Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവും മകനും അമേരിക്കൻ പ്രസിഡന്റുമാരാകുന്നതു കണ്ട ഏക വനിത

barbara-bush

ഇനി കാണുമ്പോൾ ദൈവം എന്നെ തിരിച്ചറിയുമെന്ന് എനിക്കു തീർച്ചയില്ല. കാരണം എന്റെ ശരീരത്തിൽ പലയിടത്തായി പുതിയ ഭാഗങ്ങളുണ്ട്. ഞാൻ എത്ര ശസ്ത്രക്രിയകളിലൂടെ കടന്നുപോയി എന്നുപറഞ്ഞാൽ ഒരുപക്ഷേ നിങ്ങൾ വിശ്വസിക്കില്ല.

മരണാനന്തരം ദൈവവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തമാശ കലർത്തി പറയുന്നത് അപൂർവമായ ഒരു റെക്കോർഡിനുടമയായ സ്ത്രീ. അമേരിക്കയുടെ മുൻ ഫസ്റ്റ് ലേഡി. ഭർത്താവും മകനും അമേരിക്കൻ പ്രസിഡന്റുമാരാകുന്നതു കണ്ട ഏക വനിത: ബർബറ ബുഷ്. ദീർഘനാളായി അസുഖങ്ങൾ വേട്ടയാടുന്ന ബാർബറ കഴി‍ഞ്ഞദിവസം ധീരമായ ഒരു തീരുമാനമെടുത്തു. ഇനി തനിക്ക് ആശുപത്രിച്ചികിൽസ വേണ്ട. രോഗം എത്ര മൂർഛിച്ചാലും വീട്ടിലെ പരിചരണവും സ്നേഹവും മാത്രം മതി. ബാർബറയുടെ അസാധാരണമായ തീരുമാനം പുറംലോകത്തെ അറിയിച്ചതു കുടുംബാംഗങ്ങൾ. 

അമേരിക്കയുടെ 41–ാമത്തെ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു.ബുഷിന്റെ ഭാര്യയും അമേരിക്കയുടെ 43–ാമത് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ അമ്മയുമാണ് തൊണ്ണൂറ്റിരണ്ടുകാരിയായ ബർബറ. ഹൂസ്റ്റണിലെ വസതിയിൽ ശിഷ്ടകാലം കുടുംബാംഗങ്ങളുടെ പരിചരണയിൽ കഴിയാനാണ് അവർ ആഗ്രഹിക്കുന്നത്. ആശുപത്രി മുറികളും ജീവൻ നിലനിർത്തുന്ന യന്ത്രങ്ങളും മരുന്നുമരണവും തനിക്കുവേണ്ടെന്നു തീർത്തുപറഞ്ഞുകഴിഞ്ഞു അവർ. മരിച്ചുവെന്നു പലവട്ടം വാർത്തകൾ വന്നിരുന്നെങ്കിലും താനിപ്പോഴും ജീവിച്ചിരിക്കുന്നുവെന്നു പുഞ്ചിരിയോടെ പറയുന്നു ഈ കരുത്തുറ്റ വനിത. പൂർണബോധത്തോടെ ചികിൽസ ഉപേക്ഷിച്ചു കുടംബത്തിന്റെ സ്നേഹത്തണലിൽ ശിഷ്ടജീവിതം കഴിക്കാനുള്ള തീരുമാനം സ്വന്തമിഷ്ടപ്രകാരമാണത്രേ അവർ എടുത്തത്. 

എനിക്കു പ്രായമായി എന്നതു സത്യം. പക്ഷേ ഇപ്പോഴും ഞാൻ പ്രണയത്തിലാണ്: 73 വർഷം മുമ്പു വിവാഹം കഴിച്ച തൊണ്ണൂറ്റിമൂന്നുകാരനായ ജോർജ് എച്ച്.ഡബ്ല്യു.ബുഷിനെക്കുറിച്ചു പറയുമ്പോൾ ബാർബറയ്ക്കു നൂറുനാവ്. വിവാഹിതയാകാൻവേണ്ടി സ്മിത്ത് കൊളേജിലെ പഠനം ഉപേക്ഷിച്ച ബാർബറയുടെ അഭിപ്രായത്തിൽ ബുഷ് തന്നെയാണ് ഏറ്റവും നല്ല ഭർത്താവ്. എനിക്കൊരു ലോകം തന്നത് അദ്ദേഹമാണ്. ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്ന ലോകം. നല്ലൊരു മനുഷ്യനും സ്നേഹവാനുമാണ് അദ്ദേഹം–ബാർബറ തുടർന്നുപറയുന്നു. 

അസുഖം മൂർഛിക്കുമ്പോൾ ആശുപത്രിയിലും ബാക്കിസമയം വീട്ടിലുമായാണു കുറേനാളായി ബാർബറ കഴിയുന്നത്. ആരോഗ്യം നശിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോഴവർ കടുത്ത തീരുമാനം തന്നെ കൈക്കൊണ്ടിരിക്കുന്നു. വേദനകകൾക്കിടയിലും സ്വന്തം ആരോഗ്യത്തെക്കുറിച്ചല്ല ബാർബറ വിഷമിക്കുന്നത്. അവർ നന്നായിരിക്കുന്നു. മറ്റുള്ളവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നു. ഒരു പാറയെപ്പോലെ ഉറച്ചുനിൽക്കുന്ന, ധൈര്യം കൈവിടാത്ത സ്ത്രീയാണു ബാർബറ– ബുഷ് കുടുംബത്തിന്റെ വക്താവ് ജിം മക്ഗ്രാത്ത് പറയുന്നു. 

കുടുംബാംഗങ്ങൾ ബാർബറയുടെ അടുത്തുതന്നെയുണ്ട്. അവരുടെ സ്നേഹനിർഭരമായ പ്രാർഥനകളിൽ കുടുംബത്തിലെ മുതിർന്ന സ്ത്രീയുമുണ്ട്– മക് ഗ്രാത്ത് പറയുന്നു. സ്മിത് കൊളേജിന്റെ മാഗസിന്റെ അടുത്തുകാലത്ത് എഴുതിയ കുറിപ്പിൽ തന്റെ കുടുംബത്തിലെ ഇളംതലമുറ ചെയ്യുന്ന സേവന പ്രവർത്തനങ്ങളെ ബാർബറ പ്രകീർത്തിക്കുന്നുണ്ട്. 17 കൊച്ചുമക്കളുണ്ട് എനിക്ക്. ഓരോരുത്തരും അവരുടേതായ രീതിയിൽ സേവനപ്രവർത്തനത്തിലും സമൂഹത്തിനെ സഹായിക്കാനും പ്രയത്നിക്കുന്നു. ചുഴലിക്കാറ്റു നാശം വിതച്ച നാളുകളിൽ രക്ഷാദൗത്യവുമായി മുന്നിൽത്തന്നെയുണ്ടായിരുന്നു അവർ. സംതൃപ്തയാണു ഞാൻ. സന്തോഷവതിയും– ബാർബറ എഴുതുന്നു.