Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ പുരുഷന്മാരോട് ഒബാമ ആ ചോദ്യം ചോദിച്ചു; സ്ത്രീകൾ കൈയടിച്ചു

അല്ലയോ പുരുഷന്‍മാരേ, നിങ്ങള്‍ക്ക് എന്താണു കുഴപ്പം ? ചോദ്യം ചോദിക്കുന്നത് ഒരു സ്ത്രീ അല്ല, പീഡനത്തിനിരയായവരല്ല, മാനഭംഗം നേരിട്ടവരോ  ദുരനുഭവം ഉണ്ടായിട്ടുള്ള ആളോ അല്ല. ഒരു പുരുഷന്‍ തന്നെ. പ്രവർത്തികളിലൂടെയും ജീവിതശൈലിയിലൂടെയും ലോകത്തിന്റെ ആരാധനാപാത്രങ്ങളിലൊരാളായ ബറാക് ഒബാമ. അമേരിക്കയുടെ മുന്‍ പ്രസിഡന്റ്. 

ജൊഹാനസ്ബര്‍ഗില്‍ ഒബാമ ഫൗണ്ടേഷന്റെ ചടങ്ങില്‍ പ്രസംഗിക്കുമ്പോഴായിരുന്നു കാലിക പ്രസക്തിയുള്ള ഒബാമയുടെ ചോദ്യം. സദസ്സിലുണ്ടായിരുന്ന സ്ത്രീകള്‍ കൈയടിച്ചും ഹാര്‍ദമായി ചിരിച്ചും ഒബാമയുടെ വാക്കുകള്‍ക്കു പിന്തുണ അറിയിച്ചു. അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഹെല്‍സിങ്കിയില്‍ ട്രംപ്-പുടിന്‍ ഉച്ചകോടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഒബാമയുടെ ചോദ്യം എന്നതും ശ്രദ്ധേയം. 

പുരുഷന്‍മാരുടെ കുഴപ്പത്തെക്കുറിച്ച് ഒബാമ ഇപ്പോള്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ കാരണമുണ്ട്. ദിവസവും വര്‍ത്തമാനപത്രങ്ങള്‍ വായിക്കുമ്പോള്‍, വാര്‍ത്തകളിലൂടെ കടന്നുപോകുമ്പോള്‍ സ്വാഭാവികമായി സംശയം തോന്നുകയാണ്. എന്തുകൊണ്ടാണ് പുരുഷന്‍മാര്‍ ഇത്രമാത്രം അക്രമവാസന കാണിക്കുന്നത്. ഭീഷണിപ്പെടുത്തുന്നത്. പ്രത്യേകിച്ചും സ്ത്രീകളോട്. പുരുഷന്‍മാരുടെ അക്രമം നിറഞ്ഞ പെരുമാറ്റം കാണുമ്പോള്‍ ചോദിക്കാതിരിക്കാനാവില്ല- അല്ലയോ സഹോദരന്‍മാരേ, യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം. 

കുറച്ചുകൂടി നന്നായി, സ്നേഹത്തോടെ, സഹിഷ്ണുതയോടെ പെരുമാറിക്കൂടേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ലോകത്തെവിടെയും പുരുഷന്‍മാര്‍ അവരുടെ പ്രവൃത്തികളിലൂടെ സമ്മാനിക്കുന്നത് നിരാശ മാത്രമാണ്. അതുകൊണ്ടുതന്നെ ഇനി വേണ്ടത് കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടന്നുവരിക എന്നതാണ്. അങ്ങനെയേ നമ്മുടെ രാഷ്ട്രീയ രംഗം ശുദ്ധീകരിക്കാന്‍ കഴിയൂ. 

അഴിമതിയും അക്രമവാര്‍ത്തകളും കഴുകിക്കളയാന്‍ കഴിയൂ. ജീവിതം കുറേക്കൂടി മെച്ചപ്പെട്ടതാക്കാന്‍ കഴിയൂ. തിങ്ങിക്കൂടിയ സ്ത്രീകള്‍ ഹര്‍ഷാരവത്തോടെയാണ് ഒബാമയുടെ വാക്കുകള്‍ കേട്ടത്. ഗൗരവമായ എന്തോ കുഴപ്പമുള്ളതുപോലെയാണ് പലരും പെരുമാറുന്നത്. യഥാര്‍ഥത്തില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു-സ്ത്രീകളുടെ പൊട്ടിച്ചിരികള്‍ക്കിടെ അദ്ദേഹം പറഞ്ഞു.