Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഫിസിൽ ഇരുന്നുറങ്ങിയ പാക്ക് മന്ത്രിയെ ട്രോളി വെർച്വൽ ലോകം

sleeping-55

‘പുതിയ പാക്കിസ്ഥാൻ’ എന്ന മുദ്രാവാക്യവുമായാണ് മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയത്. പുതിയ സർക്കാരിന്റെ നയങ്ങളും സമീപനങ്ങളും  ലോകം ആകാംക്ഷയോടെ ശ്രദ്ധിക്കുന്നതിനിടെ ഒരു വനിതാ മന്ത്രിയുടെ ഭാഗത്തുനിന്നുവന്ന വീഴ്ച വലിയ ചർച്ചയായിരിക്കുന്നു. 

മനുഷ്യാവകാശ വിഭാഗം കൈകാര്യം ചെയ്യുന്ന മന്ത്രി ഓഫിസിൽ ഇരുന്ന് ഉറങ്ങുന്ന ചിത്രമാണ് ചർച്ചയ്ക്കു തുടക്കമിട്ടിരിക്കുന്നതും സർക്കാരിന്റെ ഇമേജിനെ ബാധിക്കുന്ന സംഭവമായി മാറിയിരിക്കുന്നതും. ഷിറിൻ മസാറി എന്ന മന്ത്രിയാണ് സ്വന്തം ഓഫിസിൽ ഇരുന്ന് ഉറങ്ങുന്നത്. ചിത്രം പുറത്തുവരികയും സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തതിനെത്തുടർന്ന് ട്രോളുകളും പരിഹാസങ്ങളും പ്രവഹിക്കുകയാണ്. 

മനുഷ്യാവകാശ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞപ്പോൾ പാവം ക്ഷീണിച്ച് ഉറങ്ങിപ്പോയതാവും എന്നായിരുന്നു ഒരു കമന്റ്. മന്ത്രിക്കു പിന്തുണയുമായി എത്തിയവരുമുണ്ട്. സ്വന്തം ഓഫിസിൽ അൽപസമയം ഉറങ്ങുന്നതോ തല ചായ്ക്കുന്നതോ വിശ്രമിക്കുന്നതോ വലിയ കുറ്റമല്ലെന്നാണ് അവരുടെ നിലപാട്. മന്ത്രിയുടെ ചിത്രം പുറത്തുവന്നതോടെ ഓഫിസുകളിലിരുന്ന് ഉറങ്ങുന്ന മറ്റു പലരുടെയും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ട്. 

മനുഷ്യാവകാശം ഉറങ്ങുന്നു...രൂക്ഷമായ ഭാഷയിൽ ഒരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ ഉറക്കം മൗലികാവകാശമാണെന്നു മറ്റൊരാൾ ട്വീറ്റ് ചെയ്തു. 

സ്വന്തം ഓഫിസിൽപോലും മന്ത്രിമാർ സുരക്ഷിതരല്ലെന്ന ആശങ്ക പങ്കുവച്ചവരുമുണ്ട്. ആരുടെയും ചിത്രം ആർക്കും അനുവാദമില്ലാതെ പകർത്തി പോസ്റ്റ് ചെയ്യാം എന്നതായിരിക്കുന്നു സ്ഥിതി. ഒരു മന്ത്രിക്കു പോലും സുരക്ഷിതത്വം ഇല്ലെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താണ് എന്നാണവരുടെ ചോദ്യം. 

ഒരുപക്ഷേ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലായിരിക്കാം മന്ത്രി ഉറങ്ങുന്നത്. അപ്പോൾപ്പോലും ആരോ മുറിയിൽ കടന്നുകയറി ചിത്രം പകർത്തുന്നു. അവർക്കുവേണമെങ്കിൽ പ്രധാനപ്പെട്ട രേഖകളും കടത്താമല്ലോ. ആളെ വേഗം കണ്ടെത്തി മന്ത്രിയുടെ ഓഫിസിൽനിന്ന് പുറത്താക്കണം ഇങ്ങനെപോയി ആവശ്യങ്ങൾ.