Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം തിരുത്തി കുഞ്ഞുവാവ

tammy-duckworth-with-baby

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നാസ ഭരണാധികാരിയുമായി ബന്ധപ്പെട്ട നിർദേശത്തിനെതിരെ വോട്ടുചെയ്യാൻ വനിതാ സെനറ്റർ ടാമി ഡക്‌വർത്ത് ഇക്കഴിഞ്ഞദിവസം യുഎസ് സെനറ്റ് ഹൗസിലേക്കു നടന്നുകയറിയതു നിറഞ്ഞ ചിരിയുമായി. കൈയടി ഉയരുന്നുണ്ടായിരുന്നു അവർക്കു ചുറ്റും.

ആരവങ്ങളുയർത്തുന്നുണ്ടായിരുന്നു വനിതാ സെനറ്റർമാർ. കൈയടികളും ആരവങ്ങളും ഡക്‌വർത്തിന്റെ രാഷ്ട്രീയതീരുമാനത്തെ പിന്തുണച്ചുകൊണ്ടായിരുന്നില്ല. പകരം ചരിത്രത്തിലാദ്യമായി സെനറ്റിന്റെ പടിവാതിൽ കടന്ന നവജാതശിശുവിനു വേണ്ടി. 10 ദിവസം മാത്രം പ്രായമുള്ള മകളുണ്ടായിരുന്നു ഡക്‌വർത്തിന്റെ കൈയിൽ. ഇതാദ്യമായാണ് അമേരിക്കൻ സെനറ്റിന്റെ വാതിൽ ഒരു കുട്ടിക്കുമുന്നിൽ തുറക്കപ്പെട്ടത്. ചരിത്രം വഴിമാറുകയായിരുന്നു; സെനറ്റർ ഡക്‌വർത്തിനും അവരുടെ ഓമനക്കുട്ടിക്കും മുന്നിൽ. 

അമേരിക്കൻ സെനറ്റർമാർക്കു യൂണിഫോം ഉണ്ട്. ഒരുഘട്ടത്തിലും അത് അംഗങ്ങളാരും തെറ്റിക്കാറില്ല. 10 ദിവസമേ പ്രായമുള്ളൂവെങ്കിലും ഡക്‌വർത്തിന്റെ കുട്ടി യൂണിഫോം നിയമം തെറ്റിച്ചില്ല. ബ്ലെയ്സർ ധരിച്ചുകൊണ്ടുതന്നെയായിരുന്നു പ്രവേശനം; സെനറ്റ് അക്കാര്യത്തിൽ നിർബന്ധം പിടിച്ചില്ലെങ്കിലും. മെയ്ൽ ബൗൾസ്ബേ എന്നാണു ഡക്‌വർത്തിന്റെ മകളുടെ പേര്. 

ആരും ലംഘിക്കാൻ ധൈര്യപ്പെടാത്ത കർശന നിയമങ്ങളും ആചാരങ്ങളുമുണ്ട് സെനറ്റിൽ. നവജാത ശിശുക്കൾക്കു പ്രവേശനം നിഷേധിച്ചിരുന്നതും ഈ നിയമങ്ങളുടെ ഭാഗമായി. പക്ഷേ, വനിതാ സെനറ്റർമാരുടെ അംഗസംഖ്യ കൂടിയതിന്റേയും നിയമനിർമാണത്തിൽ വനിതകളുടെ സ്വാധീനശക്തിവർധിച്ചതിന്റേയും ഫലമാണ് ഇപ്പോഴത്തെ മാറ്റം. കുട്ടികളെ അമ്മമാർക്കൊപ്പം സെനറ്റിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചപ്പോൾ കാര്യമായ എതിർപ്പും ഉണ്ടായില്ല. ഇനിയുമുണ്ട് മാറ്റേണ്ട നിയമങ്ങൾ. അവയും വരുംനാളുകളിൽ ഒന്നൊന്നായി കൊഴിഞ്ഞുവീഴുമോ എന്നതു കാത്തിരുന്നു കാണണം. 

