Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മിന്റെ നിഴലല്ല ഇനി റി സോൾ ജു

kim-resolju

പെൺകുട്ടികൾക്കു സൈനിക സേവനം നിർബന്ധമാക്കി ഉത്തര കൊറിയ ഉത്തരവു പുറപ്പെടുവിക്കുന്നത് 2015 ൽ. അതിനും മൂന്നുവർഷം മുമ്പാണു റി സോൾ ജു എന്ന സുന്ദരിയെ ലോകം കാണുന്നത്;  2012 –ൽ. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനൊപ്പം പല തവണ അടുത്തുകണ്ടതോടെ ലോകം നെറ്റിചുളിച്ചു. നിറംപിടിപ്പിച്ച കഥകൾ ഏറെയെത്തി മാധ്യമങ്ങളിൽ. 

പ്രശസ്തമായ ഒരു സംഗീതട്രൂപ്പിലെ അംഗമാണെന്നും പാട്ടുകാരിയാണെന്നുമൊക്കെ വാർത്തകൾ എത്തിയെങ്കിലും കിം ജോങ് ഉന്നും റിയും തമ്മിലുള്ള ബന്ധം ദുരൂഹമായിത്തന്നെ തുടർന്നു. ഒടുവിൽ 2012 ജൂലൈ 25 ന് ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം ആ രഹസ്യം പുറത്തുവിട്ടു– കിമ്മിന്റെ ഭാര്യയാണ് റി. ഉത്തരകൊറിയയുടെ ഭരണാധികാരി ഭാര്യയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്ന പതിവില്ല. പതിവുകളേറെ തെറ്റിക്കുകയും പുതിയ കീഴ്‍വഴക്കങ്ങൾ സൃഷ്ടിക്കുകയും ചെയ്ത കിം പിന്നീടും റി സോളിനൊപ്പം പൊതുവേദികളിൽ വന്നു. 

ഔദ്യോഗിക സന്ദർശനങ്ങൾ നടത്തി. കിമ്മിനെപ്പോലെതന്നെ റിയും ലോകമാധ്യമങ്ങളിലെ പരിചിതമുഖമായി. ആറുവർഷമായി ‘സഖാവ്’ എന്നറിയപ്പെട്ട റി സോളിന് ഇപ്പോൾ സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ മറ്റൊരു വനിതയ്ക്കും ഇതുവരെ എത്താനാവാതിരുന്ന ഉയരത്തിൽ. പ്രഥമ വനിത എന്ന ഉന്നതസ്ഥാനം. 

അമേരിക്കയുടെ പ്രഥമ വനിതയായി മെലാനിയ ട്രംപും ദക്ഷിണ കൊറിയയെ പ്രതിനിധീകരിച്ച് കിം ജുങ് സൂകും അടുത്തിടെ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമ്പോൾ കിമ്മിന്റെ നിഴലായല്ല, ഉത്തരകൊറിയൻ ഭരണാധികാരിയുടെ ഭാര്യയായല്ല; പ്രഥവ വനിത എന്ന സ്ഥാനത്തിന്റെ പകിട്ടിൽ‌തന്നെ റി സോളിനു പങ്കെടുക്കാം. ചരിത്രം വഴിമാറുകയാണ് ഉത്തരകൊറിയയിൽ. ഏകാധിപതികളായ പുരുഷൻമാർ മാത്രം തലപ്പത്ത് ഇരിക്കുകയും നിയമങ്ങൾ നടപ്പിലാക്കുകയും ഇരുമ്പുചട്ടക്കൂട്ടിലെന്നവണ്ണം ദുരൂഹതയും സഹസ്യാത്മകതയും നിലനിർത്തുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ കടിഞ്ഞാണിൽ ഇനി ഒരു യുവസന്ദരിക്കും നിയന്ത്രണമുണ്ട് - റി സോൾ ജുവിന്. 

ഹ്യോൻ സോങ്വോൾ എവിടെ ? 

