Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ മൃതദേഹത്തോടൊപ്പം ആറുവയസ്സുകാരൻ കഴിഞ്ഞത് മൂന്നു ദിവസം

crime-suicide

അമ്മ പറഞ്ഞതനുസരിച്ച് അന്നും അവൻ സ്വന്തം കാര്യങ്ങളെല്ലാം തനിയെയാണ് ചെയ്തത്. രാവിലെ എഴുന്നേറ്റു കുളിച്ചു. പിന്നെ കുറേ സമയം കളിച്ചു വിശന്നപ്പോൾ ഫ്രിജിലുള്ള പഴങ്ങളും അടുക്കളയിലുള്ള ബിസ്ക്കറ്റും കഴിച്ച് വിശപ്പടക്കി. ഉറക്കം വന്നപ്പോൾ അമ്മ തൂങ്ങി നിന്ന മുറിയിലെ സോഫയിൽ ചുരുണ്ടുകിടന്നുറങ്ങി. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെയും അയൽവാസികളുടെയും കണ്ണുകൾ ആ കാഴ്ച കണ്ട് നിറഞ്ഞു തുളുമ്പി.

പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. ആത്മഹത്യ ചെയ്ത അമ്മയുടെ മൃതശരീരത്തോടൊപ്പം മൂന്നു ദിവസമാണ് ആ മകൻ കഴിഞ്ഞത്. അസ്വാഭാവികമായി ജീവിതത്തിലൊന്നും സംഭവിക്കാത്തതുപോലെയായിരുന്നു ആ ദിവസങ്ങളിലും ആ കുട്ടിയുടെ പെരുമാറ്റം. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ജസ്പീന്ദർ കൗർ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്തത്. മനസ്സ് വളരെ അസ്വസ്ഥമാണെന്നും മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ലെന്നും എഴുതിയ ആത്മഹത്യക്കുറിപ്പ് വീട്ടിൽ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ജസ്പീന്ദറിനെത്തേടി സുഹൃത്ത് അവർ താമസിക്കുന്ന ഫ്ലാറ്റിലെത്തിയപ്പോഴാണ് സംഭവം അയൽവാസികൾ പോലുമറിയുന്നത്. കോളിങ്ബെൽ അടിച്ചിട്ടും ആരും വാതിൽതുറക്കാത്തതും വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതും സുഹൃത്തിൽ സംശയം ജനിപ്പിച്ചു. തുടർന്ന് അയാൾ അയൽവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയും ചെയ്തു. 

വീടിന്റെ വാതിൽ  തകർത്ത് അകത്തു കയറിയ പൊലീസിനെയും അയൽവാസികളെയും ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് അവിടെയുണ്ടായിരുന്നത്. അമ്മ തൂങ്ങിമരിച്ച മുറിയിലാണ് അവരുടെ ആറുവയസ്സുകാരനായ മകൻ ഉറങ്ങിയിരുന്നത്. എന്തുകൊണ്ടാണ് അമ്മ മരിച്ചകാര്യം ആരോടും പറയാതിരുന്നത് എന്നു ചോദിച്ചപ്പോഴാണ് ഹൃദയഭേദകമായ മറുപടി അവൻ പറഞ്ഞത്.

അമ്മ മരിക്കാൻ പോവുകയാണെന്നും ഇനി മുതൽ സ്വന്തം കാര്യങ്ങളെല്ലാം തനിയെ ചെയ്യണമെന്നും പറഞ്ഞിരുന്നെന്ന് ബാല്യത്തിന്റെ നിഷ്കളങ്കതയോടെ അവൻ പറഞ്ഞപ്പോൾ അവിടെ കൂടിയിരുന്നവരുടെയെല്ലാം കണ്ണുനിറഞ്ഞു. അമ്മയുടെ സുഹൃത്തും ഛോട്ടാപപ്പയും അമ്മയെ മർദിക്കുമായിരുന്നുവെന്നും അവൻ പൊലീസിനോടു പറഞ്ഞു.

ആർമി ഉദ്യോഗസ്ഥനായ ഭർത്താവുമായി പിരിഞ്ഞ് ജസ്പീന്ദറും മകനും മൊഹാലിയിലെത്തിയിട്ട് അധികനാൾ ആയിട്ടില്ലെന്നും അവർ കാനഡയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും അതിനായി നിശ്ചയിച്ചിരുന്ന ദിവസമാണ് ജസ്പീന്ദർ ആത്മഹത്യ ചെയ്തതെന്നുമാണ് അവരുടെ ബന്ധുക്കൾ പറയുന്നത്.