Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിഗംഭീരം, അംഗല മെർക്കൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു പിന്നിലെ കഥ

photo-01

ഒരൊറ്റ ചിത്രം. ലോകരാഷ്ട്രീയത്തെ ഇതിലും നന്നായി വ്യക്തമാക്കാൻ ആയിരം വാക്കുകൾക്കുപോലും കഴിയില്ല. ജി 7 ഉച്ചകോടിയിൽ നടന്നതെന്തെന്നു വിശദീകരിക്കാൻ ഈ ചിത്രം മാത്രം മതിയാകും. ജർമൻ സർക്കാരിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ ജെസ്കോ ഡെൻസൽ പകർത്തിയ ചിത്രമാണ് ഇപ്പോഴത്തെ സംസാരവിഷയം. കൊച്ചുകുട്ടിയെ പേടിപ്പിക്കുന്നതുപോലെ കണ്ണുരുട്ടുന്ന ജര്‍മൻ ചാൻസലർ അംഗല മെർക്കൽ; ആരു വിചാരിച്ചാലും തന്നെ നന്നാക്കാനാവില്ലെന്ന ഭാവത്തിൽ കയ്യുംകെട്ടിയിരിക്കുന്ന ട്രംപ്. തനിക്കിനിയും ഉപദേശിക്കാൻ വയ്യെന്നു പറയും പോലെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ.  

കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയുടെ രണ്ടാം ദിനം. തിരക്കേറിയ രണ്ടു സെഷനുകൾക്ക് ഇടയിലുള്ള നിമിഷങ്ങൾ – അംഗല മെർക്കൽ ഇങ്ങനെയൊരു അടിക്കുറിപ്പു കൊടുത്ത് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ കമന്റുകളുടെ പ്രവാഹം. ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന കമന്റുകൾ. 

അമേരിക്കയും കാനഡയും തമ്മിലുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ ജി 7 ഉച്ചകോടി. അതിനുപുറമെ, സിംഗപ്പൂരിൽ നടക്കുന്ന ചരിത്രപരമായ സമ്മേളനത്തിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ചർച്ച നടത്താൻ സമ്മേളനം തീരുന്നതിനുമുമ്പ് ട്രംപ് പുറപ്പെടുകയും ചെയ്തു. യുഎസിനു പുറമേ കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നീ വികസിത രാജ്യങ്ങൾ അംഗങ്ങളായുള്ള ജി–7ൽ നിന്ന് അമേരിക്ക പിൻവാങ്ങുകയാണോ എന്നുപോലും ഊഹാപോഹങ്ങൾ സൃഷ്ടിച്ചു ട്രംപിന്റെ പെട്ടെന്നുള്ള മടങ്ങിപ്പോക്ക്. പക്ഷേ, ഇത്തരം രാജ്യാന്തര വിഷയങ്ങളെയൊക്കെ പിന്നിലാക്കി ലോകത്തിന്റെ ശ്രദ്ധ നേടയിത് അംഗല മെർക്കൽ പോസ്റ്റ് ചെയ്ത ചിത്രം.  ഓരോ മുഖഭാവത്തുനിന്നും ഓരോ കഥ വായിച്ചെടുക്കാവുന്ന അതിഗംഭീര ചിത്രം. 

വികസിത രാജ്യങ്ങളുടെ ഉച്ചകോടിയിൽ അമേരിക്ക ഒറ്റപ്പെട്ടത് ഇതിലും നന്നായി ചിത്രീകരിക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അടിക്കുറിപ്പിൽ അംഗല മെർക്കൽ രാഷ്ട്രീയ വിശദാംശങ്ങളൊന്നും നൽകുന്നില്ലെങ്കിലും ട്രംപിന്റെ ഒറ്റപ്പെടൽ വളരെ വ്യക്തമാണ്. ചിത്രം കാണുന്ന ആർക്കുമതു മനസ്സിലാകും. അങ്ങനെ അവസാനം ക്ലാസിലെ വികൃതിക്കുട്ടിയെ സീറ്റിൽ പിടിച്ചിരുത്താൻ മെർക്കലിനു കഴിഞ്ഞിരിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. തങ്ങൾക്കു പറയാനുള്ളതു പറയാനും ട്രംപിനെ ബോധ്യപ്പെടുത്താനും മെർക്കലിന്റെ നേതൃത്വത്തിലുള്ള ലോകനേതാക്കൾക്കു കഴിഞ്ഞിരിക്കുന്നു എന്നാണു വ്യാഖ്യാനം. 

