Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നുവയസ്സുകാരിയുടെ വസ്ത്രത്തിൽ രക്തക്കറ; ഫെയ്സ്ബുക്കിൽ കരഞ്ഞ് അമ്മ പറഞ്ഞത്

x-default പ്രതീകാത്മക ചിത്രം.

മൂന്നുവയസ്സുള്ള കുഞ്ഞ് നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ച് കരഞ്ഞു പറഞ്ഞുകൊണ്ടാണ് ആ അച്ഛനമ്മാർ ഫെയ്സ്ബുക്ക് വിഡിയോയിലൂടെ സഹായത്തിനായി അപേക്ഷിച്ചത്. ഡൽഹിയിലാണ് സംഭവം. തങ്ങളുടെ മൂന്നുവയസ്സുകാരിയായ മകൾ സ്കൂളിൽവച്ച് പീഡനത്തിനിരയായി എന്നാണ് അച്ഛനമ്മമാർ പറയുന്നത്. എന്നാൽ ഇവരുടെ വാദം കണ്ണുമടച്ച് തള്ളിക്കളയുകയാണ് സ്കൂൾ അധികൃതർ. സ്കൂളിൽവച്ച് എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായതായി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഒരുപക്ഷേ സ്കൂളിന് പുറത്തുവച്ചാവാം കുട്ടി പീഡനത്തിന് ഇരയായത് എന്നാണ് അവരുടെ വാദം. പക്ഷേ കുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയ ഡോക്ടർ ഉറപ്പിച്ചു പറയുന്നത് കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നു തന്നെയാണ്. ഈ സംഭവത്തിൽ ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

'' ദയവു ചെയ്ത് ഞങ്ങളെ സഹായിക്കൂ,'' കൂപ്പുകൈകളോടെ കരഞ്ഞുകൊണ്ട് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ കുഞ്ഞിന്റെ അമ്മ അപേക്ഷിക്കുന്നു. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് ആ അമ്മ വിശദീകരിക്കുന്നതിങ്ങനെ. ഉത്തര ഡൽഹിയിലെ സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ കുഞ്ഞിനെ കുളിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് കുഞ്ഞിന്റെ അടിവസ്ത്രത്തിൽ രക്തക്കറ പുരണ്ടിരിക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. കുഞ്ഞ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതോടെ അവർ പൊലീസിനെ സമീപിച്ചു.

എന്നാൽ പരാതിയുമായെത്തിയ തങ്ങളെ പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും. സംഭവത്തെക്കുറിച്ച് എഫ്ഐആർ തയാറാക്കാൻ പോലും അവർ സന്നദ്ധത കാണിച്ചില്ലെന്നും സ്കൂൾ അധികൃതരെ ന്യായീകരിക്കാനുള്ള കാര്യങ്ങളാണ് അവിടെ നടന്നതെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. സ്കൂളിൽ വച്ച് കുട്ടി പീഡനത്തിനിരയായിട്ടില്ലെന്നും വീട്ടിലായിരിക്കാം അതു സംഭവിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി കുട്ടിയുടെ അച്ഛൻ ആരോപിക്കുന്നു.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പരിശോധിച്ചുവെന്നും അതിൽ നിന്നും യാതൊരു തെളിവുകളും തങ്ങൾക്ക് ലഭിച്ചില്ലെന്നുമാണ് സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളുമുൾപ്പടെ നൂറ്റമ്പതോളമാളുകൾ സ്കൂളിനുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി.

''അങ്ങനെയൊരു സംഭവം സ്കൂളിൽ നടന്നിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പരിശോധിച്ചു. എത്രയുംവേഗം കുറ്റവാളി പിടിയിലാകണമെന്നാണ് ആഗ്രഹം'' - സ്കൂൾ പ്രിൻസിപ്പൽ പറയുന്നു. എന്നാൽ ഇതിനു മുമ്പും സംശയകരമായ രണ്ടുസംഭവങ്ങൾ സ്കൂളിൽ നിന്നുണ്ടായെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നത്. ഒരിക്കൽ ഒരു കാരണവുമില്ലാതെ കുട്ടിയെ ചോക്കുകൊണ്ടെറിഞ്ഞു. മറ്റൊരു ദിവസം അടിവസ്ത്രമില്ലാതെയാണ് കുട്ടി സ്കൂളിൽ നിന്നു മടങ്ങിയെത്തിയത്. ആഗസ്റ്റിലായിരുന്നു ആ സംഭവമെന്നും അവർ പറയുന്നു. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയെ അമ്മ കുളിപ്പിക്കുമ്പോഴൊക്കെ തനിക്ക് വയറിലും സ്വകാര്യഭാഗങ്ങളിലും വേദനയുണ്ടെന്ന് കുട്ടി പലകുറി പറഞ്ഞിട്ടുണ്ടെന്നും അമ്മ ഓർക്കുന്നു.

''ദയവു ചെയ്ത് ഞങ്ങളെ സഹായിക്കൂ, ഞങ്ങൾ വളരെയധികം സങ്കടത്തിലാണ്... നീതിയല്ലാതെ മറ്റൊന്നും ഞങ്ങൾക്കുവേണ്ട. ഞങ്ങൾക്കുനേരെ ഭീഷണിയുമുണ്ട്.– മാതാപിതാക്കൾ പറയുന്നു. ഇന്നിത് ഞങ്ങളുടെ മകൾക്ക് സംഭവിച്ചു. നാളെ ഇതു നിങ്ങളുടെ കുഞ്ഞിനായിരിക്കും സംഭവിക്കുക'' എന്നു പറഞ്ഞുതകൊണ്ടാണ് ആ അമ്മ വിഡിയോ അവസാനിപ്പിച്ചത്.