Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ 'നായിക'യാകുമോ കനിമൊഴി?

karunanidhi-kanimozhi-01 കരുണാനിധി, കനിമൊഴി.

സിനിമയിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ സാധാരണമാണ്. ഇടവേളയ്ക്കു ശേഷം കഥ തന്നെ മാറിമറിയാം. അതുവരെ വില്ലനായിരുന്നയാൾ നായകപദവിയിലേക്ക് ഉയരാം. പുതിയൊരു നായിക ഉദിച്ചുയരാം. പകയും പകരംവീട്ടലും പ്രതികാരവും കഴിയുമ്പോൾ സ്നേഹത്തിന്റെ പുതിയൊരു സൂര്യൻ ഉദിച്ചുയരാം. ആ സ്നേഹസൂര്യപ്രകാശത്തിൽ പുതിയ താരങ്ങളും.

ഇടവേളയ്ക്കു മുമ്പേ നായകനും നായികയും നഷ്ടപ്പെട്ട സിനിമ പോലെയാണ് ഇപ്പോൾ തമിഴ് രാഷ്ട്രീയം. ഒന്നരവർഷത്തിന്റെ ഇടവേളയിൽ ആദ്യം ജയലളിതയും ഇപ്പോഴിതാ കരുണാനിധിയും. പരസ്പരം വെല്ലുവിളിച്ചും അഞ്ചുവർഷത്തിന്റെ ഇടവേളകളിൽ പകവീട്ടിയും വികാരത്തിനു വിചാരത്തേക്കാൾ പ്രധാന്യം കൊടുക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഭരണം പങ്കിട്ടെടുത്തവർ. രണ്ടു രാഷ്ട്രീയപാർട്ടികളെ സ്വന്തം വ്യക്തിപ്രഭാവത്തിന്റെ കുടക്കീഴിൽ കരുത്തോടെ നയിച്ചവർ. ഇരുവരും അരങ്ങൊഴിയുമ്പോൾ കടന്നുവരുന്നതു കനത്ത ശൂന്യത.

ജയലളിത അരങ്ങൊഴിഞ്ഞപ്പോൾ പാർട്ടിയെ നയിക്കാനും ഭരണം പങ്കിട്ടെടുക്കാനുമൊക്കെയെത്തിയത് അപ്രതീക്ഷിത മുഖങ്ങൾ. ജയലളിതയുടെ സമാധിസ്ഥലത്തുവച്ച് ശപഥമെടുത്ത തോഴി ശശികല ജയിലിലുമായി. ഇപ്പോൾ കരുണാനിധിയും അരങ്ങൊഴിഞ്ഞിരിക്കുന്നു. പാർട്ടിയുടെ തലപ്പത്തേക്കും സ്വാഭാവികമായും പാർട്ടി അധികാരത്തിലേറുമ്പോൾ ഭരണത്തിന്റെ തലപ്പത്തേക്കും ഇനിയാര് എന്നൊരു ചോദ്യമുണ്ട്. കേന്ദ്രത്തിൽ സഖ്യകക്ഷിയായി അധികാരം പങ്കിടേണ്ടിവരുമ്പോൾ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലേക്കും പുതിയ മുഖങ്ങളെ കണ്ടെത്തണം. ഒരു തലമുറ അരങ്ങൊഴിയുകയാണ്. പുതിയൊരു തലമുറ അധികാരത്തിലേക്കും പദവിയിലേക്കും പ്രശസ്തിയിലേക്കും. പക്ഷേ, ആ പുതിയ തലമുറയിലെ മുഖങ്ങൾ ഏതൊക്കെ എന്ന് ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.

ഡിഎംകെ എന്ന പാർട്ടിയിൽ തനിക്കുശേഷം പിൻഗാമി ആരെന്ന തർക്കം ഉയരാനിടയുണ്ട് എന്ന വസ്തുത മുൻകൂട്ടിക്കണ്ടിരുന്നു കരുണാനിധി. കുടുംബത്തെ തമ്മിൽത്തല്ലിക്കുന്ന ഭീതിദമായ ആ അവസ്ഥ ഒഴിവാക്കാൻ പിൻഗാമിയെ പ്രഖ്യാപിച്ചിട്ടാണ് കരുണാനിധി മടങ്ങുന്നത്. അതു സ്റ്റാലിൻ തന്നെ. മധുര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഴഗിരി സ്റ്റാലിനുമായി പിണക്കത്തിലാണെന്നും പരസ്യം. സ്റ്റാലിനും അഴഗിരിയും രണ്ടു ധ്രുവങ്ങളിൽ നിൽക്കുമ്പോൾ സാഹിത്യത്തിൽ തന്റെ പിൻഗാമിയെന്നു കരുണാനിധി പ്രഖ്യാപിച്ച കനിമൊഴിയെ എഴുതിത്തള്ളാനാവില്ല. എഴുത്തിന്റെ കരുത്തിൽ വളർന്നുവന്ന കലൈജ്ഞർക്ക് പ്രിയപ്പെട്ട മകൾ.

