Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമലിന്റെ പെരുമഴക്കാലം യാഥാർഥ്യമായി; മകന്റെ ഘാതകനു മാപ്പു കൊടുത്ത് ഒരമ്മ

forgave-01 കമലിന്റെ പെരുമഴക്കാലം എന്ന ചിത്രത്തിലെ രംഗം ജീവിതത്തിൽ ആവർത്തിച്ചപ്പോൾ.

നാട്ടിൽ വീണ്ടും ഒരു മഴക്കാലം. മണ്ണും മനസ്സും നിറച്ചു പെയ്തുനിറയുകയാണ് ഇടവപ്പാതി. വിദേശികൾ കാണാനും അനുഭവിക്കാനും കാത്തിരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മൺസൂൺ. ഉത്തർപ്രദേശിലെ ചൂടിൽനിന്ന്,  നീണ്ട ട്രെയിൻ യാത്രയുടെ മടുപ്പിൽനിന്ന്,  കേരളത്തിലെ മഴയിലേക്കു വണ്ടിയിറങ്ങിയ റസിയയുടെ മനസ്സ് പെയ്യാൻ വെമ്പുന്ന മേഘം പോലെ സംഘർഷഭരിതമായിരുന്നു. അവർ പ്രതീക്ഷിച്ചത് ഒരു മഴയാണെങ്കിൽ കാരുണ്യത്തിന്റെ മഴക്കാലവുമായി അവർ മടങ്ങുന്നു. ജീവിതത്തിൽ ഇനിയൊരിക്കലും പെയ്തുതീരാത്ത ഒരു പെരുമഴക്കാലത്തിന്റെ ഓർമകളുമായി. 

മനസ്സിൽ നിന്ന് അത്രയെളുപ്പം മാഞ്ഞുപോകാത്ത ഒരു ചലച്ചിത്രമാണ് കാവ്യ മാധവനും  മീരാജാസ്മിനും മൽസരിച്ചഭിനയിച്ച കമലിന്റെ പെരുമഴക്കാലം. ആ ചലച്ചിത്രത്തിലെ രംഗങ്ങൾ അതേപടി ആവർത്തിക്കുകയായിരുന്നു കഴിഞ്ഞദിവസം മലപ്പുറത്ത് പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളുടെ വീട്ടുമുറ്റത്ത്. സൗദിയിൽ കൊലക്കേസിൽ പ്രതിയായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഹറം അലി ഷഫീഉല്ല എന്ന മുപ്പത്തെട്ടുകാരന്റെ ജീവൻ രക്ഷിക്കാൻ ഉത്തർപ്രദേശിൽനിന്ന് അയാളുടെ ഭാര്യ റസിയ ഒറ്റപ്പാലത്ത് എത്തിയപ്പോൾ. അലിയുടെ കത്തിക്ക് ഇരയായ ഒറ്റപ്പാലം പത്തൊൻപതാം മൈൽ സ്വദേശി മുഹമ്മദ് ആഷിഫിന്റെ ഉമ്മ ആയിഷാ ബീവിയുടെ കാലിൽ വീണ് മാപ്പിരക്കാൻ  കാണാൻ എത്തിയപ്പോൾ. മകന്റെ അകാലമരണത്തിൽ കണ്ണീർ ഇതുവരെ തോർന്നിട്ടില്ലെങ്കിലും മറ്റൊരു മരണം കൊണ്ട് ആ കണ്ണീർ തോരില്ലെന്ന് അറിയാവുന്ന ആയിഷാ ബീവി വിറയ്ക്കുന്ന കൈകളുമായി മാപ്പപേക്ഷയിൽ ഒപ്പുവച്ചു. തന്റെ മകന്റെ കൊലയാളിയെ വധശിക്ഷയ്ക്കു വിധിക്കരുതെന്ന അപേക്ഷയിൽ. ആയിഷാബീവി നൽകിയ പ്രതീക്ഷയുടെ മധുരത്തിൽ നോമ്പുതുറന്ന റസിയ ഉത്തർപ്രദേശിലേക്കു തിരിച്ചു; അച്ഛൻ സുരക്ഷിതനായി തിരിച്ചെത്തുമെന്ന സന്തോഷവർത്തമാനം മൂന്നുമക്കളെയും കുടുംബത്തെയും അറിയിക്കാൻ. 

