Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂലിയില്ലാതെ ജോലിചെയ്യുന്നത് കോടികണക്കിന് ഇന്ത്യൻ സ്ത്രീകൾ

home-maker-01

എന്താണ് ജോലി എന്നു ചോദിച്ചാല്‍ ജോലിയൊന്നും ചെയ്യുന്നില്ലെന്നു പറയുന്ന വലിയൊരു വിഭാഗമുണ്ട് നമ്മുടെ നാട്ടില്‍.

അവര്‍ ഓഫിസുകളില്‍ പോകുന്നില്ല. 

ജോലിസ്ഥലത്തേക്കു യാത്ര ചെയ്യുന്നില്ല. 

അവര്‍ എന്താണു ചെയ്യുന്നതെന്നു രേഖകളൊന്നുമില്ല. 

അവരുടെ ജോലിക്കു കൂലിയുമില്ല.  

യഥാര്‍ഥത്തില്‍ ജോലി ചെയ്യുന്നില്ലെന്നു പറയുന്ന, കണക്കുപുസ്തകങ്ങളിലോ ഫയലുകളിലോ കടന്നുകൂടിയിട്ടില്ലാത്ത ഇവരാണ് ജോലി ചെയ്യുന്നത്. കൂലിയില്ലാത്തതുകൊണ്ടുമാത്രം, സേവന വേതന വ്യവസ്ഥകളൊന്നും ബാധകമല്ലാത്തതുകൊണ്ടുമാത്രം ഒഴിവാക്കപ്പെട്ടവര്‍. വീട്ടിലെ അടുക്കളകളില്‍ പുകഞ്ഞുതീരുന്നവര്‍. തുണി അലക്കി നടു ഒടിയുന്നവര്‍. അസുഖത്തിന്റെ മൂര്‍ധന്യത്തില്‍പോലും അവധിയെടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍പോലുമാകാതെ, കരിയും പുകയും ഏറ്റുവാങ്ങി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണിയെടുക്കുന്നവര്‍. ചരിത്രത്തിലാദ്യമായി ഇവരെ കണ്ടെത്താനും ഇവരുടെ ജോലിയുടെ കണക്കെടുക്കാനും ഒരു ശ്രമം നടക്കുകയാണ്. ഇവിടെ, ഇന്ത്യയില്‍. ദ് നാഷണല്‍ സാംപിള്‍ സര്‍വേ ഓഫിസ് എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍. ഒരു വര്‍ഷം നീളുന്ന പഠനം. വീടു വീടാന്തരം കയറിയിറങ്ങി, വീട്ടിജോലിയെടുക്കുന്ന സ്ത്രീകളുമായി സംസാരിച്ച്, കൂലിയില്ലാതെ വേല ചെയ്യുന്ന സ്ത്രീശക്തിയെക്കുറിച്ചുള്ള കണക്കുകള്‍. സര്‍വേ അടുത്ത വര്‍ഷം ജനുവരിയില്‍ തുടങ്ങും പഠനം. 

2020 ജൂണില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന റിപോര്‍ട്ടില്‍ ഇത്രയും നാള്‍ വെളിച്ചത്തു വരാതിരുന്ന രാജ്യത്തിന്റെ മുഖമായിരിക്കും തെളിയുക.ഒരോ വീട്ടിലും സ്ത്രീകള്‍ പാചകത്തിനും അലക്കിനും മറ്റു ജോലികള്‍ക്കുമായി എത്ര സമയം വിനിയോഗിക്കുന്നുണ്ടെന്നു കണ്ടുപിടിക്കുക. രേഖപ്പെടുത്തുന്ന വിവരങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ജീവിതനിലവാരത്തെക്കുറിച്ചും മനസ്സിലാക്കുക. രേഖകളിലില്ലാത്ത ഇവര്‍ക്കുവേണ്ടി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക- സര്‍വേയുടെ ലക്ഷ്യങ്ങളെക്കുറിച്ച് നാഷണല്‍ സാംപിള്‍ സര്‍വേ ഓഫിസ് ഡയറക്ടര്‍ ജനറല്‍  ദേബി പ്രസാദ് മണ്ഡല്‍ വ്യക്തമാക്കുന്നു. 

70 കോടി ഇന്ത്യക്കാര്‍. വീട്ടു ജോലി ചെയ്യുന്ന സ്ത്രീകളുടെ ഏകദേശകണക്ക്. ഇവരുടെ അധ്വാനത്തെ രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുമായി ഇതാദ്യമായി ബന്ധപ്പെടുത്താന്‍പോകുകയാണ്. കൂലി കിട്ടുന്നില്ലെന്നു മാത്രമല്ല അംഗീകാരവും ലഭിക്കാത്ത ഒരു വിഭാഗമാണിവര്‍. ജോലി ചെയ്യുന്നുണ്ടെങ്കിലും രേഖകളില്‍ ഇടംപിടിക്കാത്തവര്‍. വീട്ടുജോലി ചെയ്യുന്ന സ്ത്രീ ഒരു ദിവസം 352 മിനിറ്റ്  ജോലി ചെയ്യുന്നുണ്ടെന്നാണു കണക്ക്. 

രാജ്യത്തെ ജനസംഖ്യയുടെ പകുതിയുണ്ട് സ്ത്രീകള്‍. സ്ത്രീകള്‍ ചെയ്യുന്ന ജോലി കണക്കുകൂട്ടുമ്പോള്‍ ലോകത്തെ മൊത്തം ഉത്പാദനത്തിന്റെ 13 ശതമാനം വരും. കുട്ടികളെ വളര്‍ത്തുന്നതും ജോലിയുടെ പരിഗണനയില്‍ വരും. ഭിന്നശേഷിക്കാരായ സ്ത്രീകള്‍പോലും ജോലി ചെയ്യുന്നുണ്ട് എന്നതാണു യാഥാര്‍ഥ്യം. അമ്മയായും സഹോദരിയായും ഭാര്യയായും വീട്ടുജോലിക്കാരിയുമായൊക്കെ ചെയ്യുന്ന സേവനങ്ങള്‍. ഇവയെല്ലാം പൂര്‍ണമായി രേഖപ്പെടുത്തി സാമ്പത്തികാവസ്ഥ മനസ്സിലാക്കുന്നതിനൊപ്പം ഇവര്‍ക്കുവേണ്ടി ക്ഷേമപദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ എല്ലാം വീടുകളിലും  പാചകവാതകം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സ്ത്രീകളുടെ ജോലി ലഘുകരിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. നാഷണല്‍ സാംപിള്‍ സര്‍വേ കണക്കുകളുടെ അടിസ്ഥാനത്തില്‍ പുതിയ ക്ഷേമപദ്ധതികളുടെ പ്രഖ്യാപനവുമുണ്ടാകും.