കഴിഞ്ഞ ജനുവരിയിൽത്തന്നെ ഡക്‌വർത്ത് താൻ ഗർഭിണിയാണെന്നു സെനറ്റിനെ അറിയിച്ചിരുന്നു. അന്നുമുതൽതന്നെ കുട്ടികളുമായി സെനറ്റർമാർക്ക് ഓഫിസിൽ വരാമോ എന്ന കാര്യത്തിൽ ചർച്ചയും തുടങ്ങി. ഒടുവിൽ ഇക്കഴിഞ്ഞ ആഴ്ചയാണ് ഒരുവയസ്സിൽ താഴെയുള്ള കുട്ടികളെ അവരുടെ അമ്മമാർക്ക് ഓഫിസിൽ കൊണ്ടുവരാമെന്ന നിയമം സെനറ്റ് അംഗീകരിച്ചത്. എതിർപ്പില്ലാതെയായിരുന്നു നയംമാറ്റം. എങ്കിലും മുതിർന്ന അംഗങ്ങളിൽ ചിലർ നിയമത്തിലെ മാറ്റത്തിനെതിരെ മുറുമുറുക്കാതെയിരുന്നില്ല. സെനറ്റിൽ പത്തോളം കുട്ടികൾ ഒരുമിച്ചുവന്നു ബഹളമുണ്ടാക്കിയാൽ എന്തായിരിക്കും അവസ്ഥ എന്നു ചോദിച്ചു എൺപത്തിനാലുകാരനായ റിപ്പബ്ലിക്കൻ സെനറ്റർ ഒറിൻ ഹാച്ച്. 

ഒരു ഡസനിലധികം കൊച്ചുമക്കളുള്ള വയോധികനായ സെനറ്ററാണു കുട്ടികൾക്കെതിരെ ഈ സംശയം ഉന്നയിച്ചത്. സംഭവം വിവാദമായപ്പോൾ സെനറ്റർ വിശദീകരണവുമായി തടിയൂരി. പത്തോളം കുട്ടികൾ ഒരുമിച്ചു സെനറ്റിൽ വന്നാൽ രസകരമായിരിക്കും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നു വിശദീകരണമുണ്ടായി. കുട്ടികളെ സെനറ്റിൽ കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന് എതിർപ്പില്ലെന്നും വ്യക്തമാക്കപ്പെട്ടു. കാലം മാറുകയാണ്. അതു വയോധികരായ സെനറ്റർമാർ പോലും തിരിച്ചറിയുന്നു എന്നുവേണം കരുതാൻ. 

പ്രായം കൂടിയ അംഗങ്ങൾ ഏറ്റവും കൂടുതലുള്ള അമേരിക്കൻ സെനറ്റാണ് ഇപ്പോഴത്തേത്. അതുകൊണ്ടുതന്നെ മാറ്റത്തിനെതിരാണു തീരുമാനങ്ങളിൽ പലതും. പക്ഷേ, അമ്പതു വയസ്സിൽ താഴെയുള്ളവരുടെ എണ്ണം കൂടുകയാണ്. 23 വനിതകളും ഇപ്പോഴത്തെ സെനറ്റിലുണ്ട്. അതുകൊണ്ടുതന്നെ മാറ്റങ്ങൾക്കുള്ള അരങ്ങൊരുങ്ങുന്നു എന്നുവേണം കരുതാൻ. ആദ്യപടിയാണ് നവജാതശിശുക്കളുടെ ഓഫിസ് പ്രവേശനം. 

ലൈംഗിക പീഡനങ്ങളിലെ ഇരകൾക്ക് അനുകൂലമായി നിയമം മാറണമെന്ന് കഴിഞ്ഞ ദിവസം വനിതാ അംഗങ്ങൾക്കൊപ്പം ചേർന്ന് 32 പുരുഷ അംഗങ്ങൾ ശബ്ദമുയർത്തി.  ലോകത്തിലെ മാറ്റങ്ങൾക്കനുസരിച്ചു മാറുകയും നിയമങ്ങൾ‌ മാറ്റുകയും ചെയ്തില്ലെങ്കിൽ ജനങ്ങൾക്കുമുമ്പിൽ ഒറ്റപ്പെടുകായാവും ഫലം എന്നു തിരിച്ചറിഞ്ഞിരിക്കുന്നു പല സെനറ്റർമാരും. 

എന്തായലും വ്യാഴാഴ്ച മകളുമായി സെനറ്റിലേക്കു കയറുംമുമ്പ് ഡക്‌വർത്ത് സഹപ്രവർത്തകർക്കു നന്ദി പറഞ്ഞു. തന്റെ മകൾക്കുവേണ്ടി പച്ചജാക്കറ്റ് തിരഞ്ഞെടുത്തത് യൂണിഫോം നിയമം ലംഘിക്കാതിരിക്കാനാണെന്നും തമാശയോടെ പറഞ്ഞു. നയം മാറ്റം ഗംഭീരമായിരിക്കുന്നു. എനിക്കേറെ സന്തോഷമുണ്ട്– ചിരിച്ചുകൊണ്ടു ഡക്‌വവർത്ത് പറഞ്ഞു. ഡക്‌വർത്ത് മകളുമായി സെനറ്റിലേക്കു കയറുന്നതുകണ്ട് വാൽസല്യത്തോടെ ചിരിക്കുകയാണ് ലോകവും.