Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12-ാം വയസ്സിൽ പീഡനം, 2 ആത്മഹത്യാശ്രമം; പ്രതിസ്ഥാനത്ത് മാതാപിതാക്കൾ

child-abuse-hang പ്രതീകാത്മക ചിത്രം.

കോട്ടയം∙ പന്ത്രണ്ടാം വയസ്സുമുതൽ സ്വന്തം വീട്ടിൽവച്ച് പലതവണ പീഡനത്തിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതി പിൻവലിപ്പിക്കാൻ ശ്രമം. കേസ് ഒതുക്കിത്തീര്‍ത്ത് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമവും സജീവം. ആവർത്തിച്ചുള്ള പീഡനത്തെത്തുടർന്ന്  നിർഭയ ഹോമിലായിരുന്ന പെൺകുട്ടിയെ ശിശുക്ഷേമ സമിതിയെ തെറ്റിധരിപ്പിച്ച് മാതാപിതാക്കൾ വീട്ടിലെത്തിച്ചെങ്കിലും കുട്ടി രണ്ടുതവണ ജീവനൊടുക്കാൻ ശ്രമിച്ചതോടെ സംഭവം വിവാദമായി. ഒരു തോട്ടമുടമയ്ക്കു രണ്ടു പെൺമക്കളെയും കാഴ്ചവയ്ക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളാണ് പ്രതിസ്ഥാനത്ത്. 

സ്വന്തം വീട്ടിൽ പീഡനത്തിനിരയായതു പെൺകുട്ടി മാത്രമല്ല. മൂത്ത സഹോദരിയും പീഡനത്തിനിരയായിരുന്നു. രണ്ടും സംഭവങ്ങളിലെയും പ്രതി ഒരു തോട്ടമുടമയാണ്. ഒരേ സമയത്തുതന്നെയാണ് സഹോദരിമാർ പീഡിക്കപ്പെട്ടതും. മൂത്തയാൾക്കു 14 ഉം ഇളയകുട്ടിക്കു 12 ഉം വയസ്സുള്ളപ്പോൾ. മൂത്തകുട്ടി പൊലീസിൽ പരാതിപ്പെട്ടപ്പോൾ മാത്രമാണ് സഹോദരിമാർ രണ്ടുപേരും പീഡനത്തിനിരയായി എന്ന വിവരം പുറത്തറിയുന്നത്. 

വീട്ടിൽ പീഡനത്തിന് ഇരയായതിനെത്തുടർന്നു 2015 ഡിസംബർ മുതൽ നിർഭയ ഹോമിലാണു കോട്ടയം മുണ്ടക്കയം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും മൂത്ത സഹോദരിയും താസമിക്കുന്നത്. നിർഭയ അധികൃതരുടെ എതിർപ്പു വകവയ്ക്കാതെ ജില്ലാ ശിശുക്ഷേമ സമിതിയെ തെറ്റിധരിപ്പിച്ച് പല തവണ വീട്ടിൽക്കൊണ്ടുപോയി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം നടന്നു. കടുത്ത മദ്യപാനിയായ അച്ഛൻ പീഡനത്തിനു കൂട്ടുനിൽക്കുമ്പോൾ രണ്ടാം പ്രതിയായ അമ്മയാണ് പീഡനത്തിന്റെ മുഖ്യഇടനിലക്കാരി. സംഭവം പുറത്തായതിനെത്തുടർന്ന് ഇവരെ കാണാനില്ല.

നിർഭയ ഹോം അധികൃതരുടെ എതിർപ്പു വകവയ്ക്കാതെ മു‌മ്പു മൂന്നുതവണ പെൺകുട്ടിയെ വീട്ടിലേക്കു പ്രത്യേക സാഹചര്യങ്ങളിൽ വിളിച്ചുകൊണ്ടുപോയിരുന്നു. മൂന്നുതവണയും കുട്ടി തിരിച്ചെത്തിയത് പരുക്കേറ്റും ആകെത്തകർന്നും. കുട്ടികളെ രക്ഷകർത്താക്കൾക്കൊപ്പം വിടണമെന്ന നിയമത്തിന്റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ശിശുക്ഷേമ സമിതിയാണ് അനുവാദം കൊടുക്കുന്നത്. പക്ഷേ, കോട്ടയത്തെ പെൺകുട്ടിയുടെ കാര്യത്തിൽ‌ വീടാണ് അപകടസ്ഥലം എന്നകാര്യം അധികൃതർ അവഗണിക്കുന്നു.

