Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 മാസം പ്രായമായ കുഞ്ഞുമായി യുഎൻ ജനറൽ അസംബ്ലിയിൽ; ജെസീന്തയെ പുകഴ്ത്തി ലോകം

with-baby-225

ലോകത്തിന് ഇതാണ് വേണ്ടത് എന്ന തലക്കെട്ടോടെയാണ് പല മാധ്യമങ്ങളും ന്യൂസിലന്റ് പ്രധാനമന്ത്രി കൈക്കുഞ്ഞുമായി യുഎൻ ജനറൽ അസംബ്ലിയിലെത്തിയ വാർത്ത റിപ്പോർട്ട് ചെയ്തത്. മൂന്നുമാസം പ്രായമായ മകൾ നീവ് ടി അരോഹയുമായി യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്താണ് ജെസീന്ത ചരിത്രം രചിച്ചത്. അമ്മ ജസീന്ത പ്രസംഗിക്കുമ്പോൾ അച്ഛൻ ക്ലാർക്ക് ഗെഫോർഡിന്റെ മടിത്തട്ടിൽ കിടന്നുറങ്ങുകയായിരുന്നു ന്യൂസിലന്റിലെ പ്രഥമപെൺകൊടി.

ജെസീന്തയുടെ പങ്കാളിയും ടെലിവിഷൻ അവതാരകനുമായ ക്ലാർക്ക് മുന്നോട്ടുവച്ച ചില ന്യൂജനറേഷൻ പേരന്റിങ് ഗോളുകൾ ഇതിനകം തന്നെ ചർച്ചയായിരുന്നു. കുഞ്ഞിന്റെ പരിചരണവും ഭാര്യയുടെ ജോലിത്തിരക്കുകളും മാനിച്ച്  ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പമായിരിക്കുവാനായി ക്ലാർക്ക് ജോലിയിൽ നിന്നു വിട്ടുനിന്നിരുന്നു. ഭാര്യയുടെ ഔദ്യോഗിക യാത്രയിലും തിരക്കുകളിലും കുഞ്ഞിനെ ശ്രദ്ധിക്കാനും പരിചരിക്കുവാനുമാണ് ക്ലാർക്ക് ഇപ്പോൾ തന്റെ സമയം വിനിയോഗിക്കുന്നത്.

നവജാതശിശുവായിരിക്കുമ്പോഴേ യുഎൻ അസംബ്ലിയിൽ പ്രവേശനം ലഭിച്ച കുഞ്ഞിന്റെ സെക്യൂരിറ്റി പാസ് കാണണമെന്ന ആളുകളുടെ അപേക്ഷകൾ മാനിച്ച് കുഞ്ഞിന്റെ തിരിച്ചറിയൽ രേഖ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ക്ലാർക്ക് സംഭവത്തെക്കുറിച്ച് രസകരമായ ഒരു കുറിപ്പും പങ്കുവച്ചു.

ജോലി ചെയ്യുമ്പോൾ കുഞ്ഞിനെ ഒപ്പം കൂട്ടാനുള്ള സാഹചര്യം തനിക്ക് ലഭിക്കുന്നുണ്ടെന്നും, മറ്റു സ്ഥലങ്ങളിൽ ഇത് സാധ്യമല്ലെന്നും ഇങ്ങനെയൊരു കാര്യം ചെയ്തതിലൂടെ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള ആളുകളുടെ ചിന്താഗതിയിൽ മാറ്റം വരുത്താനാവുമെന്നും, എന്തെങ്കിലും നേട്ടം കൈവന്നാലെന്ന പോലെ അക്കാര്യത്തിൽ സന്തോഷമുണ്ടെന്നും ജെസീന്ത പറയുന്നു.

ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന് ജോലിചെയ്യുന്ന അമ്മമാരേക്കാൾ യോഗ്യയതയുള്ളവരില്ലെന്ന് തന്റെ പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ജെസീന്തയെന്നും, ലോകനേതാക്കളിൽ 5 ശതമാനം മാത്രമേ സ്ത്രീകൾ ഉള്ളൂവെന്നും അതുകൊണ്ടു തന്നെ കൂടുതൽ സ്ത്രീകളെ ഈ മേഖലയിലേക്ക് സ്വാഗതം ചെയ്യണമെന്നുമാണ് ജെസീന്തയുടെ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് യുഎൻ വക്താവ് സ്റ്റീഫൻ സംസാരിച്ചത്. വളരെ വലിയൊരു കാര്യമാണ് പ്രധാനമന്ത്രി ജെസീന്ത നിർവഹിച്ചിരിക്കുന്നതെന്നാണ് വെർച്വൽ ലോകത്തെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെന്നും അമ്പരപ്പും ആഹ്ലാദവും പങ്കുവച്ചുകൊണ്ടാണ് പലരും വാർത്തയോട് പ്രതികരിച്ചതെന്നും പറഞ്ഞുകൊണ്ടാണ് പലമാധ്യമങ്ങളും ആളുകളുടെ പ്രതികരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.