Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നശിച്ചത് എന്റെ മകളുടെ ഭാവി' : ഫൗസിയ ഹസൻ

fausia-88 ഫൗസിയ ഹസൻ, നമ്പി നാരായണൻ.

വ്യാജമെന്നും കെട്ടിച്ചമച്ചതെന്നും സുപ്രീം കോടതി വിധിച്ച ഐഎസ്ആർഒ ചാരക്കേസിൽ നിയമപ്പോരാട്ടം നടത്താൻ കഴിവില്ലെങ്കിലും തനിക്കും നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഫൗസിയ ഹസൻ. ചാരക്കേസിൽ മൂന്നുവർഷത്തിലേറെ ജയിൽവാസം അനുഭവിച്ച മാലദ്വീപ് സ്വദേശിയാണ് ഫൗസിയ ഹസൻ. സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്നു നേരത്തെതന്നെ പ്രതികരിച്ചിരുന്ന ഫൗസിയ ഇതാദ്യമായാണ് തനിക്കും നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുന്നത്. 

ഞാൻ ദാരിദ്ര്യത്തിലാണു കഴിയുന്നത്. ഇന്ത്യയിൽവന്ന് അഭിഭാഷകനെ നിയോഗിച്ച് നിയമപ്പോരാട്ടം നടത്താനുള്ള സാമ്പത്തികസാഹചര്യമില്ല. എന്റെ അപേക്ഷയ്ക്കുവേണ്ടി കാത്തിരിക്കാതെ, കേന്ദ്ര–കേരള സർക്കാരുകൾ ഞാനനുഭവിച്ച പീഡനത്തിനു നഷ്ടപരിഹാരം അനുവദിക്കുകയാണു വേണ്ടത് – മാലദ്വീപിൽനിന്ന് സുപ്രീം കോടതി വിധിയെക്കുറിച്ചു  തിരക്കിയ മാധ്യമപ്രവർത്തകരോടു ഫൗസിയ പറഞ്ഞു.

ചാരക്കേസിന്റെ കാലത്തു നടന്ന അന്വേഷണം അന്നു  14 വയസ്സ് മാത്രമുണ്ടായിരുന്ന മകൾ ജില ഹമിദിയുടെ വിദ്യാഭ്യാസവും ഭാവിയും തകർത്തു. അന്ന് ഇന്ത്യയിൽ വിദ്യാർഥിയായിരുന്നു മകൾ. സ്കൂളിൽ അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരമായി സന്ദർശിക്കുകയും എല്ലായിടത്തും പിന്തുടരുകയും ചെയ്തതോടെ മകൾക്കു വിദ്യാഭ്യാസം ഇടയ്ക്കുവച്ചു നിർത്തേണ്ടിവന്നു. ഞാൻ മാത്രമല്ല, മകളും വിവരിക്കാനാവാത്ത ക്രൂരവേദനകളിലൂടെ കടന്നുപോയി– ഫൗസിയ പറയുന്നു. 

അന്നു ഞാൻ അനുഭവിച്ചതൊന്നും എന്റെ തെറ്റു കൊണ്ടായിരുന്നില്ല. ശാരീരിക ദുരിതവും മാനസിക യാതനകളും. ഞാനനുഭവിച്ച വേദനകൾക്കെല്ലാം എനിക്കു നഷ്ടപരിഹാരം കിട്ടണം – ഫൗസിയ ആവർത്തിക്കുന്നു. 

പ്രതിസന്ധികളിൽ പതറാതെ ഒറ്റയ്ക്കു നിയമപ്പോരാട്ടം നടത്തി 50 ലക്ഷം രൂപ നഷ്ടപരിഹാരം നേടിയെടുത്ത നമ്പി നരായണന്റെ പോരാട്ടത്തിൽ സന്തോഷമുണ്ടെന്നു പറയുന്നു ഫൗസിയ. രണ്ടുപതിറ്റാണ്ടായി നമ്പി നാരായണൻ നടത്തിയ പോരാട്ടത്തെത്തുടർന്നാണ് കേസ് വ്യാജമാണെന്നു രാജ്യത്തെ പരമോന്നത കോടതി വിധിച്ചത്. കേരള പൊലീസിലെയും ഇന്റലിജന്റ്സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥർ തന്നെ കുടുക്കുകയായിരുന്നുഎന്നും ഫൗസിയ ആരോപിക്കുന്നു. ക്രയോജനിക് സാങ്കേതിക വിദ്യയുടെ മേൽനോട്ടമുണ്ടായിരുന്നു നമ്പി നാരായണന്റെയും ഡി.ശശികുമാറിന്റെയും ഭാവി തകർക്കാൻ വേണ്ടിയാണു കേസ് കുത്തിപ്പൊക്കിയതെന്നും അവർ വിശ്വസിക്കുന്നു. 

അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന മൊഴികൾ തത്തയെപ്പോലെ എനിക്കാവർത്തിക്കേണ്ടിവന്നത് ഭീഷണി മൂലമാണ്. എന്റെ മകളെ അറസ്റ്റ് ചെയ്തു മാനഭംഗപ്പെടുത്തുമെന്ന് അവർ ഭീഷണിപ്പെടുത്തി. അമ്മയെന്ന നിലയിൽ മകളുടെ ഭാവിയായിരുന്നു എനിക്ക് വലുത്. മകൾക്ക് എന്തെങ്കിലും സംഭവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻപോലും ആകുമായിരുന്നില്ല. മകളെ ഒന്നും ചെയ്യരുതെന്നും കുറ്റസമ്മതമൊഴി നൽകാമെന്നും ഒടുവിൽ ഞാൻ സമ്മതിച്ചു. കസ്റ്റഡിയിൽ ആയിരുന്നപ്പോൾ ആരും എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. മർദനം പലതവണ ഉണ്ടായി–ഫൗസിയ ഓർമിക്കുന്നു. 

ഒരു പേപ്പറിൽ എഴുതിക്കാണിച്ച പേരുകൾ എന്നെക്കൊണ്ടു വായിപ്പിക്കുകയായിരുന്നു അന്വേഷണ ഉദ്യോസ്ഥർ. ശാസ്ത്രജ്‍ർക്കു പണം കൊടുത്തു എന്ന് അവർ എന്നെക്കൊണ്ടുപറയിച്ചു. ശശികുമാർ എന്നെ ഐഎസ്ആർഒ ഓഫിസിലെത്തിച്ചെന്നും ഞാൻ അവിടെനിന്നു ചിത്രങ്ങൾ എടുത്തുവെന്നും ബലംപ്രയോഗിച്ചു പറയിപ്പിച്ചു. ചിത്രങ്ങളും രഹസ്യവിവരങ്ങളും ഞാൻ പാക്കിസ്ഥാനു ചോർത്തിക്കൊടുത്തുവെന്നും കേസുണ്ടാക്കി. 1994 നവംബർ 11 ന് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഒരുവർഷത്തെ കാലാവധിയുള്ള വിസ തനിക്കുണ്ടായിരുന്നെന്നും ഫൗസിയ ഓർമിക്കുന്നു. 

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയിൽ കേസ് നൽകുമെന്നു ഫൗസിയയുടെ കൂട്ടുപ്രതിയായ മറിയം റഷീദയും  കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.