അമ്മയാണ് രണ്ടാം പ്രതിയെന്നെരിക്കെ അവരുടെ കയ്യിൽ കുട്ടിയെ വിട്ടുകൊടുക്കുന്നതിന്റെ അപകടം അധികൃതർ മനസ്സിലാക്കുന്നുമില്ല. നിരന്തര മദ്യപാനിയായ അച്ഛൻ തുടക്കത്തിൽ പീഡനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പിന്നീടു വിവരം അറിഞ്ഞെങ്കിലും അദ്ദേഹത്തെ പണം കൊടുത്തു വശത്താക്കിയ തോട്ടമുടമയാണ് പെൺകുട്ടിയെ ആവർത്തിച്ചു പീഡിപ്പിക്കുന്നതും പരാതി പിൻവലിപ്പിക്കാൻ സമ്മർദം ചെലുത്തുന്നതും. ഐപിസി 164 പ്രകാരം മജിസ്ട്രേറ്റിനു മുന്നിൽ പെൺകുട്ടി മൊഴി രേഖപ്പെടുത്താൻ പോയപ്പോഴും തോട്ടമുടമയ്ക്കെതിരെ പരാതി പറയരുതെന്ന് അച്ഛൻ കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നു പറയുന്നു മഹിള സമഖ്യ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ പി.ഇ.ഉഷ.  സംസ്ഥാനത്തെ എട്ടു നിർഭയ ഹോമുകൾ നടത്തുന്നത് മഹിള സമഖ്യയാണ്. 

child-abuse-representational-image

വീട്ടിൽ പീഡനത്തിന് ഇരയായതിനെത്തുടർന്നു പെൺകുട്ടികളെ ഇടുക്കി നിർഭയ ഹോമിൽ എത്തിക്കുന്നത് 2015 - ൽ. തൊട്ടടുത്ത വർഷം ഓണത്തിനു പെൺകുട്ടികളെ വീട്ടിൽ കൊണ്ടുപോയി. നിർഭയ അധികൃതരുടെ എതിർപ്പു വകവയ്ക്കാതെയായിരുന്നു നടപടി. നേരത്തെ കൊടുത്ത മൊഴി തിരുത്താൻ ഈ സമയത്ത് പെൺകുട്ടികൾക്കുമേൽ സമ്മർദമുണ്ടായി. ഭീഷണിപ്പെടുത്തിയതിനുപുറമെ, കുട്ടികളെ മർദിക്കുകയും ചെയ്തു. ഇതേത്തുടർന്നു മൂത്ത കുട്ടി രഹസ്യമായി അമ്മയുടെ ഫോണിൽ പൊലീസിൽ പരാതിപ്പെട്ടു. അങ്ങനെ രണ്ടു കുട്ടികളെയും ഇടുക്കി നിർഭയ ഹോമിൽ തിരിച്ചെത്തിച്ചു. രണ്ടാം പ്രതിയായ അമ്മ വീട്ടിലുണ്ടെന്നറിഞ്ഞിട്ടും അതേയിടത്തേക്കു പെൺകുട്ടികളെ അയച്ച ശിശുക്ഷേമ സമിതിക്കെതിരെ നിർഭയ അധികൃതർ പരാതിപ്പെട്ടു.

പിന്നീടു 12–ാം ക്ലാസിലും പത്താം ക്ലാസിലും വിജയിച്ചതിനെത്തുടർന്നു രണ്ടാമതും രണ്ടുകുട്ടികളെയും വീട്ടിലേക്കു പോകാൻ അനുവദിച്ചു.ഇത്തവണയും നിർഭയ അധികൃതർ എതിർത്തു.പെൺകുട്ടികളുടെ സുരക്ഷയും തുടർവിദ്യാഭ്യാസവും ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. വിദ്യാഭ്യാസം മുടക്കില്ലെന്നും ഒരു പ്രത്യേക വിദ്യാഭ്യാസ കേന്ദ്രത്തിൽതന്നെ പഠിപ്പിക്കാമെന്നും ഉറപ്പു നൽകി. അപ്പോഴേക്കും മൂത്ത കുട്ടിക്ക് 18 വയസ്സു തികഞ്ഞിരുന്നു. ഇളയകുട്ടിയുടെ ഉത്തരവാദിത്തം രക്ഷകർത്താക്കൾക്കു നൽകി ശിശുക്ഷേമ സമിതിയും ഉത്തരവിറക്കി. നേരത്തെ കൊടുത്ത കേസിന്റെ വിചാരണ പിന്നീടു നടന്നെങ്കിലും അന്നു കുട്ടികളെ അനുഗമിച്ച പൊലീസുകാരൻ കേസ് ഒത്തുതീർന്നതായി പി.ഇ.ഉഷയെ അറിയിച്ചു. 

