Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനമ്മമാരോട് അതെങ്ങനെ തുറന്നു പറയുമെന്ന് അറിയില്ലായിരുന്നു; പീഡനത്തെപ്പറ്റി തുറന്നു പറഞ്ഞ് നടി

nivetha-pethuraj

ഒരു എട്ടുവയസ്സുകാരിക്ക് മരണശേഷമെങ്കിലും നീതിലഭിക്കണമെന്ന വാശിയിൽ ലോകമെമ്പാടും പ്രതിഷേധം ആഞ്ഞടിക്കുമ്പോൾ താനും പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി നിവേദ. സമൂഹമാധ്യമത്തിലൂടെയാണ് തെന്നിന്ത്യൻ നടി നിവേദ പൊതുരാജ് തന്റെ ദുരനുഭവം തുറഞ്ഞു പറഞ്ഞത്.

അഞ്ചുവയസ്സുള്ളപ്പോൾ താൻ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അന്ന് അതെങ്ങനെ അച്ഛനമ്മമാരോടു തുറന്നു പറയണമെന്ന് തനിക്കറിയില്ലായിരുന്നെന്നും അവർ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലാകാത്തതുകൊണ്ടാണ് കുഞ്ഞുങ്ങൾക്ക് അത്തരമൊരു അവസ്ഥയുണ്ടാവുന്നതെന്നും അച്ഛനമ്മമാർ കുഞ്ഞുങ്ങളുടെ കാര്യത്തിൽ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും അവർ പറയുന്നു.

തന്റെ വിഡിയോ കണ്ടുകൊണ്ടിരിക്കുന്ന സ്ത്രീകളും പുരുഷന്മാരും ബാല്യത്തിൽ ഇത്തരം മോശം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ളവരാകുമെന്നും ഇത്തരം അനുഭവങ്ങൾ കുട്ടികൾക്ക് നേരിടേണ്ടി വരുന്നത് ഒരിക്കലും അപരിചിതരിൽ നിന്നല്ലെന്നും മറിച്ച് ബന്ധുക്കളിൽ നിന്നും സുഹൃത്തക്കളിൽ നിന്നും അയൽപക്കത്തുള്ളവരിൽ നിന്നുമൊക്കെയാണെന്നും അവർ പറയുന്നു.

അതുകൊണ്ട് രണ്ടുവയസ്സു മുതലുള്ള കുട്ടികൾക്ക് മോശം സംസാരത്തെക്കുറിച്ചും മോശം സ്പർശനത്തെക്കുറിച്ചുമൊക്കെ പറഞ്ഞുകൊടുക്കണമെന്നും അച്ഛനമ്മമാരെ സംബന്ധിച്ച് ഇത് കുറച്ചു പ്രയാസമാണെങ്കിലും മക്കളുടെ സുരക്ഷയെക്കരുതി തീർച്ചയായും ഇത്തരം കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കണമെന്നും അവർ പറയുന്നു. കാരണം ഹൃദയത്തെ മുറിപ്പെടുത്തുന്ന അനുഭവങ്ങൾ എവിടെവെച്ചും അവർക്കുണ്ടാകാം. സ്കൂളിൽവെച്ചോ, ട്യൂഷൻക്ലാസുകളിൽവെച്ചോ എന്തിന് അയൽവീടുകളിൽവെച്ചുപോലും അവർ ആക്രമിക്കപ്പെടാം.

പുരുഷന്മാരോടായി പറയാനുള്ളതിതാണ്. തെരുവുകളിൽ പകലും രാത്രിയിലും സംഭവിക്കുന്നതെന്തൊക്കെയാണെന്ന് നിരീക്ഷിക്കാൻ എട്ടുംപത്തും ആളുകളുള്ള ഒരു സംഘം രൂപീകരിക്കുക. അതിൽ നിന്നും രണ്ടുപേർ വീതം മാറിമാറി ഓരോ ദിവസവും ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുക. നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുക. സംശയിക്കാൻ തക്കതായി എന്തെങ്കിലും കണ്ടാൽ അപ്പോൾത്തന്നെ അതു ചോദ്യം ചെയ്യുക.

പൊലീസ് സുരക്ഷയൊരുക്കാറുണ്ട്. എന്നിരുന്നാലും എപ്പോഴും നമുക്കവരെ ആശ്രയിക്കാനാവില്ല. നമ്മുടെ സുരക്ഷയും സംരക്ഷണവും നമ്മളുടെയും നമുക്കു ചുറ്റുമുള്ളവരുടേയും ഉത്തരവാദിത്തമാണ്. ഇപ്പോൾ പുറത്തിറങ്ങിയാൽ ഭയമാണ്. ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണം എന്നൊന്നും അറിയാത്ത അവസ്ഥ. ഈ അവസ്ഥ മാറണം. ഇത് പുരുഷന്മാരോടുള്ള അഭ്യർഥ‌‍നയായി കണക്കാക്കണമെന്നും അവർ പറയുന്നു.