Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോണിടെയിൽ അനുവദിക്കുമെങ്കിൽ എന്തിന് താടിക്ക് വിലക്ക്; നാവികസേനാ ഉദ്യോഗസ്ഥർ ചോദിക്കുന്നു

sleek-ponytail.jpg.image.784.410 പ്രതീകാത്മക ചിത്രം.

അവര്‍ക്കാകാമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്കും ആയിക്കൂടാ- ചോദ്യം അമേരിക്കന്‍ നാവികസേനയിലെ പുരുഷന്‍മാരുടേത്. താടി വളര്‍ത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫെയ്സ് ബുക് പ്രചാരണത്തിന് നാവികസേനയിലെ പുരുഷന്‍മാര്‍ക്കിടയില്‍ ലഭിക്കുന്നതു വ്യാപക പിന്തുണ. പൊടുന്നനെ,  ഇങ്ങനെയൊരു ആവശ്യം ഉയരാന്‍ കാരണമുണ്ട്.

പോണിടെയില്‍ ഉള്‍പ്പെടെ വ്യത്യസ്ത ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ നാവികസേനയിലെ വനിതകള്‍ക്ക് കഴിഞ്ഞ ദിവസം നേവി അനുമതി കൊടുത്തിരുന്നു. വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്ന നിരോധനത്തിനാണ് നേവി അധികൃതര്‍ അയവു വരുത്തിയത്. എല്ലാ വനിതാ സൈനികരും ഒരുപോലെ മുടി വൃത്തിയായി കെട്ടിവയ്ക്കണം എന്നായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇതില്‍ മാറ്റം വരുത്തി ഇളവുകള്‍ അനുവദിച്ചുള്ള പരിഷ്കാരം വന്നതോടെയാണ് പുരുഷന്‍മാര്‍ തങ്ങളെ താടി വളര്‍ത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടു രംഗത്തെത്താന്‍ കാരണം. 

വി വാണ്ട് ബിയേര്‍ഡ്സ്... (ഞങ്ങള്‍ക്കു താടി വേണം ) എന്ന ഹാഷ്ടാഗില്‍ കഴിഞ്ഞദിവസം ഒരു സൈനികന്‍ ഫെയ്സ്ബുക്കില്‍ പ്രചാരണം തുടങ്ങി. നൂറുകണക്കിനു പേര്‍ പിന്തുണ അറിയിക്കുന്നുണ്ട്. തങ്ങള്‍ക്കും സമാന ആവശ്യം തന്നെയാണ് എന്നറിയിച്ചുകൊണ്ട് കമന്റുകളും എഴുതുന്നുണ്ട്. അമേരിക്കന്‍ നാവികസേനയിലെ പുരുഷന്‍മാര്‍ താടി വളര്‍ത്തുന്നത് നിരോധിക്കുന്നത് 1984-ല്‍. യുദ്ധമേഖലകളില്‍ ജോലി ചെയ്യുമ്പോഴും അപകടഘട്ടങ്ങളെ തരണം ചെയ്യേണ്ടിവരുമ്പോഴും മാസ്കുകള്‍ ധരിക്കേണ്ടിവരും സൈനികര്‍ക്ക്. ശ്വസനം എളുപ്പമാക്കുന്ന യന്ത്രങ്ങളും മുഖത്തു ഘടിപ്പിക്കേണ്ടിവരും.

ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ താടി അസൗകര്യം മാത്രമല്ല ബുദ്ധിമുട്ടാണെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ്  സൈനികര്‍ താടി വളര്‍ത്തുന്നത് നിരോധിച്ചത്. യൂണിഫോം ധരിച്ചുനില്‍ക്കുന്ന സൈനികര്‍ എല്ലാവരും ഒരുപോലെ കാണപ്പെടേണ്ടത് സേനയിലെ അച്ചടക്കത്തിന്റെയും ഭാഗമാണ്. ഈ മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും മാറ്റം വന്നില്ലിന്നെരിക്കെ, താടി വളര്‍ത്താനുള്ള അനുമതി കൊടുക്കേണ്ടതില്ല എന്നതില്‍ അധികൃതര്‍ ഉറച്ചുനില്‍ക്കുന്നു. പക്ഷേ, സ്ത്രീകള്‍ക്കു ഹെയര്‍ സ്റ്റൈലില്‍ പരീക്ഷണങ്ങളാകാമെങ്കില്‍ തങ്ങള്‍ക്കുള്ള നിയമങ്ങളിലും അധികൃതര്‍ മാറ്റം വരുത്തേയേക്കും എന്ന പ്രതീക്ഷയിലാണ് പുരുഷന്‍മാര്‍. 

താടി വളര്‍ത്താന്‍ അനുവദിക്കുന്നത് പുരുഷന്‍മാരുടെ ആത്മവിശ്വാസം കൂട്ടുമെന്നു പറയുന്നു 29- വയസ്സുകാരനായ ട്രാവിസ് റാഡര്‍ എന്ന സൈനികന്‍. നാവികസേനയിലെ ഒരു പുരുഷ അംഗത്തെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതു രണ്ടു കാര്യങ്ങളാണ്: താടി വളര്‍ത്താനുള്ള അനുമതിയും മെച്ചപ്പെട്ട ബൂട്ടുകളും - റാഡര്‍ പറയുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നേവിയില്‍ ചേരുമ്പോള്‍ ആറിഞ്ചു നീളമുണ്ടായിരുന്നു റാഡറിന്റെ താടിരോമങ്ങള്‍ക്ക്. ഒരു വ്യക്തിയില്‍നിന്നും ബലമായി എന്തെങ്കിലും എടുത്തുമാറ്റുമ്പോള്‍ അയാള്‍ അതു തീവ്രമായി ആഗ്രഹിക്കും എന്നതാണു പൊതുസ്വഭാവം. താടി വളര്‍ത്തുന്നതിനും ഇതു ബാധകമാണെന്നും റാഡര്‍ പറയുന്നു. 

ഫെയ്സ്ബുക് ലൈവ് ഇവന്റിലായിരുന്നു വനിതകള്‍ക്ക് ഹെയര്‍ സ്റ്റൈല്‍ പരീക്ഷണങ്ങളാകാമെന്ന് കഴിഞ്ഞയാഴ്ച നാവികസേന അധികൃതര്‍ അറിയിച്ചത്. റാഡറിനു പിന്നാലെ നേവല്‍ ഇര്‍ഫന്‍മേഷന്‍ സിസ്റ്റം ടെക്നീഷ്യനായ ബില്‍ വല്യംസും താടിക്ക് അനുകൂലമായി രംഗത്തുവന്നു. അഗ്നിശമന സേനയിലും മറ്റും ജോലി ചെയ്യുന്നവര്‍ താടി വളര്‍ത്തുന്നതിനൊപ്പം മാസ്കുകള്‍ ധരിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നന്നായി വെട്ടിയൊതുക്കിയ വൃത്തിയുള്ള താടി ഗംഭീരമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തുടര്‍ച്ചയായി എല്ലാ ദിവസങ്ങളിലും ഷേവ് ചെയ്യുന്നത് വല്ലാതെ അലോസരമുണ്ടാക്കുന്നെന്നും വില്യംസ് അഭിപ്രായപ്പെട്ടു.