Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയർലൻഡുകാരും ഗർഭഛിദ്രം നടത്തുന്നുണ്ട്; അയർലൻഡിന്റെ മണ്ണിൽവച്ചല്ലെന്നു മാത്രം

x-default പ്രതീകാത്മക ചിത്രം.

അയർലൻഡിലെ ഡബ്ലിൻ നഗരത്തിൽനിന്ന് ഇംഗ്ലണ്ടിലെ ലിവർപൂളിലേക്കു പറക്കുന്ന വിമാനം. ആഘോഷം പൊടിപൊടിക്കുകയാണു വിമാനത്തിനുള്ളിൽ. അട്ടഹാസം, പൊട്ടിച്ചിരി,കയ്യടി,കാതടപ്പിക്കുന്ന ബഹളം. ഒരു യാത്രക്കാരി മാത്രം തന്റെ സീറ്റിൽ ഒതുങ്ങിയിരുന്നു വിമ്മിക്കരയുന്നത് ആരും കണ്ടില്ല. ആഘോഷത്തിമിർപ്പിനിടെ കണ്ണീരിനെവിടെ സ്ഥാനം. ജൂലി ഒ ഡോണൽ എന്നായിരുന്നു യാത്രക്കാരിയുടെ പേര്. അവർ ഗർഭിണിയാണ്. 29 ആഴ്ച പ്രായമുണ്ട് അവരുടെ ഗർഭസ്ഥ ശിശുവിന്. 

വിമാനമിറങ്ങിയയുടൻ അവർ ഒരു ടാക്സിയിൽ കയറി. അസ്വസ്ഥയായ യാത്രക്കാരിയുടെ മുഖത്തേക്കു നോക്കി ഡ്രൈവർ ലക്ഷ്യം ചോദിച്ചു: ലിവർപൂർ വിമൻസ് ഹോസ്പിറ്റൽ– ജൂലി ഡോണൽ കരച്ചിലിനിടെ വിക്കിവിക്കിപ്പറഞ്ഞു. 

അയർലൻഡിൽ നിന്ന് ഇംഗ്ലണ്ടിലെ സ്ത്രീകളുടെ ആശുപത്രിയിലേക്ക് ദിവസേനയെന്നോണം വിമാനയാത്ര ചെയ്യുന്ന ഗർഭിണികളിൽ ഒരാൾ മാത്രമാണു ഡോണൽ. ഗർഭഛിദ്രത്തിനു കർശനമായ വിലക്കു നിലവിലുള്ള രാജ്യങ്ങളിലൊന്നാണ് അയർലൻഡ്. അമ്മയുടെ ജീവൻ അപകടത്തിലാണെന്നു പൂർണ ബോധ്യമായാൽ മാത്രമേ ഗർഭം അലസിപ്പിക്കാൻ അനുവദിക്കാറുള്ളൂ. ഇതേത്തുടർന്ന് ഓരോ വർഷവും മൂവായിരത്തോളം ഗർഭിണികളാണ് അയർലൻഡിൽനിന്നു ഗർഭഛിദ്രത്തിനുവേണ്ടി ഇംഗ്ലണ്ടിലേക്കു പറക്കുന്നത്. 

മൂന്നാഴ്ച മുമ്പു നടന്ന പതിവു സ്കാനിങ്ങിലാണ് ഡോണലിന്റെ ഗർഭസ്ഥശിശുവിനു തകരാറുണ്ടെന്നു മനസ്സിലാക്കുന്നത്. കുട്ടിയുടെ മസ്തിഷ്കം പൂർണമായി വളർന്നിട്ടില്ല. രണ്ടു ഓപ്ഷൻ മുന്നോട്ടുവച്ചു ഡോക്ടർ. ഒന്നുകിൽ ഗർഭവുമായി മുന്നോട്ടുപോകുക .ജൻമനാ വൈകല്യങ്ങളുള്ള കുട്ടിയെ നേരത്തെ പ്രസവിക്കുക. അല്ലെങ്കിൽ വിദേശരാജ്യങ്ങളിൽ എവിടെയെങ്കിലും പോയി ഗർഭം അലസിപ്പിക്കുക. 29 വയസ്സുകാരിയായ ഡോണലിന്റെ കയ്യിൽ ഡോക്ടർ വച്ചുകൊടുത്ത പേപ്പറിൽ കുത്തിക്കുറിച്ചിട്ടുണ്ട് ലിവർപൂൾ‌ വിമൻസ് ഹോസ്പിറ്റൽ എന്ന പേര്. ജീവിതത്തിൽ എത്രമാത്രം ഒറ്റപ്പെട്ടവളാണെന്നും അവഗണിക്കപ്പെട്ടവളാണെന്നും ഞാൻ മനസ്സിലാക്കുന്നത് അന്നാണ്; ആ വിമാനയാത്രയിൽ. 2010– ൽ ആയിരുന്നു ഗർഭം അലസിപ്പിക്കാൻവേണ്ടിയുള്ള വിമാനയാത്ര– ഇപ്പോൾ 38 വയസ്സുണ്ട് ഡോണലിന്. ഓഫിസ് മാനേജരായി ജോലി ചെയ്യുന്നു. മൂന്നു മക്കളുടെ അമ്മയുമാണ്. 