സൗദിയിൽ അൽഹസയിലെ പെട്രോൾ പമ്പ് ജീവനക്കാരായിരുന്നു ആഷിഫും ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശി അലിയും. ആറുവർ‌ഷം മുമ്പ് വന്യമായ ഏതോ ഒരു നിമിഷത്തിൽ ഉറങ്ങിക്കിടന്ന ഇരുപത്തിനാലുകാരനായ ആഷിഫിനെ അലി കഴുത്തറുത്ത് കൊന്നു. അഷിഫിനുവേണ്ടി നിയമപ്പോരാട്ടം തുടങ്ങി കേരള മുസ്ലിം കൾച്ചറൽ സെന്റർ ( കെഎംസിസി) ഉൾപ്പെടെയുള്ള സംഘനടനകൾ. 2017 നവംബറിൽ ആഷിഫിന്റെ ഘാതകനായ അലിക്കു വധശിക്ഷ വിധിച്ചു. പക്ഷേ, ഇതിനിടെ അലിയുടെ മാനോനില തെറ്റി. അയാളെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിച്ചു. പതുക്കെ അലി ആരോഗ്യം വീണ്ടെടുക്കകയും അയാൾ സാധാരണ മനസികാവസ്ഥയിലാണെന്നു ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തതോടെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കങ്ങളും തുടങ്ങി. അലിയുടെ ദുരവസ്ഥ അറിഞ്ഞതോടെ അയാളെ വധശിക്ഷയിൽ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി തുടക്കത്തിൽ ശിക്ഷയ്ക്കുവേണ്ടി വാദിച്ച സംഘടനകൾ തന്നെ. കൊല്ലപ്പെട്ടവരുടെ മാതാവോ ഭാര്യയോ മാപ്പുനൽകിയാൽ ഇളവനുവദിക്കുമെന്ന സൗദി നിമയത്തിന്റെ കച്ചിത്തുരുമ്പിൽ പിടിച്ചാണ് കഴിഞ്ഞ ദിവസം അലിയുടെ ഭാര്യ റസിയ കേരളത്തിൽ ആഷിഫിന്റെ ഉമ്മയെ കാണാനെത്തിയതും അവർ നൽകിയ മാപ്പപേക്ഷയുമായി മടങ്ങിയതും. മാപ്പപേക്ഷ സൗദിയിലെ കോടതിയിൽ സമർപ്പിക്കുന്നതോടെ അലിയുടെ മോചനത്തിനു വഴിതെളിയുമെന്നാണു പ്രതീക്ഷ. 

ഉത്തർപ്രദേശിൽനിന്നു കേരളത്തിലേക്കു വണ്ടി കയറുമ്പോൾ തന്നെ കാത്തിരിക്കുന്നതെന്താണെന്ന് അറിയില്ലായിരുന്നു റസിയ മുഹറത്തിന്. കാണാൻപോകുന്ന ഉമ്മ തന്നെ ചവിട്ടിപ്പുറത്താക്കുമോ എന്നുപോലും അവർ പേടിച്ചിരുന്നു. എങ്കിലും നേരിട്ടു കാണാനും കാലിൽ വീണു മാപ്പിരക്കാനും തയാറായാണ് അവർ എത്തിയത്. ‌കാരുണ്യവാനായ സർവശക്തൻ റസിയയ്ക്കൊപ്പം നിന്നു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാപ്പിന്റെയും വെളിച്ചം കാണിച്ചുകൊണ്ട്. ആലോചിച്ചുറപ്പിച്ച ക്രൂരത നടപ്പാക്കുകയായിരുന്നില്ല അലിയെന്നാണു സൂചനകൾ. ഏതോ ഒരു നിമിഷത്തിൽ സംഭവിച്ച കൈപ്പിഴ. കൃത്യം നടത്തിയതിനുശേഷം അയാൾ രക്ഷപ്പെടാനും മുതിർന്നില്ല. ആഷിഫിന്റെ അതേ മുറിയിൽതന്നെ കിടന്നുറങ്ങി. അയാളുടെ മാനസികനില അങ്ങേയറ്റം ദയനീയമായിരുന്നു. അതേത്തുടർന്നാണ് കെഎംസിസി പ്രവർത്തകർ പ്രശ്നത്തിൽ ഇടപെട്ടതും കൊലപാതകിക്കുവേണ്ടി അശ്രാന്തപരിശ്രമം തുടങ്ങിയതും. 

റസിയ ആയിഷാ ബീവിയെ വന്നുകണ്ടു മാപ്പുചോദിച്ചെങ്കിലും പകരമായി ഒരു രൂപ പോലും ചോദിച്ചിട്ടില്ല ആഷിഫിന്റെ ഉമ്മ. ഏകാശ്രയമായ മകനെ നഷ്ടപ്പെടുകയും സ്വന്തമായി ഒരു വീടു പോലുമുല്ലെങ്കിലും തങ്ങൾക്കുനേരിടേണ്ടിവന്ന വിധിയെ അവർ എതിർപ്പില്ലാതെ സ്വീകരിക്കുന്നു. അള്ളാ എന്റെ മകനെ നേരത്തെ വിളിച്ചു. അതവന്റെ വിധി. മറ്റൊരു ജീവൻ പകരം കൊടുത്താൽ എനിക്കെന്റെ മകനെ തിരിച്ചുകിട്ടുമോ ? അയാളുടെ കുടുംബമെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ. വിവാഹപ്രായമെത്തിയ രണ്ടു പെൺകുട്ടികളുണ്ട്  അയാളുടെ വീട്ടിൽ– തന്നെ കാണാനെത്തിയ റസിയയെക്കുറിച്ച് ആയിഷാ ബീവി പറയുന്നു. അവരുടെ കാലിൽ വീണു റസിയ മാപ്പിരന്നപ്പോൾ കണ്ടുനിന്നവർക്കുപോലും കണ്ണീരടക്കാനായില്ല. ഞാൻ എന്റെ മകന്റെ ഘാതകനു മാപ്പു കൊടുക്കുന്നു; ഒരു ഉപാധിയുമില്ലാതെ– കണ്ണീരിന്റെ മറയിക്കിടയിലൂടെ ആയിഷാ ബീവി പറഞ്ഞു. 

ആയിഷാ ബീവി എന്ന ഉമ്മയോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. നന്ദി... ഉമ്മയ്ക്കും സർവശക്തനായ ദൈവത്തിനും....റസിയുടെ വാക്കുകളിൽ ആശ്വാസം. ഇനി ഭർത്താവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മൂന്നു മക്കളുള്ള റസിയയുടെ കുടുംബം. സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും പെരുമഴക്കാലത്തിനായി.