Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്സിറ്റ് വിവാഹ പരസ്യം,വിമർശനം; ഒടുവിൽ ക്ഷമാപണം

matrimony-25

യോജിച്ച പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്നതിനുവേണ്ടി വിവാഹ ബ്യൂറോകൾ കൂട്ടായ്മ നടത്തുന്നതു പതിവാണ്. വർത്തമാനപത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും ഓൺലൈൻ സൈറ്റുകളിലും പരസ്യം വരുന്നതും സ്വാഭാവികം തന്നെ. പക്ഷേ,  വിവാഹക്കൂട്ടായ്മയെക്കുറിച്ചുള്ള പരസ്യത്തിന്റെ പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് ബെംഗളൂരുവിലുള്ള യങ് അച്ചീവേഴ്സ് മാട്രിമോണി എന്ന സ്ഥാപനത്തിന്റെ ഉടമകൾ. സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും സമൂഹത്തിലെ സ്ഥാനത്തിന്റെയും പദവിയുടെയും പേരിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമമാണ് പരസ്യത്തിന്റെ പിന്നിലെന്ന വ്യാപക വിമർശനത്തെത്തുടർന്ന് കൂട്ടായ്മയിൽനിന്നു പിൻവലിയാൻ ആലോചിക്കുന്നു സംഘാടകർ.

ബുധനാഴ്ച ബെംഗളൂരുവിൽ പുറത്തിറങ്ങിയ ഒരു വർത്തമാനപത്രത്തിന്റെ ഒന്നാം പേജിൽ വന്ന വലിയ പരസ്യമാണ് വിമർശനം ക്ഷണിച്ചുവരുത്തിയത്. ഓഗസ്റ്റ് 12 നു നടത്താൻ തീരുമാനിച്ച കൂട്ടായ്മയിലേക്ക് റജിസ്ട്രേഷൻ നടത്താനുള്ള അറിയിപ്പാണു പരസ്യത്തിൽ. ‘യങ് അച്ചീവർമാരെ’ അഥവാ അവരവരുടേതായ രംഗങ്ങളിൽ കഴിവു തെളിയിച്ച പ്രഗൽഭരെയാണു ക്ഷണിച്ചത്. മികച്ച നേട്ടം ഉണ്ടാക്കിയവരെ, സാമാന്യത്തിലധികം സമ്പത്തുള്ള കുടുംബങ്ങളിൽനിന്നുള്ളവരെ,മികച്ച വിദ്യാഭ്യാസ യോഗ്യതയും ജോലിയും സമ്പത്തുമുള്ള കുടുംബങ്ങളിൽനിന്നുള്ളവരെ കൂടാതെ ഐഐടി,ഐഐഎം ബിരുദധാരികൾക്കും പങ്കെടുക്കാം. ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നവർക്കും ഐഎഎസ്, ഐപിഎസ് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. സർക്കാർ ജീവനക്കാർക്കും യോഗ്യതയുണ്ട്. യങ് അച്ചീവർമാർ എന്ന വിഭാഗത്തിൽ ഈ വിഭാഗക്കാരെമാത്രം ഉൾപ്പെടുത്തിയതുകൊണ്ടല്ല പരസ്യം വിമർശിക്കപ്പെട്ടത്. സുന്ദരികളായ പെൺകുട്ടികൾക്ക് പങ്കെടുക്കാം എന്ന മാനദണ്ഡമാണ് ഏറ്റവും കൂടുതൽ വിമർശനവിധേയമായത്. അഥവാ സൗന്ദര്യമുള്ളരെയും യങ് അച്ചീവർമാരായാണ് സംഘാടകർ കണ്ടിരിക്കുന്നത്. 

യങ് അച്ചീവർമാർക്കുള്ള റജിസ്ട്രേഷൻ ഫീസ് 10,000 രൂപ. സാമാന്യത്തിലധികം സമ്പത്തുള്ള കുടുംബങ്ങളുടെ വിഭാഗത്തിൽപ്പെട്ടവർ റജിസ്ട്രേഷനു നൽകേണ്ടത് 25,000 രൂപയും. എൻ.ശ്രീറാം എന്നയാളാണ് പരസ്യം നൽകിയ യങ് അച്ചീവേഴ്സ് മാട്രിമോണി എന്ന സ്ഥാപത്തിന്റെ പിന്നിൽ. സുന്ദരികളായ പെൺകുട്ടികളെ യങ് അച്ചീവർ വിഭാഗത്തിൽപെടുത്തിയതാണ് ഞങ്ങൾക്കു പറ്റിയ തെറ്റ്. രാജ്യത്തൊട്ടാകെയുള്ളവർ ഇതിന്റെ പേരിൽ ഞങ്ങളെ വിമർശിക്കുന്നു. ഇനി ആരും കൂട്ടായ്മയിലേക്കു വരുമെന്നു പ്രതീക്ഷിക്കാനാവില്ല – അസ്വസ്ഥതയോടെ ശ്രീറാം പറയുന്നു. 