ഗർഭത്തിലെ കുട്ടിക്കു തകരാറുണ്ടെന്നു ഡോക്ടർ പറഞ്ഞ ആ നിമിഷം. അതിന്റെ നടുക്കം ഇപ്പോഴുമുണ്ട് ഡോണലിന്റെ മനസ്സിൽ. കുട്ടിയുടെ തകരാർ മാത്രമല്ല പ്രശ്നം. വിദേശരാജ്യത്തേക്കുള്ള യാത്ര. ശസ്ത്രക്രിയ. തിരിച്ചുള്ള യാത്ര.ഒരു ദിവസം കൂടി കഴിഞ്ഞാൽ അയർലൻഡിൽ ഒരു വോട്ടെടുപ്പ് നടക്കുകയാണ്. മേയ് 25 ന്. ഭരണഘടനയുടെ എട്ടാം ഭേദഗതിയിൽ മാറ്റം വരുത്തണോ വേണ്ടയോ എന്നതാണു വോട്ടെടുപ്പിന്റെ വിഷയം. ജീവനുള്ള ഒരു വ്യക്തിയെപ്പോലെ ഭ്രൂണത്തിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നു വ്യക്തമാക്കുന്നതാണ് എട്ടാം ഭേദഗതി. യെസ് എന്നാണ് വോട്ടെടുപ്പിൽ രേഖപ്പെടുത്തുന്നതെങ്കിൽ 12 ആഴ്ച വരെ പ്രായമുള്ള ഗർഭം കൃത്യമായ കാരണങ്ങളുടെ അടിസ്ഥാത്തിൽ അയർലൻഡിൽതന്നെ അലസിപ്പിക്കാനാകും. നോ എന്നാണു വോട്ടെങ്കിൽ യൂറോപ്പിലെ ഏറ്റവും കർശനമായ ഗർഭഛിദ്ര നിയമം നിലവിലുള്ള രാജ്യമായി അയർലൻഡിനു തുടരാനുമാകും. 

ഗർഭഛിദ്രത്തിനെതിരെ പ്രവർത്തിക്കുന്നവർ പറയുന്നത് നിയമം ആയിരക്കണക്കിനു ജീവനുകൾ രക്ഷിച്ചിട്ടുണ്ടെന്നാണ്. അസുഖമോ വൈകല്യമോ ഉണ്ടെന്ന ഒറ്റക്കാരണത്താൽ ജീവിതം തടയാൻ ആർക്കും അവകാശമില്ലെന്നും അവർ‌ വാദിക്കുന്നു. ഓരോ ദിവസവും ഇംഗ്ലണ്ടിലെ സ്ത്രീകളുടെ ആശുപത്രിയിലേക്കു യാത്ര ചെയ്യുന്നവരുടെ കണക്കു പറഞ്ഞുകൊണ്ടാണ് ഗർഭഛിദ്രത്തിനുവേണ്ടി വാദിക്കുന്നവർ രംഗത്തെത്തുന്നത്. ഇപ്പോൾ അനധികൃത ഗർഭഛിദ്രം നടത്തുന്നവർക്കും സഹായിക്കുന്ന ഡോക്ടർമാർക്കും 14 വർഷം വരെ തടവുലഭിക്കും അയർലൻഡിൽ. വിദേശത്തുപോയി ശസ്ത്രക്രിയ നടത്തുന്നതിനാകട്ടെ വിലക്കുമില്ല. ദിവസവും ശരാശരി ഒമ്പതോളം സ്ത്രീകൾ ഗർഭഛിദ്രത്തിനുവേണ്ടി ഇംഗ്ലണ്ടിൽ എത്തുന്നുണ്ടെന്നാണു കണക്ക്. 

ലിവർപൂളിലേക്കോ മാഞ്ചസ്റ്ററിലേക്കോ പോയി ശസ്ത്രക്രിയ നടത്തി അന്നുതന്നെ അയർലൻഡിൽ തിരിച്ചെത്തുന്നവരുണ്ട്. രണ്ടു നഗരങ്ങളിലും ആശുപത്രി ചെലവുകൾ തുച്ഛമാണ്. ആഴ്ചാവസാനത്തിലെ ഷോപ്പിങ്ങിനെന്നോ ഫുട്ബോൾ കാണാനെന്നോ പറഞ്ഞായിരിക്കും യാത്ര നടത്തുന്നത്. അതേ, അയർലൻഡുകാരും ഗർഭഛിദ്രം നടത്തുന്നുണ്ട്; അയർലൻഡിന്റെ മണ്ണിൽവച്ചല്ലെന്നു മാത്രം.