ഒരു ചിത്രത്തിലൂടെ താൻ പറയാൻ ആഗ്രഹിക്കുന്ന സന്ദേശം വ്യക്തമാക്കാൻ മെർക്കലിന് അറിയാം. അതിന്റെ ഏറ്റവും നല്ല തെളിവാണ് ജി 7–ൽ നിന്നുള്ള ചിത്രം എന്നഭിപ്രായപ്പെട്ടുകൊണ്ടു അഭിനന്ദനസന്ദേശങ്ങൾ അയച്ചു പലരും മെർക്കലിന്. എന്താണ് യഥാർഥ വസ്തുത എന്ന് ഒരു വനിതാ നേതാവ് ട്രംപിനെ കൃത്യമായി ബോധ്യപ്പെടുത്തിയിരിക്കുന്നു. മെർക്കലിന് അഭിനന്ദനങ്ങൾ. അഭിവാദ്യങ്ങൾ എന്ന മട്ടിലാണ് മിക്ക കമന്റുകളും. 

സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനു പോലും ഒന്നും ചെയ്യാൻ കഴിയുന്നില്ല. അതിനുമുമ്പു തന്നെ ഈ സ്ത്രീ( മെർക്കൽ) അയാളെ ഇരുത്തിക്കഴിഞ്ഞു...ഇങ്ങനെപോകുന്നു കമന്റുകൾ. ഈ ആഴ്ചാവസാനം മെർക്കലിന്റേത്. അവർക്ക് ആഘോഷിക്കാം. ട്രംപിന്റെ പതനം കാണാൻ മോഹിച്ചിരുന്നവർക്കും....എന്നാണു മറ്റൊരു കമന്റ്. 

മെർക്കലിനുള്ള അഭിനന്ദനങ്ങൾക്കൊപ്പം ട്രംപിനെ കണക്കിനു കളിയാക്കുന്നുമുണ്ട്. ക്ലാസ് മുറിയിൽ എത്തിയപ്പോൾ വീട്ടിൽ പോകാൻ വാശിപിടിച്ചു കരയുന്ന കുട്ടിയുടെ മുഖഭാവമാണ് ട്രംപിന് എന്നാണ് ഒരു പരിഹാസം. കരയണ്ട കുട്ടീ, ഇപ്പോൾ തന്നെ വീട്ടിൽ വിടാം എന്നാണത്രേ മെർക്കൽ പറയുന്നത്. 

ട്രംപും മെർക്കലും തമ്മിൽ നടന്ന സംഭാഷണം ഒരാളുടെ ഭാവനയിൽ: ട്രംപ് മെർക്കലിനോട്: നമുക്ക് 10 വർഷമായി പരസ്പരം  അറിയാം. 

മെർക്കൽ: നിങ്ങൾ ഒരു പത്തുവയസ്സുകാരനെപ്പോലെയാണ് പെരുമാറുന്നത് ! 

ട്രംപ് എന്ന കൊച്ചുകുട്ടിയേയും കൊണ്ട് വിദേശരാജ്യം സന്ദർശിക്കുന്ന അമ്മയായി മെർക്കലിനെ ചിത്രീകരിക്കുന്ന രീതിയിൽ യഥാർഥ ചിത്രം മോർഫ് ചെയ്ത ചിത്രങ്ങളും ട്വിറ്ററിൽ പ്രചാരം നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളി‍ൽ അടിക്കുറിപ്പു മൽസരങ്ങൾ വരെ നടന്നു.