Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വനിതാ സംവരണബിൽ; മുത്തലാഖും നിക്കാഹ് ഹലാലയും പരിഗണിക്കണം'

ravi-shankar-rahul

വനിതാ സംവരണ ബില്ലിനു വീണ്ടും നല്ലകാലം; രാജ്യത്തെ വനിതകൾക്കു പ്രതീക്ഷ പകരുന്ന നീക്കങ്ങൾ നടത്തുകയാണ് പ്രധാന രാഷ്ട്രീയ കക്ഷികൾ. രാജ്യത്തെ രണ്ടു പ്രമുഖ രാഷ്ട്രീയകക്ഷികൾ അഭിപ്രായവ്യത്യസങ്ങൾ മറന്ന് ഒന്നിക്കാമെങ്കിൽ വനിതാ സംവരണ ബിൽ പാർലമെന്റിന്റെ മഴക്കാലസമ്മേളനത്തിൽതന്നെ പാസ്സാക്കാമെന്ന നിർദേശവുമായി മുന്നോട്ടുവന്നിരിക്കുന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. 

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു മുന്നിലാണ് രവിശങ്കർ പ്രസാദ് പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ബിൽ പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞദിവസം കത്തെഴുതിയിരുന്നു. ഇതിനു മറുപടിയായാണ് വനിതാ സംവരണ ബില്ലും, മുത്തലാഖ്, നിക്കാഹ് ഹലാല നിരോധന ബില്ലുകളും പാസ്സാക്കാൻ ഇരുസഭകളിലും യോജിക്കാമെന്ന നിർദേശവുമായി നിയമമന്ത്രിയുടെ രംഗപ്രവേശം.

പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കാൻ നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തിരുന്നു രാഹുൽ ഗാന്ധി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് സ്ത്രീ ശാക്തീകരണത്തിനായി കൈ കോർക്കാൻ അദ്ദേഹം മോദിയെ ക്ഷണിക്കുകയും ചെയ്തു. 2010 മാർച്ച് 9 ന് രാജ്യസഭ പാസ്സാക്കിയ ബില്ലിന് ഇനി ലോക്സഭയുടെ അംഗീകാരമാണു ലഭിക്കേണ്ടത്. 

ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി നിയമവിരുദ്ധമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 22നു വിധിച്ചിരുന്നു. ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നീ വിഷയങ്ങളിൽ അന്നു കോടതി നിലപാടു വ്യക്തമാക്കിയിരുന്നില്ല. വിവാഹമോചിതയ്ക്കു മുൻ ഭർത്താവിനെ വീണ്ടും വിവാഹം ചെയ്യണമെന്നുണ്ടെങ്കിൽ അതിനു മുൻപു മറ്റൊരാളെ വിവാഹം ചെയ്ത് അതിൽനിന്നു മോചനം നേടണമെന്നതാണു നിക്കാഹ് ഹലാല വ്യവസ്ഥ. മുത്തലാഖും നിക്കാഹ് ഹലാലയും മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്കു സമത്വം അനുവദിക്കുന്നില്ലെന്നു മാത്രമല്ല അവരുടെ അന്തസ്സ് തന്നെ ഇല്ലാതാക്കുന്നതാണെന്നും രവിശങ്കർ പ്രസാദ് പറയുന്നു. 

ലോക്സഭ പാസ്സാക്കിയ മുത്തലാഖ് നിരോധന ബിൽ രാജ്യസഭയുടെ അംഗീകാരം കാത്തിരിക്കുകയാണ്. കോൺഗ്രസ് ഉൾപ്പെടെ ചില രാഷ്ട്രീയ കക്ഷികൾ മുത്തലാഖ് നിരോധന ബില്ലിന്റെ കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉന്നയിച്ചിരുന്നു. അവരുടെ എതിർപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് നിയമമന്ത്രി വനിതാ സംവരണ ബില്ലിനൊപ്പം മറ്റു രണ്ടു ബില്ലുകളുടെ കാര്യം കൂടി ചർച്ചയിലേക്കു കൊണ്ടുവന്നിരിക്കുന്നത്. 

വാജ്പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് വനിതാ സംവണ ബിൽ ആദ്യം കൊണ്ടുവന്നതെന്ന് മന്ത്രി കോൺഗ്രസ് അധ്യക്ഷനെ ഓർമിപ്പിക്കുന്നു. യോജിപ്പിൽ എത്താൻ കഴിയാത്തതിനെത്തുടർന്നാണ് അന്നു ബിൽ പാസ്സാക്കാൻ കഴിയാതെപോയത്. ബിജെപി പിന്തുണ വാഗ്ദാനം ചെയ്തെങ്കിലും മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കാൻ ഫലപ്രദമായ നടപടികൾ കൈക്കൊണ്ടില്ലെന്നും മന്ത്രി ആരോപിക്കുന്നു. 

രാഹുൽ നിലപാട് വ്യക്തമാക്കിയെങ്കിലും കോൺഗ്രസിന്റെ സഖ്യകക്ഷികൾക്കും ഇതേ നിലപാടു തന്നെയാണോ എന്നും മന്ത്രി ചോദിക്കുന്നു. ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും സംവരണത്തിനുള്ള നിർദേശമില്ലാതെ വനിതാ സംവരണ ബിൽ പാസ്സാക്കുന്നതിനെ സമാജ്‍വാദി, ആർഡെജി പാർട്ടികൾ എതിർത്തിരുന്നു. 

ദേശീയ രാഷ്ട്രീയ പാർട്ടികൾ എന്ന നിലയിൽ വനിതാ സംവരണ ബില്ലിന്റെ കാര്യത്തിൽ ഇരട്ട നിലപാടു കൈക്കൊള്ളാൻ ആവില്ല. സ്ത്രീകൾക്ക് അവർ അർഹിക്കുന്ന സംവരണം നൽകുന്നതിൽ ഇന്ത്യ ഇപ്പോൾ തന്നെ പിന്നിലാണ്. സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന നിയമങ്ങൾ നിർമാർജ്ജനം ചെയ്യേണ്ടതുമുണ്ട്. ഇനിയെങ്കിലും സമയം കളയാതെ രാഷ്ട്രീയ കക്ഷികൾ യോജിപ്പിൽ എത്തുകയും ഒരുമിച്ചുനീങ്ങി വനിതാ സംവരണം യാഥാർഥ്യമാക്കുകയും വേണം– കേന്ദ്ര നിയമമന്ത്രി നിലപാട് വ്യക്തമാക്കുന്നു. രാഹുലും മന്ത്രിയും നിലപാട് വ്യക്തമാക്കിയതോടെ വീണ്ടുമൊരിക്കൽക്കൂടി ചർച്ചയായ‌ിരിക്കുകയാണു വനിതാ സംവരണ ബിൽ. ഒരുപക്ഷേ, എതിർപ്പുകൾ ഇല്ലാതാകുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്താൽ ഇത്തവണയെങ്കിലും രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണം യാഥാർഥ്യമായേക്കും.