Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹപ്രവർത്തകനെ കാണാൻ ഭംഗിയുണ്ടെന്നു പറഞ്ഞു; വാർത്താ അവതാരകയുടെ ജോലി പോയി

t-v-anchor-suspended ചിത്രത്തിന് കടപ്പാട്: യുട്യൂബ്.

അറിഞ്ഞോ അറിയാതെയോ ടെലിവിഷന്‍ അവതാരകര്‍ക്കു പറ്റുന്ന അമളികള്‍ ചിരിക്കു വകയാണ്. ചില ചാനലുകള്‍ അവരുടെ അവതാരകര്‍ക്കു പറ്റുന്ന അബദ്ധങ്ങള്‍ മാസത്തിലൊരിക്കലോ വര്‍ഷത്തിലൊരിക്കലോ ഹാസ്യപരിപാടികളായി അവതരിപ്പിക്കാറുമുണ്ട്. പക്ഷേ, കുവൈത്തില്‍ നിന്നൊരു വാർത്ത ഇതാ. ഒരു വാര്‍ത്താ അവതാരകയുടെ നിഷ്കളങ്കമെന്നു തോന്നാവുന്ന  അഭിപ്രായപ്രകടനം അവരെ കുഴപ്പത്തില്‍ ചാടിച്ചിരിക്കുന്നു. വിശദീകരണം ചോദിക്കലല്ല സസ്പെന്‍ഷന്‍ തന്നെ. അന്വേഷണവും നടക്കുന്നു. 

കുവൈത്തിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലാണു സംഭവം. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രേക്ഷകരെ അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നു ബാസിമ അൽ ഷമ്മാർ എന്ന അവതാരക. വാര്‍ത്ത അറിയിക്കുന്നതിനിടെ ഏറ്റവും പുതിയ വിവരങ്ങള്‍ തല്‍സമയം ലഭ്യമാക്കാനായി അവതാരക ഒരു റിപോര്‍ട്ടറുമായി ബന്ധപ്പെട്ടു. നവാഫ് അല്‍ ഷിറാകി എന്ന റിപോര്‍ട്ടറാണ് പുതിയ വിവരങ്ങള്‍ അറിയിക്കേണ്ടിയിരുന്നത്. വാര്‍ത്ത പറയുന്നതിനുമുമ്പായി അദ്ദേഹം തന്റെ തലപ്പാവ് അഡ്ജസ്റ്റ് ചെയ്തു. ഇതുകണ്ട അല്‍ ഷാമ്മര്‍ അറബിക്കില്‍ പറഞ്ഞ അഭിപ്രായമാണ് വൈറലായതും അവരുടെ സസ്പെന്‍ഷനില്‍ കലാശിച്ചതും. 

തലപ്പാവ് അഡ്ജസ്റ്റ് ചെയ്തു വയ്ക്കേണ്ട ആവശ്യമില്ല. നിങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ട്. ഇതായിരുന്നു ബാസിമ അൽ ഷമ്മാർ പറഞ്ഞതും തല്‍സമയം പ്രേക്ഷകര്‍ കേട്ടതും. പ്രേക്ഷകര്‍ കേള്‍ക്കാന്‍വേണ്ടി പറഞ്ഞ അഭിപ്രായമായിരുന്നില്ല ഇത്. അവർ പറയുന്നത് റിപോര്‍ട്ടര്‍ കേട്ടുമില്ല. 

നിഷ്കളങ്കമായി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും ബാസിമ അൽ ഷമ്മാറിന്റെ അഭിപ്രായം ഇഷ്ടപ്പെട്ടില്ല വലിയൊരു വിഭാഗത്തിന്. ഒരുതരം കൊഞ്ചിക്കുഴയലായാണ് അവരതിനെ വ്യാഖ്യാനിച്ചത്. പാര്‍ലമെന്റംഗം മുഹമ്മദ് അല്‍ ഹയാഫ് സംഭവത്തിലിടപെടുകയും ഇത്തരം അനാവശ്യമായ പരാമര്‍ശങ്ങള്‍ ഔദ്യോഗിക ടെലിവിഷനില്‍ അനുവദിക്കാനാവില്ലെന്നും ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. സംഭവം വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു അദ്ദേഹം. ഇതേത്തുടര്‍ന്ന് അവതാരകയ്ക്ക് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കൊടുത്ത മന്ത്രാലയം അന്വേഷണത്തിനും ഉത്തരവിട്ടു. 

തലപ്പാവ് നേരെയാക്കാന്‍ ശ്രമിക്കുന്ന ഒരാളോട് അതിന്റെ ആവശ്യമില്ല അതു നന്നായിത്തന്നെയാണിരിക്കുന്നത് എന്നു പറയുന്നത് കുവൈത്തില്‍ സാധാരണമാണെന്നു പറയുന്നു അവതാരക‍. അതിനെ തമാശയായി കാണേണ്ട കാര്യമൊന്നുമില്ല. പെരുമാറ്റ മര്യാദയുടെ ഭാഗം തന്നെയാണത്. അത്രയുമേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. തലപ്പാവ് ഉള്‍പ്പെടെ നിങ്ങളുടെ വേഷവിധാനത്തില്‍ തെറ്റായി ഒന്നുമില്ല. വേഗം തന്നെ വാര്‍ത്ത പറഞ്ഞോളൂ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അല്‍ ഷാമ്മര്‍ വിശദീകരിക്കുന്നു. 

തല്‍സമയം വാര്‍ത്ത പറയേണ്ട തിരക്കിലായതിനാല്‍ താന്‍ മൈക്ക് അഡ്ജസ്റ്റ് ചെയ്ത് തലപ്പാവും നേരെ വയ്ക്കുകയായിരുന്നു. ആ തിരക്കില്‍ അവതാരക പറയുന്നതു കേട്ടില്ലെന്നു പറയുന്നു അല്‍ ഷിറാകി. ബാസിമ അൽ ഷമ്മാർ മികച്ച വാര്‍ത്താ അവതാരകയാണ്. നല്ല പത്രപ്രവര്‍ത്തകയാണ്. മര്യാദയോടെയും വിനയത്തോടെയും പെരുമാറുന്ന മികച്ച വ്യക്തി കൂടിയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.