ആന്ധ്രാപ്രദേശിൽനിന്നുള്ളയാളാണു ശ്രീറാം. അഞ്ചുമാസം മുമ്പാണ് യങ് അച്ചീവേഴ്സ് മാട്രിമോണി എന്ന സ്ഥാപനം തുടങ്ങുന്നത്. ജൂലൈ ഒന്നിന് ഡോക്ടർമാർക്കുവേണ്ടി ഒരു വിവാഹക്കൂട്ടായ്മയും നടത്തിയിരുന്നു. ബെംഗളൂരുവിൽ തന്നെയായാരുന്നു ചടങ്ങ് ,സംഘടിപ്പിച്ചത്. 300 ഡോക്ടർമാർ പങ്കെടുത്ത കൂട്ടായ്മ വിജയമായിരുന്നു. അന്നത്തെ കൂട്ടായ്മയിൽ പങ്കെടുത്ത ഒരു ഇഎൻടി ഡോക്ടർ എൻജിനീയറിങ് ബിരുദധാരിയായ തന്റെ മകളെക്കൂടി പങ്കെടുപ്പിക്കാൻ അനുവാദം ചോദിച്ചിരുന്നു. ഡോക്ടർമാർക്കുവേണ്ടി മാത്രമുള്ള കൂട്ടായ്മയായതിനാൽ അനുമതി നിഷേധിച്ചപ്പോൾ ആ ഡോക്ടറുടെ നിർദേശമായിരുന്നു അടുത്ത കൂട്ടായ്മയിൽ സുന്ദരികളായ പെൺകുട്ടികൾ എന്നു കൂടി അറിയിപ്പിൽ ചേർക്കണമെന്ന്. അദ്ദേഹത്തിന്റെ മകൾ സൗന്ദര്യമൽസര ജേതാവാണ്. അതുകൊണ്ടാണു തങ്ങൾ അറിയിപ്പിൽ സൗന്ദര്യം കൂടി ഒരു മാനദണ്ഡമായി ഉൾപ്പെടുത്തിയതെന്നു വിശദീകരിക്കുന്നു ശ്രീറാം. 

ആളുകൾക്കിടയിൽ ഒരുതരത്തിലുള്ള വിവേചനവും സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല. സുന്ദരികളല്ലാത്ത പെൺകുട്ടികൾ വരരുതെന്നും ആഗ്രഹിച്ചിട്ടില്ല. നേട്ടങ്ങൾ സൃഷ്ടിച്ച, ഓരോ രംഗത്തും കഴിവു തെളിയിച്ചവർക്കുവേണ്ടിയാണ് കൂട്ടായ്മ നടത്തിയത് എന്നുമാത്രം. പരസ്യം വന്ന അതേ വർത്തമാനപത്രത്തിൽ ക്ഷമാപണം കൊടുക്കാൻ ഒരുങ്ങുകയാണു ശ്രീറാം. മറ്റൊരു പത്രത്തിൽ വരേണ്ടിയിരുന്ന പരസ്യം ഒഴിവാക്കിയിട്ടുമുണ്ട്. വലിയ വ്യവസായികളും സാമ്പത്തികമായി ഉന്നത സ്ഥിതിയിലുള്ളവരും കൂട്ടായ്മയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്. അവരിൽ ചിലർ തങ്ങളുടെ പെൺകുട്ടികൾക്ക് ഐഐഎം, ഐഐടി ബിരുദധാരികളെ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ആ വിഭാഗങ്ങൾ പ്രത്യേകം രേഖപ്പെടുത്തിയത്. 

മികച്ച വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുണ്ടെങ്കിലും സൗന്ദര്യമില്ലാത്തതിന്റെ പേരിൽ പെൺകുട്ടികൾ തഴയപ്പെടുന്ന സംഭവങ്ങൾ രാജ്യത്തുണ്ട്. അതുകൊണ്ടുതന്നെയാണു പരസ്യം വിമർശിക്കപ്പെട്ടതും.  ആഡംബര ഹോട്ടലിൽ കൂട്ടായ്മ പ്ലാൻ ചെയ്തതിനാലാണ് റജിസ്ട്രേഷൻ ഫീസ് കൂട്ടേണ്ടിവന്നതെന്നും ശ്രീറാം  വിശദീകരിക്കുന്നു.സംഭവം വിവാദമായതിനെത്തുടർന്ന് വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടാകുന്നത്. ബിഎ,എംഎ, എൽഎൽബി ബിരുധാരികളേ..നിങ്ങൾക്കു രക്ഷയില്ല. നിങ്ങൾക്കു വിവാഹം കഴിക്കാൻ പറ്റുമെന്നു തന്നെ തോന്നുന്നില്ല. ഹാ കഷ്ടം... ഇത്തരത്തിൽ പരിഹാസവും തമാശയും കലർത്തിയാണു വിമർശനങ്ങളിൽ പലതും.