Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുഞ്ഞിനോട് എന്തിനീ ക്രൂരത?

mother-daughter

ചെന്നൈ ∙ പൊരൂരിൽ നാലു ദിവസം പ്രായമായ പെൺകുഞ്ഞിനെ കടത്തിണ്ണയിൽ ഉപേക്ഷിച്ചു. പൊരൂർ കാടമ്പാക്കം ശ്മശാനത്തിനു സമീപത്തെ കടയ്ക്കു മുന്നിൽ ബാഗിൽ കിടത്തിയ നിലയിലാണു കുഞ്ഞിനെ കണ്ടെത്തിയത്.കരച്ചിൽ കേട്ടെത്തി നടത്തിയ പരിശോധനയിൽ കുഞ്ഞിനെ കണ്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ കുട്ടിയെ അടുത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റിൽ ഏൽപിച്ചു.പൊലീസിന്റെ നേതൃത്വത്തിൽ ചിന്നപ്പോരൂരിലെ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കുഞ്ഞിനെ എഗ്‌മൂറിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി പന്ത്രണ്ടോടെ ദമ്പതികളെന്നു തോന്നിക്കുന്ന സ്ത്രീയും പുരുഷനും കുട്ടിയെ കടയ്ക്കു മുന്നിൽ ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും ഇവർക്കായി അന്വേഷണം ആരംഭിച്ചതായും പോരൂർ പൊലീസ് അറിയിച്ചു.കുട്ടിയുടെ സംരക്ഷണം ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നു പൊലീസ് അറിയിച്ചു. മാതാപിതാക്കളാണോ കുട്ടിക്കടത്തു സംഘമാണോ സംഭവത്തിനു പിന്നിലെന്ന കാര്യം അന്വേഷിക്കുകയാണ്.

6 മാസത്തിനിടെ 10 തവണ

നവജാത ശിശുക്കളെ തെരുവിലും, കുപ്പത്തൊട്ടിയിലും ഉപേക്ഷിക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണെന്നു ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15നു വൽസരവാക്കത്തെ ഓടയിൽ ദിവസങ്ങൾ പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജൂലൈയിൽ പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിക്കു സമീപം ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. താംബരം സബേർബൻ സ്റ്റേഷനിൽ വനിതാ കംപാർട്മെന്റിൽ രണ്ടാഴ്ച പ്രായമായ കുഞ്ഞിനെയും ഈയിടെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു.  ആറുമാസത്തിനിടെ ചെന്നൈ നഗരത്തിൽ മാത്രം ഇത്തരം പത്തോളം സംഭവങ്ങൾ ഉണ്ടായതായി ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പെൺകുഞ്ഞുങ്ങളാണ് ഉപേക്ഷിക്കപ്പെടുന്നവയിൽ അധികവും. മറ്റു ജില്ലകളിൽനിന്നെത്തി നഗരത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചു കടക്കുന്ന സംഭവങ്ങളും ഈയിടെ ഉണ്ടായി. ഇത്തരം സംഭവങ്ങൾ തടയാൻ ബോധവൽക്കരണം അടക്കമുള്ള കർമപരിപാടികൾ നടപ്പാക്കുമെന്നു ചൈൽഡ് ലൈൻ പ്രവർത്തകർ പറഞ്ഞു.

നിയമം കർശനമാക്കണം

എന്തു കാരണത്തിന്റെ പേരിലായാലും സ്വന്തം കുഞ്ഞിനെ രക്ഷിതാക്കൾ ഉപേക്ഷിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയില്ല. തെറ്റായ ബന്ധത്തിലോ മാനംഭംഗം പോലുള്ള സംഭവങ്ങൾ മൂലമോ ഗർഭിണിയായാൽ അത് അലസിപ്പിക്കുകയാണു വേണ്ടത്. ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെടുന്ന അമ്മമാർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണം. നിയമം ശക്തമായാലേ ഇത്തരം സംഭവങ്ങൾക്ക് അറുതിവരൂ.

സുനിതാ അയ്യർ (വീട്ടമ്മ)

ഉത്തരവാദിത്തം ശിശുക്ഷേമ വകുപ്പിന്

ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിൽ ശിശുക്ഷേമ വകുപ്പിനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഓരോ പഞ്ചായത്തിലെയും ഗർഭിണികളുടെ കണക്കെടുക്കുകയും പ്രസവം കഴിയുന്നതുവരെ ഇവരുടെ ആരോഗ്യകാര്യം നേരിട്ടു പരിശോധിക്കുകയും പ്രസവശേഷം കുഞ്ഞിന് കൃത്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നു സർക്കാർ നിർദേശമുണ്ട്. ഗർഭിണികൾ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും ഉദ്യോഗസ്ഥരുടെ കടമയാണ്. പെൺകുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ ഒഴിവാക്കുന്നതിനാണിത്. നിർബന്ധിച്ചുള്ള ഗർഭഛിദ്രവും ഇപ്പോൾ സാധാരണമാണ്. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തണം.

കീർത്തന മന്നയം (സന്നദ്ധ പ്രവർത്തക)

സ്ത്രീകൾക്ക് പിൻബലം വേണം

നവജാത ശിശുക്കളെ ഉപേക്ഷിച്ചുപോകുന്ന സംഭവങ്ങൾ വർധിക്കുന്നത് ഒരു വ്യക്തിയുടെ പ്രശ്നമാക്കി ചുരുക്കി കാണാനാവില്ല. അമ്മ ചെയ്യുന്ന തെറ്റ് എന്നതിനപ്പുറം ഒരു സാമൂഹിക പ്രശ്നമായിത്തന്നെ ഇതിനെ കാണണം. സ്വന്തം പ്രശ്നങ്ങളോ ജീവിതാവസ്ഥയോ തുറന്നു പറയാനോ പരിഹാരം തേടാനോ കഴിയാത്ത സാമൂഹിക അവസ്ഥയാണു പല സ്ത്രീകൾക്കും മുന്നിലുള്ളത്. സ്ത്രീകൾക്ക് മാനസിക പിൻബലം നൽകാനുള്ള സംവിധാനം ഉണ്ടാവണം.

സംപ്രീത കേശവൻ (അധ്യാപിക, നർത്തകി)