Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഹാരം തരാം പകരം ശരീരം കാഴ്ചവയ്ക്കണമെന്ന് സൈനികര്‍; ദുരിതങ്ങളൊഴിയാതെ സ്ത്രീകൾ

google-search-rape-victims

നൈജീരിയയുടെ വടക്കന്‍ പ്രദേശത്തുനിന്ന് ബോക്കോ ഹറാമിന്റെ ക്രൂരതയുടെ കഥകളായിരുന്നു കുറച്ചുനാളായി വന്നിരുന്നതെങ്കില്‍ ഭീകര സംഘടനയെ അടിച്ചമര്‍ത്തി നാടിനെ രക്ഷിച്ചുവെന്നവകാശപ്പെട്ട സൈന്യത്തിന്റെ ക്രൂരതകളെക്കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍. നൈജീരിയയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പൈശാചികതകളെക്കുറിച്ചു ലോകത്തെ അറിയിക്കുകയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍. 

സാധാരണ പൗരന്‍മാര്‍ക്കുനേരെ വെടിയുതിര്‍ത്തും കുട്ടികളുള്‍പ്പെടെയുള്ളവരെ പട്ടിണിക്കിട്ടും സ്ത്രീകളെ മാനഭംഗപ്പെടുത്തിയും വിവരിക്കാനാവാത്ത ഭീകരതകളാണു സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. യുദ്ധക്കുറ്റങ്ങളെന്നു വിശേഷിപ്പിനാവാത്ത വിധത്തില്‍ നിരായുധരും നിസ്സഹായരുമായ ജനങ്ങളെയാണു സൈന്യം ഇരയാക്കുന്നത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണു നടക്കുന്നതെന്നു പറയുന്നു ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഭീകര സംഘടനയുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടും കഴിഞ്ഞവരോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടികളാണ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് നൈജീരിയയിലെ ആംനസ്റ്റി  ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഒസെയ് ഒജിഗോ പുറത്തുവിട്ട പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ഒരു ദശകമായി ബോക്കോ ഹറാമിന്റെ പിടിയിലായിരുന്നു നൈജീരിയയുടെ വടക്കന്‍പ്രദേശം. 2015 ആയതോടെ ബോക്കോ ഹറാമിനെ തുരത്താനുള്ള ഊര്‍ജിത നടപടികളിലായിരുന്നു സൈന്യം. ബോക്കോ ഹറാമിനെ കീഴ്പ്പെടുത്തിയെന്നു സൈന്യം പലതവണ അവകാശപ്പെട്ടുവെങ്കിലും മാരകമായ ആക്രമണങ്ങള്‍ നടത്തി ബോക്കോ ഹറാം തിരിച്ചടിച്ചുകൊണ്ടിരുന്നു. സംഘര്‍ഷങ്ങളില്‍ ഒരു ദശകത്തിനിടെ മുപ്പതിനായിരത്തോളം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ആയിരങ്ങള്‍ക്ക് ഉറ്റവരെ നഷ്ടമായി. അനാഥരായി. ആശ്രയമറ്റവരായി. ഇപ്പോഴിതാ രക്ഷകര്‍ തങ്ങളെ ശിക്ഷിച്ചു എന്ന പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങേണ്ടിവന്നിരിക്കുന്നു ഒരു ജനതയ്ക്ക്. 

ബോക്കോ ഹറാമിനെ സ്ഥാനഭ്രഷ്ടരാക്കിയ സൈന്യം സാധാരണ ജനങ്ങളെ വിദൂരപ്രദേശങ്ങളിലുള്ള ക്യാംപുകളിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. അവിടങ്ങളില്‍നിന്നുള്ള പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചതിനുശേഷമാണ് ആംനസ്റ്റി സൈന്യം നടത്തിയ  ക്രൂരതകള്‍ ലോകത്തെ അറിയിച്ചത്. ക്യാംപുകളില്‍ കൊണ്ടാക്കിയവര്‍ക്ക് ആഹാരം നിഷേധിച്ചിതിനുപുറമെ അസുഖബാധിതര്‍ക്ക് മരുന്നും നിഷേധിച്ചു. ആയിരങ്ങള്‍ നിസ്സഹായരായി മരണത്തിലേക്കു നീങ്ങുന്നതു നോക്കിനിന്നു സൈനികര്‍. 

