Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭമലസിപ്പിക്കാൻ അച്ഛൻ ഭീഷണിപ്പെടുത്തി; ദുരഭിമാനക്കൊലയെക്കുറിച്ച് അമൃതവർഷിണി

murder-02

ഞങ്ങളുടെ വിവാഹം അംഗീകരിക്കണമെന്ന് ഞാനാരോടും ആവശ്യപ്പെട്ടിട്ടില്ല. അവകാശങ്ങൾ ചോദിച്ച് ആരുടെ അടുത്തും പോയിട്ടുമില്ല. എന്നിട്ടും എന്തിനാണ് എന്നോട് ഇതു ചെയ്തത്?. ഹൃദയം തകർന്നു ചോദിക്കുന്നതു തെലങ്കാനയിൽനിന്നുള്ള അമൃതവർഷിണി എന്ന 22 വയസ്സുകാരി യുവതി. അക്ഷരാർഥത്തിൽ ഹൃദയം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഗർഭിണി കൂടിയായ അമൃതവർഷിണി. കുട്ടിക്കാലം മുതലേ പരിചയമുള്ള, പ്രണയിച്ചു വിവാഹം കഴിച്ച സ്വന്തം ജീവിതപങ്കാളിയെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണവർ. 

അതും സ്വന്തം കൺമുന്നിൽ വച്ചു കാണേണ്ടിവന്ന ക്രൂരമായ കൊലപാതകം. പ്രതിസ്ഥാനത്തുനിൽക്കുന്നതോ യുവതിയുടെ അച്ഛനും അമ്മാവനും. ദുരഭിമാനക്കൊലയെന്ന സംശയത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണു പൊലീസ്. ക്രൂരമായ കൊലപാതകത്തിന്റെ വേദനയിലൂടെ കടന്നുപോകുന്നതിനിടെ, സ്വന്തം കുടുംബം തന്നോടു ചെയ്ത അനീതികൾ എണ്ണിയെണ്ണി പറയുകയാണു യുവതി. 

ജാതിയോ മതമോ സമുദായമോ നോക്കാതെ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചു എന്നതാണു യുവതി ചെയ്ത തെറ്റ്. യുവതിയുടെ കുടുംബം വിവാഹത്തെ അംഗീകരിച്ചില്ല. യുവതി ഗർഭിണിയായപ്പോഴും നിഷേധാത്മക നിലപാടിലായിരുന്നു കുടുംബം. ഗർഭഛിദ്രം നടത്താനും കുടുംബം ആവശ്യപ്പെട്ടെന്നും യുവതി ആരോപിക്കുന്നു.

ഭർത്താവു പ്രണയ് കുമാർ യുവതിയെ ആശുപത്രിയിൽ പതിവു പരിശോധനയ്ക്കു കൊണ്ടുവന്നപ്പോഴായിരുന്നു തെലങ്കാനയെ നടുക്കിയ കൊലപാതകം നടന്നത്. അതും പകൽവെളിച്ചത്തിൽ. വെള്ളിയാഴ്ചയാണു സംഭവം നടന്നത്. ദമ്പതികൾ ആശുപത്രിയിലേക്കു നടക്കുമ്പോൾ ആയുധവുമായി ഒരു യുവാവ് അവരെ സമീപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. യുവാവിനെ ആക്രമിച്ചു താഴെ വീഴ്ത്തിയ ശേഷം അക്രമി ഓടിമറഞ്ഞു. യുവതിയുടെ കുടുംബം വാടകയ്ക്കെടുത്ത കൊലയാളിയാണു കൃത്യം നടത്തിയതെന്നാണു പൊലീസിന്റെ സംശയം. 

സംഭവത്തിൽ അമൃതവർഷിണിയുടെ അച്ഛനും അമ്മാവനും അറസ്റ്റിലായി. ഭർത്താവും താനും താമസിക്കുന്ന വീട്ടിലെത്തി അച്ഛൻ തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. നീ ആദ്യം ഗർഭഛിദ്രം നടത്തൂ. രണ്ടോ മൂന്നോ വർഷം അവന്റെ കൂടെ ജീവിക്കൂ. അതിനുശേഷം ഞങ്ങൾ വിവാഹം അംഗീകരിക്കാം––അച്ഛൻ തന്നോട് ഇങ്ങനെ പറഞ്ഞുവെന്നും യുവതി വെളിപ്പെടുത്തുന്നു. അമൃതവർഷിണിയുടെ അച്ഛൻ മാരുതി റാവു, അമ്മാവൻ ശ്രവൺ എന്നിവരാണ് അറസ്റ്റിലായത്. 

ഗർഭഛിദ്രത്തിന് ഞാൻ ഒരിക്കലും തയാറല്ല. പ്രണയിന്റെ കുഞ്ഞാണ് എന്റെ ജീവൻ, ഭാവി. എന്റെ ഒരേയൊരു ലോകം. പ്രണയ് എന്നും എന്നെ നന്നായി നോക്കി. പ്രത്യേകിച്ചും ഞാൻ ഗർഭിണിയായതിനുശേഷം. ഇപ്പോഴും ജാതിയും മതവും വലിയ പ്രശ്നങ്ങളാണെന്നത് എനിക്കു മനസ്സിലാകുന്നതേയില്ല...അമൃതവർഷിണി പറയുന്നു. 

തമിഴ്നാട്ടിലെ തിരുപ്പൂരിൽ രണ്ടുവർഷം മുമ്പു നടന്ന ദുരഭിമാനക്കൊലപാതകത്തിനു സമാനമാണ് തെലങ്കാനയിൽ ഇപ്പോൾ നടന്ന സംഭവവും. പ്രണയ് കുമാറിന്റെ കൊലപാതകത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് യുവജനസംഘടനകൾ.