ഉത്തരകൊറിയയിലെ പ്രശസ്ത സംഗീതസംഘത്തിൽ അംഗമായിരുന്ന യുവതിയാണു ഹ്യോൻ സോങ്വോൾ. ഗായിക. മധുര ശബ്ദത്തിനുടമ. ഈ ഹ്യോൻ സോങ്വോൾ ആണ് ഇപ്പോഴത്തെ പ്രഥമ വനിത റി സോൾ ജു എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു; ഇക്കാര്യത്തിൽ ഒദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും. പ്രഥമ വനിതയായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും റി സോളിനെക്കുറിച്ച് വളരെകുറച്ചു കാര്യങ്ങളേ പുറം ലോകത്തിന് അറിയൂ. മാതാപിതാക്കൾ ആര് എന്നറിയില്ല. ഏതു കുടുംബത്തിൽ പിറന്നു എന്നുമറിയില്ല. 1985 നും 89– നും ഇടയിൽ എന്നോ ആയിരിക്കാം റി സോൾ ജനിച്ചതെന്നു കരുതപ്പെടുന്നു. 

Ri Sol Ju, Kim Jong Un

മുപ്പതു വയസ്സിന് അടുത്തുണ്ടാകും ഇപ്പോൾ എന്നു കരുതപ്പെടുന്നു. കൂടിയാൽ 33. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള കുടുംബത്തിലാണു റി ജനിച്ചതെന്നു വിവരങ്ങളുണ്ട്. മാതാവ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്രേ. പിതാവ് പ്രഫസർ ആയിരുന്നുവെന്നും പറയപ്പെടുന്നു. മുൻ എയർ ഫോഴ്സ് ജനറലും കിമ്മിന്റെ ഉപദേശകനുമായിരുന്ന വ്യക്തിയുടെ അടുത്ത ബന്ധുവാണ് റി എന്നും വാർത്തകളുണ്ട്. ഉത്തരകൊറിയയിൽ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചൈനയിൽ സംഗീതത്തിൽ ഉപരിപഠനം നടത്തി. അതിനുശേഷം സംഗീത ട്രൂപ്പിൽ അംഗമായി. ഈ സംഗീത സംഘം സ്വദേശത്തും വിദേശത്തും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ആ പരിപാടികളുടെയൊന്നും ദൃശ്യങ്ങളോ വീഡിയോയോ ഇപ്പോൾ ലഭ്യമല്ല. 

ഉത്തരകൊറിയയുടെ ഇന്റലിജൻസ് ഏജൻസികൾ ഈ സിഡികൾ കൂട്ടമായി പിടിച്ചെടുത്തു നശിപ്പിച്ചുവെന്നും പറയപ്പെടുന്നു. തങ്ങളുടെ പരമോന്നത നേതാവിന്റെ ഭാര്യ ഗായികയായിരുന്നു എന്നറിയപ്പെടാൻ ഭരണത്തിന്റെ ഉന്നതവൃത്തങ്ങളിലുള്ളവർ ആഗ്രഹിക്കുന്നില്ലായിരിക്കാം. റി സോളിന്റെ സംഗീത ബന്ധം സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും കിമ്മിനു സംഗീതത്തോടു താൽപര്യം കൂടിയിട്ടുണ്ട് എന്നതാണു വസ്തുത. ഉത്തര കൊറിയയുടെയും കിം വംശത്തിന്റെയും സ്ഥാപകൻ കിം ഇൽ സുങ്ങിന്റെ ജന്മവാർഷികമായ സൂര്യദിനം രാജ്യം സമുചിതമായി ആഘോഷിച്ചത് ഏതാനും ദിവസം മുമ്പ്. 

