷ് ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആ നല്ല തീരുമാനം കൊണ്ട് മകനെ നഷ്ടപ്പെട്ട അമ്മയ്ക്ക് ഓമനിക്കാൻ രണ്ടു പേരക്കുട്ടികളെ ദൈവം ദാനമായി നൽകിയെന്നാണ് ഈ നല്ല വാർത്തയറിഞ്ഞ ആളുകളുടെ പ്രതികരണം.