2015 നും 16- നുമിടെ ബാമ ഹോസ്പിറ്റല്‍ ക്യാംപില്‍ ആയിരങ്ങള്‍ പ്രഥമിക ശുശ്രൂഷ പോലുംലഭിക്കാതെ മരിച്ചുവത്രേ. 15 മുതല്‍ 30 പേര്‍ വരെ ദിവസേന മരിച്ചുവീണുകൊണ്ടിരുന്നു. മരിക്കാതെ അവശേഷിച്ചവര്‍ക്കാകട്ടെ ക്രൂരമായ അനുഭവങ്ങളാണുണ്ടായത്. ആഹാരത്തിനും ഒരു കുപ്പി വെള്ളത്തിനും പോലും ശരീരം കാഴ്ചവയ്ക്കേണ്ടിവന്നു സ്ത്രീകള്‍ക്ക്. 25 വയസ്സുള്ള ഗര്‍ഭിണിയായ ഒരു യുവതിയെ രണ്ടു സൈനികരാണത്രേ മാനഭംഗപ്പെടുത്തിയത്. ആദ്യം ഒരു സൈനികനെ അവര്‍ ഒഴിവാക്കിയെങ്കിലും വെള്ളം ശേഖരിക്കുന്നതിനിടെ മറ്റൊരാള്‍ കീഴ്പ്പെടുത്തിയെന്നാണ് യുവതി പറയുന്നത്. 

ആഹാരം തരാം പകരം ശരീരം കാഴ്ചവയ്ക്കണമെന്നാണ് സൈനികര്‍ പറയുന്നതെന്നു ക്യാംപുകളില്‍ അധിവസിക്കുന്ന സ്ത്രീകള്‍ പറയുന്നു. ഏതെങ്കിലും സൈനികനില്‍നിന്ന് ആഹാരം സ്വീകരിച്ചാല്‍ പകരമായി ശരീരം കാഴ്ചവയ്ക്കേണ്ട ദയനീയ അവസ്ഥയാണ്. കുട്ടികള്‍ ആഹാരത്തിനുവേണ്ടി കരഞ്ഞുവിളിക്കുമ്പോള്‍ സൈനികര്‍ ഞങ്ങളെ വിളിക്കും. ആഹാരം തരാമെന്നു പറയും. ആഹാരം സ്വീകരിച്ചാല്‍ അവരുടെ കൂടെ കിടക്കാന്‍ ആവശ്യപ്പെടും. വിസമ്മതിച്ചാല്‍ പരസ്യമായി ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തും. ഒരു യുവതി അവരുടെ അനുഭവം പറയുന്നു. 

ബാമ ഹോസ്പിറ്റല്‍ ക്യാംപിലെ സെമിത്തേരിയുടെ വലുപ്പം ഇക്കാലത്തിനിടെ വലുതായിരിക്കുന്നതു ഉപഗ്രഹ ചിത്രങ്ങളിലും കാണാം. ഏതാണ്ടെല്ലാ കുടുംബങ്ങളില്‍നിന്നും അകാലത്തില്‍ ഒരു കുട്ടിയോ ഒരു പുരുഷനോ എങ്കിലും മരിച്ചതായാണു കണക്കുകള്‍. 

ആംനസ്റ്റി റിപോര്‍ട്ട് പുറത്തുവന്നെങ്കിലും ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് സൈന്യം. സ്ത്രീകള്‍ പറയുന്ന പല അനുഭവങ്ങളും കഥകള്‍ മാത്രമാണെന്നാണ് സൈന്യം പറയുന്നത്. പക്ഷേ, ആരോപണങ്ങളെക്കുറിച്ചു സര്‍ക്കാര്‍ അന്വേഷണം നടത്തിയെങ്കിലും ആ അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടിട്ടുമില്ല. ആദ്യം ബോക്കോ ഹറാമില്‍നിന്നു ക്രൂരതകള്‍. ഇപ്പോഴിതാ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ ശിക്ഷകളും. നൈജീരിയയില്‍നിന്നു മുഴങ്ങുന്നതു നിലവിളികള്‍. ഇരകളാക്കപ്പെട്ട സ്ത്രീകളുടെ വിലാപങ്ങള്‍.