Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങൾ വിചാരണ നേരിടുമ്പോൾ; കണ്ണുനിറയ്ക്കും ഈ ദൃശ്യം

face-in-court-01

‘നിന്റെ കൂടെ വക്കീലുണ്ടോ?’

ഇല്ലെന്നായിരുന്നു തലയാട്ടൽ.

‘വക്കീലെന്നു പറഞ്ഞാൽ ആരാണെന്നറിയാമോ?’

നിശബ്ദതയായിരുന്നു ഉത്തരം.

അമേരിക്കയിലേക്കെത്തിയ അഭയാർഥികളുടെ മക്കളെ തിരികെ അയയ്ക്കുന്നതിനു മുന്നോടിയായി നടത്തുന്ന ‘വിചാരണ’യായിരുന്നു അത്. ഒറിഗണിലെ ഇമിഗ്രേഷൻ കോടതിയിൽ ജഡ്ജായുണ്ടായിരുന്നത് വില്ല്യം സി.സ്നോഫർ. പക്ഷേ അദ്ദേഹത്തിനു മുന്നിൽ വന്നിരുന്നത് മുതിർന്നവരായിരുന്നില്ല. എന്തിനാണ് തങ്ങളെ ഇവിടെ കൊണ്ടുവന്നതെന്നു പോലും തിരിച്ചറിയാൻ സാധിക്കാത്ത കുരുന്നുകളായിരുന്നു ഭൂരിപക്ഷം പേരും. യുഎസിൽ പലയിടത്തുമായി ഇമിഗ്രേഷൻ കോടതികളിൽ ഇത്തരത്തിൽ കുട്ടികളെ ‘വിചാരണ’യ്ക്കു വിധേയമാക്കുന്നുണ്ട്. പക്ഷേ ഒരു കുട്ടിക്കും സ്വന്തമായി വക്കീലിനെ കൊണ്ടു വരാൻ അനുവാദമില്ല. യുഎസിന്റെ ഭാഗത്തു നിന്നു വാദിക്കാനായി ഒരു വക്കീലുണ്ടു താനും. 

അഭിഭാഷകനില്ലെന്ന ഒരൊറ്റക്കാരണം കൊണ്ടു മാത്രം പത്തിൽ ഒൻപതു പേരയും കോടതി തിരികെ അവരുടെ രാജ്യത്തേക്ക് അയയ്ക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അഭിഭാഷകൻ വാദിക്കാനുണ്ടെങ്കിൽ പകുതി പേരെയെങ്കിലും രാജ്യത്തു തുടരാൻ ഇതുവരെ കോടതികൾ അനുവദിച്ചിട്ടുമുണ്ട്. ഇമിഗ്രേഷൻ കോടതികളിൽ എന്താണു നടക്കുന്നതെന്നു പുറംലോകം അറിയുന്നത് മാധ്യമ വാർത്തകളിലൂടെയാണ്. ഇവിടത്തെ നടപടികൾ ക്യാമറയിൽ പകർത്താനോ ശബ്ദം റെക്കോർഡ് ചെയ്യാനോ അനുവാദമില്ല. ഈ സാഹചര്യത്തിലാണ് ഇമിഗ്രേഷൻ കൗണ്‍സലിങ് സർവീസ് എന്ന എൻജിഒയുടെ സഹകരണത്തോടെ ചലച്ചിത്ര പ്രവർത്തക ലിൻഡ ഫ്രീമാൻ കോടതിയിലെ രംഗങ്ങൾ പുനരാവിഷ്കരിച്ചത്. കോടതിയിൽ നടന്ന വിചാരണകളുടെ യഥാർഥ കുറിപ്പുകളും സംഭാഷണങ്ങളും പരിശോധിച്ചായിരുന്നു ഇത്. 