അന്വേഷണം നടത്തിയപ്പോൾ ഉറപ്പുതന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലല്ല കുട്ടികൾ പഠിക്കുന്നതെന്നു കണ്ടെത്തി. മിക്കദിവസങ്ങളിലും കുട്ടികൾ പഠനത്തിന് എത്താറുമില്ല. മൂത്ത പെൺകുട്ടി പഠനം തന്നെ നിർത്തിയത്രെ. ഇളയകുട്ടി മുണ്ടക്കയത്തിനടുത്ത് കോരുത്തോട്ടെ ഒരു സ്കൂളിലാണു പഠിക്കുന്നത്. ഒരു മാസത്തിന്റെ ഇടവേളയിൽ  നീണ്ട നാളത്തെ അവധിയുമെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ കുട്ടി രണ്ടുതവണ ആത്മഹത്യാ ശ്രമം നടത്തിയതായി വെളിപ്പെട്ടു. ആദ്യ തവണ ഞരമ്പു മുറിച്ചും രണ്ടാമത് അമിത അളവിൽ ഗുളിക കഴിച്ചും. പെൺകുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നതും കുടുംബത്തിന്റെ ചെലവുകൾ നടത്തുന്നതുമെല്ലാം ആരോപണവിധേയനയാ തോട്ടമുടയ ആണെന്നുകൂടി അന്വേഷണത്തിൽ തെളിഞ്ഞതായി  ഉഷ വെളിപ്പെടുത്തുന്നു. ഇതേതുടർന്നുള്ള അപമാനഭാരത്താലായിരിക്കണം പെൺകുട്ടി ജീവനൊടുക്കാൻശ്രമിച്ചതും. 

child-abuse

പ്രശ്നത്തിൽ ഇടപെട്ട നിർഭയ അധികൃതർ സംഭവം ഇടുക്കി ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപെടുത്തി. പെൺകുട്ടിയെ വീട്ടിൽനിന്ന് കഴിഞ്ഞവർഷം അവസാനം തിരുവനന്തപുരം നിർഭയ ഹോമിലേക്കു മാറ്റി. ഇക്കഴിഞ്ഞമാസം സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കുട്ടിയെ വീട്ടിൽ വിടാൻ ഉത്തരവിട്ടു ശിശുക്ഷേമസമിതി. വീട്ടിലെത്തയ പെൺകുട്ടി പിറ്റേന്നുതന്നെ ആക്രമണത്തിനിരയായി. മുമ്പു പീഡിപ്പിക്കാൻ ശ്രമിച്ച അതേ വ്യക്തി തന്നെയായിരുന്നു ആക്രമണകാരി. യഥാർഥത്തിൽ സഹോദരിയുടെ വിവാഹം എന്നതു കെട്ടുകഥ മാത്രമാണെന്നും പെൺകുട്ടിയെ നിർഭയ ഹോമിൽനിന്നു പുറത്തിറക്കാനുള്ള തന്ത്രമായിരുന്നെന്നും കൂടി വെളിപ്പെടുത്തുന്നു ഉഷ. 

പെൺകുട്ടിക്ക് ഏറ്റവും അപകടകരമായ സാഹചര്യമുള്ളതു വീട്ടിലാണെന്നു പറയുന്നു ജെ.സന്ധ്യ. പെൺകുട്ടി സ്വന്തം വീട്ടിൽ താമസിക്കുന്നത് അപകടമാണെന്ന് അറിഞ്ഞിട്ടും അതനുവദിച്ച നിലപാടിനെതിരെ കോടതിയെ സമീപിച്ചിരുന്നു അവർ.