Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4 ദിവസം കൂടുമ്പോൾ ഒരു കഷ്ണം ബ്രഡ്, കിടപ്പ് വിസർജ്യങ്ങൾക്കു നടുവിൽ; കൊടിയ പീഡനവും

starved-woman-01

അൻപതു വയസ്സേയുള്ളൂ ആ സ്ത്രീക്ക്. പക്ഷേ, കാഴ്ചയിൽ 90 എങ്കിലും തോന്നിക്കും. എല്ലും തോലുമായി നിഴലിനെ ഓർമിപ്പിക്കുന്ന രൂപം. ടെറസിൽ വിസർജ്യങ്ങളിൽ കിടന്ന് മിണ്ടാൻ പോലും ആവാതെ മരണത്തോടടുക്കുന്നു. ഡൽഹിയിൽ സ്വന്തം സഹോദരൻ രണ്ടുവർഷമായി തടവിലിട്ട സ്ത്രീയുടെ രൂപമാണിത്. രോഹിണി സെക്ടർ എന്ന സ്ഥലത്തുനിന്നാണ് സ്ത്രീയെ കണ്ടെത്തിയത്. സ്ത്രീകൾക്കുവേണ്ടിയുള്ള ഡൽഹി കമ്മിഷനാണ് ഇവരെ കണ്ടെത്തുന്നതും സഹോദരന്റെ വീട്ടിൽനിന്നു രക്ഷിക്കുന്നതും. ഭീകരമായിരുന്നു സ്ത്രീ നയിച്ച ജീവിതം. നാലുദിവസം കൂടുമ്പോൾ ഒരു പീസ് ബ്രഡ് മാത്രമാണു ഭക്ഷണമായി സഹോദരൻ ഇവർക്കു കൊടുത്തിരുന്നത്. 

ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ, ജലപാനമില്ലാതെ, മരിക്കാറായ അവസ്ഥയിൽ സ്ത്രീയെ കണ്ടെത്തുകയായിരുന്നു എന്നു വെളിപ്പെടുത്തിയത് സ്ത്രീകൾക്കുവേണ്ടിയുള്ള കമ്മിഷനാണ്. രണ്ടുവർഷം സഹോദരനാൽ പീഡിപ്പിക്കപ്പെടുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്ത സ്ത്രീക്ക് സംസാരിക്കാനുള്ള ശേഷി ഇല്ലായിരുന്നു. നടക്കാനോ ചിരിക്കാനോ പോലും കഴിയാത്ത അവസ്ഥ. ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ക്രൂരമായ സംഭവത്തെക്കുറിച്ചു ട്വിറ്ററിലൂടെ ലോകത്തെ അറയിച്ചു. 

സ്ത്രീയുടെ സഹോദരനെതിരെ പ്രഥമ വിവര റിപോർട്ട് തയാറാക്കിയെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. 'അവരുടെ സഹോദരന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിൽ ഞാൻ ഞെട്ടിപ്പോയി. സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ ശേഷിയില്ലാത്ത രീതിയിൽ സ്ത്രീ എല്ലും തോലുമായി മാറിയിരുന്നു'– സ്വാതി ട്വിറ്ററിൽ കുറിച്ചു. 

പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ മറ്റൊരു സഹോദരൻ ഡൽഹി വനിതാ കമ്മിഷനെ ഫോണിൽ വിവരം അറിയിച്ചു. പെട്ടെന്നുതന്നെ ഒരു സംഘത്തെ കമ്മിഷൻ സംഭവസ്ഥലത്തേക്ക് അയച്ചു സ്ത്രീയെ രക്ഷപ്പെടുത്തി. അപാർട്മെന്റിലെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. അകത്തേക്കു കടക്കാൻ താമസക്കാർ അനുവാദം കൊടുത്തില്ല. പൊലീസിന്റെ സഹായത്തോടെയാണു കമ്മിഷൻ നിയോഗിച്ച സംഘം വീട്ടിനകത്തു കടക്കുന്നതും ടെറസിലെത്തി സ്ത്രീയെ രക്ഷപ്പെടുത്തുന്നതും. 

രണ്ടുവർഷമായി ക്രൂരമായ പീഡനം തുടങ്ങിയിട്ട്. ഇക്കാലമത്രയും ഒരാളെപ്പോലും കാണാൻ അനുവദിച്ചിട്ടില്ല. നാലുദിവസം കൂടുമ്പോൾ ഒരു കഷ്ണം ബ്രഡ് കൊടുക്കും. അതുമാത്രമായിരുന്നു ഏകഭക്ഷണം. രക്ഷപ്പെടുത്തിയ ഉടൻ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളോ പെൺകുട്ടികളോ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നതായി അറിഞ്ഞാൽ സംഭവം ഉടൻതന്നെ കമ്മിഷനെ അറിയിക്കണം എന്നൊരു അഭ്യർഥനയും പുറപ്പെടുവിച്ചിട്ടുണ്ട് സ്വാതി മലിവാൾ.