എട്ടുംപൊട്ടും തിരിയാത്ത കുരുന്നുകൾ കോടതിയിൽ ജഡ്ജിക്കു മുന്നിൽ പകച്ചിരിക്കുന്ന കാഴ്ച ഏതൊരാളുടെയും മനസ്സിനെ നോവിക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇമിഗ്രേഷൻ നയത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധമാവുകയാണ് ഈ വിഡിയോ. മാതാപിതാക്കളിൽ നിന്നു കുട്ടികളെ അകറ്റി നിർത്തി ഒറ്റയ്ക്കു നിയമനടപടിക്കു വിധേയമാക്കുന്ന ട്രംപിന്റെ ‘തലതിരിഞ്ഞ’ നയത്തിനെതിരെ ലോകവ്യാപകമായി ഇതിനോടകം പ്രതിഷേധം ഉയർന്നു കഴിഞ്ഞിരിക്കുകയാണ്. ഒട്ടേറെ പേർ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു. ദാരുണമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികൾക്കു നിയമ പരിരക്ഷ പോലും ലഭിക്കുന്നില്ലെന്നത് വിഡിയോയിൽ നിന്നു തന്നെ വ്യക്തം. 

ലിസ ഗോൺസാലസ് എന്ന ലാറ്റിനമേരിക്കൻ പെൺകുട്ടിയുടെ കേസാണ് ആദ്യം ജഡ്ജി പരിഗണിക്കുന്നത്. കുരിശു വരച്ച് പരിഭ്രമം നിറഞ്ഞ കണ്ണുകളുമായി അവൾ ജഡ്ജിയെ നോക്കാന്‍ പോലുമാകാതെ ഇരുന്നു. എൽ സാൽവദോറിൽ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടന്നു എന്നതാണ് അവൾക്കെതിരെയുള്ള കുറ്റമെന്ന് ജഡ്ജി പറയുന്നു. ഇത്തരത്തിലൊരു യാത്രയ്ക്കു മുന്‍പ് ഇമിഗ്രേഷൻ അറ്റോണിയോടു സംസാരിച്ചോയെന്നാണ് അടുത്ത ചോദ്യം. അഭിഭാഷകൻ ഒപ്പമുണ്ടോ എന്ന ചോദ്യത്തിനും നിശബ്ദതയായിരുന്നു മറുപടി. പിന്നാലെ വരുന്നത് ഒരു കുഞ്ഞു പയ്യനാണ്. അവന്റെ വലിയ കണ്ണുകളിലാകെ അമ്പരപ്പ്. വെറുതെ കാലാട്ടിയിരിക്കുന്ന അവനോട് ‘നെർവസ്’ ആണോയെന്നാണ് ജഡ്ജിയുടെ ആദ്യ ചോദ്യം. കുട്ടിയെ പരമാവധി സ്വസ്ഥമായി ഇരുത്താനുള്ള ശ്രമങ്ങളും ജഡ്ജി നടത്തുന്നുണ്ട്. പക്ഷേ ഇവിടെ എന്താണു നടക്കുന്നതെന്നറിയാമോ എന്നാണ് അടുത്ത ചോദ്യം. എല്ലാറ്റിനും തലയാട്ടൽ മാത്രം ഉത്തരം. ചില ചോദ്യങ്ങൾക്കു മുന്നിൽ അവന്റെ കണ്ണുകൾ വല്ലാതെ വിടരുന്നുണ്ടായിരുന്നു. 

അടുത്തതായി സോഫിയ എന്ന കുരുന്ന്. അവളാകട്ടെ തനിക്ക് ട്രാൻസ്‌ലേഷനായി വച്ചു തന്ന ഇയർഫോണിൽ പിടിച്ചു കളിക്കുകയാണ്. വക്കീലുണ്ടോ ഒപ്പമെന്ന ചോദ്യത്തിന് ‘ഇല്ല’ എന്നുത്തരവും. ഓരോ ചോദ്യത്തിലും മനഃസ്സാക്ഷിക്കു മുന്നിൽ അസ്വസ്ഥനാകുന്ന ജഡ്ജിയുടെ മുഖവും പ്രേക്ഷകനു കാണാം. അഭയാർഥികളുടെ കുട്ടികൾക്ക് അഭിഭാഷകരുടെ ഉൾപ്പെടെ നിയമസഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഡിയോ തയാറാക്കിയത്. ഈ കുട്ടികളെ നിങ്ങൾക്കും സഹായിക്കാം. ഇമിഗ്രേഷൻ കൗണ്‍സലിങ് സർവീസിന്റെ www.ics-law.orgഎന്ന വെബ്സൈറ്റിലൂടെ.