KIM JONG UN WITH HIS WIFE Ri SOL-JU

മുൻവർഷങ്ങളിൽ രാജ്യത്തിന്റെ മിസൈൽ ശേഖരം നിരത്തിയുള്ള സൈനിക പരേഡായിരുന്നു സൂര്യദിനത്തിൽ നടത്തിയതെങ്കിൽ ഇത്തവണ ബാലെ നൃത്തമാണു നടന്നത്. ചൈനീസ് ബാലെ നൃത്തസംഘത്തിന്റെ സംഗീത–നൃത്ത പരിപാടി. 11 സംഗീതജ്ഞരെ ഉത്തരകൊറിയയിൽ പരസ്യമായി വിമാനവേധ തോക്കു കൊണ്ടു വെടിവച്ചു കൊന്നു എന്നു വാർത്തകൾ പ്രചരിച്ചത് ഇക്കഴിഞ്ഞവർഷം സെപ്റ്റംബറിൽ. വധ ശിക്ഷയ്ക്കു താൻ സാക്ഷിയാണെന്നു ഹീ യോൺ ലിം എന്ന ഇരുപത്തിയാറുകാരിയാണു വെളിപ്പെടുത്തിയത്. 2015ൽ അമ്മയോടൊപ്പം ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെട്ടതാണ് ലിം.അതേ രാജ്യത്തുതന്നെയാണ് ഇപ്പോൾ ബാലെ അരങ്ങേറുന്നതും മുൻഗായിക പ്രഥമവനിതയാകുന്നതും. 

കലാപത്തിൽനിന്നു കലയിലേക്കോ ഉത്തരകൊറിയ ? 

2017 ഒക്ടോബറിൽ പ്യോങ്യാങിലെ സൗന്ദര്യവർധക വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ആധുനിക സ്ഥാപനം കാണാൻ  കിം ജോങ് ഉൻ പോയതു സഹോദരിയെയും ഭാര്യയെയും ഒപ്പം കൂട്ടി. സഹോദരി കിം യോ ജോങ്, ഭാര്യ റി സോൾ ജു എന്നിവരോടൊപ്പമാണു കിം കോസ്മറ്റിക്സ് ഫാക്ടറി സന്ദർശിച്ചത്. 2015ലും 16 നും 17 നും കുറേക്കാലത്തേക്കു റി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അസാന്നിധ്യത്തിന്റെ കാരണം നിരത്തി  സംശയങ്ങളും ഉഹാപോഹങ്ങളും പ്രചരിപ്പിക്കപ്പെട്ടു. കിം–റി ദമ്പതികൾക്ക്  ഒരു മകളുണ്ടെന്നാണു വാർത്ത – കിം ജുവെ. ഈ പെൺകുട്ടിയുടെ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ടു കുട്ടികളുടെ കൂടി മാതാവാണ് റി എന്നും വാർത്തകളുണ്ട്. ഈ വർഷം മാർച്ചിൽ ഭർത്താവിനൊപ്പം ചൈന സന്ദർശിച്ച റിയുടെ ചിത്രങ്ങൾ ഔദ്യോഗിക മാധ്യമ വിഭാഗം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സഖാവ് എന്ന പദവിയിൽ നിന്ന് പ്രഥമ വനിത എന്ന സ്ഥാനത്തേക്ക് റി സോളിനെ ഉയർത്തിയ വാർത്തയും വന്നിരിക്കുന്നു. 

kim-wife-meet

ഉത്തരകൊറിയ കൂടി പങ്കെടുക്കുന്ന അടുത്തുതന്നെ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ പ്രഥമ വനിതകൾ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ പ്രതിനിധീകരിക്കാൻ ഒരാൾ വേണമെന്നുള്ളിതിനാലാണു റി സോളിനു സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നതും. എങ്കിലും രഹസ്യം സൂക്ഷിക്കുന്ന ഇരുമ്പു മറയ്ക്കുള്ളിൽ കഴിയുന്ന ഉത്തരകൊറിയയുടെ ചരിത്രവും വർത്തമാനവും അറിയുന്നവർക്ക് റി സോളിന്റെ സ്ഥാനക്കയറ്റം വാർത്ത തന്നെയാണ്. ചെറിയ ഒരു അനിഷ്ടമെങ്കിലുമുണ്ടായാൽ തൊട്ടടുത്ത നിമിഷം കഴുത്തിനുമുകളിൽ തല ഉറപ്പില്ലാത്ത ഒരു രാജ്യത്താണ് ഏകദേശം മുപ്പതു വയസ്സു മാത്രം പ്രായം വരുന്ന ഒരു വനിത ഉന്നത സ്ഥാനത്തെത്തുന്നത്. പുരുഷൻമാർക്കുപോലും സ്വാതന്ത്ര്യത്തിനു പരിമിതികളുള്ള രാജ്യത്തിന്റെ നേതൃത്വത്തിലേക്ക് ഒരു വനിത.