ഒരിക്കൽ‌ നിയമസഭയിൽ‌ കരുണാനിധിക്കു നേരെ വ്യക്തിപരമായ ചോദ്യം കൂരമ്പു പോലെ കടന്നുചെന്നു. പക്ഷേ, ആ ചോദ്യത്തിന്റെ ഉത്തരം അറിയാൻ പ്രതിപക്ഷ കക്ഷികൾ മാത്രമല്ല കരുണാനിധിയുടെ കുടുംബാംഗങ്ങളും തമിഴ്ജനതയും ആകാംക്ഷയോടെ കാത്തിരുന്നു എന്ന വസ്തുതയും മറുന്നുകൂടാ. രാജാത്തിയമ്മാളുമായുള്ള ബന്ധമെന്താണെന്ന് കരുണാനിധി വിശദീകരിക്കേണ്ടിവന്നു. നിർണായക സമയത്തു സിനിമയിൽ‌ ഉയരുന്ന ഡയലോഗ് പോലെ മടിക്കാതെ അന്നു കരുണാനിധി പറഞ്ഞു: രാജാത്തി എന്റെ മകൾ കനിയുടെ അമ്മയാണ്.

കരുണാനിധിയുടെ ജീവിതത്തിലേക്ക് കനിമൊഴിയുടെ അമ്മ രാജാത്തി കടന്നുവന്നത് രണ്ടാം ഭാര്യ ദയാലുഅമ്മാളും മക്കളായ സ്റ്റാലിനും അഴഗിരിയുമൊന്നും ആദ്യം അംഗീകരിച്ചിരുന്നില്ല. പക്ഷേ, കരുണാനിധിയുടെ സ്നേഹ–വാത്സല്യത്തിന്റെ തണലിൽ കനിമൊഴി വളർന്നു. കനിയാണ് തന്റെ സാഹിത്യകിരീടത്തിന്റെ അവകാശിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഇംഗ്ലിഷിൽ നല്ല പ്രാവീണ്യം നേടിയ മകളെ രാജ്യസഭയിലേക്ക് കരുണാനിധി അയച്ചതും വ്യക്തമായ പദ്ധതികളോടെ. ഡൽഹിയിൽ ഡിഎംകെയുടെ മുഖമായി മാറി കനിമൊഴി. മറ്റു പാർട്ടിനേതാക്കൾക്കിടയിലും പൊതുരംഗത്തും കനി ഉദിച്ചുയർന്നു. കവിയെന്ന പ്രതിഛായയും ആ പ്രതിഭയുടെ തിളക്കംകൂട്ടി. പക്ഷേ, 2 ജി സ്പെക്ട്രം കേസ് പിടിച്ചുകുലുക്കിയത് കേന്ദ്രഭരണത്തെ മാത്രമല്ല, തമിഴ് രാഷ്ട്രീയത്തെയും കരുണാനിധി കുടുംബത്തെയും കനിമൊഴിയുടെ രാഷ്ട്രീയഭാവിയേയും കൂടിയാണ്. പക്ഷേ ജയിൽവാസത്തിനുള്ള വിധി വന്നപ്പോഴും കനിമൊഴിക്ക് ഏറ്റവുമധികം പിന്തുണ കൊടുത്തു കൂടെനിന്നത് കരുണാനിധി തന്നെ. 

ജയിൽമോചിതയാകുകയും കേസുകളിൽനിന്നു പൂർണമായല്ലെങ്കിലും ഭാഗികമായി മുക്തയാകുകയും ചെയ്തിരിക്കുന്നു ഇപ്പോൾ കനിമൊഴി. പക്ഷേ, പകയും പകവീട്ടലും പ്രതികാരവും വെല്ലുവിളിയും കുതികാൽവെട്ടുമൊക്കെ പതിവായ തമിഴ് രാഷ്ട്രീയത്തിൽ കനിമൊഴിയുടെ ഭാവി എന്തെന്ന ചോദ്യം പ്രസക്തമാണ്. ഇഷ്ടമല്ലെങ്കിലും സ്റ്റാലിന് അത്രയെളുപ്പം അവഗണിക്കാനോ ഒഴിവാക്കാനോ കഴിയില്ല കനിമൊഴിയെ. കലൈജ്ഞർ അത്യാസന്ന നിലയിൽ ആശുപത്രിയിലായിരുന്നപ്പോഴും സ്റ്റാലിനൊപ്പം മാധ്യമങ്ങളെ കാണാനും അസുഖവിവരം അന്വേഷിച്ചുവന്നവരെ സ്വീകരിക്കാനുമൊക്കെ മുൻനിരയിലുണ്ടായിരുന്നു കനിമൊഴി.

നാളത്തെ തമിഴ് രാഷ്ട്രീയത്തിൽ കനിമൊഴിക്ക് വ്യക്തമായ സ്ഥാനം ഉണ്ടാകുമെന്നും ഉറപ്പ്. അതെന്താണെന്ന് ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. തമിഴ് ജനത ഒരുപക്ഷേ പ്രതീക്ഷിക്കുന്നുണ്ടാവും വാക്കുകൾ കൊണ്ട് അവരുടെ ഹൃദയം സ്പർശിക്കുന്ന ഒരു പുതിയ നേതാവിനെ. അവരുടെ മനസ്സും വികാരങ്ങളും പൂർണമായി മനസ്സിലാക്കുന്ന ഒരു വ്യക്തിത്വത്തെ. അതു കനിമൊഴിയായാലും അതിശയിക്കേണ്ടതില്ല എന്നു ചരിത്രം പഠിപ്പിക്കുന്നു; അപ്രതീക്ഷിത വഴിത്തിരിവുകൾ ഏറെയുള്ള തമിഴ് സിനിമകളും.