Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂബർ ടാക്സിയിൽ വംശീയ അധിക്ഷേപം; ആക്രമണത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് മാധ്യമപ്രവർത്തക

uber-attack ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്.

മുംബൈയിൽ യൂബർ ഷെയറിങ് ടാക്സിയിൽ വച്ച് വംശീയ പരാമർശം നേരിടേണ്ടിവരികയും ശാരീരികാക്രമണത്തിനു വിധേയയാകുകയും ചെയ്തതായി പത്രപ്രവർത്തകയുടെ ആരോപണം. സഹയാത്രികയിൽനിന്നാണ് ക്രൂരമായ പെരുമാറ്റം യുവതിക്കു നേരിടേണ്ടിവന്നത്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാതെ യൂബർ അന്വേഷണത്തോടു നിസ്സഹകരിച്ചെന്നും യുവതി ആരോപിക്കുന്നു. പരാതിയും തെളിവുകളുടെ ദൃശ്യങ്ങളും യുവതി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് വൈകിട്ടോടെ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നതായി യൂബർ വിശദീകരണകുറിപ്പ് പുറത്തിറക്കി. 

പത്രപ്രവർത്തകയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് പുറംലോകം ഞെട്ടിക്കുന്ന വിവരങ്ങൾ അറിഞ്ഞത്. കൂടുതൽ പണം കൊടുത്തിട്ടും അവസാനം മാത്രമേ തനിക്കു വീട്ടിലെത്താൻ കഴിയുന്നുള്ളൂ എന്നു പറഞ്ഞുകൊണ്ടാണ് സഹയാത്രിക ആക്രമിച്ചതെന്നാണ് കുറിപ്പിൽ പറയുന്നത്. ഡ്രൈവർക്ക് അനുകൂലമായി താൻ സംസാരിച്ചതോടെ സഹയാത്രിക തനിക്കുനേരെ തിരിയുകയും ആക്രമിക്കുകയും ചെയ്തു. ആദ്യം പേരു വിളിച്ചെങ്കിലും പിന്നീട് അസഭ്യപദങ്ങളുപയോഗിച്ച് ആക്ഷേപിക്കുകയും ചെയ്തത്രേ. 

കയ്യിലിരുന്ന ബാഗിൽ ഹാൻഡ് റെസ്റ്റ് വലിച്ചെടുത്ത് അടിച്ച സഹയാത്രിക വാഹനത്തിൽനിന്നിറങ്ങണം എന്നാക്രോശിച്ചുകൊണ്ട് മുടി പിടിച്ചുവലിക്കുകയും മുഖത്തും ശരീരത്തും മുറിവേൽപിക്കുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് ചോരയൊലിപ്പിച്ച മുഖവുമായുള്ള സ്വന്തം ചിത്രവും പത്രപ്രവർത്തക പോസ്റ്റ് ചെയ്തിട്ടുണ്ട്. താനവരുടെ ചിത്രം പകർത്താൻ ശ്രമിച്ചെങ്കിലും ക്യാമറ താഴെയിട്ടു പൊട്ടിക്കുമെന്നു ഭീഷണിപ്പെടുത്തിയോടെ താൻ ആ ശ്രമം ഉപേക്ഷിച്ചെന്നും അവർ പറയുന്നു.

വാഹനത്തിൽവച്ചുണ്ടായ ക്രൂരമായ സംഭവത്തിനുശേഷം പൊലീസിൽ പരാതി കൊടുത്തപ്പോഴാണ് യൂബറിൽനിന്നും മോശമായ പെരുമാറ്റം ഉണ്ടായത്. പൊലീസ് പത്രപ്രവർത്തകയുടെ സാന്നിധ്യത്തിൽവച്ചു തന്നെ യൂബർ ഓഫിസിലേക്കു വിളിച്ചു. പക്ഷേ, ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കണം എന്ന വാദം ഉന്നയിച്ച്, സഹയാത്രികയുടെ വിവരങ്ങൾ പറയാൻ അവർ വിസമ്മതിച്ചു. 

തന്നെ ആക്രമിച്ച സഹയാത്രിക യൂബറിന്റെ ഉപഭോക്താവ് ആണെങ്കിൽ ദിവസവും രണ്ടു പ്രവശ്യം യൂബറിനെ ആശ്രയിക്കുന്ന താനും ഉപഭോക്താവ് അല്ലേ എന്നും യുവതി ചോദിക്കുന്നു. പകൽവെളിച്ചത്തിൽ യൂബറിന്റെ വാഹനത്തിൽവച്ചാണ് ഞാൻ ആക്രമിക്കപ്പെട്ടത്. പിൻസീറ്റിൽ നിറയെ എന്റെ തലമുടിച്ചുരുളുകളുകളുണ്ട്. മുഖത്തും കൈകളിലും എനിക്കു പരുക്കേറ്റു. ശാരീരികമായും മാനസികമായും ഞാൻ തളർന്നു. യൂബറിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷിതയല്ല എന്നെനിക്കു തോന്നുന്നു–ഫെയ്സ്ബുക്കിൽ  അവർ കുറിച്ചു. 

പത്രപ്രവർത്തകയുടെ പോസ്റ്റ് വിവാദമായതിനെത്തുടർന്ന് വൈകിട്ടോടെ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. അന്വേഷകരുമായി പൂർണമായി സഹകരിക്കാൻ തങ്ങൾ തയ്യാറാണെന്നും സംഭവിച്ച കാര്യങ്ങൾ ദൗർഭാഗ്യകരമാണെന്നും യൂബർ പത്രപ്രവർത്തകയ്ക്ക് എഴുതി. അന്വേഷണം പുരോഗമിക്കുമ്പോൾ എന്തു സഹായവും ചെയ്യാൻ തങ്ങൾ ഒരുക്കമാണെന്നും കൂടി അവർ കുറിച്ചു.